PIB Backgrounder
azadi ka amrit mahotsav

ഇന്ത്യയുടെ ബഹിരാകാശ പരമാധികാരം കരുത്താര്‍ജ്ജിക്കുന്നു

प्रविष्टि तिथि: 14 AUG 2026 4:13PM by PIB Thiruvananthpuram
നൂതനാശയങ്ങളിലും  വികസനത്തിലും മുന്നേറ്റം 

ബഹിരാകാശ നേതൃത്വത്തിലേക്ക് ഇന്ത്യയുടെ കുതിപ്പ്

അടിസ്ഥാന സൗകര്യ നിർമ്മിതിയില്‍നിന്ന്  ആഗോളതല മത്സരശേഷിയാര്‍ന്ന അത്യാധുനിക ബഹിരാകാശ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന തലത്തിലേക്ക് ഇന്ത്യയുടെ ബഹിരാകാശ യാത്ര വളർന്നുകഴിഞ്ഞു.  കഴിഞ്ഞ പതിറ്റാണ്ടിനിടെ രാജ്യത്ത് നടപ്പിലാക്കിയ പരിഷ്കാരങ്ങൾ സ്വകാര്യ സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ആഗോള പങ്കാളിത്തങ്ങൾക്കും ബഹിരാകാശ മേഖലയെ തുറന്നുകൊടുത്തു. വിക്ഷേപണ സംവിധാനങ്ങൾ, ഉപഗ്രഹങ്ങൾ, ബഹിരാകാശ അപ്ലിക്കേഷനുകൾ, മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യങ്ങൾ എന്നിവയിലുടനീളം ശേഷി വിപുലീകരിക്കുകയാണ് ഇന്ത്യ. രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ആത്മവിശ്വാസത്തോടെയും സ്വാശ്രയത്വത്തോടെയും ബഹിരാകാശത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന രാഷ്ട്രത്തിന്റെ മുഖമാണ് ഇന്ത്യയുടെ ബഹിരാകാശ ലക്ഷ്യങ്ങൾ പ്രതിഫലിപ്പിക്കുന്നത്.

 

  • ഇന്ത്യയുടെ ബഹിരാകാശ ആവാസവ്യവസ്ഥ അതിവേഗം വികസിച്ചു; 2014-ല്‍ ഒരു ബഹിരാകാശ സ്റ്റാർട്ടപ്പ് മാത്രമായിരുന്നു  രാജ്യത്ത് രജിസ്റ്റർ ചെയ്തിരുന്നത്.  2026 ഓഗസ്റ്റില്‍  ഇത് 440 ആയി ഉയർന്നു.  
  • അതിവേഗം വളരുന്ന ഈ മേഖല ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. 2026 ഓഗസ്റ്റിലെ കണക്കനുസരിച്ച് 900 കോടി യു.എസ് ഡോളറാണ്  ഇതിന്റെ മൂല്യം. അടുത്ത പതിറ്റാണ്ടിൽ ഇത് 4,000 മുതൽ 4,500 കോടി യു.എസ് ഡോളർ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
  • ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ സ്വകാര്യ നിക്ഷേപത്തിൽ ഏകദേശം ആറുമടങ്ങ് വർധനയുണ്ടായി. 2021–22 ലെ 10.05 കോടി ഡോളറിൽ നിന്ന് 2026 മാർച്ച് 31-ഓടെ ഇത് 61.85 കോടി ഡോളറായി ഉയർന്നു. ഇതിൽ 18.7 കോടി ഡോളറിന്റെ നിക്ഷേപം 2026-ൽ മാത്രം രേഖപ്പെടുത്തിയതാണ്. 
  • ഉപഗ്രഹ പ്രവർത്തനങ്ങൾ, ഉപകരണ സംവിധാനങ്ങൾ സ്ഥാപിക്കൽ, വിക്ഷേപണ സേവനങ്ങൾ എന്നിവയ്ക്ക് 2026 പകുതിയോടെ 52 സർക്കാരിതര സ്ഥാപനങ്ങൾക്കായി 113 അനുമതികള്‍ നൽകി; ഈ സ്ഥാപനങ്ങളില്‍ 18 എണ്ണം സ്റ്റാർട്ടപ്പുകളാണ്.

 

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഭൗമനിരീക്ഷണം  

ഇൻ-സ്പേസിന്റെ നൂതന സംരംഭമാണ് പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഭൗമനീരീക്ഷണം.  ഗവണ്‍മെന്റ് മേൽനോട്ടത്തെയും സ്വകാര്യ വ്യവസായങ്ങളെയും ഒന്നിപ്പിച്ച്  ഇൻ-സ്പേസ് ആരംഭിച്ച മുൻനിര പൊതു-സ്വകാര്യ പങ്കാളിത്ത ചട്ടക്കൂടാണിത്.  സ്വകാര്യ മേഖലയില്‍നിന്ന് ഏകദേശം 1,200 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനത്തോടെ രാജ്യത്തെ സ്വകാര്യ ഉടമസ്ഥതയിലെ ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹ ശൃംഖല വികസിപ്പിക്കാൻ ഇത് ലക്ഷ്യമിടുന്നു.

  • ഇന്ത്യയുടെ വളരുന്ന വിക്ഷേപണ ശേഷി ആഗോള ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.  2014-ന് മുൻപ് വിദേശ ഉപഗ്രഹ വിക്ഷേപണങ്ങൾ 35 ആയിരുന്നു.  2026 ജനുവരിയിലെ കണക്കനുസരിച്ച് ഇത് 399 ആയി വർദ്ധിച്ചു.
  • ഗവേഷണം, സാങ്കേതികവിദ്യ, സംയുക്ത ദൗത്യങ്ങൾ, ശേഷി വർധന എന്നിവ ഉൾക്കൊള്ളിച്ച് 61 രാജ്യങ്ങളുമായും 5 ബഹുമുഖ സംഘടനകളുമായും ചേർന്ന് 300-ലേറെ ബഹിരാകാശ സഹകരണ കരാറുകളിൽ ഒപ്പുവെച്ച ഇന്ത്യ ആഗോള ബഹിരാകാശ രംഗത്തെ വളര്‍ന്നുവരുന്ന നേതൃപദവി അടയാളപ്പെടുത്തുന്നു. 

 

തന്ത്രപരമായ ഇടപെടലുകളിലൂടെ പരിഷ്കാരങ്ങൾക്ക് വേഗം പകരുന്നു 

ഇന്ത്യ നടപ്പാക്കിയ ബഹിരാകാശ പരിഷ്കാരങ്ങൾ സ്വകാര്യ പങ്കാളിത്തത്തിനും നിക്ഷേപത്തിനും നൂതനാശയങ്ങള്‍ക്കും സാങ്കേതികവിദ്യാധിഷ്ഠിത വളർച്ചയ്ക്കും  അനുകൂല അന്തരീക്ഷമൊരുക്കി. പരമ്പരാഗത ഗവണ്‍മെന്റ് കേന്ദ്രീകൃത ബഹിരാകാശ പ്രവർത്തനങ്ങൾക്കപ്പുറം ബഹിരാകാശ മേഖലയെ വിപുലീകരിക്കാൻ ഈ നടപടികൾക്ക് സാധിച്ചു.

  • 2020-ൽ ഇന്ത്യ ബഹിരാകാശ മേഖലയെ സ്വകാര്യ പങ്കാളിത്തത്തിന്  തുറന്നുകൊടുത്തു. ഉപഗ്രഹങ്ങൾ, വിക്ഷേപണ സംവിധാനങ്ങൾ, ബഹിരാകാശ അപ്ലിക്കേഷനുകൾ എന്നിവയിലുടനീളം പ്രവർത്തിക്കാൻ വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഇത് വഴിതുറന്നു. വിശാലമായ  ദേശീയ ബഹിരാകാശ ആവാസവ്യവസ്ഥയിലേക്കുള്ള സുപ്രധാന മാറ്റമായിരുന്നു ഇത്.‌

 

  • 2023-ലെ ഇന്ത്യൻ ബഹിരാകാശ നയം ബഹിരാകാശ മൂല്യശൃംഖലയിലുടനീളം സ്വകാര്യ പങ്കാളിത്തം കൂടുതൽ വിപുലീകരിച്ചു. ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (NSIL),  ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇന്‍-സ്പേസ്) എന്നിവയുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും ഇത് നിർവചിച്ചു.

 

  • ISRO-യുടെ വാണിജ്യ വിഭാഗമായ NSIL വിക്ഷേപണം, ഉപഗ്രഹങ്ങൾ, ബഹിരാകാശ അധിഷ്ഠിത സേവനങ്ങൾ എന്നിവ നൽകുകയും ISRO സാങ്കേതികവിദ്യകൾ ഇന്ത്യൻ വ്യവസായങ്ങൾക്ക് കൈമാറുകയും ചെയ്യുന്നു. ഇതിന്റെ വരുമാനം 2021–22 സാമ്പത്തിക വർഷത്തെ 321.77 കോടി രൂപയിൽ നിന്ന് 2024–25 സാമ്പത്തിക വർഷം 3,000 കോടിയിലധികം രൂപയായി ഉയർന്നത്  ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ വർദ്ധിച്ചുവരുന്ന വാണിജ്യവൽക്കരണത്തെ പ്രതിഫലിപ്പിക്കുന്നു.

 

  • ISRO/ബഹിരാകാശ വകുപ്പ് വികസിപ്പിച്ച 83 സാങ്കേതികവിദ്യകൾ ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് കൈമാറുന്നതിന് NSIL ഇതുവരെ 118 സാങ്കേതികവിദ്യാ കൈമാറ്റ കരാറുകളിൽ  ഒപ്പുവെച്ചിട്ടുണ്ട്.  

 

  • ഏകജാലക സംവിധാനത്തിലൂടെ സ്വകാര്യ ബഹിരാകാശ പ്രവർത്തനങ്ങൾക്ക് ഇൻ-സ്പേസ് സൗകര്യമൊരുക്കുന്നു. 2026 ജനുവരി 31 വരെയുള്ള കണക്കനുസരിച്ച് വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമായി ISRO-യുടെ 71 സാങ്കേതികവിദ്യാ കൈമാറ്റങ്ങൾക്ക് ഇൻ-സ്പേസ് വഴിയൊരുക്കിയിട്ടുണ്ട്.

 

  • ബഹിരാകാശ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടങ്ങൾ 2024 ഫെബ്രുവരിയിൽ കൂടുതൽ ഉദാരവൽക്കരിച്ചു. ഉപഗ്രഹ നിർമ്മാണത്തിനും പ്രവർത്തനങ്ങൾക്കും മുൻകൂർ അനുമതിയില്ലാതെ  74% വരെയും വിക്ഷേപണ വാഹനങ്ങൾക്കും ബഹിരാകാശ വിക്ഷേപണ കേന്ദ്രങ്ങൾക്കും 49% വരെയും ഉപഗ്രഹ-ഭൂതല നിയന്ത്രണ സംവിധാനങ്ങളുടെ ഭാഗങ്ങൾക്ക് 100% വരെയും നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചു.

 

  • 2024-ലെ 'മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളും നടപടിക്രമങ്ങളും’ (NGP)  സുതാര്യമായ അംഗീകാരങ്ങളും അനുമതി പ്രക്രിയകളും രൂപപ്പെടുത്തി.  ഈ ചട്ടക്കൂട്  നിയന്ത്രണങ്ങളിലെ സുതാര്യതയും വ്യാപാര നടപടിക്രമങ്ങളിലെ എളുപ്പവും വര്‍ദ്ധിപ്പിക്കുന്നു.  

 

  • കൃത്യമായ സാമ്പത്തിക സഹായങ്ങൾ ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. ഇൻ-സ്പേസ് പ്രാരംഭ ധനസഹായ പദ്ധതി പ്രാരംഭഘട്ട ബഹിരാകാശ സ്റ്റാർട്ടപ്പുകള്‍ക്ക് പിന്തുണയേകുന്നു; 1,000 കോടി രൂപയുടെ സംരംഭകത്വ മൂലധന ഫണ്ട് വളർച്ചാ മൂലധനം നൽകുന്നു; 500 കോടി രൂപയുടെ സാങ്കേതികവിദ്യാ വിന്യാസ നിധി ബഹിരാകാശ സാങ്കേതികവിദ്യകളുടെ വിപുലമായ നിര്‍വഹണം സാധ്യമാക്കുന്നു. കൂടാതെ ഉപഗ്രഹ അടിസ്ഥാന പ്രവർത്തന ഘടനയുടെ നിർമ്മാണ ശേഷി വികസിപ്പിക്കുന്നതിന് 'സാറ്റലൈറ്റ് ബസ് ആസ് എ സർവീസ്' (SBaaS) പദ്ധതിക്ക് 75 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

 

കൂടുതൽ മത്സരശേഷിയാര്‍ന്നതും ചലനാത്മകവുമായ  ബഹിരാകാശ ആവാസവ്യവസ്ഥ ഈ പരിഷ്കാരങ്ങളിലൂടെ സൃഷ്ടിക്കുന്നു.  ബഹിരാകാശ മൂല്യശൃംഖലയിലുടനീളം സംഭാവനകൾ നൽകാൻ ഇത് ഇന്ത്യൻ വ്യവസായങ്ങളെയും സ്റ്റാർട്ടപ്പുകളെയും പ്രാപ്തരാക്കുന്നു.

 

ഭൂമിയ്ക്കുമപ്പുറം വ്യാപിക്കുന്ന ബഹിരാകാശ ശേഷി

ഉപഗ്രഹ വികസനത്തിൽ നിന്ന് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സൗരയൂഥത്തിലേക്കും  സങ്കീർണ ദൗത്യങ്ങളുമായി ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾ മുന്നേറിയിട്ടുണ്ട്. ബഹിരാകാശ പര്യവേക്ഷണം, ദിശാനിര്‍ണയം, ബഹിരാകാശ ശാസ്ത്രം, നൂതന പ്രവർത്തനങ്ങൾ എന്നിവയിലെ  വളർന്നുവരുന്ന ശേഷി ഈ നേട്ടങ്ങൾ തെളിയിക്കുന്നു.

 

സ്വാശ്രയ ബഹിരാകാശ ഗതാഗതം 

  • പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV), ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (GSLV), ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക് III (GSLV Mk III), സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (SSLV) എന്നീ നാല് തദ്ദേശീയ വിക്ഷേപണ വാഹനങ്ങള്‍  ഇന്ത്യ സജ്ജമാക്കിയിട്ടുണ്ട്.
  • സ്വദേശി-വിദേശ വാണിജ്യ വിക്ഷേപണങ്ങൾക്ക് പുറമെ ഭൗമനിരീക്ഷണം, വാർത്താവിനിമയം, ദിശാനിര്‍ണയം, ബഹിരാകാശ ശാസ്ത്രം, പര്യവേക്ഷണം എന്നിവയ്ക്കും ഈ വിക്ഷേപണ വാഹനങ്ങൾ സഹായിക്കുന്നു.
  • കഴിഞ്ഞ മൂന്ന് വർഷത്തിനിടെ (2023 ജൂലൈ മുതൽ 2026 ജൂൺ വരെ)  12 വിക്ഷേപണ വാഹന ദൗത്യങ്ങൾ ഇന്ത്യ വിജയകരമായി പൂർത്തിയാക്കി; ഇതിലൂടെ 11 ദേശീയ ഉപഗ്രഹങ്ങളും ഒൻപത് അന്താരാഷ്ട്ര  ഉപഗ്രഹങ്ങളും വിക്ഷേപിച്ചു.

 

വിക്ഷേപണ ശേഷി വിപുലീകരിച്ച് ഇന്ത്യ

വളർന്നുവരുന്ന ദേശീയ, വാണിജ്യ ബഹിരാകാശ ആവശ്യങ്ങൾ നിറവേറ്റുന്നതിന്  വിക്ഷേപണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയാണ് ഇന്ത്യ. ശ്രീഹരിക്കോട്ടയിൽ നിലവിൽ രണ്ട് വിക്ഷേപണ പ്ലാറ്റ്ഫോമുകള്‍ പ്രവർത്തിക്കുന്നുണ്ട്. വരുംതലമുറ വിക്ഷേപണ വാഹനങ്ങൾക്കായി മൂന്നാമതൊരു വിക്ഷേപണ പ്ലാറ്റ്ഫോം സ്ഥാപിച്ചുവരികയാണ്. കൂടാതെ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളുകൾക്കും (SSLV) സ്വകാര്യ മേഖലാ വിക്ഷേപണങ്ങൾക്കും തമിഴ്‌നാട്ടിലെ കുലശേഖരപട്ടണം ഇന്ത്യയുടെ രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി ഉയർന്നുവരുന്നുണ്ട്.  വിക്ഷേപണ ശേഷിയും നിരക്കും പ്രവർത്തന സൗകര്യവും വർദ്ധിപ്പിക്കുന്ന ഈ സൗകര്യങ്ങൾ ആഗോളതലത്തിൽ മത്സരശേഷിയാര്‍ന്ന  ബഹിരാകാശ വിക്ഷേപണ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്തുന്നു.  

 

ചാന്ദ്ര പര്യവേക്ഷണം — ചന്ദ്രയാൻ പദ്ധതി

  • ചന്ദ്രയാൻ-1 (2008): ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു ഇത്. ചന്ദ്രോപരിതലത്തിൽ ജല തന്മാത്രകളുടെയും  ഹൈഡ്രോക്സിലിന്റെയും  സാന്നിധ്യം ചന്ദ്രയാൻ-1 കണ്ടെത്തി. ആഗോള ചാന്ദ്ര ശാസ്ത്ര രംഗത്ത് സംഭാവനകൾ നൽകുന്ന  രാജ്യമായി ഇന്ത്യയെ ഈ ദൗത്യം അടയാളപ്പെടുത്തി.
  • ചന്ദ്രയാൻ-2 (2019): ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ നിന്ന് പ്രവർത്തിച്ച ഈ പേടകം 30 സെന്റീമീറ്റർ വരെ റെസല്യൂഷനില്‍ വ്യക്തതയാര്‍ന്ന ചിത്രങ്ങൾ പകർത്തി. ഒരു ചാന്ദ്ര ഭ്രമണപഥത്തില്‍നിന്ന് ഇതുവരെ പകർത്തിയതിൽ  ഏറ്റവും  വ്യക്തതയേറിയ ഒപ്റ്റിക്കൽ ചിത്രങ്ങളായിരുന്നു ഇവ.
  • ചന്ദ്രയാൻ-3 (2023): ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം പേടകത്തെ സുരക്ഷിതമായി ഇറക്കുന്ന ആദ്യ രാജ്യമെന്ന നേട്ടവും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്  നടത്തുന്ന ലോകത്തെ നാലാമത് രാജ്യമെന്ന നേട്ടവും ചന്ദ്രയാൻ-3 ദൗത്യത്തിലൂടെ ഇന്ത്യ സ്വന്തമാക്കി. 

 

ഭാവി ചാന്ദ്ര ദൗത്യങ്ങൾ

  • ചന്ദ്രയാൻ-4: ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കൽ, ചന്ദ്രോപരിതല  വിക്ഷേപണം,  സാമ്പിളുകൾ ഭൂമിയിലേക്ക് തിരികെ എത്തിക്കൽ എന്നിവയാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. 2027-ലാണ്  ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നത്.
  • ചന്ദ്രയാൻ-5 / ലൂപെക്സ്: ISRO-യും ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയും സംയുക്തമായി നടത്തുന്ന ഈ ദൗത്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിലെ ജലസാന്നിധ്യം ഉൾപ്പെടെ ബാഷ്പീകരണ ശേഷിയുള്ള പദാർത്ഥങ്ങളെക്കുറിച്ച്  പഠനം നടത്തും.

 

ചന്ദ്രനുമപ്പുറം: ചൊവ്വയും സൂര്യനും അഗാധ ബഹിരാകാശവും 

 

  • മാർസ് ഓർബിറ്റർ മിഷൻ (മംഗൾയാൻ): 2014 സെപ്റ്റംബർ 24-ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചതോടെ ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യമായി മംഗള്‍യാന്‍ മാറി. ആറുമാസ ദൗത്യകാലാവധി ലക്ഷ്യമിട്ട  പേടകം പ്രതീക്ഷകളെ മറികടന്ന് 8 വർഷത്തിലധികം കാര്യക്ഷമമായി പ്രവർത്തിച്ചു.
  • ആസ്ട്രോസാറ്റ്: എക്സ്-റേ, ഒപ്റ്റിക്കൽ, അൾട്രാവയലറ്റ്  സ്പെക്ട്രൽ ബാൻഡുകളിൽ ഒരേസമയം ആകാശഗോളങ്ങളെക്കുറിച്ച് പഠിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യയുടെ ആദ്യ പ്രത്യേക ബഹിരാകാശ ജ്യോതിശാസ്ത്ര ദൗത്യമാണ് ആസ്ട്രോസാറ്റ്.
  • ആദിത്യ-എൽ1 (2023): സൂര്യനെക്കുറിച്ച് പഠിക്കാനായി ആവിഷ്കരിച്ച ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമാണിത്. ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെ 'സൺ-എർത്ത് എൽ1'  പോയിന്റിലാണ് ഇത് നിലയുറപ്പിച്ചിരിക്കുന്നത്. സൂര്യനുമായി ബന്ധപ്പെട്ട 27 ടെറാബൈറ്റിലധികം  വിവരങ്ങളാണ് ഈ ദൗത്യം  ഇതുവരെ പൊതുജനങ്ങൾക്കായി ലഭ്യമാക്കിയത്.
  • എക്‌സ്‌പോസാറ്റ്:   2024 ജനുവരിയിൽ വിക്ഷേപിച്ച എക്‌സ്‌പോസാറ്റ് എക്സ്-റേ രശ്മികളുടെ ധ്രുവീകരണവുമായി ബന്ധപ്പെട്ട ജ്യോതിശാസ്ത്ര ശാഖയില്‍ ഇന്ത്യയുടെ ശേഷി വർദ്ധിപ്പിച്ചു. അത്യധികം സങ്കീർണമായ പ്രപഞ്ച സ്രോതസ്സുകളെക്കുറിച്ച് വിശദമായ പഠനം ഇത് സാധ്യമാക്കുന്നു.
  • സ്പേസ് ഡോക്കിംഗ് പരീക്ഷണം (SPADEX): ബഹിരാകാശ പേടകങ്ങളെ സ്വയംനിയന്ത്രണത്തില്‍ പരസ്പരം ബന്ധിപ്പിക്കുന്നതിലും വേർപെടുത്തുന്നതിലും  (ഡോക്കിങ് & അണ്‍ഡോക്കിങ്) വിജയിക്കുന്ന ലോകത്തെ നാലാമത് രാജ്യമായി 2025 ജനുവരിയിൽ ഇന്ത്യ മാറി.

ആക്സിയം-4: മനുഷ്യ  ബഹിരാകാശ ദൗത്യങ്ങളുടെ ശേഷി വികസനം 

  • 2025 ജൂൺ 25-ന് വിക്ഷേപിച്ച ആക്സിയം-4 ദൗത്യത്തിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്ത ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനായി ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല മാറി. അദ്ദേഹത്തിന്റെ പങ്കാളിത്തം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യങ്ങളിലും സൂക്ഷ്മ ഗുരുത്വാകര്‍ഷണ ഗവേഷണങ്ങളിലും ഇന്ത്യയ്ക്ക് വിലപ്പെട്ട അനുഭവങ്ങള്‍ സമ്മാനിച്ചു.  
  • ആക്സിയം-4 ദൗത്യം 2025 ജൂലൈ 15-ന് വിജയകരമായി പൂർത്തിയായി. 'ഗഗൻയാൻ' ഉൾപ്പെടെ ഭാവിയിൽ നടക്കാനിരിക്കുന്ന മനുഷ്യ ദൗത്യങ്ങള്‍ക്ക് ഇന്ത്യയുടെ പ്രവർത്തന പരിചയം കൂടുതൽ ശക്തിപ്പെടുത്താന്‍ ഇത് വഴിയൊരുക്കി.

നാവിക് — ഇന്ത്യയുടെ തദ്ദേശീയ ദിശാനിര്‍ണയ സംവിധാനം

  • 'നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ' (നാവിക്) ഇന്ത്യയിലും രാജ്യാതിർത്തിയിൽ നിന്ന് 1,500 കിലോമീറ്റർ വരെ പ്രദേശങ്ങളിലും കൃത്യമായ സ്ഥാനനിർണയം, ദിശാനിര്‍ണയം, സമയ വിവരങ്ങൾ എന്നിവ നൽകുന്നു. ഇത് ദിശാനിര്‍ണയ രംഗത്തെ ഇന്ത്യയുടെ പരമാധികാരം ശക്തിപ്പെടുത്തുകയും പ്രതിരോധ-തന്ത്രപ്രധാന  ആവശ്യങ്ങള്‍ക്കും പൊതുജന സേവന ആവശ്യങ്ങള്‍ക്കും  പിന്തുണയേകുകയും ചെയ്യുന്നു.
  • രണ്ടാം തലമുറ നാവിക് ഉപഗ്രഹങ്ങളിലെ ആദ്യ രണ്ടെണ്ണമായ NVS-01, NVS-02 എന്നിവ യഥാക്രമം 2023 മെയ് മാസത്തിലും 2025 ജനുവരിയിലും വിക്ഷേപിച്ചു.
  • NVS-03 വിക്ഷേപണത്തിന് സജ്ജമായിക്കഴിഞ്ഞു; NVS-04, NVS-05 എന്നിവ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഈ രണ്ടാം തലമുറ ഉപഗ്രഹങ്ങൾ സംവിധാനത്തിന്റെ വിശ്വാസ്യതയും തുടർച്ചയും വര്‍ദ്ധിപ്പിക്കുന്നു.  
  • പവർ ഗ്രിഡ് സമന്വയം, തത്സമയ ട്രെയിൻ നിരീക്ഷണം, ആധാർ ജിയോ-ടാഗിങ്, മൊബൈൽ ചിപ്‌സെറ്റുകൾ എന്നിവയിൽ നാവിക് സംവിധാനം ഇപ്പോൾ സംയോജിപ്പിച്ചുവരുന്നുണ്ട്.
  • നാവിക് സംവിധാനത്തിന്റെ സ്വീകാര്യത നിർണായക അടിസ്ഥാന സൗകര്യങ്ങളിലും ദൈനംദിന സേവനങ്ങളിലും ഉപഗ്രഹാധിഷ്ഠിത സ്ഥാനനിര്‍ണ്ണയം വിപുലമാക്കുന്നു.

ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഈ ശേഷികൾ ബഹിരാകാശ ശാസ്ത്രത്തിലും പര്യവേക്ഷണത്തിലും പുതിയ ചക്രവാളങ്ങൾ തുറക്കുകയാണ്.

രാജ്യത്തിന്റെ സാങ്കേതിക കരുത്തും ബഹിരാകാശ രംഗത്തെ ആഗോള പദവിയും ഇതിലൂടെ കൂടുതൽ കരുത്താര്‍ജിക്കുന്നു.  

ഇന്ത്യയുടെ ബഹിരാകാശ യാത്രകളുടെ ഭാവി 

മനുഷ്യനെ ബഹിരാകാശത്തെത്തിക്കൽ, അഗാധ ബഹിരാകാശ പര്യവേക്ഷണം, നൂതന ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് ഇന്ത്യ. വരാനിരിക്കുന്ന ദൗത്യങ്ങൾ ബഹിരാകാശത്തെ മനുഷ്യന്റെ സുസ്ഥിര സാന്നിധ്യത്തിനും സങ്കീർണമായ ഭ്രമണപഥ പ്രവർത്തനങ്ങൾക്കും രാജ്യത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നു.  

  • മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ‘ഗഗൻയാൻ' പദ്ധതിക്ക് 2019 ജനുവരിയിലാണ് അംഗീകാരം ലഭിച്ചത്. ഭാരതീയ അന്തരീക്ഷ നിലയത്തിന്റെ (BAS-01) പ്രാഥമിക പരീക്ഷണങ്ങൾ ഉൾപ്പെടെ ആകെ 8 ദൗത്യങ്ങൾ ഉൾപ്പെടുത്തി 20,193 കോടി രൂപയുടെ ആകെ വിഹിതത്തോടെ 2024 സെപ്റ്റംബറിൽ ദൗത്യത്തിന്റെ വ്യാപ്തി വിപുലീകരിക്കുകയും പരിഷ്കരിക്കുകയും ചെയ്തു.
  • മൂന്ന് ഇന്ത്യൻ ബഹിരാകാശയാത്രികരെ 400 കിലോമീറ്റർ ഭ്രമണപഥത്തിലെത്തിച്ച് മൂന്ന് ദിവസത്തെ ദൗത്യം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
  • 'വ്യോമമിത്ര' എന്ന അർധ ഹ്യൂമനോയിഡ് റോബോട്ട് ഉൾപ്പെടെ വിവിധ സാങ്കേതികവിദ്യകളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് ആദ്യ ആളില്ലാ പരീക്ഷണ ദൗത്യം 2026 അവസാന പാദം  നടത്താന്‍ ലക്ഷ്യമിടുന്നു. മനുഷ്യരെ വഹിക്കുന്ന ദൗത്യം 2027-ലാണ്  ലക്ഷ്യമിടുന്നത്.
  • അഞ്ച് മൊഡ്യൂളുകളടങ്ങുന്ന ബഹിരാകാശ നിലയമാണ് ഇന്ത്യ പദ്ധതിയിടുന്നത്. 2035-ഓടെ ഇത് പൂർണ പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യം. ഇതിന്റെ ആദ്യ ഘട്ടമായ BAS-01 വിക്ഷേപണം 2028-ലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.  ദീർഘകാല ബഹിരാകാശ വാസം, സൂക്ഷ്മ ഗുരുത്വാകര്‍ഷണ ഗവേഷണം, നൂതന ബഹിരാകാശ പ്രവർത്തനങ്ങൾ എന്നിവയെ ഇത് പിന്തുണയ്ക്കും.
  • ഭാവിയിലെ ചന്ദ്രയാൻ-4, ഗഗൻയാൻ, ഭാരതീയ അന്തരീക്ഷ നിലയം എന്നീ ദൗത്യങ്ങൾക്ക് ഭ്രമണപഥ ഡോക്കിങ് സാങ്കേതികവിദ്യകൾ വികസിപ്പിക്കാന്‍ SPADEX-2,  SPADEX-3 എന്നീ ദൗത്യങ്ങൾ പഠനവിധേയമാക്കി വരുന്നു. ബഹിരാകാശ പേടകങ്ങളെ തമ്മിൽ ബന്ധിപ്പിക്കൽ, സാമ്പിളുകൾ കൈമാറൽ, യാത്രികരുടെ കൈമാറ്റം, ഊർജ്ജത്തിന്റെയും ദ്രാവകങ്ങളുടെയും പ്രൊപ്പല്ലന്റിന്റെയും കൈമാറ്റം തുടങ്ങിയ ശേഷികൾ ഇത് സാദ്ധ്യമാക്കും.
  • 2028 മാർച്ചിൽ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന ശുക്ര ഭ്രമണപഥ ദൗത്യം  ശുക്രന്റെ ഭൂമിശാസ്ത്രം, അന്തരീക്ഷം, അയണോസ്ഫിയർ എന്നിവയെക്കുറിച്ച് പഠിക്കും. ഒപ്പം നൂതന എയറോബ്രേക്കിങ്, താപ നിയന്ത്രണ സാങ്കേതികവിദ്യകൾ എന്നിവ ഇത് പ്രദർശിപ്പിക്കും.

ഇന്ത്യയുടെ വരുംതലമുറ ബഹിരാകാശ ശേഷി രൂപപ്പെടുത്തുന്ന നൂതന സാങ്കേതികവിദ്യകൾ

  • സെമി-ക്രയോജനിക് എന്‍ജിൻ: 200 ടൺ ത്രസ്റ്റുള്ള സെമി-ക്രയോജനിക് എന്‍ജിൻ ISRO വികസിപ്പിച്ചുവരുന്നു.  കൂടുതൽ കരുത്തുറ്റ വിക്ഷേപണ വാഹനങ്ങൾക്കും ഉയർന്ന ദൗത്യോപകരണ ശേഷിക്കും ഇത് സഹായിക്കും.   
  • സെമി-ക്രയോജനിക് ബൂസ്റ്റർ സ്റ്റേജ്: ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (LVM3) റോക്കറ്റിന് ഒരു സെമി-ക്രയോജനിക് ബൂസ്റ്റർ ഘട്ടം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ദൗത്യോപകരണങ്ങള്‍ വഹിക്കാനുള്ള LVM3-ന്റെ ശേഷി ഗണ്യമായി വർദ്ധിപ്പിക്കും.
  • VTVL സാങ്കേതികവിദ്യ: വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് വെർട്ടിക്കൽ ലാൻഡിങ്  സാങ്കേതികവിദ്യ ഉപയോഗിച്ച് ബൂസ്റ്റർ തിരികെയെത്തിക്കുന്ന പരീക്ഷണം ISRO നടത്തിവരുന്നു.  റോക്കറ്റ് ഘട്ടങ്ങൾ വീണ്ടും ഉപയോഗിക്കാൻ സഹായിക്കുന്ന ഈ സാങ്കേതികവിദ്യ ഭാവി വിക്ഷേപണച്ചെലവ് കുറയ്ക്കുന്നു.  
  • നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (NGLV): ദ്രവീകൃത ഓക്സിജൻ-മീഥെയ്ൻ ഇന്ധന സംവിധാനം ഉപയോഗിച്ച് ഭാഗികമായി പുനരുപയോഗിക്കാവുന്ന വരും തലമുറ വിക്ഷേപണ വാഹനവും ISRO  വികസിപ്പിക്കുന്നുണ്ട്.    ഉയർന്ന ദൗത്യോപകരണ ശേഷി നൽകുന്ന ഈ  വിക്ഷേപണ വാഹനം ഇടയ്ക്കിടെ നടത്തുന്ന ചെലവുകുറഞ്ഞ വിക്ഷേപണങ്ങള്‍ക്ക് പിന്തുണയേകുന്നു.  
  • റീയൂസബിൾ ലോഞ്ച് വെഹിക്കിൾ (RLV): പുനരുപയോഗ വിക്ഷേപണ വാഹന  പദ്ധതിയുടെ ഭാഗമായി ചിറകുകളുള്ള 'വിങ്ഡ് ഓർബിറ്റൽ റീ-എൻട്രി വെഹിക്കിൾ' ISRO വികസിപ്പിക്കുന്നു. പുനരുപയോഗ ബഹിരാകാശ ഗതാഗതത്തിനായി  ഭ്രമണപഥത്തിൽ നിന്ന് തിരികെ അന്തരീക്ഷത്തിൽ പ്രവേശിക്കാനും റൺവേയിൽ ലാൻഡ് ചെയ്യാനും ഇതിന് സാധിക്കും.  
  • എയർ ബ്രീത്തിംഗ് പ്രൊപ്പൽഷൻ: അന്തരീക്ഷവായു അധിഷ്ഠിത പ്രൊപ്പൽഷൻ സാങ്കേതികവിദ്യയിലൂന്നിയ ഒരു സാങ്കേതിക പ്രദർശന വാഹനവും ISRO വികസിപ്പിക്കുന്നുണ്ട്. കൂടുതൽ കാര്യക്ഷമമായ അന്തരീക്ഷ പറക്കലും നൂതന പുനരുപയോഗ വിക്ഷേപണ സംവിധാനങ്ങളും ഈ സാങ്കേതികവിദ്യ സാദ്ധ്യമാക്കും.

മനുഷ്യ ബഹിരാകാശ യാത്ര, ഗ്രഹാന്തര പര്യവേക്ഷണം, നൂതന ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയിൽ ഇന്ത്യയുടെ പങ്ക് കൂടുതൽ ആഴത്തിലാക്കുന്നതാണ്  ബഹിരാകാശ ഗവേഷണത്തിലെ അടുത്ത ഘട്ടം. ആഗോളതലത്തിൽ മുൻനിര ബഹിരാകാശ ശക്തിയായി മാറുകയെന്ന ഇന്ത്യയുടെ അഭിലാഷങ്ങൾക്ക് ഈ മുന്നേറ്റങ്ങൾ വലിയ കരുത്തേകും.  

അവലംബം:

 

Department of Space

Ministry of Science & Technology

PIB Backgrounder

Lok Sabha

Indian Space Research Organisation

Vice President's Secretariat

Prime Minister's Office

Click here for the pdf file. 

****

 


(रिलीज़ आईडी: 2299982) आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Bengali , Gujarati , Tamil