റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

ചരിത്രത്തിലാദ്യമായി അവയവദാനത്തിന് ട്രെയിനിൽ ഹൃദയമെത്തിച്ച് ഇന്ത്യൻ റെയിൽവേ; സൂറത്തിൽ നിന്ന് അഹമ്മദാബാദിലേക്ക് ജീവൻരക്ഷാ ദൗത്യവുമായി വന്ദേഭാരത് എക്സ്പ്രസ്

ഇന്ത്യൻ റെയിൽവേ, ആർ.പി.എഫ്., ഗുജറാത്ത് പൊലീസ്, മെഡിക്കൽ സംഘങ്ങള്‍ എന്നിവരുടെ മാതൃകാപരമായ ഏകോപനം ജീവൻ രക്ഷാ ആരോഗ്യ സേവനങ്ങളിലെ റെയിൽവേയുടെ വർധിച്ചുവരുന്ന പങ്ക് വ്യക്തമാക്കുന്നു

प्रविष्टि तिथि: 31 JUL 2026 5:20PM by PIB Thiruvananthpuram

ഇന്ത്യൻ റെയിൽവേ ചരിത്രത്തിലാദ്യമായി അവയവദാനത്തിന് ട്രെയിനില്‍ ഹൃദയമെത്തിച്ച്  ആരോഗ്യ പരിരക്ഷാ രംഗത്ത് ചരിത്രപരമായ നാഴികക്കല്ല് കൈവരിച്ചു. അഹമ്മദാബാദിലെ യു.എൻ. മേഹ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി & റിസർച്ച് സെൻ്ററിലെ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് സൂറത്തില്‍നിന്ന്  അഹമ്മദാബാദിലേക്ക് 20901 മുംബൈ സെൻട്രൽ-ഗാന്ധിനഗർ ക്യാപിറ്റൽ വന്ദേഭാരത് എക്സ്പ്രസില്‍ കൃത്യസമയത്ത് സുരക്ഷിതമായി ഹൃദയം എത്തിച്ചത്.

വന്ദേ ഭാരത് എക്സ്പ്രസിൻ്റെ വേഗവും കൃത്യനിഷ്ഠയും വിശ്വാസ്യതയും പ്രകടമാക്കിയ  ചരിത്ര ദൗത്യം  അടിയന്തര മെഡിക്കല്‍ ഗതാഗതത്തിലും നിർണായക ആരോഗ്യ സേവനങ്ങളിലും ഇന്ത്യൻ റെയിൽവേ വഹിക്കുന്ന സുപ്രധാന പങ്ക് പ്രകടമാക്കുന്നു.  

അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് സമയം ഏറെ നിർണായകമായതിനാൽ ഇന്ത്യൻ റെയിൽവേയും റെയിൽവേ സംരക്ഷണ സേനയും (ആര്‍.പി.എഫ്.) ഗുജറാത്ത്  പൊലീസും മെഡിക്കൽ സംഘങ്ങളും തമ്മിൽ കൃത്യമായ ആസൂത്രണവും ഏകോപനവും ആവശ്യമായിരുന്നു. ദാതാവിൻ്റെ ഹൃദയം നിശ്ചിത സമയത്തിനകം സ്വീകർത്താവിൻ്റെ ആശുപത്രിയിൽ എത്തുന്നത് ഉറപ്പാക്കാൻ ഗതാഗതത്തിൻ്റെ ഓരോ ഘട്ടവും സൂക്ഷ്മമായി ഏകോപിപ്പിച്ചു.

അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിൽ നിന്ന് യു.എൻ. മേഹ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി & റിസർച്ച് സെൻ്ററിലേക്ക് റെയിൽവേ സംരക്ഷണ സേനയും ഗുജറാത്ത്  പൊലീസും ചേർന്ന് തടസ്സമില്ലാത്ത യാത്രയ്ക്ക് പ്രത്യേക 'ഗ്രീൻ കോറിഡോർ'  സജ്ജമാക്കി. അവയവമാറ്റ ശസ്ത്രക്രിയ ഒട്ടും വൈകാതെ ആരംഭിക്കാൻ ഇത് സഹായിച്ചു.

 

വേഗമേറിയ യാത്ര, പ്രവർത്തന വിശ്വാസ്യത, കൃത്യനിഷ്ഠ എന്നിവയിലൂടെ സമയം ഏറെ നിർണായകമായ ദൗത്യങ്ങളെ പിന്തുണയ്ക്കാനുള്ള വന്ദേഭാരത് എക്സ്പ്രസിൻ്റെ ശേഷിയെ വിജയകരമായ ഈ ദൗത്യം  അടിവരയിടുന്നു. രാജ്യത്തെ അടിയന്തര ആരോഗ്യ സംരക്ഷണ മേഖല ശക്തിപ്പെടുത്തുന്നതിൽ ആധുനിക റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾക്ക് എത്രത്തോളം പങ്കുവഹിക്കാനാകുമെന്നും  ദൗത്യം തെളിയിക്കുന്നു.

വെല്ലുവിളിയേറിയ  ദൗത്യം വിജയകരമാക്കാൻ സഹകരിച്ച് പ്രവർത്തിച്ച റെയിൽവേ സംരക്ഷണ സേന, ഗുജറാത്ത് പൊലീസ്, ഡോക്ടർമാർ, അവയവമാറ്റ  ശസ്ത്രക്രിയ ഏകോപിപ്പിച്ചവര്‍,  റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരടക്കം എല്ലാവര്‍ക്കും ഇന്ത്യൻ റെയിൽവേ നന്ദി അറിയിച്ചു.

സുരക്ഷിതവും വിശ്വാസയോഗ്യവും കാര്യക്ഷമവുമായ ഗതാഗത സേവനങ്ങൾ നൽകുന്നതിനൊപ്പം മാനുഷിക ജീവൻരക്ഷാ സംരംഭങ്ങളെ പിന്തുണയ്ക്കാനും രാജ്യത്തിൻ്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന് സംഭാവന നൽകാനും ഇന്ത്യൻ റെയിൽവേ പുലര്‍ത്തുന്ന പ്രതിബദ്ധത  ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് ചരിത്രപരമായ ഈ നേട്ടം.

****


(रिलीज़ आईडी: 2292677) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Kannada