വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ പ്രത്യേക നടപടിയിലൂടെ ബാലവേലയിൽ നിന്ന് 3800-ലധികം കുട്ടികളെ മോചിപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 04 SEP 2026 11:04AM by PIB Thiruvananthpuram

വനിതാ-ശിശു വികസന മന്ത്രാലയത്തിന് കീഴിലുള്ള വ്യവസ്ഥാപിത  സ്ഥാപനമായ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (NCPCR), 2026 ജൂൺ 12 മുതൽ ഓഗസ്റ്റ് 31 വരെ അഖിലേന്ത്യാതലത്തിൽ "മോചനവും പുനരധിവാസവും" എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ബാലവേലയിൽ ഏർപ്പെട്ടിരിക്കുന്നവരും, മനുഷ്യക്കടത്തിനും ചൂഷണത്തിനും ഇരയാകാൻ സാധ്യതയുള്ളവരുമായ കുട്ടികളെ കണ്ടെത്തുന്നതിനും, മോചിപ്പിക്കുന്നതിനും, പുനരധിവസിപ്പിക്കുന്നതിനുമായി സംസ്ഥാന ഗവണ്മെൻ്റുകൾ/ കേന്ദ്ര ഭരണ പ്രദേശ ഭരണകൂടങ്ങൾ, ജില്ലാ മജിസ്‌ട്രേറ്റുമാർ, തൊഴിൽ വകുപ്പുകൾ, പോലീസ് അധികാരികൾ, മറ്റ് പങ്കാളികൾ എന്നിവരുമായി ഏകോപിപ്പിച്ച് കമ്മീഷൻ ശക്തമായ നടപടികൾ സ്വീകരിച്ചു.

 

ബാലവേല, മനുഷ്യക്കടത്ത് എന്നിവ കൂടുതലായി നടക്കുന്ന സ്ഥലങ്ങളിൽ പരിശോധനയും രക്ഷാപ്രവർത്തനങ്ങളും ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻ.സി.പി.സി.ആർ ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു. രക്ഷാപ്രവർത്തനങ്ങൾ, രക്ഷപ്പെടുത്തിയ കുട്ടികൾ, രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ, പുനരധിവാസം, തിരികെ എത്തിക്കൽ, വിദ്യാഭ്യാസപരമായി മുഖ്യധാരയിലേക്ക് കൊണ്ടുവരൽ, നഷ്ടപരിഹാരം, തുടർനടപടികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സമർപ്പിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

 

പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനും ഫീൽഡ് തലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി എൻ.സി.പി.സി.ആർ, ജില്ലാ ഭരണകൂടങ്ങളുമായി യോഗങ്ങൾ ചേർന്നു. രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുക, പ്രവർത്തനപരമായ തടസ്സങ്ങൾ പരിഹരിക്കുക, എ.ടി.ആറുകൾ കൃത്യസമയത്ത് സമർപ്പിക്കുന്നത് ഉറപ്പാക്കുക, ബന്ധപ്പെട്ട വകുപ്പുകളും ഏജൻസികളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുക എന്നിവയിലായിരുന്നു ഈ യോഗങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.

 

സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റ് ആശയവിനിമയ മാർഗ്ഗങ്ങളിലൂടെയും  എൻ.സി.പി.സി.ആർ ബോധവൽക്കരണവും പ്രചാരണവും നടത്തി. അവബോധ പരിപാടികൾ, ബാലവേല റിപ്പോർട്ട് ചെയ്യൽ, കുട്ടികളെ മോചിപ്പിച്ചതിന് ശേഷമുള്ള പുനരധിവാസത്തിൻ്റെയും വിദ്യാഭ്യാസപരമായി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൻ്റെയും പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഈ മാർഗ്ഗങ്ങളിലൂടെ പങ്കുവെച്ചു.

 

ഈ പരിപാടിയുടെ നിരന്തര നിരീക്ഷണത്തിലൂടെയും സംസ്ഥാന അധികൃതരുടെ സഹകരണത്തോടെയും 3,800-ലധികം കുട്ടികളെ വിജയകരമായി മോചിപ്പിക്കാൻ എൻ.സി.പി.സി.ആറിന് കഴിഞ്ഞു. കൂടാതെ, ഈ പ്രചാരണ കാലയളവിൽ 575-ലധികം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

***


( റിലീസ് ഐ.ഡി: 2306873) സന്ദര്‍ശക കൗണ്ടര്‍ : 7