വനിതാ, ശിശു വികസന മന്ത്രാലയം
ലോക മുലയൂട്ടൽ വാരം 2026: ഓഗസ്റ്റ് 1 മുതൽ 7 വരെ രാജ്യത്തുടനീളം ആചരിക്കുന്നു
प्रविष्टि तिथि:
05 AUG 2026 3:22PM by PIB Thiruvananthpuram
കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ 2026-ലെ ലോക മുലയൂട്ടൽ വാരം ഓഗസ്റ്റ് 1 മുതൽ 7 വരെ രാജ്യത്തുടനീളം ആചരിക്കുന്നു. “സുസ്ഥിര ജീവിതാരംഭത്തിന് മുലയൂട്ടൽ: നിലവിലെ നല്ല മാതൃകകൾ ശക്തിപ്പെടുത്താം” എന്നതാണ് ഈ വർഷത്തെ വാരാചരണ പ്രമേയം. പോഷൻ അഭിയാൻ്റെ ഭാഗമായാണ് വാരാചരണം സംഘടിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള അങ്കണവാടികൾ, ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക പങ്കാളിത്ത പ്ലാറ്റ്‌ഫോമുകൾ, ഡിജിറ്റൽ മാധ്യമങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ആഴ്ചയിലുടനീളം വിപുലമായ ബോധവൽക്കരണ പരിപാടികൾ ഇതിൻ്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്.
കുഞ്ഞിൻ്റെ ജീവിതത്തിലെ ആദ്യ 1000 ദിനങ്ങൾ (ഗർഭകാലം, ജനനം മുതലുള്ള ആദ്യ 6 മാസം, തുടർന്ന് 24 മാസം വരെയുള്ള കാലയളവ്) ഏറെ നിർണായകമാണ്. ഈ കാലയളവിൽ ലഭിക്കുന്ന പോഷകാഹാരവും പരിചരണവും കുഞ്ഞിൻ്റെ മസ്തിഷ്ക വികസനം, പ്രതിരോധശേഷി, വളർച്ച, പഠനശേഷി, ആയുഷ്കാല ആരോഗ്യം എന്നിവയെ നേരിട്ട് സ്വാധീനിക്കുന്നു. അതിനാൽ, കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും ആരോഗ്യകരമായ വളർച്ചയ്ക്കും ഏറ്റവും ഫലപ്രദമായ മാർഗമാണ് മുലയൂട്ടൽ.
ജനിച്ച് ആദ്യ ഒരു മണിക്കൂറിനുള്ളിൽ, സുവർണ മണിക്കൂറിൽ, കുഞ്ഞിന് മുലപ്പാൽ ലഭിക്കുന്നുണ്ടെന്ന് ഓരോ കുടുംബവും ഉറപ്പാക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. 'കുഞ്ഞിൻ്റെ ആദ്യ സ്വാഭാവിക പ്രതിരോധ വാക്സിൻ' എന്നറിയപ്പെടുന്ന, പോഷകങ്ങളും ആൻ്റിബോഡികളും നിറഞ്ഞ ആദ്യത്തെ കട്ടിയുള്ള പാൽ (കൊളസ്ട്രം) യാതൊരു കാരണവശാലും കളയരുത്. ജനനത്തിന് പിന്നാലെ അമ്മയും കുഞ്ഞും തമ്മിലുള്ള പാരസ്പര്യം സുഗമമാക്കാനും ബന്ധം ദൃഢമാക്കാനും മുലയൂട്ടൽ സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കുഞ്ഞ് ജനിച്ച് ആദ്യ ആറ് മാസം വരെ മുലപ്പാൽ മാത്രം നൽകുന്ന 'എക്സ്ക്ലൂസീവ് ബ്രെസ്റ്റ്ഫീഡിംഗ്' ഉറപ്പാക്കണം. ഈ കാലയളവിൽ വെള്ളം, തേൻ, ഗ്ലൂക്കോസ്, ഫോർമുല മിൽക്ക് എന്നിവയൊന്നും നൽകേണ്ടതില്ല. കുഞ്ഞിന് ആവശ്യമായ എല്ലാ പോഷകങ്ങളും വെള്ളവും മുലപ്പാലിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് അണുബാധകളിൽ നിന്ന് കുഞ്ഞിന് പൂർണ്ണ സംരക്ഷണം നൽകുന്നു. ആറ് മാസത്തിന് ശേഷം അനുയോജ്യമായ അനുബന്ധ ഭക്ഷണങ്ങൾ നൽകിത്തുടങ്ങാമെങ്കിലും രണ്ട് വയസ്സോ അതിൽ കൂടുതലോ പ്രായം വരെ മുലയൂട്ടൽ തുടരണം.
കുഞ്ഞിനെ ശരിയായ രീതിയിൽ ചേർത്തുപിടിക്കുന്നതിനും മുലയൂട്ടുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അമ്മമാർക്ക് നൽകുന്നുണ്ട്. അമ്മയ്ക്ക് കുഞ്ഞിനെ ഏറ്റവും സൗകര്യപ്രദമായ രീതിയിൽ മുലയൂട്ടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കുഞ്ഞ് ആവശ്യപ്പെടുമ്പോഴെല്ലാം കൃത്യമായ ഇടവേളകളിൽ മുലപ്പാൽ നൽകേണ്ടതിൻ്റെ പ്രാധാന്യവും, എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടാൽ അങ്കണവാടി ജീവനക്കാർ, ആശാ പ്രവർത്തകർ അല്ലെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രം എന്നിവരുടെ സഹായം തേടേണ്ടതിനെക്കുറിച്ചും ഈ ആഴ്ചയിലുടനീളം ഊന്നിപ്പറയുന്നുണ്ട്. ജോലിയിലേക്ക് തിരികെ പ്രവേശിക്കുന്ന അമ്മമാർക്ക് മുലപ്പാൽ പിഴിഞ്ഞെടുത്ത് സുരക്ഷിതമായി സൂക്ഷിക്കുന്നതിനെയും അതുവഴി മുലയൂട്ടൽ തടസ്സമില്ലാതെ തുടരുന്നതിനെയും കുറിച്ച് കൗൺസിലിംഗ് നൽകി വരുന്നു.
ഓരോ അമ്മയ്ക്കും മുലയൂട്ടാനുള്ള സാഹചര്യം ഒരുക്കുന്നതിനും, എല്ലാ കുഞ്ഞിനും ജീവിതത്തിൽ സാധ്യമാകുന്ന ഏറ്റവും മികച്ച തുടക്കം ഉറപ്പാക്കുന്നതിനും അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ആരോഗ്യ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, കുടുംബങ്ങൾ, പൊതുജനങ്ങൾ എന്നിവരോട് മന്ത്രാലയം അഭ്യർത്ഥിച്ചു.
****
(रिलीज़ आईडी: 2295109)
आगंतुक पटल : 8