വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
UPI അധിഷ്ഠിത Pos ട്രാന്‍സ്ഫര്‍ വഴി ഖത്തര്‍-ഇന്ത്യ തപാല്‍ പണമടയ്ക്കല്‍ സേവനം ഖത്തര്‍ പോസ്റ്റ് ഔട്ട്ലെറ്റുകളില്‍ ലഭ്യമാണ്
प्रविष्टि तिथि:
17 AUG 2026 4:20PM by PIB Thiruvananthpuram
UPI അധിഷ്ഠിത Pos കൈമാറ്റം വഴി ഖത്തര്‍-ഇന്ത്യ തപാല്‍ പണമടയ്ക്കല്‍ സേവനം ഇപ്പോള്‍ ലഭ്യമാണ്. ഖത്തറിലുള്ള ഉപഭോക്താക്കള്‍ക്ക് ഖത്തര്‍ പോസ്റ്റ് ഔട്ട്ലെറ്റുകള്‍ വഴി ഇന്ത്യയിലെ UPI ബന്ധിത ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം അയയ്ക്കാന്‍ ഇത് സൗകര്യമൊരുക്കുന്നു.

ഖത്തര്‍ പോസ്റ്റ്, ഇന്ത്യ പോസ്റ്റ്, യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്റെ ഇന്റര്‍ കണക്ഷന്‍ പ്ലാറ്റ്ഫോം (UPU-IP), എന്‍.പി.സി.ഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡ് (NIPL) എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ സേവനം വികസിപ്പിച്ചിരിക്കുന്നത്.
തപാല്‍ ശൃംഖലയുടെ വ്യാപക സേവനങ്ങളെ ഇന്ത്യയുടെ ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ട് രാജ്യാന്തര പണമടയ്ക്കലിന് കാര്യക്ഷമവും സൗകര്യപ്രദവുമായ മാര്‍ഗ്ഗമാണ് ഈ പദ്ധതി നല്‍കുന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 2026 ഓഗസ്റ്റ് 15-നാണ് ഈ സേവനം ഖത്തറില്‍ ലഭ്യമാക്കിയത്. ഈ അവസരത്തില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് ശ്രീ സന്ദീപ് കുമാര്‍ ദോഹയിലെ ലുലു മാളിലുള്ള ഖത്തര്‍ പോസ്റ്റ് ഔട്ട്ലെറ്റ് സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട പങ്കാളികളുമായി സംവദിക്കുകയും ചെയ്തു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഡിജിറ്റല്‍ സാമ്പത്തിക കണക്റ്റിവിറ്റിയും ഉഭയകക്ഷി സഹകരണവും ശക്തിപ്പെടുത്തുന്നതില്‍ ഈ സംരംഭത്തിന്റെ പ്രാധാന്യം സന്ദര്‍ശനം എടുത്തു കാണിക്കുന്നു.
UPI അധിഷ്ഠിത Pos കൈമാറ്റം വഴിയുള്ള പണമടയ്ക്കല്‍ സേവനം ഖത്തറില്‍ :
ഈ സേവനത്തിന് കീഴില്‍, ഖത്തര്‍ പോസ്റ്റ് ഔട്ട്ലെറ്റില്‍ ഇന്ത്യയിലെ സ്വീകര്‍ത്താവിന്റെ UPI ഐഡിയും ആവശ്യമായ ഉപഭോക്തൃ തിരിച്ചറിയല്‍ വിവരങ്ങളും നല്‍കി പണം അയക്കാം. വിദേശത്ത് നിന്നുള്ള പണം ലഭിക്കുന്നതിനായി സ്വീകര്‍ത്താവ് ഉപയോഗിക്കുന്ന UPI ആപ്പില്‍ 'ഫോറിന്‍ ഇന്‍വേര്‍ഡ് റമിറ്റന്‍സ്' സൗകര്യം സജീവമാക്കണം. അങ്ങനെ ചെയ്ത് കഴിയുമ്പോള്‍, അയയ്ക്കുന്ന തുക ഗുണഭോക്താവിന്റെ UPI ബന്ധിത ബാങ്ക് അക്കൗണ്ടിലേക്ക് തല്‍ക്ഷണം ക്രെഡിറ്റ് ചെയ്യപ്പെടും.
ഒരു ഇടപാടില്‍ പരമാവധി 1,00,000 രൂപയ്ക്ക് തുല്യമായ തുക( 10 റിയാല്‍ (QAR) മുതല്‍ 4,000 റിയാല്‍ വരെയുള്ള തുകകള്‍) അയക്കാവുന്നതാണ്. ഒരു ഇടപാടിന് 15 റിയാല്‍ എന്ന നിരക്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതാണ്.
ഖത്തറിലെ വലിയൊരു വിഭാഗം ഇന്ത്യന്‍ സമൂഹത്തിന് ഇന്ത്യയിലുള്ള കുടുംബങ്ങളിലേക്ക് പണമയക്കാന്‍ വിശ്വസനീയവും എളുപ്പത്തില്‍ ലഭ്യമാകുന്നതും കുറഞ്ഞ ചെലവിലുള്ളതുമായ ഒരു മാര്‍ഗ്ഗം ഈ സേവനം നല്‍കുന്നു. തപാല്‍ ശൃംഖലകളുടെ ലഭ്യതയും UPI ശേഷിയും സമന്വയിപ്പിക്കുന്നതിലൂടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തിനും സുഗമമായ ഡിജിറ്റല്‍ സാമ്പത്തിക കണക്റ്റിവിറ്റിക്കും ഈ സംരംഭം സംഭാവന നല്‍കുന്നു.
അന്താരാഷ്ട്ര തപാല്‍ സാമ്പത്തിക സേവനങ്ങളുടെ ആധുനികവല്‍ക്കരണത്തിലും ഇന്ത്യയും ഖത്തറും തമ്മിലുള്ള ഡിജിറ്റല്‍ സാമ്പത്തിക സഹകരണത്തിലും ഖത്തര്‍-ഇന്ത്യ തപാല്‍ ഇടനാഴി ഒരു പ്രധാന നാഴികക്കല്ലാണ്. UPU-IP, UPI എന്നിവയുടെ സംയോജനം, സമഗ്രവും കാര്യക്ഷമവുമായ രാജ്യാന്തര സാമ്പത്തിക സേവനങ്ങള്‍ സുഗമമാക്കുന്നതില്‍ തപാല്‍ ശൃംഖലകളുടെയും ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളുടെയും ശേഷി തെളിയിക്കുന്നു.
യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്റെ ഇന്റര്‍കണക്ഷന്‍ പ്ലാറ്റ്ഫോമും (UPU-IP) ഇന്ത്യയുടെ UPI സംവിധാനവും തമ്മിലുള്ള സംയോജനത്തിലൂടെ സാധ്യമാക്കിയ ഒരു അന്താരാഷ്ട്ര പണം സ്വീകരിക്കല്‍ സേവനമാണ് ഇത്. ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലെ UPI അധിഷ്ഠിത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നതിന് ലളിതവും സുരക്ഷിതവുമായ ഒരു സംവിധാനം ഒരുക്കാന്‍ ഇത് പങ്കാളിത്ത തപാല്‍ ഓപ്പറേറ്റര്‍മാരെ പ്രാപ്തരാക്കുന്നു.
മറ്റ് രാജ്യങ്ങളിലെ തപാല്‍ ഓപ്പറേറ്റര്‍മാരുമായി ചേര്‍ന്ന് കൂടുതല്‍ 'UPI അധിഷ്ഠിത Pos കൈമാറ്റം വഴിയുള്ള പണമടയ്ക്കല്‍ ഇടനാഴികള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും, വിദേശത്തുള്ള ഇന്ത്യന്‍ സമൂഹത്തിനായി അന്താരാഷ്ട്ര സാമ്പത്തിക കണക്റ്റിവിറ്റി കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ പോസ്റ്റ് പ്രവര്‍ത്തിച്ചുവരുന്നു.

***
(रिलीज़ आईडी: 2300615)
आगंतुक पटल : 6