നൈപുണ്യ വികസന, സംരംഭക
മന്ത്രാലയം
ആമസോൺ വെബ് സർവീസസുമായി സഹകരിച്ച് രാജ്യവ്യാപക ക്ലൗഡ്, എഐ നൈപുണ്യ വികസന പദ്ധതിയുമായി ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷനും കൾട്ടസ് എജ്യുക്കേഷനും
प्रविष्टि तिथि:
23 AUG 2026 4:27PM by PIB Thiruvananthpuram
കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിന് കീഴിലെ ദേശീയ നൈപുണ്യ വികസന കോർപ്പറേഷനും കൾട്ടസ് എജ്യുക്കേഷനും ആമസോൺ വെബ് സർവീസസുമായി സഹകരിച്ച് രാജ്യവ്യാപക ക്ലൗഡ്, നിർമിതബുദ്ധി നൈപുണ്യ വികസന പദ്ധതിക്ക് തുടക്കം കുറിച്ചു. ആമസോണ്‍ വെബ് സര്‍വീസസ് ഡിജിറ്റൽ പരിശീലന ഉള്ളടക്കത്തിലൂടെ 1.5 ലക്ഷം പഠിതാക്കൾക്ക് അടിസ്ഥാന എഐ, ക്ലൗഡ് സാക്ഷരത നൽകുന്നതാണ് പദ്ധതി. കൂടാതെ 'എഡബ്ല്യുഎസ് റീസ്റ്റാര്‍ട്ട്’ പരിപാടിയിലൂടെ 10,000 പേരെ തൊഴിൽ സജ്ജരാക്കുന്ന സമഗ്ര പരിശീലനവും ലഭ്യമാക്കും. വ്യക്തികളില്‍ ക്ലൗഡ് കംപ്യൂട്ടിങ് കഴിവുകൾ വളർത്താനും തദ്ദേശീയ തൊഴിലവസരങ്ങൾ ലഭ്യമാക്കാനും സഹായിക്കുന്ന സൗജന്യ ബാച്ച് അധിഷ്ഠിത തൊഴിൽ നൈപുണ്യ പരിശീലന പരിപാടിയാണിത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് നേരിട്ട് അഭിമുഖ അവസരങ്ങളും ലഭിക്കും.
രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലെ യുവാക്കൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുകയാണ് ഈ സംയുക്ത സംരംഭത്തിൻ്റെ ലക്ഷ്യം. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സാങ്കേതിക പരിശീലനത്തിൻ്റെ കുറവ്, പ്രമുഖ സാങ്കേതിക കമ്പനികളുമായി ബന്ധമില്ലായ്മ, ക്ലൗഡ്-എഐ മേഖലകളിലെ തൊഴിലുകൾക്കുവേണ്ടി മത്സരിക്കുന്നതില്‍ സർട്ടിഫിക്കേഷനുകളുടെ അഭാവം എന്നിവ മറികടക്കാൻ ഇത് സഹായിക്കും. ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷൻ്റെ പങ്കാളിയായ കൾട്ടസ് വഴി 100 ശതമാനം ഓൺലൈനായി നടപ്പാക്കുന്ന പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലഭ്യമാക്കും; അവസരങ്ങൾ കുറവുള്ള മേഖലകളിലെ യുവാക്കൾക്കാണ് മുൻഗണന. ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ഹാക്കത്തോണോടെയാണ് പരിപാടിയുടെ സമാപനം.
ഭൂമിശാസ്ത്രപരമായ സ്ഥാനമോ പശ്ചാത്തലമോ അവസരങ്ങൾക്ക് തടസ്സമാകരുതെന്ന വികസിത ഇന്ത്യ കാഴ്ചപ്പാടിൻ്റെ പ്രതിഫലനമാണ് സംരംഭമെന്ന് കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ സഹമന്ത്രിയും (സ്വതന്ത്ര ചുമതല) വിദ്യാഭ്യാസ സഹമന്ത്രിയുമായ ശ്രീ ജയന്ത് ചൗധരി പറഞ്ഞു. നൂതനാശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും പ്രതിഭകളുടെയും ആഗോള കേന്ദ്രമായി ഇന്ത്യ വളരുമ്പോൾ രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലെ യുവജനങ്ങള്‍ക്ക് ഭാവി തൊഴിലുകൾക്കാവശ്യമായ വൈദഗ്ധ്യം നേടാന്‍ അവസരം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 2047-ലെ വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിലേക്ക് നടത്തുന്ന പ്രയാണത്തിന് കരുത്തേകുന്ന സമഗ്രവും വൈദഗ്ധ്യപൂര്‍ണവും ഭാവി സജ്ജവുമായ തൊഴിൽസേനയെ സൃഷ്ടിക്കുന്നതില്‍ ഇത്തരം പദ്ധതികൾ സുപ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യക്തികൾക്ക് ക്ലൗഡ് രംഗത്ത് മികച്ച കരിയർ തുടങ്ങാനും കമ്പനികൾക്ക് ആവശ്യാനുസരണം വിദഗ്ധ പ്രതിഭകളെ കണ്ടെത്താനും സമൂഹത്തിന് വളർച്ച കൈവരിക്കാനും വഴിയൊരുക്കുന്ന 'എഡബ്ല്യുഎസ് റീസ്റ്റാർട്ട്' പരിപാടി പുതിയ പ്രതിഭകളെ തൊഴിൽ മേഖലയിലേക്ക് എത്തിക്കുന്നുവെന്ന് എഡബ്ല്യുഎസ് സ്കില്ലിംഗ് & സോഷ്യൽ ഇംപാക്റ്റ് ഏഷ്യ-പസഫിക് മേധാവി റാണി ബർച്ച്‌മോർ പറഞ്ഞു. കൂടുതൽ കരുത്തുറ്റ ക്ലൗഡ് തൊഴിൽസേനയെ വാർത്തെടുക്കാന്‍ ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷനുമായും കൾട്ടസ് എജ്യുക്കേഷനുമായും സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ആത്മവിശ്വാസവും യോഗ്യതകളും അർത്ഥപൂര്‍ണമായ തൊഴിലവസരങ്ങളുമായി പഠനം മാറുന്നുണ്ടോ എന്നതിലാണ് നൈപുണ്യ വികസനത്തിൻ്റെ യഥാർത്ഥ വിജയമെന്ന് കൾട്ടസ് എജ്യുക്കേഷൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ നളിൻ സിങ് പറഞ്ഞു. ആഗോളതലത്തിൽ പ്രസക്തമായ ക്ലൗഡ്, എഐ നൈപുണ്യം വൻകിട മെട്രോ നഗരങ്ങൾക്ക് പുറത്തേക്കും എത്തിക്കുകയാണ് സംരംഭത്തിൻ്റെ ലക്ഷ്യം. പഠനത്തിലും പരിശീലനത്തിലും തുടങ്ങി സർട്ടിഫിക്കേഷനിലേക്കും തൊഴിലുടമകളുമായി ബന്ധം സ്ഥാപിക്കുന്നതിലേക്കും സമഗ്ര പാതയൊരുക്കുകയാണ് പദ്ധതിലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
അവസരങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലെയും വളർന്നുവരുന്ന പ്രതിഭാ കേന്ദ്രങ്ങളിലെയും യുവജനങ്ങള്‍ക്ക് ഉന്നതനിലവാരത്തില്‍ സാങ്കേതിക പരിശീലനവും തൊഴിലവസരങ്ങളും ലഭ്യമാക്കി അർത്ഥപൂര്‍ണമായ സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെട്രോ നഗരങ്ങളിലേക്ക് മാറാതെ തന്നെ സ്വന്തം നാടുകളിലിരുന്ന് രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലെ പഠിതാക്കൾക്ക് 100% ഓൺലൈനായി ഈ പരിപാടിയുടെ ഭാഗമാകാം.
പഠിതാക്കൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ വഴി പേര് രജിസ്റ്റർ ചെയ്ത് സ്വന്തം സമയക്രമത്തിനനുസരിച്ച് എഡബ്ല്യുഎസ് ഡിജിറ്റൽ പരിശീലന ഉള്ളടക്കങ്ങൾ ഉപയോഗിച്ച് അടിസ്ഥാന എഐ, ക്ലൗഡ് നൈപുണ്യങ്ങള്‍ പഠിച്ചു തുടങ്ങാം. മികവ് തെളിയിക്കുന്നവർക്ക് എഡബ്ല്യുഎസ് റീസ്റ്റാർട്ട് പരിപാടിയിലേക്ക് പ്രവേശിക്കാനാവും. ക്ലൗഡ് അടിസ്ഥാനസൗകര്യങ്ങള്‍, സെക്യൂരിറ്റി, നെറ്റ്‌വർക്കിങ്, എഐ അടിസ്ഥാന തത്വങ്ങൾ എന്നിവയിൽ പരിശീലകരുടെ നേതൃത്വത്തില്‍ ചിട്ടയായ പരിശീലനം ഇതിലൂടെ ലഭിക്കും. പ്രൊഫഷണൽ മാര്‍ഗനിര്‍ദേശകരുടെയും അംഗീകൃത പരിശീലകരുടെയും പിന്തുണയില്‍ പ്രായോഗിക ലാബുകൾ, മാതൃകാ വിശകലനങ്ങള്‍ എന്നിവയിലൂടെ പ്രോഗ്രാമിങ്, നെറ്റ്‌വർക്കിംഗ്, സെക്യൂരിറ്റി, റിലേഷണൽ ഡാറ്റാബേസുകൾ എന്നിവയിൽ പഠിതാക്കൾ പ്രാവീണ്യം നേടും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ക്ലൗഡ് കംപ്യൂട്ടിങ് രംഗത്ത് വ്യാവസായിക അംഗീകാരമുള്ള 'എഡബ്ല്യുഎസ് സർട്ടിഫിക്കേഷനും' പ്രാദേശിക തൊഴിലുടമകളുമായി ബന്ധപ്പെട്ട് അഭിമുഖങ്ങൾക്ക് അവസരങ്ങളും ലഭിക്കും. തൊഴിൽദാതാക്കൾക്കും വ്യവസായ പ്രമുഖർക്കും മുന്നിൽ ക്ലൗഡ്-എഐ ശേഷി പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന ദേശീയ ഹാക്കത്തോണോടെയാണ് പരിശീലന പരിപാടി പൂർത്തിയാവുക.
പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പ്രശാന്ത് സിൻഹയും പങ്കെടുത്തു.
****
(रिलीज़ आईडी: 2302563)
आगंतुक पटल : 5