വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

വനിതാ ശിശുവികസന മന്ത്രാലയം ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരം 2026 ആചരിക്കും

प्रविष्टि तिथि: 31 JUL 2026 11:11AM by PIB Thiruvananthpuram
കേന്ദ്ര  സർക്കാരിന്റെ വനിതാ ശിശുവികസന മന്ത്രാലയം, 2026 ഓഗസ്റ്റ് 1 മുതൽ 7 വരെ രാജ്യത്തിലുടനീളം ലോക മുലയൂട്ടൽ വാരം ആചരിക്കും. പ്രസവിച്ചയുടൻ തന്നെയുള്ള മുലയൂട്ടൽ, ആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകൽ, ആറുമാസത്തിനു ശേഷം അനുയോജ്യമായ  ആഹാരത്തിനൊപ്പം  രണ്ടു വയസ്സു വരെയോ  അതിൽ കൂടുതലോ  മുലയൂട്ടൽ തുടരുക  എന്നിവയെക്കുറിച്ച് കുടുംബങ്ങളിലും  സമൂഹത്തിലും  ആരോഗ്യ സംരക്ഷണ പ്രവർത്തകർക്കിടയിലും  ബോധവൽക്കരണം സൃഷ്ടിക്കുക എന്നതാണ് ഈ വാരോത്സവ പ്രചാരണത്തിന്റെ ലക്ഷ്യം.

 കുട്ടികളുടെ അതിജീവനത്തിനും, ആരോഗ്യകരമായ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ് മുലയൂട്ടൽ. ജനിച്ച ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ (ഗോൾഡൻ അവർ) തന്നെ ഓരോ നവജാതശിശുവിനും മുലപ്പാൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം കുടുംബങ്ങളോട് അഭ്യർത്ഥിക്കുന്നു. കുഞ്ഞിന്റെ ആദ്യത്തെ സ്വാഭാവിക പ്രതിരോധ കുത്തിവയ്പ്പ് എന്ന് വിളിക്കപ്പെടുന്ന, ആന്റിബോഡികളാലും അവശ്യ പോഷകങ്ങളാലും സമ്പന്നമായ ആദ്യത്തെ മുലപ്പാലായ കൊളസ്ട്രം (Colostrum) യാതൊരു കാരണവശാലും പാഴാകരുത് .

ആദ്യ ആറുമാസത്തെ സമ്പൂർണ്ണ മുലയൂട്ടൽ എന്നാൽ കുഞ്ഞിന് മുലപ്പാൽ മാത്രം നൽകുക എന്നാണ് അർത്ഥമാക്കുന്നത്. അതായത് വെള്ളം, തേൻ, തുള്ളിമരുന്നുകൾ (ghutti), ഗ്ലൂക്കോസ് അല്ലെങ്കിൽ ഫോർമുല പാൽ എന്നിവയൊന്നും നൽകരുത്. ഈ കാലയളവിൽ ഒരു കുഞ്ഞിന്റെ എല്ലാ പോഷക, ജല ആവശ്യങ്ങളും മുലപ്പാൽ കൊണ്ടുമാത്രം നിറവേറ്റപ്പെടും. ആറുമാസത്തിനുശേഷം, രണ്ടു വയസ്സോ അതിൽ കൂടുതലോ പ്രായം വരെ, മുലയൂട്ടൽ തുടരുമ്പോൾ തന്നെ മറ്റ് അനുപൂരക ആഹാരങ്ങൾ നൽകിത്തുടങ്ങണം. പ്രസവ ശേഷം കുഞ്ഞിനെ അമ്മയുടെ ശരീരത്തോട് ചേർത്തുപിടിക്കുന്ന സ്കിൻ-ടു-സ്കിൻ (skin-to-skin) സമ്പർക്കം നിലനിർത്താനും, ഇടയ്ക്കിടെ മുലയൂട്ടാനും, ആവശ്യം വരുമ്പോഴെല്ലാം ആശാ വർക്കർമാർ, അംഗൻവാടി പ്രവർത്തകർ അല്ലെങ്കിൽ ആരോഗ്യ സംരക്ഷണ പ്രവർത്തകർ എന്നിവരിൽ നിന്ന് മാർഗ്ഗനിർദ്ദേശം തേടാനും അമ്മമാരെ പ്രോത്സാഹിപ്പിക്കുന്നു. ജോലിചെയ്യുന്ന അമ്മമാർക്ക് മുലപ്പാൽ എടുത്തു സുരക്ഷിതമായി സൂക്ഷിക്കാവുന്നതാണ്. മുലയൂട്ടൽ, അമ്മമാർക്കും ഏറെ പ്രയോജനം ചെയ്യുന്നു. പ്രസവശേഷമുള്ള ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്നതിനൊപ്പം സ്തനാർബുദം, അണ്ഡാശയ അർബുദം, ടൈപ്പ്-2 പ്രമേഹം, പ്രസവാനന്തര വിഷാദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഓരോ അമ്മയ്ക്കും മുലയൂട്ടാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും, ഓരോ കുട്ടിക്കും ജീവിതത്തിൽ ഏറ്റവും മികച്ച തുടക്കം ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും ആരോഗ്യ വിദഗ്ദ്ധർ, സാമൂഹിക പ്രവർത്തകർ, കുടുംബങ്ങൾ, പൗരന്മാർ എന്നിവരോട് മന്ത്രാലയം ആഹ്വനം ചെയ്യുന്നു.
 
SKY
******

(रिलीज़ आईडी: 2292446) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , Urdu , Marathi , हिन्दी , Gujarati , Tamil , Telugu , Kannada