പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

ടൈഗർ ലാൻഡ്‌സ്‌കേപ്പുകൾ: ഉപജീവനത്തിനും വരുമാന സൃഷ്ടിക്കുമുള്ള പ്രധാന ഘടകങ്ങളായി സംരക്ഷണം, ജൈവ സമ്പദ്‌വ്യവസ്ഥ , ഇക്കോടൂറിസം' എന്ന പ്രമേയത്തിൽ ന്യൂഡൽഹിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ശിൽപ്പശാല കേന്ദ്ര പരിസ്ഥിതി മന്ത്രി ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 02 SEP 2026 11:47AM by PIB Thiruvananthpuram
'ടൈഗർ ലാൻഡ്‌സ്‌കേപ്പുകൾ: ഉപജീവനത്തിനും വരുമാന സൃഷ്ടിക്കുമുള്ള പ്രധാന ഘടകങ്ങളായി സംരക്ഷണം, ജൈവ സമ്പദ്‌വ്യവസ്ഥ , ഇക്കോടൂറിസം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര ശിൽപ്പശാല കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ഇന്ന് ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. 2026 സെപ്റ്റംബർ 2, 3 തീയതികളിൽ നടക്കുന്ന ശിൽപ്പശാല, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് (MoEFCC) കീഴിലുള്ള ദേശീയ കടുവ സംരക്ഷണ അതോറിറ്റി (NTCA), ഇൻ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (IBCA), ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്ക് (ADB) എന്നിവ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സെക്രട്ടറി ശ്രീ തന്മയ് കുമാർ, ഫോറസ്റ്റ് ഡയറക്ടർ ജനറലും സ്പെഷ്യൽ സെക്രട്ടറിയുമായ ശ്രീ സുശീൽ കുമാർ അവസ്തി, IBCA ഡയറക്ടർ ജനറൽ ശ്രീ എസ്.പി. യാദവ്, ADB ഇന്ത്യ കൺട്രി ഡയറക്ടർ മിസ് മിയ ഒക്ക എന്നിവർക്ക് പുറമെ മന്ത്രാലയം, IBCA, NTCA, ADB എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും കടുവാ സാന്നിധ്യമുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും വേദിയിൽ സന്നിഹിതരായിരുന്നു. കടുവാ ആവാസവ്യവസ്ഥകളെ പ്രകൃതിദത്ത മൂലധനമായി അംഗീകരിക്കുക, പരിസ്ഥിതിവ്യവസ്ഥാ സേവനങ്ങളുടെ മൂല്യം ഉയർത്തിക്കാട്ടുക, ഒപ്പം സംരക്ഷണം, ജൈവ സമ്പദ്‌വ്യവസ്ഥ, ഇക്കോടൂറിസം എന്നിവ സുസ്ഥിര ഉപജീവനത്തിനും പ്രാദേശിക വരുമാന സൃഷ്ടിക്കും ദീർഘകാല പാരിസ്ഥിതിക സുരക്ഷയ്ക്കുമുള്ള പ്രധാന ചാലകശക്തികളായി മാറ്റുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുക എന്നിവയിലായിരിക്കും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുക.

 

പ്രൊജക്ട്  ടൈഗറിന് കീഴിൽ ഇന്ത്യ കൈവരിച്ച  ശ്രദ്ധേയമായ സംരക്ഷണ മുന്നേറ്റങ്ങളെക്കുറിച്ച് ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്  ശ്രീ യാദവ് എടുത്തുപറഞ്ഞു . കടുവകളുടെ നിലനിൽപ്പ് വനങ്ങൾ, പുൽമേടുകൾ, നദികൾ, ഇരമൃഗങ്ങൾ, വന്യജീവി ഇടനാഴികൾ, പ്രാദേശിക ജനവിഭാഗങ്ങൾ എന്നിവയുടെ ആരോഗ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജലസുരക്ഷ, കാർബൺ ശേഖരണം, കാലാവസ്ഥാ നിയന്ത്രണം, ജൈവവൈവിധ്യ സംരക്ഷണം, ഉപജീവന പിന്തുണ എന്നിവയുൾപ്പെടെ നിർണായകമായ പരിസ്ഥിതിവ്യവസ്ഥാ സേവനങ്ങൾ പ്രദാനം ചെയ്യുന്ന കടുവാ ആവാസവ്യവസ്ഥകൾ വിലപ്പെട്ട പ്രകൃതിദത്ത മൂലധനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക ജീവിവർഗ്ഗത്തെ മാത്രം കേന്ദ്രീകരിച്ചുള്ള സംരക്ഷണ പ്രവർത്തനങ്ങൾക്ക് അപ്പുറത്തേക്ക് കടന്ന്, പാരിസ്ഥിതിക സുരക്ഷയും സാമൂഹിക-സാമ്പത്തിക വികസനവും ഒരുപോലെ ഉറപ്പാക്കുന്ന സമഗ്രമായ  ലാൻഡ്‌സ്‌കേപ്പ് മാനേജ്‌മെൻ്റിലേക്ക് മാറേണ്ടതിൻ്റെ ആവശ്യകത മന്ത്രി അടിവരയിട്ടു. പ്രകൃതിദത്ത  പരിഹാരങ്ങൾ , നൂതന ധനസമാഹരണ സംവിധാനങ്ങൾ, സമൂഹാധിഷ്ഠിത ഇക്കോടൂറിസം എന്നിവയുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.


മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹവർത്തിത്വവും പ്രകൃതിയോട് ഇണങ്ങിനിന്നുകൊണ്ടുള്ള സംരക്ഷണവുമാണ് പാരിസ്ഥിതിക സംരക്ഷണത്തിൻ്റെ  അടിത്തറയാകേണ്ടതെന്ന് ശ്രീ യാദവ് ഊന്നിപ്പറഞ്ഞു. ഭൂമിയുടെ സംരക്ഷണം എന്നാൽ ഗുണമേന്മയുള്ള ഭക്ഷണത്തിൻ്റെ സംരക്ഷണം കൂടിയാണെന്നും,  ഇത് മനുഷ്യരാശിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരുഭൂവൽക്കരണം, മണ്ണിൻ്റെ ഈർപ്പം നഷ്ടപ്പെടൽ, മണ്ണിൻ്റെ ഗുണനിലവാരത്തകർച്ച തുടങ്ങിയ വെല്ലുവിളികളാണ് ലോകം ഇന്ന് അഭിമുഖീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പ്രകൃതി സംരക്ഷണത്തോടൊപ്പം സുസ്ഥിര സാമൂഹിക-സാമ്പത്തിക വികസനം സാധ്യമാക്കുന്നതിന് തദ്ദേശീയ സമൂഹങ്ങളുടെ അറിവുകൾ പ്രയോജനപ്പെടുത്തിക്കൊണ്ട്, ഈ സാഹചര്യത്തിൽ ടൈഗർ ലാൻഡ്‌സ്‌കേപ്പുകളുടെ സംരക്ഷണത്തിന് അതീവ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പരമ്പരാഗത വിജ്ഞാനം ക്രോഡീകരിക്കുകയും അവയെ സംരക്ഷണം, ജൈവ സമ്പദ്‌വ്യവസ്ഥ, ഇക്കോടൂറിസം എന്നീ മേഖലകളിലെ നയരൂപീകരണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യാൻ ശിൽപ്പശാലയിൽ പങ്കെടുത്തവരോട് മന്ത്രി ആഹ്വാനം ചെയ്തു. വിജ്ഞാന വിനിമയം, ശേഷി വികസനം, തദ്ദേശീയ അറിവുകളുടെ പങ്കുവെക്കൽ, നയരൂപീകരണത്തിൻ്റെ  സമീപനത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവരൽ എന്നിവയിൽ ഈ ശിൽപ്പശാല ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാരിസ്ഥിതിക സംരക്ഷണ നയങ്ങൾ രൂപീകരിക്കുന്നതിൽ ഗ്ലോബൽ സൗത്തിലെ തദ്ദേശീയ അറിവുകൾ ഏകോപിപ്പിക്കുന്നതിന് IBCA നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിനിടെ, ഇൻ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസും (IBCA) ഏഷ്യൻ ഡെവലപ്‌മെൻ്റ്  ബാങ്കും (ADB) ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചുകൊണ്ട് അവരുടെ പങ്കാളിത്തം ഔപചാരികമാക്കി. ലാൻഡ്‌സ്‌കേപ്പ് സംരക്ഷണം, സുസ്ഥിര വികസനം, ശേഷി വികസനം, വിജ്ഞാന വിനിമയം, പ്രകൃതി-അനുകൂല  ധനസഹായ സംരംഭങ്ങൾ എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തിന് കീഴിൽ, ഏഴ് ബിഗ് ക്യാറ്റ് ഇനങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇടയിലെ  സഹകരണത്തിനുള്ള ആഗോള വേദിയായി അന്താരഷ്ട്ര ബിഗ് ക്യാറ്റ് അലയൻസിൻ്റെ (IBCA) വളർന്നുവരുന്ന പങ്കിനെക്കുറിച്ചും ശ്രീ യാദവ് എടുത്തുപറഞ്ഞു.

ഐബിസിഎയും എഡിബിയും തമ്മിലുള്ള പങ്കാളിത്തത്തെ സ്വാഗതം ചെയ്തുകൊണ്ട്, ഇന്ത്യയുമായുള്ള എഡിബിയുടെ പങ്കാളിത്തത്തിൻ്റെ 40 വർഷമാണ് 2026 അടയാളപ്പെടുത്തുന്നതെന്ന് മിസ് മിയ ഒക്ക അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര സാമൂഹിക-സാമ്പത്തിക വികസനത്തിലും ഇന്ത്യ  ആർജ്ജിച്ച വിശാലമായ അനുഭവസമ്പത്താണ് ബിഗ് ക്യാറ്റ് സാന്നിധ്യമുള്ള രാജ്യങ്ങളുമായി പങ്കുവെക്കാൻ ഇന്ത്യ ഈ കൂട്ടായ്മയിലേക്ക് കൊണ്ടുവരുന്നതെന്ന് അവർ വ്യക്തമാക്കി. ബിഗ് ക്യാറ്റ് സാന്നിധ്യമുള്ള രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിലും, ഇന്ത്യയുടെ സമ്പന്നമായ സംരക്ഷണ അനുഭവങ്ങൾ പങ്കുവെക്കുന്നതിലും, പരിസ്ഥിതി സംരക്ഷണത്തിനായി സുസ്ഥിര സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിലും എഡിബി വഹിക്കുന്ന പങ്കിനെക്കുറിച്ച് മിസ് ഒക്ക എടുത്തുപറഞ്ഞു.

ബംഗ്ലാദേശ്, ഭൂട്ടാൻ, കംബോഡിയ, മലേഷ്യ, നേപ്പാൾ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ അന്താരാഷ്ട്ര വിദഗ്ധർ, സർക്കാർ പ്രതിനിധികൾ, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന  മന്ത്രാലയത്തിലെ (MoEFCC) മുതിർന്ന ഉദ്യോഗസ്ഥർ, രാജ്യത്തുടനീളമുള്ള സംസ്ഥാന വനം വകുപ്പുകളുടെയും കടുവാ സങ്കേതങ്ങളുടെയും പ്രതിനിധികൾ, വികസന പങ്കാളികൾ, ഗവേഷകർ, സംരക്ഷണ പ്രവർത്തകർ, മറ്റ് പ്രധാന പങ്കാളികൾ എന്നിവരെ ഈ ശിൽപ്പശാല ഒരുമിച്ച് കൊണ്ടുവന്നു. അനുഭവങ്ങൾ പങ്കുവെക്കുന്നതിനും, പ്രാദേശികവും അന്തർദേശീയവുമായ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും, സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം ലാൻഡ്‌സ്‌കേപ്പ് സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള നൂതന സമീപനങ്ങൾ കണ്ടെത്തുന്നതിനുമുള്ള സവിശേഷമായ വേദിയാണ്  ഈ ശിൽപ്പശാല ഒരുക്കുന്നത്.
 
****

( റിലീസ് ഐ.ഡി: 2305921) സന്ദര്‍ശക കൗണ്ടര്‍ : 5