ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ സാമ്പത്തിക ശാക്തീകരണ ഭൂമികയെ പരിവർത്തനം ചെയ്ത പ്രധാനമന്ത്രി ജൻ ധൻ യോജന 12 വർഷം പൂർത്തിയാക്കി

പോസ്റ്റഡ് ഓണ്‍: 27 AUG 2026 12:13PM by PIB Thiruvananthpuram
എല്ലാവർക്കും ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കുന്നതിനായി 2014 ഓഗസ്റ്റ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രധാൻ മന്ത്രി ജൻ ധൻ യോജനയ്ക്ക് (PMJDY) തുടക്കം കുറിച്ചത്. PMJDY യുടെ ഈ 12 വർഷങ്ങൾ ഇന്ത്യൻ സാമ്പത്തിക രംഗത്ത് വലിയ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. ആഗോളതലത്തിൽ സാമ്പത്തിക ശാക്തീകരണത്തിന്റെയും ഉൾപ്പെടുത്തലിന്റെയും പര്യായമായും മാർഗ്ഗദർശിയായതും PMJDY മാറിയിരിക്കുന്നു. കൂടാതെ സമസ്ത ജനവിഭാഗങ്ങളിലേക്കും ബാങ്കിംഗ് സേവനങ്ങൾ എത്തിക്കുന്ന  ലോകത്തിലെ തന്നെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായി PMJDY അംഗീകരിക്കപ്പെട്ടിരിക്കുന്നു.
 


 
സാമ്പത്തിക സർവ്വാശ്ലേഷിത്വത്തിന്റെ വികാസം:

ദരിദ്രർക്കും, പിന്നാക്കം നിൽക്കുന്നവർക്കും, പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും സാമ്പത്തിക സേവനങ്ങൾ ഉറപ്പാക്കി അവരെ സഹായിക്കുന്നതിൽ ധനകാര്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. പ്രധാൻ മന്ത്രി ജൻ ധൻ യോജന (PMJDY) പ്രകാരം, ബാങ്ക് അക്കൗണ്ട് ഇല്ലാത്ത എല്ലാ പൗരന്മാർക്കും എളുപ്പത്തിൽ ബാങ്ക് അക്കൗണ്ട് തുറക്കാനാകും. അക്കൗണ്ടിൽ കുറഞ്ഞ തുക നിലനിർത്തേണ്ടതില്ല, അക്കൗണ്ട് പരിപാലിക്കുന്നതിന് യാതൊരു നിരക്കുകളും ഈടാക്കുന്നില്ല.  

എല്ലാ അക്കൗണ്ടിലും സൗജന്യ റുപേ ഡെബിറ്റ് കാർഡ് സേവനം ലഭിക്കും, ₹2 ലക്ഷം അപകട ഇൻഷുറൻസ് പരിരക്ഷയും വാഗ്ദാനം ചെയ്യുന്നു, ഡിജിറ്റൽ ഇടപാടുകളും സാമ്പത്തിക സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ പരിരക്ഷ ഉറപ്പാക്കിക്കൊണ്ട് അക്കൗണ്ട് ഉടമകൾക്ക് ₹10,000 വരെ ഓവർഡ്രാഫ്റ്റ് സൗകര്യത്തിനും അർഹതയുണ്ട്.

പിഎം ജീവൻ ജ്യോതി ബീമാ യോജന, പിഎം സുരക്ഷാ ബീമാ യോജന തുടങ്ങിയ ജൻ സുരക്ഷാ പദ്ധതികളിലൂടെ അസംഘടിത മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികൾക്ക് ലൈഫ്, അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിൽ PMJDY അക്കൗണ്ടുകൾ നിർണായക പങ്ക് വഹിക്കുന്നു.

PMJDY പ്രകാരമുള്ള, 78% അക്കൗണ്ടുകളും ഗ്രാമപ്രദേശങ്ങളിലോ അർദ്ധ നഗരപ്രദേശങ്ങളിലോ ആണ് തുറന്നിരിക്കുന്നത്, ഏകദേശം 56% അക്കൗണ്ടുകളും വനിതകളുടേതാണ്, രാജ്യത്തിന്റെ വിദൂര, പിന്നാക്ക പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഔപചാരിക സമ്പദ് വ്യവസ്ഥയിലേക്ക് ആനയിക്കുന്നതിനുള്ള   പദ്ധതിയുടെ മുൻഗണനയാണ് ഇത് വ്യക്തമാക്കുന്നത്.

ജാം ത്രിത്വം (JAM Trinity): വിപ്ലവകരമായ പരിവർത്തനം

ബാങ്ക് അക്കൗണ്ടുകൾ, ആധാർ, മൊബൈൽ നമ്പറുകൾ എന്നിവ ആധാരമാക്കിയുള്ള (ജാം ത്രിത്വം /JAM Trinity) സംവിധാനം ഗുണഭോക്താക്കളിലേക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം സുഗമവും സുരക്ഷിതവുമാക്കി. സർക്കാരിന്റെ ക്ഷേമ ആനുകൂല്യങ്ങൾ JAM മുഖേന ദരിദ്രരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വിജയകരമായി കൈമാറുന്നു.ഇതിലൂടെ ഇടനിലക്കാരെ ഒഴിവാക്കി ഫണ്ടുകളുടെ ദുരുപയോഗവും വകമാറ്റലും കാലതാമസവും പരിമിതപ്പെടുത്തുന്നു.

നാഴികക്കല്ലുകളും നേട്ടങ്ങളും:

a. PMJDY അക്കൗണ്ടുകൾ: 59.09 കോടി (2026 ഓഗസ്റ്റ് 19 വരെ)

2026 ഓഗസ്റ്റ് 19 വരെയുള്ള, PMJDY അക്കൗണ്ടുകളുടെ ആകെ എണ്ണം 59.09 കോടിയാണ്; ജൻ ധൻ അക്കൗണ്ട് ഉടമകളിൽ 55.7% (32.92 കോടി) വനിതകളാണ്, ജൻ ധൻ അക്കൗണ്ടുകളിൽ 77.8% (45.95 കോടി) ഗ്രാമപ്രദേശങ്ങളിലും അർദ്ധ നഗരപ്രദേശങ്ങളിലുമാണ്.

b. PMJDY അക്കൗണ്ടുകൾക്ക് കീഴിലുള്ള നിക്ഷേപങ്ങൾ - ₹3.17 ലക്ഷം കോടി  (2026 ഓഗസ്റ്റ് 19 വരെ)

PMJDY അക്കൗണ്ടുകളിലെ ആകെ നിക്ഷേപ നീക്കിയിരിപ്പ് ₹3,16,514 കോടിയാണ്. കഴിഞ്ഞ 12 വർഷത്തിനിടെ (ഓഗസ്റ്റ് 15-  ഓഗസ്റ്റ് 2026 വരെ) നിക്ഷേപം 12.8 മടങ്ങ് വർദ്ധിച്ചു, അക്കൗണ്ടുകളുടെ എണ്ണം 2.3 മടങ്ങ് വർദ്ധിച്ചു.

c. PMJDY അക്കൗണ്ടിലെ ശരാശരി നിക്ഷേപം – ₹5,356  (2026 ഓഗസ്റ്റ് 19 വരെ)

19.08.2026 ലെ കണക്കനുസരിച്ച് അക്കൗണ്ടിലെ ശരാശരി നിക്ഷേപം ₹5,356 ആണ്. കഴിഞ്ഞ 12 വർഷത്തിനിടെ  ( ഓഗസ്റ്റ് 15-  ഓഗസ്റ്റ് 2026 വരെ) അക്കൗണ്ടിലെ ശരാശരി നിക്ഷേപം 3.4 മടങ്ങ് വർദ്ധിച്ചു. ശരാശരി നിക്ഷേപത്തിലെ വർദ്ധനവ് അക്കൗണ്ടുകളുടെ ഉപയോഗം വർദ്ധിച്ചതിന്റെയും അക്കൗണ്ട് ഉടമകളിൽ സമ്പാദ്യശീലം വളരുന്നതിന്റെയും സൂചനയാണ്.

d. PMJDY അക്കൗണ്ട് ഉടമകൾക്ക് നൽകിയ റുപേ കാർഡുകൾ: 41.29 കോടി  (2026 ഓഗസ്റ്റ് 19 വരെ)

PMJDY അക്കൗണ്ട് ഉടമകൾക്ക് 41.29 കോടി റുപേ കാർഡുകൾ വിതരണം ചെയ്തു. റുപേ കാർഡുകളുടെ എണ്ണവും ഉപയോഗവും വർദ്ധിച്ചു.

ദൗത്യ രൂപേണയുള്ള സമീപനം, നിയന്ത്രണ പിന്തുണ, പൊതു-സ്വകാര്യ പങ്കാളിത്തം, ബയോമെട്രിക് പരിശോധനയ്ക്കായി ആധാർ പോലുള്ള ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ സമന്വയം എന്നിവയാണ് PMJDY യുടെ വിജയത്തിന് ആധാരം. മുമ്പ് ഔപചാരിക ബാങ്കിംഗ് സംവിധാനത്തിന് പുറത്തായിരുന്ന സാധാരണക്കാരെ സാമ്പത്തിക സേവനങ്ങളിലേക്ക്  ആനയിക്കുന്നതിനും സാമ്പത്തിക ശാക്തീകരണത്തിനുമുള്ള  ആദ്യപടിയായി ഈ പദ്ധതി മാറിയിരിക്കുന്നു.ബാങ്ക് അക്കൗണ്ടുകൾ തുറന്ന ശേഷം, ക്രമേണ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിലും വായ്പകൾ പ്രാപ്യമാക്കുന്നതിലും കൂടുതൽ പുരോഗതി കൈവരിക്കാനാകുന്നു പതിവ് സമ്പാദ്യവും ബാങ്ക് അക്കൗണ്ടുകളുടെ ശരിയായ ഉപയോഗവും മുദ്ര വായ്പകൾ അടക്കമുള്ള വായ്പകൾക്ക് യോഗ്യരാക്കും, ഇത് ചെറുകിട ബിസിനസുകൾ ആരംഭിക്കാനും വിപുലീകരിക്കാനും വരുമാനം വർദ്ധിപ്പിക്കാനും സാമ്പത്തികമായി ശക്തരും കൂടുതൽ സുരക്ഷിതരുമാകാനും സഹായിക്കും.

പതിമൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയുടെയും, ഡിജിറ്റൽ നൂതനാശയങ്ങളുടെയും, സാമ്പത്തിക ശാക്തീകരണത്തിന്റെയും ദീപസ്തംഭമായി PMJDY തുടരുകയാണ്. സാമ്പത്തിക ക്ഷേമത്തിലേക്കുള്ള പ്രയാണത്തിൽ ഒരു പൗരനും പിന്തള്ളപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് PMJDY യുടെ ശാശ്വത വിജയം പ്രതിഫലിപ്പിക്കുന്നത്.
 
***
 

( റിലീസ് ഐ.ഡി: 2303771) സന്ദര്‍ശക കൗണ്ടര്‍ : 10