വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യയിലെയും ഉസ്‌ബെകിസ്ഥാനിലെയും വ്യാപാരസംരംഭങ്ങളെ സംയുക്ത നിക്ഷേപത്തിനും നിർമാണത്തിനും ക്ഷണിച്ച് കേന്ദ്രമന്ത്രി ശ്രീ പീയൂഷ് ഗോയൽ;
ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ ഇന്ത്യ-ഉസ്ബെകിസ്ഥാന്‍ വ്യാപാരഫോറത്തില്‍ ആഹ്വാനം
प्रविष्टि तिथि:
03 AUG 2026 2:11PM by PIB Thiruvananthpuram
അടുത്ത മൂന്ന് വർഷത്തിനകം ഇന്ത്യ-ഉസ്ബെകിസ്ഥാന്‍ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ സംയുക്ത ശ്രമങ്ങൾ വേണമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ ആവശ്യപ്പെട്ടു. സംയുക്ത നിക്ഷേപങ്ങൾക്കും സംയുക്ത നിർമാണത്തിനും സംയുക്ത നൂതനാശയ വികസനത്തിനും ഇന്ത്യയിലെയും ഉസ്‌ബെകിസ്ഥാനിലെയും വ്യവസായ സംരംഭങ്ങളെ അദ്ദേഹം ക്ഷണിച്ചു. ന്യൂഡൽഹിയിൽ ഇന്ത്യ-ഉസ്‌ബെകിസ്ഥാൻ വ്യാപാര ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി. പരസ്പര വിശ്വാസം, ബഹുമാനം, സമൃദ്ധി കൈവരിക്കാനുള്ള പങ്കിട്ട കാഴ്ചപ്പാട് എന്നിവയിലധിഷ്ഠിതമായ ഇരുരാജ്യങ്ങളുടെയും തന്ത്രപ്രധാന പങ്കാളിത്തം വ്യാപാരവും നിക്ഷേപവും സാമ്പത്തിക സഹകരണവും വിപുലീകരിക്കാന്‍ വലിയ അവസരങ്ങള്‍ നൽകുന്നതായി അദ്ദേഹം പറഞ്ഞു.
പരസ്പരം പങ്കിട്ട സമ്പന്ന ചരിത്രത്തിലൂടെയും ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തിലൂടെയും മാത്രമല്ല ഇന്ത്യയും ഉസ്‌ബെകിസ്ഥാനും ബന്ധപ്പെട്ടിരിക്കുന്നതെന്നും ഇതുവരെ കൃത്യമായി പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത വിപുലമായ വ്യാപാര സാധ്യതകള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടെന്നും പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്ത ശ്രീ ഗോയൽ പറഞ്ഞു. നിലവിൽ ഉഭയകക്ഷി വ്യാപാരം ഏകദേശം 1.5 ബില്യൺ യു.എസ് ഡോളർ കടന്നിട്ടുണ്ടെങ്കിലും ഇരു സമ്പദ്‌വ്യവസ്ഥകൾക്കും ഒന്നിച്ച് കൈവരിക്കാനാവുന്നതിന്റെ ചെറിയ പങ്ക് മാത്രമാണിതെന്ന് അദ്ദേഹം നിരീക്ഷിച്ചു.
വളർന്നുവരുന്ന വലിയ വിപണിയെന്നതിലുപരി വിശ്വസ്ത പങ്കാളിത്തവും നൈപുണ്യ യുവജന ശക്തിയും നൂതനാശയാധിഷ്ഠിത വളർച്ചാ വേദിയുമാണ് ഉസ്‌ബെകിസ്ഥാന് ഇന്ത്യ വാഗ്ദാനം ചെയ്യുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. അടുത്തിടെ ഒപ്പുവെച്ച ഇന്ത്യ-ഉസ്‌ബെകിസ്ഥാൻ ഉഭയകക്ഷി നിക്ഷേപ കരാറിനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം ഈ കരാർ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും ഇരുരാജ്യങ്ങളിലെയും വ്യാപാര സംരംഭങ്ങളെ പരസ്പര നിക്ഷേപത്തിനും ദീർഘകാല പങ്കാളിത്തത്തിനും പ്രോത്സാഹിപ്പിക്കുമെന്നും വ്യക്തമാക്കി.
പരസ്പരം സഹകരിച്ച് പ്രവർത്തിക്കാനാവുന്ന നിരവധി മേഖലകള്‍ മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. ഉസ്‌ബെകിസ്ഥാനിലെ ഖനന മേഖലയിൽ ഇന്ത്യൻ നിക്ഷേപങ്ങൾക്ക് വൻ സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉസ്‌ബെകിസ്ഥാന്റെ പരുത്തി ഉല്പാദന മികവും തുണിത്തര മേഖലയിലെ ഇന്ത്യയുടെ നേതൃത്വവും ഒരുമിക്കുന്നതോടെ വസ്ത്ര നിർമാണം, ഡിസൈനിങ് എന്നീ രംഗങ്ങളിലേക്കും ആഗോള വിപണിയിലേക്കും ഇരുരാജ്യങ്ങള്‍ക്കും ഒരുമിച്ച് വ്യാപിക്കാൻ സാധിക്കുമെന്ന് തുണിത്തര മേഖലയിലെ സഹകരണ സാധ്യതകളെക്കുറിച്ച് സംസാരിച്ച അദ്ദേഹം വ്യക്തമാക്കി.
ഔഷധനിര്‍മാണ - ആരോഗ്യ സംരക്ഷണ മേഖലകളിൽ 'ലോകത്തിന്റെ ഫാർമസി' എന്നറിയപ്പെടുന്ന ഇന്ത്യയ്ക്ക് വില കുറഞ്ഞ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, രോഗനിര്‍ണയ സേവനം, ടെലിമെഡിസിൻ, ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും പരിശീലനം, ഗുണനിലവാരമേറിയ ആരോഗ്യ സേവനങ്ങൾ എന്നിവയിലൂടെ ഉസ്‌ബെകിസ്ഥാന്റെ ആരോഗ്യ മേഖലയുടെ നവീകരണത്തിന് പിന്തുണയേകാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉസ്‌ബെക് മേഖലയുമായി ചരിത്രപരമായ ബന്ധമുള്ള ആയുർവേദം, യോഗ, യൂനാനി തുടങ്ങിയ പരമ്പരാഗത വൈദ്യശാസ്ത്ര രീതികളിലെ സഹകരണം പുനരുജ്ജീവിപ്പിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.
ഭക്ഷ്യ സംസ്കരണം, പാക്കേജിങ്, ശീതീകരണ ശൃംഖലകൾ, അഗ്രി-ടെക് എന്നിവയിലെ സഹകരണം ഇരുരാജ്യങ്ങളിലെയും കർഷകർക്ക് പ്രയോജനപ്പെടുന്ന ആഗോള മൂല്യശൃംഖലകൾ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് ശ്രീ ഗോയൽ അഭിപ്രായപ്പെട്ടു.
വിവരസാങ്കേതിക വിദ്യ, ഡിജിറ്റൽ സാമ്പത്തികരംഗം എന്നീ മേഖലകളിൽ ഉസ്‌ബെകിസ്ഥാനുമായി സഹകരിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയും മന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും ഫിൻടെക്, അഗ്രി-ടെക്, മെഡ്‌ടെക് തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിലും ഉസ്‌ബെകിസ്ഥാനൊപ്പം പ്രവർത്തിക്കുന്നതിൽ ഇന്ത്യയ്ക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എൻജിനീയറിങ് ഘടകങ്ങൾ, അത്യാധുനിക നിര്‍മാണം, വാഹന ഘടകങ്ങൾ, വാഹനങ്ങൾ എന്നിവ ഭാവി സഹകരണത്തിന്റെ മികച്ച വഴികളാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഉസ്‌ബെകിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവും ഇരുരാജ്യങ്ങളിലെയും ജനങ്ങളെ പരസ്പരം കൂടുതൽ അടുപ്പിച്ച് പങ്കാളിത്തത്തിന് വ്യക്തമായ രാഷ്ട്രീയ ദിശാബോധം നൽകി ഉഭയകക്ഷി ബന്ധത്തിന് പുതിയ ഉന്മേഷം പകര്‍ന്നതായി മന്ത്രി നിരീക്ഷിച്ചു. ഇരുരാജ്യങ്ങളിലെയും വ്യാപാര സംരംഭങ്ങള്‍ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയും സാമ്പത്തിക ബന്ധങ്ങൾ വിപുലീകരിക്കുകയും നിക്ഷേപങ്ങൾ വർധിപ്പിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമ്പോൾ മാത്രമേ പങ്കാളിത്തത്തിന്റെ പൂർണ പ്രയോജനം ലഭിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉഭയകക്ഷി ബന്ധത്തെ മുന്നോട്ടു നയിക്കുന്നത് വ്യാപാരമായിരിക്കണമെന്ന് പ്രത്യേകം പരാമര്‍ശിച്ച ശ്രീ ഗോയൽ, സുസ്ഥിര വാണിജ്യ പങ്കാളിത്തം കെട്ടിപ്പടുക്കാനുള്ള അവസരം പ്രയോജനപ്പെടുത്താൻ വ്യവസായ മേഖലയോട് അഭ്യർത്ഥിച്ചു. വ്യാപാര തടസ്സങ്ങൾ നീക്കുന്നതിനൊപ്പം ഗുണനിലവാരം, അംഗീകാരങ്ങൾ, പരിശോധന, സാക്ഷ്യപ്പെടുത്തൽ പ്രക്രിയകൾ എന്നിവ പരസ്പരം അംഗീകരിക്കാനും ഡിജിറ്റല്‍വല്‍ക്കരണത്തിലൂടെ കസ്റ്റംസ് സംവിധാനങ്ങൾ സംയോജിപ്പിക്കാനും വാണിജ്യം സുഗമമാക്കുന്നതിന് കൂടുതൽ കാര്യക്ഷമമായ വ്യാപാര പാതകൾ സൃഷ്ടിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇരു ഗവൺമെന്റുകളും കൂടുതൽ കൃത്യവും സമയബന്ധിതവുമായ സാമ്പത്തിക പങ്കാളിത്തത്തിനായി പ്രവർത്തിക്കുകയാണെന്നും, ഇരുവശത്തെയും വ്യാപാരസംരംഭങ്ങളെ സഹായിക്കുന്നതിന് നിയന്ത്രണ അതോറിറ്റികളും മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന അതോറിറ്റികളും സഹകരണം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്ത കേന്ദ്ര മന്ത്രി "ഇത് നിങ്ങളുടെ നിമിഷമാണ്. സംയുക്തമായി നിക്ഷേപിക്കുകയും ഉല്പാദിപ്പിക്കുകയും നൂതനാശയങ്ങൾ വികസിപ്പിക്കുകയും ചെയ്യുക. ഇരു സമ്പദ്‌വ്യവസ്ഥകൾക്കും ഉസ്‌ബെകിസ്ഥാനിലെയും ഇന്ത്യയിലെയും ജനങ്ങൾക്കും സമൃദ്ധിയും പ്രതിരോധശേഷിവും വളർച്ചയും നൽകുന്ന ശാശ്വത പങ്കാളിത്തം കെട്ടിപ്പടുക്കുക." എന്ന് പറഞ്ഞു.
സന്ദർശക പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്ത ശ്രീ പീയൂഷ് ഗോയല്‍, ശക്തമായ വ്യാപാരം, നിക്ഷേപം, വ്യാപാര സഹകരണം എന്നിവയിലൂടെ ഇന്ത്യ-ഉസ്‌ബെകിസ്ഥാൻ സാമ്പത്തിക പങ്കാളിത്തം ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചാണ് അഭിസംബോധന ഉപസംഹരിച്ചത്.
*****
(रिलीज़ आईडी: 2293810)
आगंतुक पटल : 6