ധനകാര്യ മന്ത്രാലയം
'ഓപ്പറേഷൻ ബ്ലാക്ക് ഹോക്കി’ന്റെ ഭാഗമായി അന്തർസംസ്ഥാന ഹെറോയിൻ കടത്ത് സംഘത്തെ പിടികൂടി സെൻട്രൽ നാര്‍കോട്ടിക്സ് ബ്യൂറോ; 18.6 കിലോയിലേറെ അസംസ്കൃത ഹെറോയിൻ പിടിച്ചെടുത്തു
അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മൂന്ന് പ്രധാന കണ്ണികൾ അറസ്റ്റിൽ
प्रविष्टि तिथि:
24 AUG 2026 10:03AM by PIB Thiruvananthpuram
ലഹരിക്കടത്തിനെതിരെ കൈക്കൊള്ളുന്ന ശക്തമായ നടപടികളുടെ ഭാഗമായി സെൻട്രൽ നാര്‍കോട്ടിക്സ് ബ്യൂറോയുടെ മധ്യപ്രദേശ്, ഉത്തർപ്രദേശ് യൂണിറ്റുകൾ സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ ബ്ലാക്ക് ഹോക്ക്' ദൗത്യത്തില്‍ ലഖ്‌നൗവിന് സമീപം 18.64 കിലോഗ്രാം അസംസ്കൃത ഹെറോയിൻ പിടിച്ചെടുത്തു. അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മൂന്ന് പ്രധാന കണ്ണികളെ അറസ്റ്റ് ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഉത്തർപ്രദേശിൽ വിതരണത്തിനായി എത്തിച്ച ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.
വടക്കുകിഴക്കൻ മേഖലയിൽ നിന്ന് ലഖ്‌നൗവിലേക്ക് ലഹരി എത്തിക്കുന്നുണ്ടെന്ന നാര്‍കോട്ടിക്സ് ബ്യൂറോ മധ്യപ്രദേശ് യൂണിറ്റിന്റെ കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മധ്യപ്രദേശ്-ഉത്തർപ്രദേശ് സംയുക്ത സംഘം 2026 ഓഗസ്റ്റ് 20, 21 തീയതികളില്‍ രാത്രി സുൽത്താൻപൂർ-ലഖ്‌നൗ ഹൈവേയിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുകയായിരുന്നു.

വിവിധ ടോൾ പ്ലാസകൾ കേന്ദ്രീകരിച്ച് നടത്തിയ തുടർച്ചയായ നിരീക്ഷണത്തിനൊടുവിൽ ഓഗസ്റ്റ് 21-ന് ലഖ്‌നൗവിന് സമീപം അസം രജിസ്ട്രേഷനിലുള്ള ഹ്യുണ്ടായ് ക്രെറ്റ കാർ അന്വേഷണ സംഘം തടഞ്ഞു. വാഹനത്തിൽ യാതൊന്നും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ നിരപരാധികളാണെന്ന് വാഹനത്തിലുണ്ടായിരുന്നവർ അവകാശപ്പെട്ടു. എന്നാൽ വെറും 500 കിലോമീറ്റർ യാത്രയ്ക്കിടെ നാല് തവണ ഇന്ധനം നിറച്ചതായി ചോദ്യം ചെയ്യലിൽ വെളിപ്പെട്ടത് ഉദ്യോഗസ്ഥരിൽ സംശയമുളവാക്കി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്ധന ടാങ്കിൽ പ്രത്യേക അറയുള്ളതായി കണ്ടെത്തുകയായിരുന്നു. ലഖ്‌നൗവിലെ നാര്‍കോട്ടിക്സ് ബ്യൂറോ ഓഫീസിലെത്തിച്ച് സാങ്കേതിക സഹായത്തോടെ ഇന്ധന ടാങ്ക് അഴിച്ചു പരിശോധിച്ചതോടെ രഹസ്യ അറയിൽ സൂക്ഷിച്ച 25 വാട്ടർപ്രൂഫ് പാക്കറ്റുകളില്‍നിന്ന് 16.48 കിലോഗ്രാം അസംസ്കൃത ഹെറോയിൻ കണ്ടെടുത്തു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു.

സിലിഗുരി-ലഖ്‌നൗ പാതയിലൂടെ വലിയ ട്രക്കിൽ ലഹരി കടത്തുന്നുവെന്ന് നാര്‍കോട്ടിക്സ് ബ്യൂറോ ഉത്തർപ്രദേശ് യൂണിറ്റിന് ലഭിച്ച രണ്ടാമത്തെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിരവധി ടോൾ പ്ലാസകളിലൂടെ ട്രക്കിനെ പിന്തുടർന്ന് ബാരാബങ്കിക്ക് സമീപം ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ട്രക്കിന്റെ ബോഡി ഫ്രെയിമിനകത്ത് പ്രത്യേകം നിർമിച്ച രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ 2.16 കിലോഗ്രാം അസംസ്കൃത ഹെറോയിൻ കണ്ടെത്തുകയായിരുന്നു. ട്രക്കിലുണ്ടായിരുന്നയാളെ അറസ്റ്റ് ചെയ്തു.



പിടിയിലായ മൂന്ന് പ്രതികൾക്കെതിരെയും 1985-ലെ മയക്കുമരുന്ന്-ലഹരിപദാർത്ഥ നിരോധന നിയമത്തിലെ കർശന വകുപ്പുകൾ പ്രകാരം കേസെടുത്തു. ലഹരി കടത്താൻ ഉപയോഗിച്ച രണ്ട് വാഹനങ്ങളും മുഴുവൻ ലഹരിവസ്തുക്കളും കണ്ടുകെട്ടി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രധാന വിതരണക്കാരെ കണ്ടെത്താനും പ്രാദേശിക വിതരണ ശൃംഖലകൾ തകർക്കാനും സമഗ്ര സാമ്പത്തിക, ലോജിസ്റ്റിക്സ് അന്വേഷണം പുരോഗമിക്കുകയാണ്.
പ്രധാന കണ്ടെത്തലുകൾ ചുരുക്കത്തിൽ:
-
ആകെ പിടിച്ചെടുത്ത ലഹരിമരുന്ന്: 18.64 കിലോഗ്രാം (കാറിൽ നിന്ന് 16.48 കിലോഗ്രാം, ട്രക്കിൽ നിന്ന് 2.16 കിലോഗ്രാം)
-
കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ: അസം രജിസ്ട്രേഷനിലുള്ള ഹ്യുണ്ടായ് ക്രെറ്റ കാർ, വലിയ വാണിജ്യ ട്രക്ക്
-
ആകെ അറസ്റ്റ്: 3 പേർ (1985-ലെ മയക്കുമരുന്ന്-ലഹരിപദാർത്ഥ നിരോധന നിയമപ്രകാരം)
-
ഒളിപ്പിച്ച രീതി: കാറിന്റെ ഇന്ധന ടാങ്കിലെ പ്രത്യേക അറ; ട്രക്കിന്റെ ബോഡിയിലെ രഹസ്യ അറകൾ
***
(रिलीज़ आईडी: 2302666)
आगंतुक पटल : 12