റെയില്‍വേ മന്ത്രാലയം
അതിർത്തി വ്യാപാരത്തിലും ഗതാഗത ബന്ധത്തിലും പുതിയ അധ്യായം രചിച്ച് ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള ആദ്യ വാണിജ്യ ചരക്ക് ട്രെയിന്‍ നേപ്പാളിലെത്തി
प्रविष्टि तिथि:
28 JUL 2026 4:16PM by PIB Thiruvananthpuram
കൊൽക്കത്ത തുറമുഖത്തുനിന്ന് നേപ്പാളിലെ ബിരാട്നഗർ കസ്റ്റംസ് യാർഡിലേക്ക് നേരിട്ടുള്ള പ്രഥമ വാണിജ്യ കണ്ടെയ്‌നർ ചരക്ക് ട്രെയിന്‍ വിജയകരമായി ഓടിച്ച് ഇന്ത്യ-നേപ്പാൾ ചരക്ക് ഗതാഗത ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ റെയിൽവേ മികച്ച നേട്ടം കൈവരിച്ചു. കനോല വഹിക്കുന്ന 40 വാഗണുകളടങ്ങിയ ട്രെയിന്‍ പരിഷ്കരിച്ച ഇന്ത്യ-നേപ്പാൾ റെയിൽ ട്രാൻസിറ്റ് പ്രോട്ടോക്കോൾ പ്രകാരമാണ് യാത്ര പൂർത്തിയാക്കിയത്. റെയിൽ മാർഗമുള്ള അതിർത്തി ചരക്കുനീക്കത്തിൽ ഇത് പുതിയ അധ്യായം അടയാളപ്പെടുത്തുന്നു.

അതിർത്തിയിൽ ചരക്കുകൾ മാറ്റിക്കയറ്റാതെ കൊൽക്കത്ത തുറമുഖത്തുനിന്ന് ബിരാട്നഗറിലേക്ക് കണ്ടെയ്‌നര്‍ ചരക്കുകളുടെ നേരിട്ടുള്ള റെയിൽ നീക്കം ഇതുവഴി സാധ്യമാകുന്നു. ഗതാഗത സമയവും ചരക്കുനീക്ക ചെലവും ചരക്ക് കൈകാര്യം ചെയ്യലും ഗണ്യമായി കുറയ്ക്കുന്ന പുതിയ സംവിധാനം ഇരുരാജ്യങ്ങളും തമ്മിലെ അതിർത്തി വ്യാപാരത്തിന്റെ കാര്യക്ഷമതയും വിശ്വസനീയതയും മത്സരശേഷിയും വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ തടസ്സമില്ലാത്ത ചരക്ക് റെയിൽ ഗതാഗതം സുഗമമാക്കുന്ന പരിഷ്കരിച്ച ഇന്ത്യ-നേപ്പാൾ റെയിൽ ട്രാൻസിറ്റ് പ്രോട്ടോക്കോൾ നടപ്പിലാക്കിയതുവഴിയാണ് ഈ നാഴികക്കല്ല് സാധ്യമായത്.
2023 ജൂണിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും അന്നത്തെ നേപ്പാൾ പ്രധാനമന്ത്രിയും ചേർന്ന് ഉദ്ഘാടനം ചെയ്ത ജോഗ്ബാനി (ഇന്ത്യ) - ബിരാട്നഗർ (നേപ്പാൾ) ബ്രോഡ്‌ഗേജ് റെയിൽ ലിങ്കിന്റെ തുടര്‍ച്ചയായാണ് നേട്ടം. 2025 നവംബറിൽ പരിഷ്കരിച്ച കൈമാറ്റക്കരാർ ഒപ്പുവെച്ചതിനെ തുടർന്നാണ് ബിരാട്നഗറിലേക്ക് നേരിട്ടുള്ള വാണിജ്യ റെയിൽ ഗതാഗതം പ്രവർത്തനക്ഷമമായിരിക്കുന്നത്. ഉഭയകക്ഷി വ്യാപാരത്തിനും സാമ്പത്തിക സഹകരണത്തിനും ഇത് പുതിയ അവസരങ്ങൾ നല്‍കുന്നു.
വേഗമേറിയതും സാമ്പത്തികലാഭമുള്ളതും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാർഗം വാഗ്ദാനം ചെയ്യുന്ന നേരിട്ടുള്ള ചരക്ക് സർവീസ് ഇറക്കുമതി-കയറ്റുമതി ചരക്കുനീക്കത്തിന് വലിയ ഉത്തേജനം നൽകാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചരക്കുകൾ പല തലങ്ങളില്‍ കൈമാറുന്നത് കുറച്ചും വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിച്ചും അതിർത്തി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും ലോജിസ്റ്റിക്സ് സേവനദാതാക്കള്‍ക്കും വ്യവസായങ്ങൾക്കും സംരംഭം പ്രയോജനം ചെയ്യും.
അന്താരാഷ്ട്ര റെയിൽ ഗതാഗത ബന്ധം വിപുലീകരിക്കാനും ചരക്കുനീക്കം ശക്തപ്പെടുത്താനും ആധുനിക ഗതാഗത അടിസ്ഥാനസൗകര്യങ്ങളിലൂടെ വ്യാപാരം സുഗമമാക്കുന്ന ഗവണ്‍മെന്റ് കാഴ്ചപ്പാടിനെ പിന്തുണയ്ക്കാനും ഇന്ത്യൻ റെയിൽവേ നൽകുന്ന തുടർച്ചയായ ശ്രദ്ധയെ ഈ നാഴികക്കല്ല് പ്രതിഫലിപ്പിക്കുന്നു. റെയിൽ ചരക്കുനീക്കം വർധിക്കുന്നത് ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാനും ചരക്കുനീക്കത്തിന്റെ വിശ്വസനീയത കൂട്ടാനും കൂടുതൽ പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് സഹായിക്കാനും വഴിയൊരുക്കും. ഒപ്പം അയൽരാജ്യങ്ങളുമായി കൂടുതൽ കരുത്തുറ്റ സാമ്പത്തിക പങ്കാളിത്തം വളർത്തിയെടുക്കുകയും ചെയ്യും.
നേപ്പാളിലേക്ക് നേരിട്ടുള്ള പ്രഥമ വാണിജ്യ കണ്ടെയ്‌നർ ചരക്ക് തീവണ്ടിയുടെ വിജയകരമായ പ്രവർത്തനം പ്രാദേശിക വ്യാപാരത്തെയും സാമ്പത്തിക വളർച്ചയെയും തടസ്സമില്ലാത്ത അന്താരാഷ്ട്ര ഗതാഗത ബന്ധത്തെയും പിന്തുണയ്ക്കുന്ന സംയോജിതവും കാര്യക്ഷമവും ഭാവിസജ്ജവുമായ ചരക്കുനീക്ക ശൃംഖല കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യൻ റെയിൽവേ നടത്തുന്ന ശ്രമങ്ങളിലെ സുപ്രധാന നേട്ടം അടയാളപ്പെടുത്തുന്നു.
SKY
********
(रिलीज़ आईडी: 2290652)
आगंतुक पटल : 11