കൃഷി മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ദേശീയ സ്കോളർഷിപ്പ് പോർട്ടൽ ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 10 AUG 2026 8:42PM by PIB Thiruvananthpuram

കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് ഐസിഎആർ-ഐഎആർഐ (ICAR-IARI) പൂസയിൽ വച്ച്, രാജ്യത്തുടനീളമുള്ള കാർഷിക വിദ്യാർത്ഥികൾക്കായി ദേശീയ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴി സ്കോളർഷിപ്പ്, ഫെലോഷിപ്പ് ഫണ്ടുകൾ വിതരണം ചെയ്തു. ഈ സംരംഭത്തിന് കീഴിൽ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT) വഴി 6,000-ത്തിലധികം വിദ്യാർത്ഥികൾക്ക് ആകെ 21.35 കോടി രൂപ തത്സമയം ലഭിച്ചു.

പുതിയ പദ്ധതി പ്രകാരം, കാർഷിക വിദ്യാർത്ഥികൾക്ക് ഇനിമുതൽ ഡിബിടി (DBT) വഴി പ്രതിമാസം സ്കോളർഷിപ്പ് ലഭിക്കും. ഇത് സമയബന്ധിതവും തടസ്സമില്ലാത്തതുമായ സാമ്പത്തിക സഹായം ഉറപ്പാക്കുന്നു.

 "സ്കോളർഷിപ്പുകൾ കേവലം സാമ്പത്തിക സഹായം മാത്രമല്ല, മറിച്ച് കാർഷിക വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനും അതിനെ പ്രായോഗിക പഠനവുമായും മികച്ച അവസരങ്ങളുമായും ബന്ധിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന മാർഗ്ഗം കൂടിയാണ്"ചടങ്ങിനെ അഭിസംബോധന ചെയ്ത കേന്ദ്ര കൃഷിമന്ത്രി ശ്രീ ചൗഹാൻ പറഞ്ഞു,. ഡിബിടി സംവിധാനം വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് സാമ്പത്തിക പിന്തുണ ഉറപ്പാക്കുമെന്നും പരമ്പരാഗത സംവിധാനങ്ങളിലെ കാലതാമസം ഒഴിവാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളോട് സംസാരിക്കവെ, കാർഷിക വിദ്യാഭ്യാസത്തിൽ പ്രായോഗിക പരിശീലനത്തിൻ്റെ   പ്രാധാന്യത്തെക്കുറിച്ച് ശ്രീ ചൗഹാൻ എടുത്തുപറഞ്ഞു. ക്ലാസ് മുറിയിലെ പഠനത്തിലൂടെ മാത്രം നല്ല കർഷകരെയോ ശാസ്ത്രജ്ഞരെയോ കാർഷിക സംരംഭകരെയോ സൃഷ്ടിക്കാൻ കഴിയില്ലെന്നും കാർഷിക മേഖലയിൽ യഥാർത്ഥ നിപുണത വളർത്തിയെടുക്കാൻ പ്രായോഗിക പരിശീലനം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി നിർദ്ദേശങ്ങളും ആശയങ്ങളും പങ്കുവെക്കാനും അദ്ദേഹം വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും മാർഗ്ഗനിർദ്ദേശത്തിലും കാർഷിക മേഖലയിലെ ഭക്ഷ്യസുരക്ഷ, പോഷകാഹാരം, കർഷകരുടെ വരുമാന സുരക്ഷ എന്നിവയ്ക്കാണ് ഗവൺമെൻ്റ്  മുൻഗണന നൽകുന്നതെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. ഐസിഎആർ ശാസ്ത്രജ്ഞരുടെ സംഭാവനകളെ പ്രശംസിച്ചുകൊണ്ട്, അവരുടെ ഗവേഷണങ്ങളും കർഷകരുടെ കഠിനാധ്വാനവും രാജ്യത്തിൻ്റെ   ധാന്യശേഖരം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കരിയറിനപ്പുറം വലിയ ലക്ഷ്യങ്ങൾ നിശ്ചയിക്കാനും രാജ്യത്തിനായി അർത്ഥവത്തായ സംഭാവനകൾ നൽകാനും കേന്ദ്രമന്ത്രി യുവ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. കാർഷിക വിദ്യാർത്ഥികൾ വെറും ജോലി അന്വേഷിക്കുന്നവരായി ഒതുങ്ങാതെ, കാർഷിക മേഖലയിലെ നവീകരണം, സ്റ്റാർട്ടപ്പുകൾ, ഗവേഷണം എന്നിവയിൽ മുൻകൈയെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

എൻഎസ്‌പി-ഡിബിടി (NSP-DBT) സംവിധാനം സ്കോളർഷിപ്പ് വിതരണം കൂടുതൽ സുതാര്യവും വേഗതയേറിയതും തടസ്സമില്ലാത്തതുമാക്കുമെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. കൃത്യസമയത്ത് ലഭിക്കുന്ന സാമ്പത്തിക സഹായം വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. ഭാവിയിലെ വെല്ലുവിളികളെ മികച്ച രീതിയിൽ നേരിടുന്നതിന് കാർഷിക വിദ്യാഭ്യാസം സാങ്കേതികവിദ്യ, പരിശീലനം, വ്യവസായ അധിഷ്ഠിത സമീപനം എന്നിവയുമായി സംയോജിപ്പിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഹരിയാലി അമാവാസിയുടെ അവസരത്തിൽ, രാജ്യത്തുടനീളമുള്ള ഐസിഎആർ സ്ഥാപനങ്ങളിലെ കാർഷിക വിദ്യാർത്ഥികളോട് തൈച്ചെടി നടീൽ പരിപാടികളിൽ പങ്കാളികളാകാൻ ശ്രീ ചൗഹാൻ അഭ്യർത്ഥിച്ചു. ഹരിത സംരംഭങ്ങൾ കൃഷിയോടും പരിസ്ഥിതിയോടുമുള്ള കൂട്ടായ ഉത്തരവാദിത്വത്തിൻ്റെ   ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര കൃഷി-കർഷക ക്ഷേമ സഹമന്ത്രി ശ്രീ ഭാഗീരഥ് ചൗധരി, ഐസിഎആർ ഡയറക്ടർ ജനറൽ ഡോ. എം.എൽ. ജാട്ട്, ഐസിഎആർ സെക്രട്ടറി ശ്രീ ഗ്യാനേന്ദ്ര ത്രിപാഠി, ഡിഡിജി ഡോ. യാഷ്പാൽ സിംഗ് മാലിക്, ഐഎആർഐ ഡയറക്ടർ ഡോ. സി. ശ്രീനിവാസ റാവു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഐസിഎആർ, ഐഎആർഐ എന്നിവയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും ധാരാളം വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. കൂടാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ വെർച്വലായും പരിപാടിയിൽ പങ്കുചേർന്നു.


***


( റിലീസ് ഐ.ഡി: 2297426) സന്ദര്‍ശക കൗണ്ടര്‍ : 52
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Bengali , Gujarati , Telugu , Kannada