പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

ഏഷ്യൻ സിംഹങ്ങളുടെ എണ്ണം 2015-ലെ 523-ൽ നിന്ന് 2025-ൽ 891- ആയി വർധിച്ചു; വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പരിസ്ഥിതി സംരക്ഷകരുടെയും പ്രാദേശിക സമൂഹങ്ങളുടെയും സമർപ്പണബോധത്തെ ഇത് പ്രതിഫലിപ്പിക്കുന്നു : കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ്

പോസ്റ്റഡ് ഓണ്‍: 10 AUG 2026 12:02PM by PIB Thiruvananthpuram
2026-ലെ ലോക സിംഹ ദിനത്തിൽ, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് സിംഹ സംരക്ഷണ രംഗത്ത് ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളെ എടുത്തുപറയുകയും, വന്യജീവികളെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ ഉറച്ച പ്രതിബദ്ധത ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തു.

ഏഷ്യൻ സിംഹങ്ങളുടെ എണ്ണം 2015-ലെ 523-ൽ നിന്ന് 2025-ൽ 891 ആയി  വർദ്ധിച്ചതായി ഒരു സമൂഹ മാധ്യമ കുറിപ്പിൽ മന്ത്രി ചൂണ്ടിക്കാട്ടി. വനംവകുപ്പ് ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, പ്രാദേശിക സമൂഹങ്ങൾ, കൂടാതെ ഈ ഗംഭീര ജീവിവർഗ്ഗത്തിന്റെ സംരക്ഷണത്തിനായി അശ്രാന്തം പരിശ്രമിക്കുന്ന ഏവരുടെയും സമർപ്പണത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യൻ സിംഹങ്ങളെ സംരക്ഷിക്കുന്നതിൽ ഇന്ത്യ കൈവരിച്ച വിജയം, രാജ്യത്തിന് വന്യജീവികളോടും ജൈവവൈവിധ്യത്തോടുമുള്ള പ്രതിജ്ഞാബദ്ധതയുടെ തെളിവാണെന്ന് ശ്രീ യാദവ് പ്രസ്താവിച്ചു. ഇന്ത്യയുടെ പ്രകൃതിദത്ത പൈതൃകം സംരക്ഷിക്കുമെന്നും ഏഷ്യൻ സിംഹങ്ങളുടെ ഗർജ്ജനം വരും തലമുറകളിലും മുഴങ്ങിക്കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നുമുള്ള നിശ്ചയദാർഢ്യം അദ്ദേഹം ആവർത്തിച്ചു.

ഈ വേളയിൽ  സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ, കേന്ദ്ര പരിസ്ഥിതി - വനം -കാലാവസ്ഥാ വ്യതിയാന സഹമന്ത്രി ശ്രീ കീർത്തി വർദ്ധൻ സിംഗ്, സിംഹങ്ങളുടെ നിർണ്ണായക വാസസ്ഥലങ്ങൾ സംരക്ഷിക്കുന്നതിലൂടെയും സംരക്ഷണ പദ്ധതികൾ ശക്തിപ്പെടുത്തുന്നതിലൂടെയും മനുഷ്യനും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും വികസനത്തിനും പ്രകൃതിക്കും ഒരുമിച്ച് മുന്നേറാൻ സാധിക്കുമെന്ന് ഇന്ത്യ ലോകത്തിന് കാട്ടിക്കൊടുത്തെന്ന് പറഞ്ഞു.

ഏഷ്യൻ സിംഹങ്ങളുടെ ദീർഘകാല സംരക്ഷണം ഉറപ്പാക്കുന്നതിനായി 2020 ഓഗസ്റ്റ് 15-നാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'പ്രോജക്ട് ലയൺ'  പ്രഖ്യാപിച്ചത്. നിലവിൽ, സിംഹങ്ങളുടെ വാസമേഖല 2020-ലെ ഏകദേശം 30,000 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 35,000 ചതുരശ്ര കിലോമീറ്ററോളമായി വിസ്തൃതമായിട്ടുണ്ട്.

വാസസ്ഥലങ്ങളുടെ വികസനം, രോഗനിരീക്ഷണവും വെറ്ററിനറി സേവനങ്ങളും, ശാസ്ത്രീയമായ കണക്കെടുപ്പ്, സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇടപെടലുകൾ, ജൈവവൈവിധ്യ സംരക്ഷണം, ആനുകൂല്യങ്ങളുടെ പങ്കുവെക്കൽ, പ്രാദേശിക പങ്കാളിത്തം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള സമഗ്രവും വിശാലവുമായ സമീപനമാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.

 
SKY
 
******

( റിലീസ് ഐ.ഡി: 2297138) സന്ദര്‍ശക കൗണ്ടര്‍ : 64