പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര പരിസ്ഥിതി മന്ത്രി പഞ്ച്കുളയിൽ കഴുകൻകന്മാരെക്കുറിച്ചുള്ള അന്താരാഷ്ട്ര ബോധവൽക്കരണ(2026) ദിനാചരണത്തിന് നേതൃത്വം നൽകി ;'പ്രതിസന്ധിയിൽ നിന്ന് വീണ്ടെടുക്കലിലേക്ക് - ഇന്ത്യയിലെ കഴുകന്മാരുടെ സംരക്ഷണം' എന്ന വിഷയത്തിൽ ദേശീയ ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിച്ചു

പോസ്റ്റഡ് ഓണ്‍: 06 SEP 2026 10:49AM by PIB Thiruvananthpuram

കഴുകൻകന്മാരെക്കുറിച്ചുള്ള അന്താരാഷ്ട്ര ബോധവൽക്കരണ ദിനം ഇന്ന് ഹരിയാനയിലെ പഞ്ച്കുളയിൽ ആചരിച്ചു . ഇതിനോടനുബന്ധിച്ച് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് 'പ്രതിസന്ധിയിൽ നിന്ന് വീണ്ടെടുക്കലിലേക്ക് - ഇന്ത്യയിലെ കഴുകന്മാരുടെ സംരക്ഷണം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ദേശീയ ശിൽപശാല ഉദ്ഘാടനം ചെയ്തു. ഹരിയാന സംസ്ഥാന പരിസ്ഥിതി, വനം, വന്യജീവി മന്ത്രി ശ്രീ റാവു നർബീർ സിംഗ്, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC), ഹരിയാന സംസ്ഥാന ഗവണ്മെൻ്റ്  എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

 

MoEFCC, സെൻട്രൽ സൂ അതോറിറ്റി (CZA), ഹരിയാന വനം& വന്യജീവി വകുപ്പ്, ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി (BNHS), ജിന്ദ് റോഡിലെ പിഞ്ച്വോറിലുള്ള ജടായു സംരക്ഷണ പ്രജനന കേന്ദ്രം (JCBC) എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയിലെ കഴുകൻമാരുടെ സംരക്ഷണത്തിനായുള്ള സഹകരണ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മുതിർന്ന വനപാലകർ, ശാസ്ത്രജ്ഞർ,ജന്തു ചികിത്സകർ, മൃഗശാലാ വിദഗ്ദ്ധർ, സംരക്ഷണ പ്രവർത്തകർ, മറ്റ് പങ്കാളികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

 

 

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഗവൺമെൻ്റിൻ്റെ    പരിസ്ഥിതി സംരക്ഷണ സമീപനം ഏതെങ്കിലും ഒരു പ്രത്യേക ജീവിവർഗ്ഗത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് പരിസ്ഥിതി കേന്ദ്രീകൃതമായ സമ്പൂർണ്ണ സംരക്ഷണ മാതൃകയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ശ്രീ യാദവ് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ബൃഹത് മാർജാര വംശം, സ്ലോത്ത് ബിയർ (കരടി), ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്, ഡോൾഫിനുകൾ, ഘരിയൽ, കാട്ടുപോത്ത്, കഴുകന്മാർ എന്നിവ ഉൾപ്പെടെയുള്ള വിവിധ ജീവിവർഗ്ഗങ്ങളുടെ സംരക്ഷണ സംരംഭങ്ങളിൽ ഈ സമീപനം വ്യക്തമാണെന്ന് മന്ത്രി പ്രസ്താവിച്ചു. കഴുകന്മാരെക്കുറിച്ച് സംസാരിക്കവെ, പ്രാദേശികവും വിദേശത്തുനിന്ന് എത്തുന്നതുമായ വിവിധയിനം കഴുകന്മാരുടെ സങ്കേതമാണ് ഇന്ത്യയെന്നും - വെള്ള വയറൻ, നീണ്ട ചുണ്ടൻ, നേർത്ത ചുണ്ടൻ,ചുവപ്പ് തലയൻ, ഈജിപ്ഷ്യൻ, ഹിമാലയൻ ഗ്രിഫൺ, യൂറേഷ്യൻ ഗ്രിഫൺ, സിനേറിയസ്, താടികഴുകന്മാർ - എന്നിവയുടെ വിജയകരമായ സംരക്ഷണത്തിനായി രാജ്യത്ത് ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

മൃതഭോജികളായ കഴുകന്മാരുടെ പ്രധാന പാരിസ്ഥിതിക പങ്കിനെ ശ്രീ യാദവ് എടുത്തുപറയുകയും അവയെ പ്രകൃതിയുടെ തനത് ശുചീകരണ സംവിധാനമായി വിശേഷിപ്പിക്കുകയും ചെയ്തു. ജന്തുക്കളുടെ ശവശരീരം ഭക്ഷിക്കുന്നതിലൂടെ, കഴുകന്മാർ പോഷക ചക്രം സുഗമമാക്കുകയും പാരിസ്ഥിതിക സമതുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം, മനുഷ്യ-മൃഗ സംഘർഷം തുടങ്ങിയ വെല്ലുവിളികൾ ലോകം അഭിമുഖീകരിക്കുന്നുണ്ടെന്നും 1990-കൾ മുതൽ ഇന്ത്യൻ കഴുകന്മാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും, പ്രധാനമായും അവയുടെ ഭക്ഷണ ശൃംഖലയിലുണ്ടായ തടസ്സവും കഴുകന്മാർ ആഹാരമാക്കിയ മൃഗങ്ങളിലെ വേദനസംഹാരികളുടെ പ്രയോഗവുമാണ് ഇതിന് കാരണമെന്നും അദ്ദേഹം പ്രസ്താവിച്ചു.

 

കഴുകൻ സംരക്ഷണ നയരൂപീകരണത്തിൽ ' ഗവണ്മെൻ്റ്  സംവിധാനവും , മുഴുവൻ സമൂഹവും' ചേർന്നുള്ള യോജിച്ചുള്ള ശ്രമങ്ങൾക്ക് മന്ത്രി ഊന്നൽ നൽകി. സുരക്ഷിതമായ മാർഗത്തിലൂടെ കഴുകന്മാർക്കായി സംരക്ഷിത മേഖല സൃഷ്ടിക്കുന്നതിനും ഭക്ഷണ ലഭ്യത ഉറപ്പാക്കുന്നതിനും വന്യ ഇനങ്ങളുടെ വംശവർദ്ധനയെ സഹായിക്കുന്ന സാങ്കേതിക പ്രവർത്തനങ്ങൾക്കും തുടർച്ചയായ ശ്രമങ്ങൾ നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കഴുകൻമാരുടെ സംരക്ഷണത്തിൽ സജീവമായി പങ്കാളികളാകാനും സുരക്ഷിതമായ രീതിയിൽ കന്നുകാലികളുടെ അവശിഷ്ട പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനും മൃഗചികിത്സകരോടും കന്നുകാലി ഉടമകളോടും പ്രാദേശിക ഭരണകൂടങ്ങളോടും മന്ത്രി അഭ്യർത്ഥിച്ചു.

 

 

 രാവിലെ പിഞ്ച്വോറിലെ ജടായു സംരക്ഷണ പ്രജനന കേന്ദ്രം (JCBC) കേന്ദ്രമന്ത്രി സന്ദർശിച്ചു . കേന്ദ്രത്തിൻ്റെ   പ്രവർത്തനം വീക്ഷിച്ച അദ്ദേഹം കേന്ദ്രത്തെക്കുറിച്ചുള്ള അവതരണം വിലയിരുത്തുകയും കഴുകൻമാരുടെ സംരക്ഷണ പ്രവർത്തനത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഹരിയാന വനംവകുപ്പിൻ്റെയും ബിഎൻഎച്ച്എസിൻ്റെയും സംയുക്ത സംരംഭമായ ഈ കേന്ദ്രം വെള്ള വയറൻ, നീണ്ട ചുണ്ടൻ, നേർത്ത ചുണ്ടൻ എന്നീ ഇനം കഴുകന്മാരുടെ സംരക്ഷണ- പ്രജനനപ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി ഉയർന്നുവന്നിട്ടുണ്ട്.

 

ശാസ്ത്രീയ വളർത്തൽ രീതികൾ, കൃത്രിമ ഇൻകുബേഷൻ , വെറ്ററിനറി പരിചരണം, പ്രജനനം, ജനിതക പരിപാലനം എന്നിവ കേന്ദ്രത്തിലുണ്ടെന്ന് അറിയിച്ചു. 2025–26 കാലയളവിൽ ജെസിബിസി, 356 കഴുകന്മാരെ സംരക്ഷിക്കുകയും ഇവിടെ നിന്നും 35 കുഞ്ഞുങ്ങൾ വിജയകരമായി വിരിഞ്ഞിറങ്ങുകയും ചെയ്തു. ഇത് 87 കഴുകന്മാരെ പ്രകൃതിയിലേക്ക് തുറന്നുവിടുകയും, 90 പക്ഷികളെ മറ്റ് സംരക്ഷണ-പ്രജനന സ്ഥാപനങ്ങളിലേക്ക് മാറ്റുകയും 22 സ്ഥാപനങ്ങളിൽ നിന്നുള്ള 1,222 പേർക്ക് പരിശീലനം നൽകുകയും ചെയ്തു, ഇതുവഴി കഴുകൻമാരുടെ സംരക്ഷണത്തിനായുള്ള സാങ്കേതിക ശേഷി ശക്തിപ്പെടുത്തി.

 

ചടങ്ങിൽ സംസാരിച്ച ശ്രീ റാവു നർബീർ സിംഗ്, പിഞ്ച്വോറിലെ ജടായു സംരക്ഷണ പ്രജനന കേന്ദ്രത്തിൽ (JCBC) നടപ്പിലാക്കുന്ന സുപ്രധാന പ്രവർത്തനങ്ങളെയും കഴുകൻമാരുടെ സംരക്ഷണത്തിനായുള്ള വിജയകരമായപദ്ധതികളെയും കുറിച്ച് സംസാരിച്ചു. സംരക്ഷിത പ്രജനന പ്രവർത്തനങ്ങളുടെ വിജയം, ജനിക്കുന്ന മൃഗങ്ങളുടെ എണ്ണത്തിൽ മാത്രം കണക്കാക്കേണ്ടതില്ലെന്നും , മറിച്ച് ആരോഗ്യമുള്ളതും ജനിതകമായി പരിപാലിക്കപ്പെടുന്നതുമായ ജന്തുക്കളെ സൃഷ്ടിക്കുക , ശാസ്ത്രീയ അറിവ് ഉൽപാദിപ്പിക്കുക, സാങ്കേതിക ശേഷി വികസിപ്പിക്കുക, കാടുകളിൽ ജീവിവർഗ്ഗങ്ങളുടെ വീണ്ടെടുക്കലിന് സംഭാവന നൽകുക എന്നിവയിലൂടെയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

 

ഉദ്ഘാടന ചടങ്ങിൽ 'സ്റ്റോറി ഓഫ് ജടായു: സേവിംഗ് ഇൻഡ്യാസ് വൾച്ചർ' എന്ന കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തു. കഴുകന്മാരുടെ എണ്ണം കുറഞ്ഞു വന്നിടത്തുനിന്ന് JCBC പിഞ്ച്വോർ സ്ഥാപിച്ചതിലൂടെ വിജയകരമായ പ്രജനന സംരക്ഷണ പദ്ധതി അവതരിപ്പിച്ചത് വരെയുള്ള ഇന്ത്യയുടെ കഴുകൻ സംരക്ഷണ പ്രയാണത്തെ ഇത് വിവരിക്കുന്നു. കൂടാതെ, കഴുകൻ സംരക്ഷണത്തെക്കുറിച്ച് നടത്തിയ ഓൺലൈൻ ചിത്രരചനാ മത്സരത്തിനും ഡിജിറ്റൽ ഫോട്ടോഗ്രാഫി മത്സരത്തിനുമുള്ള സമ്മാനദാനവും നടന്നു.

 

ഇന്ത്യയുടെ ആവാസ വ്യവസ്ഥയിൽ കഴുകന്മാർ തുടർന്നും നിലകൊള്ളുകയും അവയുടെ സുപ്രധാന പാരിസ്ഥിതിക പങ്ക് നിർവ്വഹിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാനുള്ള പുതുക്കിയ പ്രതിജ്ഞാബദ്ധതയോടെയാണ് കഴുകൻമാരുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്രബോധവൽക്കരണ ദിനം 2026 ദേശീയ ശിൽപശാല സംഘടിപ്പിച്ചത്. 'പ്രതിസന്ധിയിൽ നിന്ന് വീണ്ടെടുക്കലിലേക്ക്' എന്ന യാത്ര ശാസ്ത്രം, നയം, സംരക്ഷിത പ്രജനനം, സുരക്ഷിതമായ ഭൂമിക , സാമൂഹ്യ പങ്കാളിത്തം എന്നിവയിലൂടെ കഴുകൻമാരുടെ സംരക്ഷണത്തോടുള്ള ഇന്ത്യയുടെ കൂട്ടായ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

 

 

 

***

 


( റിലീസ് ഐ.ഡി: 2307177) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: Telugu , English , Urdu , हिन्दी , Bengali , Punjabi , Gujarati , Tamil , Kannada