പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

നാലാമത് ഇന്തോ-ജർമ്മൻ പരിസ്ഥിതി ഫോറം സെപ്റ്റംബർ 1 ന് ന്യൂഡൽഹിയിൽ നടക്കും

പോസ്റ്റഡ് ഓണ്‍: 31 AUG 2026 2:05PM by PIB Thiruvananthpuram
2026 സെപ്റ്റംബർ 1-ന് ന്യൂഡൽഹിയിൽ നടക്കുന്ന 4-ാമത് ഇന്തോ -ജർമ്മൻ പരിസ്ഥിതി ഫോറത്തിന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവും, ജർമ്മൻ പരിസ്ഥിതി, കാലാവസ്ഥ സംരക്ഷണം, പ്രകൃതി സംരക്ഷണം, ആണവ സുരക്ഷ മന്ത്രി കാർസ്റ്റൺ ഷ്നൈഡറും ചേർന്ന് അധ്യക്ഷത വഹിക്കും. 'കരുത്തോടെ അതിജീവിക്കാൻ, ഒരുമിച്ച്' എന്ന പ്രമേയത്തിലാണ് പരിപാടി.
 
പരിസ്ഥിതി നയത്തിൽ ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ഏറ്റവും ഉയർന്ന തലത്തിലുള്ള ഉഭയകക്ഷി വേദിയാണ് ഇന്തോ-ജർമ്മൻ പരിസ്ഥിതി ഫോറം. 2008 മുതൽ ഇത് നടന്നുവരുന്നു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും (MoEFCC), ജർമ്മനിയിലെ പരിസ്ഥിതി, കാലാവസ്ഥ, പ്രകൃതി സംരക്ഷണം, ആണവ സുരക്ഷ (BMUKN) മന്ത്രാലയവും ഏഷ്യ-പസഫിക് കമ്മിറ്റി ഓഫ് ജർമ്മൻ ബിസിനസ് (APA), ഇന്ത്യൻ വ്യവസായ സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് ഫോറം സംയുക്തമായി സംഘടിപ്പിക്കുന്നത്.
 
പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ നയവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അനുഭവങ്ങൾ പങ്കുവെക്കുന്നതിനും പ്രായോഗിക സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുമായുള്ള ചർച്ചകൾക്ക് ശ്രീ യാദവും ഷ്നൈഡറും നേതൃത്വം നൽകും. പ്രമേയാധിഷ്ഠിത സെഷനുകളിലൂടെ, കുറഞ്ഞ കാർബൺ ഉദ്‌വമനമുള്ള വ്യവസായങ്ങൾ; തടാകങ്ങൾ, പർവ്വതങ്ങൾ, വനങ്ങൾ എന്നിവയിലെ ജൈവ വൈവിധ്യം; വിഭവ കാര്യക്ഷമതയും ചാക്രിക സമ്പദ് വ്യവസ്ഥയെ ഒരു ബിസിനസ് മാതൃകയായി മാറ്റലും; സുസ്ഥിര ധനകാര്യം, ഹരിത നൈപുണ്യശേഷി, നിക്ഷേപ സമാഹരണം എന്നീ മേഖലകളിലെ വെല്ലുവിളികൾ, പരിഹാരങ്ങൾ, അവസരങ്ങൾ എന്നിവയിൽ ഫോറം ശ്രദ്ധ കേന്ദ്രീകരിക്കും.
 
രണ്ട് രാജ്യങ്ങളും തമ്മിലുള്ള പരിസ്ഥിതി, കാലാവസ്ഥാ സഹകരണത്തെക്കുറിച്ച് നയരൂപകർത്താക്കൾ, സ്വകാര്യ മേഖലയിലെ പ്രതിനിധികൾ, ചിന്തകർ, മറ്റ് പ്രധാന പങ്കാളികൾ എന്നിവർക്കിടയിൽ ഉഭയകക്ഷി ആശയവിനിമയത്തിനുള്ള ഒരു വേദി ഫോറം നൽകും.
മന്ത്രാലയങ്ങൾ, ബിസിനസുകൾ, വിദഗ്ദ്ധ ഗ്രൂപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ഫോറത്തിൽ പങ്കെടുക്കും.
 
ഫോറത്തിന് മുന്നോടിയായി, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യം, ചാക്രിക സമ്പദ് വ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള മൂന്ന് സംയുക്ത പ്രവർത്തകസമിതികൾ ഈ വർഷം യോഗം ചേർന്നു. അതാത് പ്രവർത്തകസമിതികൾ കൈവരിച്ച പുരോഗതിയും പരസ്പര താല്പര്യമുള്ള മേഖലകളും ചർച്ച ചെയ്തു.
 
ഇന്ത്യയും ജർമ്മനിയും തമ്മിൽ ശക്തവും വളരുന്നതുമായ സാമ്പത്തിക, വ്യവസായ ബന്ധങ്ങളുടെയും സുസ്ഥിര സാങ്കേതികവിദ്യകളിലും ഹരിത സമ്പദ്‌ വ്യവസ്ഥയിലും ആഴത്തിലുള്ള സഹകരണത്തിനുള്ള സാധ്യതകളുടെയും പശ്ചാത്തലത്തിൽ ഈ ഫോറം വലിയ പ്രാധാന്യമർഹിക്കുന്നു.
 

****


( റിലീസ് ഐ.ഡി: 2305263) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: Telugu , English , Urdu , हिन्दी , Marathi , Bengali , Bengali-TR , Tamil