പഞ്ചായത്തീരാജ് മന്ത്രാലയം
ദാൻവീർ: ഗ്രാമപഞ്ചായത്തുകളിലെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്താൻ പൊതുജനപങ്കാളിത്തത്തിന് ആഹ്വാനം ചെയ്ത് കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം
പോസ്റ്റഡ് ഓണ്‍:
27 AUG 2026 12:57PM by PIB Thiruvananthpuram
ഗ്രാമീണതലത്തിൽ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് ദാൻവീർമാരായി മാറിക്കൊണ്ട് പൊതുജനപങ്കാളിത്തം ഉറപ്പാക്കാൻ കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം പൗരന്മാരോട് ആഹ്വാനം ചെയ്തു. പൊതുജനപങ്കാളിത്തത്തോടെയുള്ള കമ്പ്യൂട്ടർ ക്രൗഡ്‌സോഴ്‌സിംഗ് സംരംഭമായ ദാൻവീർ വഴി, വ്യക്തികൾക്കും സംഘടനകൾക്കും ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾ അംഗീകൃത ഗ്രാമപഞ്ചായത്തുകൾക്ക് നേരിട്ട് സംഭാവന ചെയ്യാൻ സാധിക്കും. ലളിതവും സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (RGSA) ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികൾക്ക് കീഴിൽ നൽകിവരുന്ന അടിസ്ഥാനസൗകര്യ പിന്തുണയ്ക്ക് പൂരകമാകുന്ന ഈ സംരംഭം, ഗ്രാമീണതലത്തിൽ ഡിജിറ്റൽ ഭരണനിർവ്വഹണവും സേവന വിതരണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ജനങ്ങളുടെ സ്വമേധയാ ഉള്ള പങ്കാളിത്തം പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
ദാൻവീർ വഴി ഒരു ഗ്രാമപഞ്ചായത്തിലേക്ക് കമ്പ്യൂട്ടർ സംഭാവന ചെയ്യുന്നത് ഓൺലൈനായി ഒരു ഉൽപ്പന്നം വാങ്ങുന്നതുപോലെ ലളിതവും സൗകര്യപ്രദവുമാണ്. മേരി പഞ്ചായത്ത് ആപ്പ് വഴി, അതത് സംസ്ഥാന സർക്കാരുകൾ പരിശോധിച്ച് അംഗീകരിച്ചതും ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾ ആവശ്യമുള്ളതുമായ ഗ്രാമപഞ്ചായത്തുകളുടെ വിവരങ്ങൾ പൗരന്മാർക്ക് കാണാനും, സ്വന്തം പഞ്ചായത്തിനെയോ മറ്റേതെങ്കിലും അർഹതയുള്ള പഞ്ചായത്തിനെയോ ഫോണിലൂടെത്തന്നെ തിരഞ്ഞെടുത്ത് സഹായിക്കാനും സാധിക്കും. "ഡൊണേറ്റ് കമ്പ്യൂട്ടർ" എന്നതിൽ ക്ലിക്ക് ചെയ്യുന്നതോടെ, പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ലാതെ തന്നെ, ഒ.എൻ.ഡി.സി. അധിഷ്ഠിത ഡിജിറ്റൽ വിപണിയായ ഡിജിഹാറ്റിലേക്ക് ദാതാക്കൾ സുരക്ഷിതമായി നയിക്കപ്പെടും. തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തിൻ്റെ ഡെലിവറി വിലാസവും സ്വീകർത്താവിൻ്റെ വിശദാംശങ്ങളും അവിടെ തനിയെ രേഖപ്പെടുത്തുന്നതിനാൽ വിവരങ്ങൾ നേരിട്ട് ടൈപ്പ് ചെയ്ത് നൽകേണ്ടി വരുന്നില്ല. നിർദ്ദിഷ്ട സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായി തയ്യാറാക്കിയ കമ്പ്യൂട്ടർ പാക്കേജുകളിൽ നിന്ന് അനുയോജ്യമായവ തിരഞ്ഞെടുക്കാനും, ഡിജിറ്റലായി പണമടയ്ക്കാനും, ഓർഡർ സ്ഥിരീകരണം, അയയ്ക്കൽ, വിതരണം, കൈപ്പറ്റിയതായി സ്ഥിരീകരിക്കൽ എന്നിവ ഓരോ ഘട്ടത്തിലും ട്രാക്ക് ചെയ്യാനും ദാതാക്കൾക്ക് കഴിയും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്പ്യൂട്ടർ ലഭിച്ചതായി സ്ഥിരീകരിച്ച ശേഷം, ദാതാവിന് ഡിജിറ്റലായി തയ്യാറാക്കിയ പ്രശംസാപത്രവും ലഭിക്കും. ചുരുക്കത്തിൽ, ഈ സംരംഭത്തിന് കീഴിൽ ഓർഡർ നൽകുന്നത് മുതൽ വിതരണം ചെയ്യുന്നത് വരെയുള്ള മുഴുവൻ നടപടികളും തത്സമയം നിരീക്ഷിക്കാൻ സാധിക്കുമെന്നതിനാൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കപ്പെടുന്നു.
ദാൻവീർ വഴി സംഭാവന ചെയ്യുന്ന കമ്പ്യൂട്ടറുകൾ ആസൂത്രണം, സാമ്പത്തിക കാര്യനിർവ്വഹണം, രേഖകൾ സൂക്ഷിക്കൽ, പൗരസേവന വിതരണം എന്നിവയ്ക്കായി ഡിജിറ്റൽ ഭരണനിർവ്വഹണ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാൻ ഗ്രാമപഞ്ചായത്തുകളെ പ്രാപ്തമാക്കും. ഈ ലക്ഷ്യത്തോടൊപ്പം പൂർണ്ണമായ സുതാര്യതയും ഉറപ്പാക്കുന്ന ദാൻവീർ സംരംഭം വഴി, സ്വന്തം ഗ്രാമപഞ്ചായത്തിലേക്ക് ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് കാണാനും, ദാതാക്കൾക്ക് അവരുടെ സംഭാവനയുടെ പുരോഗതി ഡിജിറ്റലായി നിരീക്ഷിക്കാനും സാധിക്കും. കൂടാതെ, പ്രവാസി ഭാരതീയർ, ജീവകാരുണ്യ സംഘടനകൾ, കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (CSR) പങ്കാളികൾ എന്നിവരുൾപ്പെടെ നാടുവിട്ട് കഴിയുന്നവർക്ക് ഗ്രാമീണ ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനത്തിൽ പങ്കാളികളാകാനും സ്വന്തം നാടുമായി വീണ്ടും ബന്ധപ്പെടാനുമുള്ള വിശ്വസനീയമായ ഒരു വേദിയും ഇത് തുറന്നുനൽകുന്നു. കൂടുതൽ സംസ്ഥാനങ്ങൾ അർഹതയുള്ള ഗ്രാമപഞ്ചായത്തുകളെ ഇതിൽ ഉൾപ്പെടുത്തുന്നതോടെ, ശക്തവും ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ടതുമായ പഞ്ചായത്തുകൾക്കായുള്ള ഒരു രാജ്യവ്യാപക മുന്നേറ്റമായി പരിണമിക്കാൻ ദാൻവീറിന് സാധിക്കും. 2026 ആഗസ്റ്റ് 27 വരെയുള്ള കണക്കുകൾ പ്രകാരം, പദ്ധതിക്ക് ലഭിച്ച മികച്ച പ്രതികരണവും വർദ്ധിച്ചുവരുന്ന ജനസ്വീകാര്യതയും അടയാളപ്പെടുത്തിക്കൊണ്ട് 75 കമ്പ്യൂട്ടറുകൾ ഇതിനകം സംഭാവനയായി നൽകിക്കഴിഞ്ഞു. നടപടികൾ വിജയകരമായി പൂർത്തിയാകുന്നതോടെ, പ്രാദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് ദാതാക്കൾക്ക് പ്രശംസാപത്രം നൽകും. ഗ്രാമീണതലത്തിലുള്ള സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള സർക്കാരിൻ്റെ ശ്രമങ്ങൾക്ക് പൂരകമാകുന്ന വിധത്തിൽ സ്വമേധയാ ഉള്ള പൊതുജനപങ്കാളിത്തം പ്രയോജനപ്പെടുത്തുന്ന, പങ്കാളിത്ത ഭരണത്തിൻ്റെ ഒരു നൂതന മാതൃകയാണ് ദാൻവീർ. പൗരന്മാർ, ജീവകാരുണ്യ പ്രവർത്തകർ, സംഘടനകൾ, CSR പങ്കാളികൾ, പ്രവാസി ഭാരതീയർ എന്നിവരെല്ലാം മുന്നോട്ടുവന്ന് ദാൻവീർമാരാകണമെന്ന് മന്ത്രാലയം അഭ്യർത്ഥിക്കുന്നു.
ക്യുആർ കോഡ് സ്കാൻ ചെയ്ത് മേരി പഞ്ചായത്ത് ആപ്പിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്: https://egramswaraj.gov.in/danveer/
***
( റിലീസ് ഐ.ഡി: 2304052)
സന്ദര്‍ശക കൗണ്ടര്‍ : 4