വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ഇന്ത്യൻ തപാൽ സംവിധാനത്തിന്റെ ആദ്യ ഡ്രോൺ ഉപയോഗിച്ചുള്ള ത്രിവർണ്ണ പതാക വിതരണം കേന്ദ്ര വാർത്താവിനിമയ മന്ത്രി ശ്രീ. ജ്യോതിരാദിത്യ എം. സിന്ധ്യ ഉദ്ഘാടനം ചെയ്തു
प्रविष्टि तिथि:
14 AUG 2026 7:46PM by PIB Thiruvananthpuram
ദേശസ്‌നേഹത്തിന്റെയും പൊതുസേവനത്തിന്റെയും സാങ്കേതിക നൂതനത്വത്തിന്റെയും സവിശേഷമായ ആഘോഷവേളയിൽ, കേന്ദ്ര തപാൽ വകുപ്പ് ഇന്ന് ഹിമാചൽ പ്രദേശിലെ മണ്ഡി മുഖ്യ തപാൽ ഓഫീസിൽ നിന്ന് രേഹർധർ തപാൽ ഓഫീസ് ശാഖയിലേക്ക് ഡ്രോൺ വഴി ദേശീയ പതാക എത്തിച്ചു. ഇന്ത്യൻ തപാൽ സംവിധാനത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ആദ്യത്തെ ഡ്രോൺ ഉപയോഗിച്ചുള്ള ത്രിവർണ്ണ പതാക വിതരണത്തെയാണ് ഇത് അടയാളപ്പെടുത്തിയത്.
സ്വാതന്ത്ര്യദിനത്തിന്റെ പൂർവ്വസന്ധ്യയിൽ കേന്ദ്ര വാർത്താവിനിമയ, വടക്ക് കിഴക്കൻ മേഖലാ വികസന മന്ത്രി ശ്രീ. ജ്യോതിരാദിത്യ എം. സിന്ധ്യയാണ് ഈ സംരംഭം ഉദ്ഘാടനം ചെയ്യുകയും ഓൺലൈനായി നടപ്പിലാക്കുകയും ചെയ്തത്. മണ്ഡിയിലെ മുഖ്യ തപാൽ ഓഫീസിൽ നിന്ന് ഡ്രോൺ പറന്നുയരുന്നതിന് തത്സമയം സാക്ഷ്യം വഹിച്ച കേന്ദ്ര മന്ത്രി, തപാൽ ഉദ്യോഗസ്ഥരുമായും ഡ്രോൺ നിയന്ത്രകനുമായും സംവദിച്ചു. തുടർന്ന് ഡ്രോൺ രേഹർധാർ പോസ്റ്റ് ഓഫീസ് ശാഖയിൽ ഇറങ്ങുകയും ത്രിവർണ പതാക വഹിച്ചുകൊണ്ടുള്ള പാഴ്സൽ, തപാൽസംഘം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് അത് ഒരു വിമുക്ത ഭടന് ഔപചാരികമായി കൈമാറിയത് ഈ ചടങ്ങിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു.

ഭൂമിശാസ്ത്രപരമായ പ്രതിബന്ധങ്ങളെ മറികടക്കാനും എല്ലാ പൗരൻമാരിലേക്കും എത്തിച്ചേരാനും ദൃഢനിശ്ചയമുള്ള ഒരു പുതിയ ഇന്ത്യയുടെ ആവേശത്തെയാണ് ഹിമാചൽ പ്രദേശിന്റെ ആകാശത്തിലൂടെയുള്ള ത്രിവർണപതാകയുടെ പ്രയാണം പ്രതിനിധീകരിക്കുന്നതെന്ന് ചടങ്ങിൽ സംസാരിക്കവെ കേന്ദ്രമന്ത്രി പറഞ്ഞു. 'വന്ദേമാതര'ത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന ഈ സ്വാതന്ത്ര്യദിനത്തിന് കൂടുതൽ പ്രാധാന്യമുണ്ടെന്നും ഇത് ദേശാഭിമാനം, സേവനമനോഭാവം, വികസിത ഭാരതത്തിനായുള്ള ഇന്ത്യയുടെ അഭിലാഷങ്ങൾ എന്നിവയെ ഒരുമിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ത്രിവർണപതാക എല്ലാ വീടുകളിലും മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലുമുണ്ടായിരിക്കണമെന്ന് കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. ഈ ആവേശത്തിൽ ഊന്നി, രാജ്യത്തുടനീളമുള്ള പൗരന്മാരിലേക്ക് ദേശീയ പതാക എത്തിച്ച് നൽകാൻ വഴിയൊരുക്കി 'ഹർ ഘർ തിരംഗ' പ്രചാരണപരിപാടിയ്ക്ക് ഇന്ത്യൻ തപാൽ സംവിധാനം സംഭാവനയേകുന്നു. ഇതുവഴി അവരവരുടെ വീടുകളിൽ നിന്ന് കൊണ്ട് ദേശാഭിമാനത്തിന്റെ ആഘോഷത്തിൽ പങ്കെടുക്കാൻ പൗരർക്ക് അവസരമൊരുക്കുന്നു.
മണ്ഡിയിൽ നിന്ന് രേഹർധറിലേക്ക് ഡ്രോൺ മുഖേനയുള്ള പതാകവിതരണം, വളർന്നുവരുന്ന സാങ്കേതികവിദ്യ ഇന്ത്യൻ തപാൽ സംവിധാനത്തിന്റെ വിപുലമായ ഭൗതിക ശൃംഖലയെ എങ്ങനെ പൂരകമാക്കുമെന്നും പ്രത്യേകിച്ച് വിദൂരവും ദുർഘടവുമായ ഭൂപ്രദേശങ്ങളിൽ, അവസാനതലം വരെയുള്ള സമ്പർക്കസൗകര്യത്തെ എങ്ങനെ ശക്തിപ്പെടുത്തുമെന്നും തെളിയിക്കുന്നു. ഡ്രോൺ അധിഷ്ഠിതമായ തപാൽ കൈമാറ്റം പര്യവേക്ഷണം ചെയ്യുന്നതിലൂടെ, പരമ്പരാഗത ഗതാഗത രീതികൾ വെല്ലുവിളികൾ നേരിടുന്നിടത്ത് പോലും തപാൽ, പൊതു സേവനങ്ങൾ പൗരന്മാരിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര തപാൽ വകുപ്പ് നൂതനമായ പരിഹാരങ്ങൾ തേടുന്നു.
സാങ്കേതികമായി ആധുനികവത്കരിച്ചതും, എല്ലാവരെയും ഉൾച്ചേർക്കുന്നതും, പരസ്പര ബന്ധിതവുമായ ഒരു വികസിത ഭാരതത്തിനായുള്ള പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ഹിമാചൽ പ്രദേശിലെയും അസമിലെയും തിരഞ്ഞെടുത്ത 150 പാതകളിൽ ഡ്രോൺ അധിഷ്ഠിത തപാൽ വിതരണം വിന്യസിക്കാൻ കേന്ദ്ര തപാൽ വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെയുള്ള സമ്പർക്കസൗകര്യം ശക്തിപ്പെടുത്താനും കാര്യക്ഷമമായ തപാൽ വിതരണത്തിന് വഴിയൊരുക്കാനും ലക്ഷ്യമിടുന്ന ഈ സംരംഭം, 'തപാൽ സേവനം, ജനസേവനം' (ഡാക് സേവ, ജൻ സേവ) എന്ന കാലാതീത അന്തസ്സത്തയെയും, പൗരന്മാരെ പരസ്പരം ബന്ധിപ്പിക്കുന്നതിനും രാജ്യത്തെ സേവിക്കുന്നതിനുമായി നൂതനാശയങ്ങളെയും സാങ്കേതികവിദ്യയെയും പ്രയോജനപ്പെടുത്താനുള്ള നിരന്തരമായ പരിശ്രമത്തെയും പ്രതിഫലിപ്പിക്കുന്നു.

****
(रिलीज़ आईडी: 2299750)
आगंतुक पटल : 9