ആയുഷ്‌
azadi ka amrit mahotsav

കേന്ദ്ര ആയുഷ് മന്ത്രി ശ്രീ. പ്രതാപ് റാവു ജാദവ്, മീരാബായ് ചാനുവിനെ അർജുന അവാർഡിനായി ശുപാർശ ചെയ്തു

ചാനുവിൻ്റെ ശ്രദ്ധേയമായ കായിക നേട്ടങ്ങൾ മുൻനിർത്തി കേന്ദ്ര കായിക മന്ത്രിക്ക് ശ്രീ. ജാദവ് കത്തയച്ചു

प्रविष्टि तिथि: 31 JUL 2026 4:40PM by PIB Thiruvananthpuram

ഇന്ത്യയുടെ പ്രശസ്ത ഭാരോദ്വഹന താരവും ഒളിമ്പിക് മെഡൽ ജേതാവുമായ മീരാബായ് ചാനുവിനെ ഈ വർഷത്തെ അഭിമാനകരമായ അർജുന അവാർഡിന് പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്ര ആയുഷ് (സ്വതന്ത്ര ചുമതല), ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ശ്രീ. പ്രതാപ്‌റാവു ഗണപത്‌റാവു ജാദവ് സ്വന്തം നിലയിൽ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.

മീരാബായ് ചാനുവിൻ്റെ  സവിശേഷമായ കായിക നേട്ടങ്ങളെയും ഇന്ത്യൻ ഭാരോദ്വഹനത്തിന് അവർ നൽകിയ ശ്രദ്ധേയമായ സംഭാവനകളെയും കുറിച്ച്  കേന്ദ്രമന്ത്രി ശ്രീ. പ്രതാപ്‌റാവു ജാദവ് തൻ്റെ കത്തിൽ എടുത്തുപറഞ്ഞു. മണിപ്പൂരിൽ നിന്നുള്ള ഈ കായികതാരം കോമൺവെൽത്ത് ഗെയിംസിലെ മികച്ച പ്രകടനങ്ങളിലൂടെ ചരിത്രം സൃഷ്ടിച്ചതായും രാജ്യത്തിന് വലിയ അഭിമാനം നേടിക്കൊടുത്തതായും മന്ത്രി ചൂണ്ടിക്കാട്ടി.

കോമൺവെൽത്ത് ഗെയിംസിൻ്റെ തുടർച്ചയായ പതിപ്പുകളിൽ സ്വർണ്ണ മെഡലുകൾ നേടിയ മീരാബായ് ചാനുവിൻ്റെ ശ്രദ്ധേയമായ റെക്കോർഡും, ഓരോ പതിപ്പിലും ഇന്ത്യയ്ക്കായി ആദ്യ സ്വർണ്ണ മെഡൽ നേടിയ താരമെന്ന വിശേഷണവും ശ്രീ. പ്രതാപ്‌റാവു ജാദവ് എടുത്തുപറഞ്ഞു. 48 കിലോഗ്രാം വിഭാഗത്തിൽ സ്നാച്ച്, ക്ലീൻ ആൻഡ് ജെർക്ക്, ടോട്ടൽ ലിഫ്റ്റ് എന്നിവയിലെ റെക്കോർഡുകൾ ഭേദിച്ചുകൊണ്ടുള്ള അവരുടെ അസാധാരണമായ പ്രകടനങ്ങളെക്കുറിച്ചും മന്ത്രി കത്തിൽ പ്രത്യേകം പരാമർശിച്ചു.

ഒളിമ്പിക് മെഡൽ നേട്ടത്തിന് പുറമെ, രാജ്യത്തെ പരമോന്നത കായിക ബഹുമതികളായ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡും പത്മശ്രീയും നൽകി മീരാബായ് ചാനുവിനെ രാജ്യം ഇതിനകം ആദരിച്ചിട്ടുണ്ടെന്ന കാര്യം ശ്രീ. ജാദവ് കത്തിൽ എടുത്തുപറഞ്ഞു. എന്നാൽ, മണിപ്പൂരിലെ തൻ്റെ ഗ്രാമത്തിൽ പരിശീലനം ആരംഭിച്ച കാലം മുതൽ മനസ്സിൽ സൂക്ഷിച്ചിരുന്ന അർജുന അവാർഡ് എന്ന അവരുടെ ബാല്യകാല സ്വപ്നം ഇതുവരെ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

മീരാബായ് ചാനുവിൻ്റെ നാമനിർദ്ദേശം പരിഗണിക്കണമെന്ന് കേന്ദ്ര യുവജനകാര്യ,കായിക മന്ത്രിയോട് അഭ്യർത്ഥിച്ചുകൊണ്ട്, അർജുന അവാർഡ് നൽകി ആദരിക്കുന്നത് അവരുടെ മികച്ച പ്രകടനങ്ങൾക്കും അസാധാരണമായ കഴിവിനും ഇന്ത്യൻ കായികരംഗത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്കുമുള്ള ഉചിതമായ അംഗീകാരമായിരിക്കുമെന്ന് ശ്രീ. ജാദവ് ചൂണ്ടിക്കാട്ടി.

മണിപ്പൂരിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ഭാരോദ്വഹന താരങ്ങളിൽ ഒരാളായി മാറിയ ചാനുവിൻ്റെ പ്രചോദനാത്മകമായ യാത്ര, അവരുടെ നിശ്ചയദാർഢ്യത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും തെളിവാണെന്നും, ഇത് ഇന്ത്യയിലെ  ദശലക്ഷക്കണക്കിന് യുവജനങ്ങൾക്ക്‌ പ്രചോദനമേകുന്നതാണെന്നും ശ്രീ. പ്രതാപ്‌റാവു ജാദവ് ഊന്നിപ്പറഞ്ഞു.

****


(रिलीज़ आईडी: 2292679) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Telugu