പരിസ്ഥിതി, വനം മന്ത്രാലയം
ലോക ആന ദിനാചരണം വിശാഖപട്ടണത്ത് സംഘടിപ്പിച്ചു; വന്യജീവി സംരക്ഷണത്തിലെ മാതൃകാപരമായ സംഭാവനകൾക്ക് 'ഗജ ഗൗരവ്' പുരസ്കാരങ്ങൾ നൽകി
प्रविष्टि तिथि:
13 AUG 2026 2:27PM by PIB Thiruvananthpuram
ലോക ആന ദിനത്തോടനുബന്ധിച്ച് വിശാഖപട്ടണത്ത് സംഘടിപ്പിച്ച ദേശീയതല ആഘോഷങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി ശ്രീ കീർത്തിവർദ്ധൻ സിങ് നേതൃത്വം നൽകി. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ കൊണിഡേല പവൻ കല്യാൺ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയ സെക്രട്ടറി ശ്രീ തന്മയ് കുമാർ, വനം ഡയറക്ടർ ജനറലും സ്പെഷ്യൽ സെക്രട്ടറിയുമായ ശ്രീ സുശീൽ കുമാർ അവാസ്തി, അഡീഷണൽ ഡയറക്ടർ ജനറൽ (വൈൽഡ് ലൈഫ്) ശ്രീ രമേഷ് പാണ്ഡെ, കേന്ദ്ര-സംസ്ഥാന വനം വകുപ്പ് ഉദ്യോഗസ്ഥർ, റെയിൽവേ മന്ത്രാലയ പ്രതിനിധികൾ, ശാസ്ത്ര സ്ഥാപനങ്ങളിലെ വിദഗ്ധര്‍, മറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നിര്‍മ്മിതബുദ്ധി, റിമോട്ട് സെൻസിങ്, ഭൂതല ചിത്രീകരണം തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളെ പാരമ്പര്യ അറിവുകളുമായി സംയോജിപ്പിച്ച് ആനകളുടെ സ്വാഭാവിക വാസസ്ഥലങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യ മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത ശ്രീ കീർത്തിവർദ്ധൻ സിങ് വ്യക്തമാക്കി. മനുഷ്യ-ആന സംഘർഷങ്ങൾ ലഘൂകരിക്കാനും പ്രദേശവാസികളുടെ ക്ഷേമം ഉറപ്പാക്കാനും വിവിധ മേഖലകളുടെ ഏകോപനവും ജനപങ്കാളിത്തവും ശാസ്ത്രീയ സമീപനങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആന സംരക്ഷണത്തിലെ ഇന്ത്യയുടെ പ്രതിബദ്ധത കേവലം നയരൂപീകരണം മാത്രമല്ലെന്നും രാജ്യത്തിൻ്റെ പാരമ്പര്യ മൂല്യങ്ങളുടെയും പാരിസ്ഥിതിക ഉത്തരവാദിത്തത്തിൻ്റെയും പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. 33 ആന സങ്കേതങ്ങളും ശാസ്ത്രീയമായി തിരിച്ചറിഞ്ഞ 150 ആനത്താരകളും ലോകത്തെ 60 ശതമാനത്തോളം കാട്ടാനകളുടെ (ഏഷ്യൻ ആനകൾ) വാസസ്ഥലവുമായി ആന സംരക്ഷണത്തിൽ ആഗോളതലത്തിൽ ഇന്ത്യ മുൻപന്തിയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യ-ആന സംഘർഷം സങ്കീർണ വിഷയമാണെന്നും പ്രാദേശികതല വിവരശേഖരങ്ങള്‍ പരിശോധിച്ച് ശാസ്ത്രീയ വിവരങ്ങൾ ഉപയോഗപ്പെടുത്തി വിവിധ പങ്കാളികളുമായി സഹകരിച്ച് ഇതിന് പരിഹാരം കാണേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

മനുഷ്യ-ആന സംഘർഷം പരിഹരിക്കുന്നതിൽ 'സംഘർഷത്തിൽ നിന്ന് സഹവർത്തിത്വത്തിലേക്ക്' എന്നതാണ് സംസ്ഥാന നയമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ കൊണിഡേല പവൻ കല്യാൺ വ്യക്തമാക്കി. ഭരണതല അതിർത്തികൾക്കപ്പുറം പങ്കാളിത്ത ഉത്തരവാദിത്തമായാണ് ഇതിനെ കാണുന്നത്. ആന്ധ്രാപ്രദേശ് നടപ്പാക്കുന്ന 'ഹനുമാൻ' (ഹീലിങ് ആന്‍ഡ് നര്‍ചറിങ് യൂണിറ്റ്സ് ഫോര്‍ മോണിറ്ററിങ്, എയ്ഡ് ആന്‍ഡ് നഴ്സിങ് ഓഫ് വൈല്‍ഡ് ലൈഫ്) സംരംഭത്തെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം വന്യജീവി സംരക്ഷണത്തിന് ആധുനിക സാങ്കേതികവിദ്യകളും പ്രാദേശിക ജനപങ്കാളിത്തവും മുൻനിര വനപാലകരുടെ ശേഷി വികസനവും സംസ്ഥാനം എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്നും വ്യക്തമാക്കി.

ദേശീയ തല ആന ദിനാചരണ പരിപാടികളുടെ ഭാഗമായി ആന സംരക്ഷണത്തിലും പരിപാലനത്തിലും മാതൃകാപരമായ സംഭാവനകൾ നൽകിയ വ്യക്തികൾക്ക് ശ്രീ കീർത്തിവർദ്ധൻ സിങ് ഈ വര്‍ഷത്തെ 'ഗജ ഗൗരവ്' പുരസ്കാരങ്ങൾ സമ്മാനിച്ചു.

2020-2026 കാലയളവിൽ പ്രൊജക്ട് എലിഫൻ്റിന് കീഴിൽ കൈവരിച്ച 30 സുപ്രധാന നാഴികക്കല്ലുകളും നേട്ടങ്ങളും സംരക്ഷണ സംരംഭങ്ങളും വിശദീകരിക്കുന്ന '30 ജയൻ്റ് സ്റ്റെപ്സ്' എന്ന പ്രസിദ്ധീകരണത്തിൻ്റെ പ്രകാശനം ചടങ്ങില്‍ ശ്രദ്ധേയമായി. 1992-ൽ കേന്ദ്രാവിഷ്കൃത പദ്ധതിയായി ആരംഭിച്ച പ്രൊജക്ട് എലിഫൻ്റ് ആനകളുടെയും അവയുടെ സ്വാഭാവിക വാസസ്ഥലങ്ങളുടെയും ആനത്താരകളുടെയും സംരക്ഷണം, മനുഷ്യ-ആന സംഘർഷ പരിഹാരം, നാട്ടാനകളുടെ ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവരുന്നു.


ദക്ഷിണേന്ത്യയിലെ (കർണാടക, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്) മനുഷ്യ-ആന സംഘർഷം സമഗ്രമായി മനസ്സിലാക്കാനും പരിഹരിക്കാനും 'പ്രാദേശിക കര്‍മ പരിപാടി' പ്രകാശനം ചെയ്തത് മറ്റൊരു സുപ്രധാന ചുവടുവെപ്പായി മാറി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായും ശാസ്ത്ര സ്ഥാപനങ്ങളുമായും വിഷയ വിദഗ്ധരുമായും ആലോചിച്ച് പ്രൊജക്ട് എലിഫൻ്റിന് കീഴിൽ വികസിപ്പിച്ച പദ്ധതി പ്രദേശം മുഴുവൻ ഉൾക്കൊള്ളുന്ന ഭൂതല സമീപനമാണ് സ്വീകരിക്കുന്നത്. കേന്ദ്ര ഗവണ്മെൻ്റിൻ്റെ 500 കോടി രൂപയുടെ സാമ്പത്തിക പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതി സ്വാഭാവിക വാസസ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും ആനത്താര സംരക്ഷണം, മുന്നറിയിപ്പ് സംവിധാനങ്ങൾ, സംഘർഷ പരിഹാര അടിസ്ഥാന സൗകര്യങ്ങൾ, വന പുനരുദ്ധാരണം, ജനപങ്കാളിത്തം, ഗവേഷണവും നിരീക്ഷണവും, ദ്രുതപ്രതികരണ സംവിധാനങ്ങൾ, ശേഷി വികസനം, സംസ്ഥാനങ്ങൾ തമ്മിലെ ഏകോപനം എന്നിവയ്ക്കും മുൻഗണന നൽകുന്നു.
ഇന്ത്യയിലെ മൂന്ന് പതിറ്റാണ്ട് കാലത്തെ ആന സംരക്ഷണത്തെ ആസ്പദമാക്കി തയ്യാറാക്കിയ 'ജേണൽ ഓഫ് വൈൽഡ് ലൈഫ് സയൻസിൻ്റെ' പ്രത്യേക പതിപ്പും ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രൊജക്ട് എലിഫൻ്റിന് കീഴിലെ ഭാവി പരിപാലനവും സംരക്ഷണവും പിന്തുണയ്ക്കാന്‍ കഴിഞ്ഞ 30 വർഷത്തെ ശാസ്ത്രീയ അറിവുകളും ഗവേഷണങ്ങളുമാണ് പ്രത്യേക പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ 1947-ന് മുന്‍പ് മധ്യേന്ത്യയിലെ ആനകളുടെ വ്യാപനം, അവസ്ഥ, മനുഷ്യരും ആനകളും തമ്മിലെ ബന്ധം എന്നിവയുടെ ചരിത്രപരമായ വിവരങ്ങൾ നൽകുന്ന 'ഏഷ്യൻ എലിഫൻ്റ്സ് ഇൻ സെൻട്രൽ ഇന്ത്യ ബിഫോർ 1947' എന്ന മോണോഗ്രാഫും ചടങ്ങില്‍ പുറത്തിറക്കി.
കേന്ദ്രമന്ത്രി ശ്രീ കീർത്തിവർദ്ധൻ സിങ്ങിൻ്റെ അധ്യക്ഷതയിൽ പ്രൊജക്ട് എലിഫൻ്റിൻ്റെ 23-ാമത് ഉന്നതാധികാര സമിതി യോഗവും വിശാഖപട്ടണത്ത് ചേർന്നു. ആന സംരക്ഷണത്തിലെയും പരിപാലനത്തിലെയും നിലവിലെ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. 'ദി ട്രംപറ്റ്' (വാല്യം VI ലക്കം 01), നീലഗിരി എലിഫൻ്റ് റിസർവിന് മാതൃകാ ആന സംരക്ഷണ പദ്ധതി, 'ക്യാപ്റ്റീവ് എലിഫൻ്റ് ഹസ്ബൻഡ്രി: സയൻസ്, വെൽഫെയർ ആൻഡ് പ്രാക്ടീസ്', കേരളം, കർണാടക, തമിഴ്‌നാട്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ മനുഷ്യ-ആന സംഘർഷ പഠനത്തിൻ്റെ രണ്ടാം ഘട്ടം തുടങ്ങിയ സുപ്രധാന സംരംഭങ്ങളും പ്രസിദ്ധീകരണങ്ങളും യോഗത്തിൽ പ്രകാശനം ചെയ്തു. തെളിവധിഷ്ഠിത ആന സംരക്ഷണം, നാട്ടാന ക്ഷേമം, പ്രാദേശികതല സംഘർഷ പരിപാലനം എന്നിവയെ ഈ സംരംഭങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നു.
'മനുഷ്യ-ആന സംഘർഷം: ഇന്ത്യയിലെ വ്യത്യസ്ത സാഹചര്യങ്ങൾ' എന്ന വിഷയത്തിൽ ശില്പശാലയും ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. ശാസ്ത്രീയ തെളിവുകൾ, ദീർഘകാല വിവരശേഖരങ്ങള്‍, പ്രാദേശിക അനുഭവങ്ങൾ എന്നിവയിലൂടെ മനുഷ്യ-ആന സംഘർഷത്തിൻ്റെ അവസ്ഥയും പ്രാദേശിക വ്യത്യാസങ്ങളും യോഗം വിലയിരുത്തി. വന്യജീവികൾക്ക് വൈദ്യസഹായം നൽകൽ, വൈദ്യുതാഘാത അപകടങ്ങളും റെയിൽവേ ട്രാക്കുകളിലെ അപകട മരണങ്ങളും തടയൽ, വാസസ്ഥലങ്ങളുടെയും ആനത്താരകളുടെയും പരിപാലനം എന്നിവയുൾപ്പെടെ മനുഷ്യ-ആന സംഘർഷങ്ങൾ കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന നൂതന നയങ്ങളിലും സാങ്കേതികവിദ്യകളിലും മികച്ച പ്രായോഗിക രീതികളിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, സംസ്ഥാന വനം വകുപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഇന്ത്യൻ റെയിൽവേ എന്നിവ തമ്മിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും യോഗം ഊന്നൽ നൽകി.
ദേശീയതല ആഘോഷങ്ങളുടെ ഭാഗമായി പ്രൊജക്ട് എലിഫൻ്റും നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയും ചേർന്ന് രാജ്യവ്യാപക ബോധവൽക്കരണ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. 21,450 സ്‌കൂളുകളിലെ 20 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരിപാടികളില്‍ പങ്കെടുത്തു. ചിത്രരചന - മാസ്ക് നിർമ്മാണ മത്സരങ്ങള്‍, റാലികൾ, തെരുവ് നാടകങ്ങൾ, ബോധവൽക്കരണ പരിപാടികൾ, പ്രതിജ്ഞയെടുക്കല്‍ എന്നിവ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. ആനകളെയും അവയുടെ വാസസ്ഥലങ്ങളെയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത വിദ്യാർത്ഥികൾ വന്യജീവി-പരിസ്ഥിതി സംരക്ഷണത്തിൻ്റെ യുവ പ്രചാരകരാകാന്‍ പ്രതിബദ്ധത ആവര്‍ത്തിച്ചു.
***
(रिलीज़ आईडी: 2299123)
आगंतुक पटल : 6