രാഷ്ട്രപതിയുടെ കാര്യാലയം
ഉസ്ബെക്കിസ്ഥാൻ വിദേശകാര്യ മന്ത്രി രാഷ്ട്രപതിയെ സന്ദർശിച്ചു
प्रविष्टि तिथि:
03 AUG 2026 3:02PM by PIB Thiruvananthpuram
ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക്കിന്റെ വിദേശകാര്യ മന്ത്രിയായ ബഖ്തിയോർ ഒഡിലോവിച്ച് സൈദോവ് ഇന്ന് (2026 ഓഗസ്റ്റ് 3) രാഷ്ട്രപതി ഭവനിൽ, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു.
ഒഡിലോവിച്ചിനെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്ത രാഷ്ട്രപതി, ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിൽ പുരാതന വ്യാപാര പാതകളിൽ അധിഷ്ഠിതമായ ആഴത്തിലുള്ള ചരിത്രപരവും സാംസ്കാരികവും നാഗരികവുമായ ബന്ധമുള്ളതായി പറഞ്ഞു. വാസ്തുവിദ്യ, ഭാഷ, പാചകരീതി, സംഗീതം, മതപരമായ പാരമ്പര്യങ്ങൾ എന്നിവയിലെ പൊതു പൈതൃകം ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തിയെന്ന് അവർ എടുത്തുപറഞ്ഞു.
ഉന്നതനേതാക്കളുടെ സാന്നിധ്യവും, സന്ദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബിസിനസ് ഫോറവും ഇരുരാജ്യങ്ങളിലെയും ബിസിനസ് രംഗത്തിന് പരസ്പരമുള്ളതും വളരുന്നതുമായ ആത്മവിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. അപൂർവ ഭൗമ ധാതുക്കൾ (rare earth minerals), കൃഷി, ഫാർമസ്യൂട്ടിക്കൽസ്, വിവരസാങ്കേതിക വിദ്യ എന്നീ മേഖലകളിൽ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള സഹകരണത്തിനുള്ള വൻ സാധ്യതകളും അവർ ചൂണ്ടിക്കാട്ടി.
നമ്മുടെ ITEC പരിശീലന കോഴ്സുകളിൽ നിന്നും മറ്റ് സ്‌കോളർഷിപ്പ് പരിപാടികളിൽ നിന്നും ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള 3,000-ത്തിലധികം ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും വിദ്യാർത്ഥികളും പ്രയോജനം നേടിയിട്ടുണ്ടെന്നതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. അതേസമയം, 16,000-ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഉസ്ബെക്കിസ്ഥാനിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്നുണ്ട്. ഇവർ ഇരുരാജ്യങ്ങളും തമ്മിലുള്ള പാലമായി പ്രവർത്തിക്കുകയും പരസ്പര ധാരണയും ജനങ്ങൾ തമ്മിലുള്ള ബന്ധവും വളർത്തുകയും ചെയ്യുന്നുവെന്ന് രാഷ്‌ട്രപതി എടുത്തുപറഞ്ഞു. ഈ സന്ദർശനവേളയിൽ നടന്ന ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം, വിശ്വാസം, സഹകരണം എന്നിവയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇരുനേതാക്കളും അംഗീകരിച്ചു.
*****
(रिलीज़ आईडी: 2293878)
आगंतुक पटल : 7