ഉപരാഷ്ട്രപതിയുടെ കാര്യാലയം
യോഗ്യരായ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനും കാര്യക്ഷമമായ ഭരണത്തിനും കൃത്യമായ ഡാറ്റ അത്യന്താപേക്ഷിതം: ഉപരാഷ്ട്രപതി
प्रविष्टि तिथि:
18 AUG 2026 7:27PM by PIB Thiruvananthpuram
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസിൻ്റെ 2026 ബാച്ചിലെ ട്രെയിനി ഓഫീസർമാർ ഇന്ന് ഉപരാഷ്ട്രപതി ഭവനിൽ ഉപരാഷ്ട്രപതി ശ്രീ സി. പി.രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. 16 വനിതകൾ ഉൾപ്പെടെയുള്ള 34 യുവ ഓഫീസർമാരുമായി സംവദിച്ച ഉപരാഷ്ട്രപതി, ഈ വിശിഷ്ട സർവീസിൽ ചേർന്നതിൽ അവരെ അഭിനന്ദിക്കുകയും വനിതകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം ഇന്ത്യയുടെ 'സ്ത്രീ ശാക്തീകരണത്തിൽ നിന്ന് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്കുള്ള' യാത്രയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
കൃത്യവും വിശ്വസനീയവുമായ ഡാറ്റയുടെ നിർണായക പങ്കിനെക്കുറിച്ച് ഊന്നിപ്പറഞ്ഞ ശ്രീ സി. പി. രാധാകൃഷ്ണൻ, "ഡാറ്റ ശരിയല്ലെങ്കിൽ ഒരു തീരുമാനവും ശരിയാകില്ല" എന്ന് പറഞ്ഞു. വിശ്വസനീയമായ ഡാറ്റയില്ലെങ്കിൽ ഫലപ്രദമായ ആസൂത്രണം, വിഭവവിഹിതം, ഗവൺമെൻ്റ് പദ്ധതികളുടെ നിർവ്വഹണം എന്നിവ സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അർഹരായ ഗുണഭോക്താക്കളെ കൃത്യമായി തിരിച്ചറിഞ്ഞില്ലെങ്കിൽ പരിമിതമായ വിഭവങ്ങൾ പാഴായിപ്പോകാനും സാധ്യതയുണ്ട്. "ഡാറ്റ കൃത്യമായി സമാഹരിക്കുകയും അത് ശരിയായ സമയത്ത് ലഭ്യമാക്കുകയും വേണം," പ്രാഥമിക ഡാറ്റ തെറ്റാണെങ്കിൽ ദേശീയ വെല്ലുവിളികൾക്ക് അനുയോജ്യമായ പരിഹാരങ്ങൾ കണ്ടെത്തുന്നത് പ്രയാസകരമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ കേവലം അക്കങ്ങൾ മാത്രമല്ലെന്നും, രാജ്യവും ജനങ്ങളും സമൂഹത്തിലെ വിവിധ വിഭാഗങ്ങളും എവിടെ നിൽക്കുന്നു എന്ന് മനസ്സിലാക്കാൻ ഭരണകൂടത്തെ സഹായിക്കുന്ന ഭരണ സംവിധാനം ആണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഗവൺമെൻ്റ് പരിപാടികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഫീൽഡ് തലത്തിലുള്ള പരിചയം, കൃത്യമായ ഡാറ്റ ശേഖരണം, അവയുടെ ശരിയായ സംരക്ഷണം, യഥാസമയമുള്ള പ്രയോഗം എന്നിവ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. "ഒരു പദ്ധതിയുടെ വിജയമോ പരാജയമോ ഡാറ്റയുടെ ഗുണനിലവാരത്തെ ഗണ്യമായി ആശ്രയിച്ചിരിക്കുന്നു," ഗവണ്മെൻ്റ്
പരിപാടികളുടെ ഉദ്ദേശിച്ച ആനുകൂല്യങ്ങൾ അർഹരായ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ സ്റ്റാറ്റിസ്റ്റീഷ്യൻമാർ പ്രധാന പങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ ഡാറ്റാബേസുകൾ, ജി.എസ്.ടി. ഡാറ്റ, അടിയന്തര പ്രാധാന്യമുള്ള സാമ്പത്തിക വിവരങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയുടെ സ്റ്റാറ്റിസ്റ്റിക്കൽ, ഭരണ ഡാറ്റാ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ശ്രീ സി. പി. രാധാകൃഷ്ണൻ എടുത്തുപറഞ്ഞു. ഡിജിറ്റൽ ഇടപാടുകളിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘ വീക്ഷണമുള്ള നേതൃത്വം ഇവയുടെ വ്യാപനത്തിനും സമാന്തര സമ്പദ്‌വ്യവസ്ഥ തടയുന്നതിനും വലിയ സംഭാവന നൽകിയിട്ടുണ്ടെന്ന് പറഞ്ഞു. സാമ്പത്തിക കണക്കുകൂട്ടലുകൾക്ക് അനുയോജ്യമായ അടിസ്ഥാന വർഷങ്ങൾ (Base years) നിശ്ചയിക്കേണ്ടതിൻ്റെയും രാജ്യത്തിൻ്റെ യഥാർത്ഥ വളർച്ച കൃത്യമായി നിർണയിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം, സാമ്പത്തിക സൂചകങ്ങൾക്ക് മാത്രം മനുഷ്യക്ഷേമത്തിൻ്റെ പൂർണ്ണമായ ചിത്രം നൽകാൻ കഴിയില്ലെന്നും സന്തോഷവും ജീവിതനിലവാരവും പോലുള്ള മാനദണ്ഡങ്ങൾ പ്രധാനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
"വിശ്വാസ്യതയിൽ നിന്നാണ് സ്റ്റാറ്റിസ്റ്റിക്സിൻ്റെ മൂല്യം ഉണ്ടാകുന്നത്" എന്ന് ഓർമ്മിപ്പിച്ച ഉപരാഷ്ട്രപതി, തൊഴിൽപരമായ സമഗ്രത, ധാർമ്മികത, രാഷ്ട്രീയ നിഷ്പക്ഷത, രഹസ്യാത്മകത, പക്ഷപാതിത്വമില്ലായ്മ എന്നിവ കാത്തുസൂക്ഷിക്കാൻ യുവ ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു.
ആചാരപരമായ ആദരപ്രകടനങ്ങളെക്കാൾ, കാര്യക്ഷമതയോടും ആത്മാർത്ഥതയോടും കൂടി ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതാണ് മുതിർന്ന ഉദ്യോഗസ്ഥരോട് കാണിക്കാൻ കഴിയുന്ന യഥാർത്ഥ ബഹുമാനമെന്ന് അദ്ദേഹം പറഞ്ഞു. നിരന്തരമായ പഠനശീലം വളർത്തിയെടുക്കാനും, ഫീൽഡ് പരിചയത്തിലൂടെ കാര്യങ്ങൾ മനസ്സിലാക്കാനും, മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും കീഴ് ജീവനക്കാരിൽ നിന്നും കാര്യങ്ങൾ പഠിക്കാൻ സന്നദ്ധരായിരിക്കാനും അദ്ദേഹം ഓഫീസർ ട്രെയിനികളോട് ആവശ്യപ്പെട്ടു.
തൊഴിൽപരമായ സ്വാതന്ത്ര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ തന്നെ കാര്യങ്ങൾ അറിയാനുള്ള ആകാംക്ഷയും താൽപ്പര്യവും പുലർത്താനും നൂതനാശയങ്ങളെ സ്വീകരിക്കാനും ശ്രീ സി. പി. രാധാകൃഷ്ണൻ യുവ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 'വികസിത് ഇന്ത്യ@2047' യാഥാർത്ഥ്യമാക്കുന്നതിനും ശക്തമായ ഒരു സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനം കെട്ടിപ്പടുക്കുന്നതിനും "വികസനത്തിനായുള്ള ഡാറ്റയും" ഡാറ്റാധിഷ്ഠിത തീരുമാനങ്ങളും നിർണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. 2026 ബാച്ച് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസിൻ്റെ മികച്ച പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും ജനങ്ങൾക്ക് യഥാർത്ഥ ആനുകൂല്യങ്ങൾ എത്തിക്കുന്ന ഡാറ്റാധിഷ്ഠിത സംവിധാനത്തിന് അർത്ഥവത്തായ സംഭാവനകൾ നൽകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സ്ഥിതിവിവരക്കണക്ക്, മന്ത്രാലയം സെക്രട്ടറി ഡോ. സൗരഭ് ഗാർഗ്, ഡാറ്റാ ഗവേണൻസ് ഡയറക്ടർ ജനറൽ ശ്രീ പി. ആർ. മേഷ്രാം, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഓഫീസർ ട്രെയിനികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
****
(रिलीज़ आईडी: 2301034)
आगंतुक पटल : 4