ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

പ്രളയബാധിത സംസ്ഥാനങ്ങൾക്ക് എസ്‌ഡി‌ആർ‌എഫിൽ നിന്ന് മുൻകൂറായി 2,117.85 കോടി രൂപ അനുവദിക്കുന്നതിന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അംഗീകാരം നൽകി

प्रविष्टि तिथि: 01 AUG 2026 5:46PM by PIB Thiruvananthpuram
2026-ലെ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലയളവിൽ പ്രളയക്കെടുതി നേരിട്ട സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി, സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുള്ള (SDRF) കേന്ദ്ര വിഹിതമായി 2,117.85 കോടി രൂപ മുൻകൂറായി അനുവദിക്കുന്നതിന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അംഗീകാരം നൽകി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസ നടപടികൾക്കുമായി സംസ്ഥാനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ കേന്ദ്ര ഗവണ്മെൻ്റ്  പ്രതിജ്ഞാബദ്ധമാണ്. സാഹചര്യം ഗവണ്മെൻ്റ്   സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
 
കാലവർഷം ആരംഭിച്ചത് മുതൽ, സംസ്ഥാന ഗവണ്മെൻ്റുകളുമായി ബന്ധപ്പെട്ട് പ്രളയ സാഹചര്യം കേന്ദ്ര ഗവണ്മെൻ്റ്  നിരന്തരം വിലയിരുത്തുന്നുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻഡിആർഎഫ്) ടീമുകളെ മുൻകൂട്ടി വിന്യസിച്ചും, പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള ലോജിസ്റ്റിക്സ് പിന്തുണ ലഭ്യമാക്കിയും ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര ഗവണ്മെൻ്റ് നൽകിയിട്ടുണ്ട്.
 
നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രത്തിൽ നിന്നുള്ള അന്തർ മന്ത്രാലയ സംഘങ്ങളെ അരുണാചൽ പ്രദേശിലേക്കും അസമിലേക്കും അയച്ചു കഴിഞ്ഞു. അസമിലെ രൂക്ഷമായ പ്രളയക്കെടുതി കണക്കിലെടുത്ത് രണ്ട് സംഘങ്ങൾ അവിടെ സന്ദർശനം നടത്തിയിട്ടുണ്ട്. നാഗാലാൻഡ് ഗവണ്മെൻ്റിൻ്റെ അഭ്യർത്ഥന മാനിച്ച്, ആ സംസ്ഥാനത്തിനായി ഒരു  അന്തർ മന്ത്രാലയ സംഘവും രൂപീകരിച്ചു വരുന്നു.
 
ദുരിതബാധിതമായ ഏഴ് സംസ്ഥാനങ്ങളിൽ ഹിമാചൽ പ്രദേശ്, ഒഡീഷ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾക്ക് 2026-27 സാമ്പത്തിക വർഷത്തേക്കുള്ള എസ്‌ഡി‌ആർ‌എഫിൻ്റെ ആദ്യ ഗഡു ഇതിനകം ലഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തുക സമയബന്ധിതമായി ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ഹിമാചൽ പ്രദേശിനും ഒഡീഷയ്ക്കും എസ്‌ഡി‌ആർ‌എഫിലെ കേന്ദ്ര വിഹിതത്തിൻ്റെ രണ്ടാമത്തെ ഗഡു മുൻകൂറായി നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അംഗീകാരം നൽകി. കൂടാതെ, അടിയന്തിര സാമ്പത്തിക സഹായം കണക്കിലെടുത്ത്, നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ രേഖകൾ സംബന്ധിച്ച ആവശ്യകതകളിൽ ഇളവുകൾ നൽകിക്കൊണ്ട് അരുണാചൽ പ്രദേശ്, അസം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കും എസ്‌ഡിആർഎഫ് ആദ്യ ഗഡു മുൻകൂറായി അനുവദിച്ചു.
 
ദുരിതബാധിത സംസ്ഥാനങ്ങൾക്ക് അനുവദിച്ച സഹായം ഇപ്രകാരമാണ്: 2026-27 സാമ്പത്തിക വർഷത്തെ എസ്ഡിആർഎഫിൻ്റെ കേന്ദ്ര വിഹിതത്തിൽ ആദ്യ ഗഡുവായി അരുണാചൽ പ്രദേശിന് 44.55 കോടി രൂപ മുൻകൂറായി അനുവദിച്ചിട്ടുണ്ട്. അസമിന് ആദ്യ ഗഡുവിൻ്റെ മുൻകൂറായി 379.35 കോടി രൂപയും ഗുജറാത്തിന് 500 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 2026-27 ലെ എസ്ഡിആർഎഫിൻ്റെ ആദ്യ ഗഡു ഇതിനകം ലഭിച്ച ഹിമാചൽ പ്രദേശിന് കേന്ദ്ര വിഹിതത്തിൻ്റെ രണ്ടാം ഗഡുവിൻ്റെ മുൻകൂറായി 193.95 കോടി രൂപ  അനുവദിച്ചിട്ടുണ്ട്. ആദ്യ ഗഡുവിൻ്റെ മുൻകൂർ തുകയായി മഹാരാഷ്ട്രയ്ക്ക് 500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആദ്യ ഗഡു ഇതിനകം ലഭിച്ച ഒഡീഷയ്ക്ക് രണ്ടാം ഗഡുവിൻ്റെ മുൻകൂർ തുകയായി 500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ അംഗീകാരത്തോടെ, പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് അവരുടെ നിലവിലുള്ള ദുരിതാശ്വാസ, പ്രതികരണ നടപടികൾ ശക്തിപ്പെടുത്തുന്നതിനായി ആകെ 2,117.85 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്.
 
 
****

(रिलीज़ आईडी: 2293147) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: Khasi , English , Urdu , Marathi , हिन्दी , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada