വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഘടനാപരവും മത്സരാധിഷ്ഠിതവുമായ പരിഷ്കാരങ്ങളുടെ ആഗോള റാങ്കിംഗിൽ ഇന്ത്യ 57-ാം സ്ഥാനത്തേക്ക് ഉയർന്നതായി കോമ്പറ്റീർ ഫൗണ്ടേഷൻ റിപ്പോർട്ട്

प्रविष्टि तिथि: 30 JUL 2026 12:09PM by PIB Thiruvananthpuram

ഇന്ത്യയുടെ അടുത്ത വളർച്ചാ ലക്ഷ്യം: 2010–2023 കാലയളവിലെ പരിഷ്കരണ നേട്ടങ്ങളെ മുൻനിർത്തി വിപണിയിലെ മത്സരവിരുദ്ധ തടസ്സങ്ങളുടെ ലഘൂകരണം’ എന്ന തലക്കെട്ടില്‍ കോമ്പറ്റീർ ഫൗണ്ടേഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഘടനാപരവും മത്സരാധിഷ്ഠിതവുമായ പരിഷ്കാരങ്ങളുടെ ആഗോള റാങ്കിംഗിൽ ഇന്ത്യ 25 സ്ഥാനങ്ങൾ മുന്നേറി 82-ൽ നിന്ന് 57-ാം സ്ഥാനത്തെത്തി. 2010-നും 2023-നുമിടയിൽ വിപണിയിലെ തടസ്സങ്ങൾ കുറയ്ക്കാനും  മത്സരശേഷി ശക്തിപ്പെടുത്താനും നടപ്പാക്കിയ സുസ്ഥിര ശ്രമങ്ങളാണ് നേട്ടത്തിന് കാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.  വിപണി തടസ്സ നിർണയ സൂചിക അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ പ്രകടനം വിലയിരുത്തിയത്.

 

സെന്റർ ഫോർ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലോ (CTIL), ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (IIFT) എന്നിവ കോമ്പറ്റീർ ഫൗണ്ടേഷന്‍ ഫോര്‍ ട്രേഡ് ആൻഡ് കോമ്പറ്റീഷൻ പോളിസിയുമായി സഹകരിച്ച് "ഇന്ത്യയുടെ പരിഷ്കരണ പാത, വിപണി തടസ്സങ്ങൾ, വളർച്ചയുടെയും മത്സരശേഷിയുടെയും അടുത്ത ഘട്ടം" എന്ന പ്രമേയത്തില്‍ ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ സംഘടിപ്പിച്ച ചർച്ചയിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്.  ഇന്ത്യയുടെ ഘടനാപരമായ പരിഷ്കരണ യാത്ര, മത്സരശേഷി വർധിപ്പിക്കുന്ന നയപരമായ നടപടികൾ, മാറിക്കൊണ്ടിരിക്കുന്ന ആഗോള വ്യാപാര അന്തരീക്ഷത്തിൽ വളർച്ച നിലനിർത്താനാവശ്യമായ ഭാവി പരിഷ്കാരങ്ങൾ എന്നിവയിലാണ് ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചത്.

 

സ്വത്തവകാശ സംരക്ഷണം, ആഭ്യന്തര മത്സരം, അന്താരാഷ്ട്ര മത്സരം എന്നീ മൂന്ന് പ്രധാന മേഖലകളിലെ വിപണി തടസ്സങ്ങളെ റിപ്പോർട്ട് വിലയിരുത്തുന്നു. ചരക്കുസേവന നികുതിയുടെയും പാപ്പരത്ത കോഡിന്റെയും നടത്തിപ്പ്, നിയന്ത്രണ അന്തരീക്ഷം മെച്ചപ്പെടുത്തല്‍, വ്യാപാര സൗകര്യങ്ങളുടെ ആധുനികവല്‍ക്കരണം തുടങ്ങിയ പരിഷ്കാരങ്ങൾ റിപ്പോർട്ട് എടുത്തുപറയുന്നു. കൂടാതെ മത്സരം, നിക്ഷേപ സാഹചര്യങ്ങൾ, ഡിജിറ്റൽ വിപണികൾ, ഇന്ത്യയുടെ മത്സരശേഷിയെയും അന്താരാഷ്ട്ര വ്യാപാര പങ്കാളിത്തത്തെയും ബാധിക്കുന്ന ബാഹ്യ നിയന്ത്രണ തടസ്സങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും റിപ്പോർട്ട് പരിശോധിക്കുന്നു.

 

ആഗോള മത്സരശേഷിയുടെയും അന്താരാഷ്ട്ര വ്യാപാരത്തിന്റെയും പശ്ചാത്തലത്തിൽ ഇന്ത്യയുടെ പരിഷ്കരണ പാത വിലയിരുത്തുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി സെന്റർ ഫോർ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലോ പ്രൊഫസറും മേധാവിയുമായ ഡോ. ജെയിംസ് ജെ. നെടുമ്പാറ ചടങ്ങില്‍ സ്വാഗതഭാഷണം നടത്തി.

 

ലഡാക്ക് തിരഞ്ഞെടുപ്പ് കമ്മീഷണറും കേന്ദ്ര ഗവൺമെന്റ് മുൻ സെക്രട്ടറിയുമായ ശ്രീ സുധാംശു പാണ്ഡെ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കോമ്പറ്റീർ ഫൗണ്ടേഷൻ ചെയർമാനും പ്രസിഡന്റുമായ ശ്രീ ശങ്കർ സിംഗം റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ അവതരിപ്പിച്ചു.

 

മത്സര നയത്തിൽ തെളിവുകളില്‍ അധിഷ്ഠിതമായ സമീപനം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം, ഉപഭോക്തൃ ക്ഷേമത്തിന്റെ പശ്ചാത്തലത്തില്‍ മേഖല തിരിച്ചുളള നിക്ഷേപ നിയന്ത്രണങ്ങളുടെ അവലോകനം, അന്താരാഷ്ട്ര വിപണികളിലെ നിയന്ത്രണ തടസ്സങ്ങൾ പരിഹരിക്കാന്‍ സമാന ചിന്താഗതിക്കാരായ വ്യാപാര പങ്കാളികളുമായി സഹകരണം ശക്തിപ്പെടുത്തൽ എന്നിവയും റിപ്പോർട്ട് അടിവരയിടുന്നു.

 

നിയമ, വ്യവസായ, അക്കാദമിക, നയരൂപീകരണ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുത്ത പാനൽ ചർച്ചയിൽ ഇന്ത്യയുടെ പരിഷ്കരണ അനുഭവം, മത്സരനയം, നിക്ഷേപ അന്തരീക്ഷം, വിപണി തടസ്സങ്ങൾ, അന്താരാഷ്ട്ര വ്യാപാരത്തിൽ ഉയർന്നുവരുന്ന വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്തു. തുടർന്ന്  ചോദ്യോത്തര വേളയോടെ പരിപാടി സമാപിച്ചു.

 

ഇന്ത്യയുടെ മത്സരശേഷി, ഉല്പാദനക്ഷമത, ആഗോള സമ്പദ്‌വ്യവസ്ഥാ സംയോജനം എന്നിവ ശക്തിപ്പെടുത്തുന്നതിന് നയപരമായ നടപടികൾ ചർച്ച ചെയ്യാന്‍ നിയമ, അക്കാദമിക, വ്യവസായ, നയരൂപീകരണ മേഖലകളിലെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

 

റിപ്പോർട്ട് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

****

 

(रिलीज़ आईडी: 2291664) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Tamil