ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

വ്യാജ വിവരങ്ങള്‍ സമർപ്പിക്കുന്ന അപേക്ഷകരെ വിലക്കാന്‍ കർശന മരുന്ന് നിയന്ത്രണ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം

प्रविष्टि तिथि: 06 AUG 2026 2:08PM by PIB Thiruvananthpuram

ഇന്ത്യയിലെ മരുന്ന് നിയന്ത്രണ സംവിധാനത്തിന്റെ സുതാര്യതയും വിശ്വാസ്യതയും ശക്തിപ്പെടുത്തുന്ന സുപ്രധാന ചുവടുവെപ്പിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2025 ഒക്ടോബർ 16-ലെ GSR നമ്പർ 756 (E) വഴി 1945-ലെ ഡ്രഗ്സ് ചട്ടങ്ങളില്‍  ഭേദഗതികൾ വിജ്ഞാപനം ചെയ്തു.

 

1940-ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമപ്രകാരമുള്ള നിലവിലെ നിർവഹണ വ്യവസ്ഥകൾക്ക് പുറമെ അപേക്ഷകൾക്കൊപ്പം വ്യാജമോ കൃത്രിമമോ ആയ വിവരങ്ങൾ സമർപ്പിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പുതിയ അപേക്ഷകൾ സമർപ്പിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്താൻ ലൈസൻസിങ് അതോറിറ്റിക്ക് പുതിയ വ്യവസ്ഥകൾ അധികാരം നൽകുന്നു. 1945-ലെ ഡ്രഗ്സ് ചട്ടങ്ങളിലെ വിവിധ വ്യവസ്ഥകൾക്ക് കീഴിൽ സമർപ്പിക്കുന്ന എല്ലാ അപേക്ഷകൾക്കും ഇത് ബാധകമായിരിക്കും.

 

നിലവിൽ വ്യാജ വിവരങ്ങൾ സമർപ്പിക്കുന്നവര്‍ അവരുടെ അപേക്ഷ നിരസിക്കല്‍,  നിലവിലെ ലൈസൻസുകൾ റദ്ദാക്കല്‍ എന്നിവയടക്കം നടപടികളാണ് നേരിട്ടിരുന്നത്. എന്നാൽ ഈ ഭേദഗതിയോടെ ബന്ധപ്പെട്ട നിയന്ത്രണ ഏജൻസിയിൽ (സംസ്ഥാന ഗവണ്‍മെന്റിന്റെയോ കേന്ദ്ര ഗവണ്‍മെന്റിന്റെയോ അതോറിറ്റി)  നിശ്ചിത കാലയളവിലേക്ക് വിണ്ടും അപേക്ഷകൾ നൽകുന്നതിൽ നിന്ന് അവർ വിലക്കപ്പെടും. ഇത്തരം ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിന് മുന്‍പ് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നതടക്കം കൃത്യമായ നടപടിക്രമങ്ങളും നിർദേശിച്ചിട്ടുണ്ട്. കൂടാതെ അപ്പീൽ നൽകുന്നതിനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

അപേക്ഷകർ സമർപ്പിക്കുന്ന കൃത്യമായ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മരുന്നുകളുടെ ഗുണനിലവാരം, സുരക്ഷിതത്വം, കാര്യക്ഷമത എന്നിവ നിയന്ത്രണ ഏജൻസികൾ വിലയിരുത്തുന്നത്.  വ്യാജ വിവരങ്ങൾ സമർപ്പിക്കുന്നത് നിയന്ത്രണ പ്രക്രിയയുടെ വിശ്വാസ്യത തകർക്കുകയും മരുന്നുകളുടെ ഗുണനിലവാരത്തിൽ സംശയങ്ങൾ സൃഷ്ടിക്കുകയും പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണി ഉയർത്തുകയും ചെയ്തേക്കാം. ഇത്തരം തെറ്റായ നടപടികൾ തടയുക, അപേക്ഷകരുടെ ഉത്തരവാദിത്തം വർധിപ്പിക്കുക, വിശ്വസനീയവും ശാസ്ത്രീയമായി സാധുതയുള്ളതുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മരുന്ന് അനുമതികൾ നൽകുന്നതെന്ന് ഉറപ്പാക്കുക എന്നിവയാണ്  ഭേദഗതിയുടെ ലക്ഷ്യം.

 

ആഗോളതലത്തിലെ മികച്ച രീതികൾക്കനുസൃതമായി ഇന്ത്യയിലെ മരുന്ന് നിയന്ത്രണ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്   വിജ്ഞാപനം. രാജ്യത്തെ നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്ന മരുന്ന് നിർമാതാക്കളെയും വിതരണക്കാരെയും പ്രോത്സാഹിപ്പിക്കാനും റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്രമക്കേടുകൾക്കെതിരെ നടപടിയെടുക്കാനും ഇത് ലക്ഷ്യമിടുന്നു. നിരീക്ഷണം ശക്തിപ്പെടുത്തല്‍,  ധാർമിക രീതികൾ പ്രോത്സാഹിപ്പിക്കൽ, ക്രമക്കേട് നടത്തുന്ന സ്ഥാപനങ്ങൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മരുന്നുനിര്‍മാണ രംഗത്ത് തുടരുന്ന നിയന്ത്രണ പരിഷ്കാരങ്ങൾക്ക് ഇത് കരുത്തേകുന്നു.

 

GSR-ന്റെ പൂർണരൂപം ഗവണ്‍മെന്റിന്റെ  ഔദ്യോഗിക ഗസറ്റിൽ (ഇ-ഗസറ്റ്) ലഭ്യമാണ്.  താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴിയും ഇത് പരിശോധിക്കാം: 

 

https://egazette.gov.in/WriteReadData/2026/275233.pdf 

 

****


(रिलीज़ आईडी: 2295498) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: Gujarati , English , Urdu , हिन्दी , Marathi , Punjabi , Tamil , Telugu