PIB Backgrounder
ഒരു കായിക രാഷ്ട്രത്തിൻ്റെ ഉദയം
ഖേലോ ഇന്ത്യയും ആഗോള മികവിലേക്കുള്ള പ്രയാണവും
प्रविष्टि तिथि:
27 JUL 2026 5:01PM by PIB Thiruvananthpuram

കായിക ഇന്ത്യയുടെ ആത്മവീര്യം

2026 ജൂലൈ 23 മുതൽ ഓഗസ്റ്റ് 2 വരെ ഗ്ലാസ്‌ഗോയിൽ കോമൺവെൽത്ത് ഗെയിംസ് അരങ്ങേറുമ്പോൾ, ഇന്ത്യയുടെ കായിക യാത്രയിലെ മറ്റൊരു സുവർണ്ണ അധ്യായത്തിന് കൂടിയാണ് തുടക്കം കുറിക്കുന്നത്. 1934-ൽ ആരംഭിച്ച കായിക പാരമ്പര്യം തുടരുന്ന ഇന്ത്യയുടെ 19-ാമത് കോമൺവെൽത്ത് ഗെയിംസ് (CWG) പങ്കാളിത്തമാണിത്. ഗ്ലാസ്‌ഗോയിൽ ഇന്ത്യയുടെ സ്വർണ്ണ വേട്ടയ്ക്ക് തുടക്കമിട്ട ഭാരോദ്വഹന താരം മീരാബായ് ചാനു, തൻ്റെ തുടർച്ചയായ മൂന്നാം കോമൺവെൽത്ത് ഗെയിംസ് കിരീടമാണ് ഇവിടെ സ്വന്തമാക്കിയത്.
ഇത്തരം നേട്ടങ്ങൾ മെഡലുകൾക്കപ്പുറം വലിയൊരു സന്ദേശമാണ് നൽകുന്നത്. ഒരു രാഷ്ട്രത്തെ പരിവർത്തനം ചെയ്യാനും വ്യക്തിത്വങ്ങൾ രൂപപ്പെടുത്താനും രാജ്യങ്ങളെ ആഗോളവേദിയിലേക്ക് ഉയർത്താനും കായികരംഗത്തിന് അതിശക്തമായ കഴിവുണ്ട്. ഒരു രാജ്യം കായിക രംഗത്തെ വൻശക്തിയായി മാറിയെന്ന് വിളിച്ചോതുന്നതിനൊപ്പം, അത് പൗരന്മാരിൽ സ്വഭാവഗുണവും ആത്മവിശ്വാസവും വളർത്തുകയും ചെയ്യുന്നു. കളിക്കളത്തിലെ വിജയം വലിയതോതിലുള്ള ദേശീയ അഭിമാനം സമ്മാനിക്കുകയും, ജാതിക്കും മതത്തിനും വിശ്വാസങ്ങൾക്കും അതീതമായി ജനങ്ങളെ ഒന്നിപ്പിക്കുകയും ചെയ്യുന്നു. ഈ പങ്കിട്ട അഭിമാനം സന്തുഷ്ടവും ആരോഗ്യകരവും കൂടുതൽ ഐക്യമുള്ളതുമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ സഹായിക്കുന്നു.
ഇന്ത്യയുടെ ഏറ്റവും വലിയ കായിക സമ്പത്ത് രാജ്യത്തെ യുവജനങ്ങളാണ്. ജനസംഖ്യയുടെ ഏകദേശം 65 ശതമാനത്തോളം ആളുകൾ 35 വയസ്സിൽ താഴെയുള്ളവരാണ്. ഈ വലിയ സാധ്യത തിരിച്ചറിഞ്ഞുകൊണ്ട്, കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം യുവജന വികസനം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തുടനീളം കായിക മികവ് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. 2013-14 കാലയളവിൽ മന്ത്രാലയത്തിന് 1,219 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നതെങ്കിൽ, 2026-27 ലെ കേന്ദ്ര ബജറ്റിൽ ഇത് റെക്കോർഡ് തുകയായ 4,479.88 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്.
ഈ പരിവർത്തനത്തിൻ്റെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നത് ഖേലോ ഇന്ത്യ പരിപാടിയാണ്, ഒപ്പം മറ്റ് നിരവധി പ്രധാന സംരംഭങ്ങളും ഇതിന് പിന്തുണയേകുന്നു. ഇവ ഒത്തുചേർന്ന്, ഗ്രാമീണ-നഗര വ്യത്യാസമില്ലാതെ ഇന്ത്യയിലുടനീളം വൻതോതിലുള്ള ജനപങ്കാളിത്തവും കായിക മികവും പ്രോത്സാഹിപ്പിക്കുന്നു. എല്ലാ തലങ്ങളിലുമുള്ള കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും അവരെ പരിശീലിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക സഹായവും ഇവ ഉറപ്പാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കായികവേദികളിൽ ഇന്ത്യയുടെ പതാക അഭിമാനത്തോടെ ഉയർത്തിപ്പിടിക്കാൻ സജ്ജരായ ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ ഈ ശ്രമങ്ങൾ നിർണായക പങ്കുവഹിക്കുന്നു.
ഖേലോ ഇന്ത്യയുടെ കാഴ്ചപ്പാട്

ഇന്ത്യൻ കായികരംഗത്തിന് ശക്തമായൊരു അടിത്തറ സൃഷ്ടിക്കുന്നതിനായി 2017-ലാണ് ഖേലോ ഇന്ത്യ പദ്ധതിക്ക് തുടക്കം കുറിച്ചത്. അതുവരെ നിലവിലുണ്ടായിരുന്ന മൂന്ന് പ്രധാന കായിക പരിപാടികളെ ഇത് ഒരു കുടക്കീഴിൽ കൊണ്ടുവന്നു. രാജീവ് ഗാന്ധി ഖേൽ അഭിയാൻ, അർബൻ സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ സ്കീം, നാഷണൽ സ്പോർട്സ് ടാലൻ്റ് സെർച്ച് സ്കീം എന്നിവയെ സമഗ്രമായി സംയോജിപ്പിച്ചുകൊണ്ട്, കായിക വികസനത്തിനായുള്ള ഒരു ഏകീകൃത ചട്ടക്കൂട് ഈ പദ്ധതിയിലൂടെ രൂപീകരിക്കപ്പെട്ടു.
കായിക ആവാസവ്യവസ്ഥയുടെ ഓരോ ഘട്ടത്തെയും ശക്തിപ്പെടുത്തുന്നതിനായി വളരെ സമഗ്രമായ ഒരു സമീപനമാണ് ഈ പദ്ധതി പിന്തുടരുന്നത്. ഇതിൻ്റെ അഞ്ച് പ്രധാന സ്തംഭങ്ങൾ താഴെ പറയുന്നവയാണ്:
• പ്രതിഭാധനരായ കായികതാരങ്ങളെ കണ്ടെത്തുന്നതിനും അവരെ പ്രൊഫഷണൽ മികവിലേക്ക് നയിക്കുന്നതിനുമായി വിവിധ തലങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുക.
• പ്രത്യേക വികസന പരിപാടികളിലൂടെ പരിശീലകരുടെയും കായിക അനുബന്ധ ജീവനക്കാരുടെയും പ്രവർത്തനക്ഷമതയും നൈപുണ്യവും വർദ്ധിപ്പിക്കുക.
• കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കായികശാസ്ത്രത്തിൻ്റെയും അത്യാധുനിക സാങ്കേതികവിദ്യകളുടെയും ഉപയോഗം വ്യാപിപ്പിക്കുക.
• ഊർജ്ജസ്വലമായ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും മത്സരാവസരങ്ങൾ ഒരുക്കുന്നതിനുമായി മത്സരങ്ങളും ലീഗുകളും സംഘടിപ്പിക്കുക.
• കായിക പരിശീലനത്തിനും മത്സരങ്ങൾക്കും ആവശ്യമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക.
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പദ്ധതികളിലൂടെ ഓരോ ജില്ലയിലും ഒരു ഖേലോ ഇന്ത്യ പരിശീലന കേന്ദ്രം സ്ഥാപിക്കുക എന്നതാണ് ഈ ദൗത്യത്തിലൂടെ വിഭാവനം ചെയ്യുന്നത്. കായികശാസ്ത്രം, മനഃശാസ്ത്രം, പോഷകാഹാരം എന്നിവയുടെ പിന്തുണയോടെയുള്ള ഘടനാപരമായ അത്‌ലറ്റ് പാതകളെയും ഇത് പ്രോത്സാഹിപ്പിക്കുന്നു. വിവരശേഖരണത്തെ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ കായികതാരങ്ങളുടെ തത്സമയ പുരോഗതി നിരീക്ഷിക്കുന്നത് സാധ്യമാക്കുന്നു. 2036-ഓടെ ഇന്ത്യയെ ലോകത്തിലെ മുൻനിര കായിക രാഷ്ട്രങ്ങളിൽ ഒന്നായി ഉയർത്താൻ ഈ സമഗ്ര സമീപനം ലക്ഷ്യമിടുന്നു.
ഖേലോ ഇന്ത്യയിലേക്കുള്ള വർദ്ധിച്ചുവരുന്ന നിക്ഷേപം
2017-18 മുതൽ 2019-20 വരെ: പദ്ധതി നവീകരിക്കുന്നതിനായി മൂന്ന് വർഷത്തേക്ക് 1,756 കോടി രൂപ അനുവദിച്ചു.
2020-21: ഒരു വർഷത്തേക്ക് 328.77 കോടി രൂപ വകയിരുത്തി.
2021-22 മുതൽ 2025-26 വരെ: പദ്ധതിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും കായിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക വിഹിതം 3,790.50 കോടി രൂപയായി ഉയർത്തി.
2026-27: ഫലപ്രാപ്തി ലക്ഷ്യമിട്ടുള്ള നടപ്പിലാക്കലിൻ്റെ പുതിയൊരു ഘട്ടത്തിലേക്ക് പദ്ധതി കടക്കുമ്പോൾ, തുടർച്ചയായ പിന്തുണ ഉറപ്പാക്കിക്കൊണ്ട് 924.35 കോടി രൂപ വകയിരുത്തി.

ഖേലോ ഇന്ത്യ പദ്ധതിയുടെ പ്രധാന നേട്ടങ്ങൾ (2026 ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം)
• 349 പുതിയ കായിക അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് അംഗീകാരം നൽകി, ആകെ 3,176 കോടി രൂപയുടെ നിക്ഷേപമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
• അടിസ്ഥാനതല പരിശീലനവും കായികതാരങ്ങൾക്കുള്ള പിന്തുണയും ശക്തിപ്പെടുത്തുന്നതിനായി 1,067 ഖേലോ ഇന്ത്യ കേന്ദ്രങ്ങൾ സ്ഥാപിച്ചു.
• വിവിധ കായിക ഇനങ്ങളിലെ പ്രതിഭകളെ വളർത്തിയെടുക്കുന്നതിനായി 267 അക്കാദമികൾക്ക് പിന്തുണ നൽകി.
• 2,745 ഖേലോ ഇന്ത്യ കായികതാരങ്ങൾക്ക് മികച്ച പരിശീലനം, കായിക ഉപകരണങ്ങൾ, ചികിത്സാസഹായം എന്നിവയ്ക്ക് പുറമെ പ്രതിമാസ പോക്കറ്റ് അലവൻസും ലഭ്യമാക്കി.
തുടർച്ചയായ നിക്ഷേപങ്ങളിലൂടെയും വ്യക്തമായ ദീർഘകാല കാഴ്ചപ്പാടിലൂടെയും, ഇന്ത്യയ്ക്കായി ഭാവി ചാമ്പ്യന്മാരെ വാർത്തെടുക്കാനുള്ള ശക്തമായൊരു പ്രതിഭാശൃംഖലയാണ് ഖേലോ ഇന്ത്യ സൃഷ്ടിക്കുന്നത്.
ഖേലോ ഇന്ത്യ ഗെയിംസ്: ഭാവി ചാമ്പ്യന്മാർക്കുള്ള വേദി
2018-ൽ ഖേലോ ഇന്ത്യ സ്കൂൾ ഗെയിംസ് ആരംഭിച്ചതോടെയാണ് ഖേലോ ഇന്ത്യ പ്രസ്ഥാനം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവ കായിക പ്രതിഭകളെ ഒരൊറ്റ വേദിയിൽ അണിനിരത്താൻ ന്യൂഡൽഹിയിൽ നടന്ന ഈ കായികമാമാങ്കത്തിന് കഴിഞ്ഞു.
അതേവർഷം തന്നെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും ഈ സംരംഭത്തിൻ്റെ ഭാഗമായി. തുടർന്ന് 2019 മുതൽ ഈ കായികമേള ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് (KIYG) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഇന്നും ഖേലോ ഇന്ത്യ പദ്ധതിക്ക് കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട മുൻനിര മത്സരമായി ഇത് തുടരുന്നു.

വിവിധ കായിക ഇനങ്ങളിലുള്ള താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഖേലോ ഇന്ത്യ ഗെയിംസ് ഇന്ന് നിരന്തരം വിപുലീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങളെയും സർവ്വകലാശാലകളെയും പ്രതിനിധീകരിച്ച് എത്തുന്ന മത്സരാർത്ഥികളെ ഈ വാർഷിക മത്സരങ്ങൾ ഒരുമിച്ചുകൊണ്ടുവരുന്നു. ഇത് അവരെ പരസ്പരം മത്സരിക്കാനും, മികവ് പുലർത്താനും, ഉയർന്ന തലങ്ങളിലേക്കുള്ള മത്സരങ്ങൾക്കായി സ്വയം സജ്ജരാകാനും സഹായിക്കുന്നു. 2018 മുതൽ ഇതുവരെ 63,000-ത്തിലധികം കായികതാരങ്ങളാണ് ഖേലോ ഇന്ത്യ ഗെയിംസിൽ പങ്കാളികളായിട്ടുള്ളത്.
2020-ലാണ് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസും (KIUG), ഖേലോ ഇന്ത്യ വിൻ്റർ ഗെയിംസും (KIWG) ആരംഭിച്ചത്. തൊട്ടുപിന്നാലെ 2023-ൽ ഖേലോ ഇന്ത്യ പാരാ ഗെയിംസിനും (KIPG) തുടക്കം കുറിച്ചു. തുടർന്ന് 2025-ൽ ഖേലോ ഇന്ത്യ ബീച്ച് ഗെയിംസും (KIBG), ഖേലോ ഇന്ത്യ വാട്ടർ സ്പോർട്സ് ഫെസ്റ്റിവലും ആരംഭിച്ചുകൊണ്ട് ഈ മുന്നേറ്റം കൂടുതൽ വ്യാപിപ്പിച്ചു. ഏറ്റവും ഒടുവിൽ 2026-ൽ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസും (KITG) കായികരംഗത്ത് അരങ്ങേറ്റം കുറിച്ചു.
യുവ കായികതാരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനുള്ള ദേശീയ വേദി ഒരുക്കിക്കൊണ്ട്, ഇന്ത്യയുടെ കായിക സംസ്കാരത്തെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഖേലോ ഇന്ത്യ ഗെയിംസ്.
ഇന്ത്യയുടെ കായികവിജയത്തിന് കരുത്തേകുന്നു
ഇന്ത്യയുടെ കായികരംഗത്തെ കുതിപ്പ് വെറും അടിസ്ഥാന സൗകര്യ വികസനത്തിലോ കായിക മത്സരങ്ങളിലോ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. കായികതാരങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുക, വളർന്നുവരുന്ന കായിക പ്രതിഭകളെ കണ്ടെത്തുക, ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിൻ്റെ കായികശേഷി വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് കൃത്യമായ ശ്രദ്ധയോടെയുള്ള നിരവധി സംരംഭങ്ങളാണ് നടപ്പിലാക്കിവരുന്നത്. ഈ കൂട്ടായ ശ്രമങ്ങൾ, താഴേത്തട്ടിലുള്ള പങ്കാളിത്തം മുതൽ ആഗോളതലത്തിലുള്ള കായിക വിജയം വരെയുള്ള ഇന്ത്യയുടെ പാതയെ കൂടുതൽ സുദൃഢമാക്കുന്നു.
ടാർഗറ്റ് ഒളിമ്പിക് പോഡിയം സ്കീം (TOPS)
ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസുകളിൽ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2014 സെപ്റ്റംബറിലാണ് യുവജനകാര്യ, കായിക മന്ത്രാലയം ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം ആരംഭിച്ചത്. കായികതാരങ്ങൾക്ക് സമഗ്രമായ സഹായം ഉറപ്പാക്കുന്നതിനായി, ഒരു സമർപ്പിത സാങ്കേതിക പിന്തുണാ സംഘത്തെ ഉൾപ്പെടുത്തിക്കൊണ്ട് 2018 ഏപ്രിലിൽ ഈ പദ്ധതി പുനഃക്രമീകരിച്ചു.
വിദേശ പരിശീലനം, അന്താരാഷ്ട്ര മത്സരങ്ങളിലെ പങ്കാളിത്തം, പരിശീലന ക്യാമ്പുകൾ, അത്യാധുനിക കായിക ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനൊപ്പം പ്രതിമാസം 50,000 രൂപ സ്റ്റൈപ്പൻഡും നൽകിക്കൊണ്ട് TOPS കായികതാരങ്ങൾക്ക് പിന്തുണയേകുന്നു. ഇതിനുപുറമേ, ജൂനിയർ കായികതാരങ്ങളെ പിന്തുണയ്ക്കുന്നതിനായി പ്രതിമാസം 25,000 രൂപ സ്റ്റൈപ്പൻഡ് നൽകുന്ന ഒരു ഡെവലപ്‌മെൻ്റ് ഗ്രൂപ്പും പദ്ധതിക്ക് കീഴിൽ രൂപീകരിച്ചിട്ടുണ്ട്.
2026 ഏപ്രിൽ വരെയുള്ള കണക്കനുസരിച്ച്, നിലവിൽ 51 കോർ കായികതാരങ്ങൾക്കും, 52 പാരാ കോർ കായികതാരങ്ങൾക്കും, 130 ഡെവലപ്‌മെൻ്റ് ഗ്രൂപ്പ് കായികതാരങ്ങൾക്കും ഈ പദ്ധതിയിലൂടെ പിന്തുണ ലഭിക്കുന്നുണ്ട്. 2020-ലെ ടോക്കിയോ ഒളിമ്പിക്സിലും 2024-ലെ പാരീസ് ഒളിമ്പിക്സിലും ഇന്ത്യ കൈവരിച്ച മികച്ച പ്രകടനങ്ങൾക്ക് പിന്നിൽ TOPS പദ്ധതി നിർണായക പങ്ക് വഹിച്ചു.
കീര്‍ത്തി
9 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിലെ കായിക പ്രതിഭകളെ തിരിച്ചറിഞ്ഞ് അവ മികച്ച രീതിയിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ഖേലോ ഇന്ത്യ റൈസിംഗ് ടാലൻ്റ് ഐഡൻ്റിഫിക്കേഷൻ (കീർത്തി). സുതാര്യവും യോഗ്യത മാനദണ്ഡമാക്കിയുള്ളതുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ടാലൻ്റ് അസസ്‌മെൻ്റ് സെൻ്ററുകൾ, ഏകീകൃത വിലയിരുത്തൽ മാനദണ്ഡങ്ങൾ, നിർമ്മിതബുദ്ധിയും ഡാറ്റാ അനലിറ്റിക്‌സും ഉൾപ്പെടെയുള്ള നൂതന വിവരസാങ്കേതിക സംവിധാനങ്ങൾ എന്നിവ ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നു.
രാജ്യത്തെ 33 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലായി നിലവിൽ 174 ടാലൻ്റ് അസസ്‌മെൻ്റ് സെൻ്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ 1,87,921 കായിക വിലയിരുത്തലുകൾ ഇവിടെ പൂർത്തിയാക്കിക്കഴിഞ്ഞു. 2036-ഓടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച 10 കായിക ശക്തികളിൽ ഒന്നായും, 2047-ഓടെ മികച്ച 5 രാജ്യങ്ങളിൽ ഒന്നായും മാറ്റുക എന്ന ലക്ഷ്യത്തോടെ, കായികതാരങ്ങളുടെ സുസ്ഥിരമായ ഒരു തലമുറ വാർത്തെടുക്കാനാണ് കീർത്തിയിലൂടെ ലക്ഷ്യമിടുന്നത്.
കായിക ഉൽപ്പന്ന നിർമ്മാണം
കായിക ഉൽപ്പന്നങ്ങളുടെ നിർമ്മാണ മേഖലയ്ക്കായി 500 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള ഒരു പ്രത്യേക സംരംഭം 2026-27 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു. മികച്ച ഗുണനിലവാരമുള്ളതും താങ്ങാനാവുന്നതുമായ കായിക ഉൽപ്പന്നങ്ങളുടെ ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം.
കായിക ഉൽപ്പന്നങ്ങളുടെ ആഭ്യന്തര ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുക, കായിക ഉപകരണങ്ങളുടെ രൂപകൽപ്പനയിൽ ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുക, മെറ്റീരിയൽ സയൻസ് മേഖലയിലെ പുരോഗതി ശക്തിപ്പെടുത്തുക, ആഗോള കായിക വിതരണ ശൃംഖലയിൽ ഇന്ത്യയുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുക, ഉൽപ്പാദന മേഖലയിലും അതുമായി ബന്ധപ്പെട്ട ഇതര മേഖലകളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഈ സംരംഭത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.
ഇത്തരം സുപ്രധാനമായ ഇടപെടലുകൾ ഇന്ത്യയുടെ കായിക ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുകയും, ആഗോള കായികവേദികളിൽ പൂർണ്ണ ആത്മവിശ്വാസത്തോടെ മത്സരിക്കാൻ ഇന്ത്യൻ കായികതാരങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
ആഗോള കായിക വേദിയിൽ ഇന്ത്യയുടെ കുതിപ്പ്
ഇന്ത്യയുടെ കായിക ആവാസവ്യവസ്ഥയിൽ നടത്തിവരുന്ന നിക്ഷേപങ്ങൾ ആഗോള കായിക വേദികളിൽ വലിയ ഫലങ്ങൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ഒളിമ്പിക്സ്, പാരാലിമ്പിക്സ്, മറ്റ് മൾട്ടി-സ്പോർട്സ് മത്സരങ്ങൾ എന്നിവയിൽ ഇന്ത്യ കാഴ്ചവെയ്ക്കുന്ന പ്രകടനങ്ങൾ രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന കരുത്തിൻ്റെ തെളിവാണ്. കായികതാരങ്ങളുടെ മെച്ചപ്പെട്ട വികസനം, മികച്ച പരിശീലന പിന്തുണ, തുടർച്ചയായ നിക്ഷേപം എന്നിവ ആഗോളതലത്തിൽ ഇന്ത്യയുടെ പ്രകടനം നിരന്തരം മെച്ചപ്പെടുത്തുന്നതിന് കാരണമായി. മത്സരങ്ങളിലെ പങ്കാളിത്തത്തിലും മെഡൽ നേട്ടങ്ങളിലും കൈവരിച്ച ഈ സ്ഥിരതയാർന്ന വളർച്ച, ലോകത്തെ മുൻനിര കായിക ശക്തിയായി ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയാണ്.
ഒളിമ്പിക് ഗെയിംസ്
2016-നും 2024-നും ഇടയിൽ ഇന്ത്യയുടെ ഒളിമ്പിക്സ് പ്രയാണത്തിൽ ശ്രദ്ധേയമായ മാറ്റങ്ങളാണ് ദൃശ്യമായത്. 2016-ലെ റിയോ ഒളിമ്പിക്സിലെ രണ്ട് മെഡലുകളിൽ നിന്ന് 2020-ലെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ ഏഴ് മെഡലുകളിലേക്ക് ഉയർന്നു. 2024-ലെ പാരീസ് ഒളിമ്പിക്സിൽ ആറ് മെഡലുകൾ നേടിക്കൊണ്ട് ഇന്ത്യ ഈ മുന്നേറ്റം നിലനിർത്തുകയും ചെയ്തു. 2020-ലെ ടോക്കിയോ ഒളിമ്പിക്സിലൂടെ നീരജ് ചോപ്ര അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവായി മാറി. ഒളിമ്പിക്സ് വേദികളിൽ ഇന്ത്യയുടെ ഏറ്റവും മികച്ചതും സ്ഥിരതയാർന്നതുമായ പ്രകടനം കാഴ്ചവെയ്ക്കുന്ന മെഡൽ ജേതാക്കളിലൊരാളായി മീരാബായ് ചാനുവും ഉയർന്നുവന്നു.
|
വർഷം
|
ആതിഥേയ നഗരം
|
ഇന്ത്യൻ കായികതാരങ്ങൾ
|
നേടിയ മെഡലുകൾ
|
|
2016
|
റിയോ ഡി ജനീറോ |
117
|
2
|
|
2020
|
ടോക്കിയോ |
119
|
7
|
|
2024
|
പാരീസ് |
117
|
6
|
പാരാലിമ്പിക് ഗെയിംസ്
കഴിഞ്ഞ മൂന്ന് പാരാലിമ്പിക്സ് പതിപ്പുകളിലായി ഇന്ത്യ കൈവരിച്ചത് സമാനതകളില്ലാത്ത വളർച്ചയാണ്. 2016-ലെ റിയോ പാരാലിമ്പിക്സിൽ നേടിയ 4 മെഡലുകളിൽ നിന്ന് 2020-ലെ ടോക്കിയോയിൽ ഇന്ത്യ 19 മെഡലുകളിലേക്ക് കുതിച്ചുയർന്നു. തുടർന്ന് നടന്ന 2024-ലെ പാരീസ് പാരാലിമ്പിക്സ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്, റെക്കോർഡ് നേട്ടത്തോടെ 29 മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ അവിടെ സ്വന്തമാക്കിയത്. അവനി ലേഖര, സുമിത് ആൻ്റിൽ, പ്രമോദ് ഭഗത് തുടങ്ങിയ താരങ്ങൾ ആഗോള വേദിയിൽ രാജ്യത്തിൻ്റെ യശസ്സുയർത്തിയ മികച്ച പ്രകടനങ്ങളുമായി മുൻപന്തിയിൽ നിന്നു. TOPS, ഖേലോ ഇന്ത്യ പാരാ ഗെയിംസ് തുടങ്ങിയ പദ്ധതികൾ രാജ്യത്തെ പാരാ കായികതാരങ്ങൾക്ക് നൽകിവരുന്ന പിന്തുണ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.
|
വർഷം
|
ആതിഥേയ നഗരം |
ഇന്ത്യൻ കായികതാരങ്ങൾ
|
ആകെ മെഡലുകൾ |
സ്വർണം |
വെള്ളി |
വെങ്കലം |
|
2016
|
റിയോ ഡി ജനീറോ |
19
|
4
|
2
|
1
|
1
|
|
2020
|
ടോക്കിയോ |
54
|
19
|
5
|
8
|
6
|
|
2024
|
പാരീസ് |
84
|
29
|
7
|
9
|
13
|
ഏഷ്യൻ ഗെയിംസ്
വലിയ കായികസംഘങ്ങളെ അണിനിരത്തിയും മെഡൽ നേട്ടങ്ങളിൽ പുതിയ റെക്കോർഡുകൾ കുറിച്ചും ഏഷ്യൻ ഗെയിംസിൽ ഇന്ത്യ അതിൻ്റെ പ്രകടനം നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 2014-ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ 57 മെഡലുകൾ നേടിയ ഇന്ത്യ, 2018-ലെ ജക്കാർത്തയിൽ അത് 69 ആയി ഉയർത്തി. തുടർന്ന് നടന്ന 2023-ലെ ഹാങ്‌ഷൗ പതിപ്പ് ഇന്ത്യൻ കായികചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറി, ചരിത്രത്തിലാദ്യമായി 107 മെഡലുകൾ എന്ന റെക്കോർഡ് നേട്ടമാണ് ഇന്ത്യൻ താരങ്ങൾ അവിടെ രേഖപ്പെടുത്തിയത്. നീരജ് ചോപ്ര, ലവ്‌ലിന ബോർഗോഹെയ്ൻ, സാത്വിക് സായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം തുടങ്ങിയ പ്രമുഖ താരങ്ങളുടെ മികച്ച പ്രകടനങ്ങളാണ് ഈ സമാനതകളില്ലാത്ത മുന്നേറ്റത്തിന് അടിത്തറയിട്ടത്.
|
വർഷം
|
ആതിഥേയ നഗരം |
ഇന്ത്യൻ
കായികതാരങ്ങൾ
|
ആകെ മെഡലുകൾ |
സ്വർണം |
വെള്ളി |
വെങ്കലം |
|
2014
|
ഇഞ്ചിയോൺ |
541
|
57
|
11
|
9
|
37
|
|
2018
|
ജക്കാർത്ത |
570
|
69
|
15
|
24
|
30
|
|
2023
|
ഹാങ്‌ഷൗ |
655
|
107
|
28
|
38
|
41
|
കോമൺവെൽത്ത് ഗെയിംസ്
കോമൺവെൽത്ത് ഗെയിംസിൻ്റെ ചരിത്രത്തിൽ എക്കാലത്തും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ നിലകൊള്ളുന്നു. 2014-ലെ ഗ്ലാസ്‌ഗോ ഗെയിംസിൽ 64 മെഡലുകൾ നേടിയ ഇന്ത്യ, 2018-ലെ ഗോൾഡ് കോസ്റ്റിൽ അത് 66 ആയി ഉയർത്തി. തുടർന്ന് നടന്ന 2022-ലെ ബർമിംഗ്ഹാം പതിപ്പിലും 61 മെഡലുകളുമായി ഇന്ത്യ മികച്ച മുന്നേറ്റം തുടർന്നു. ഗുസ്തി, ഭാരോദ്വഹനം, ടേബിൾ ടെന്നീസ്, ബാഡ്മിൻ്റൺ, അത്‌ലറ്റിക്സ് എന്നീ ഇനങ്ങളാണ് കോമൺവെൽത്ത് വേദികളിൽ ഇന്ത്യയുടെ വിജയഗാഥയ്ക്ക് സ്ഥിരമായി സംഭാവന നൽകുന്നത്. പി.വി. സിന്ധു, വിനേഷ് ഫോഗട്ട്, അചിന്ത ഷെയുലി തുടങ്ങിയ പ്രമുഖ താരങ്ങൾ ഈ പോരാട്ടങ്ങളിൽ രാജ്യത്തിൻ്റെ അഭിമാനമുയർത്തിയവരിൽ ചിലരാണ്.
|
വർഷം
|
ആതിഥേയ നഗരം |
ഇന്ത്യൻ
കായികതാരങ്ങൾ
|
ആകെ മെഡലുകൾ |
സ്വർണം |
വെള്ളി |
വെങ്കലം |
|
2014
|
ഗ്ലാസ്‌ഗോ |
215
|
64
|
15
|
30
|
19
|
|
2018
|
ഗോൾഡ് കോസ്റ്റ് |
218
|
66
|
26
|
20
|
20
|
|
2022
|
ബർമിംഗ്ഹാം |
210
|
61
|
22
|
16
|
23
|
അന്താരാഷ്ട്ര കായികവേദികളിൽ ഇന്ത്യ കൈവരിക്കുന്ന വളർന്നുവരുന്ന ഈ ആഗോള വിജയം, രാജ്യത്തിൻ്റെ കായിക ആവാസവ്യവസ്ഥയുടെ കരുത്തിനെയും ലോകവേദിയിൽ മികവ് തെളിയിക്കാനുള്ള ഇന്ത്യൻ കായികതാരങ്ങളുടെ ദൃഢനിശ്ചയത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്.
കോമൺവെൽത്ത് ഗെയിംസ് 2026

2026-ലെ കോമൺവെൽത്ത് ഗെയിംസ് ജൂലൈ 23 മുതൽ ഓഗസ്റ്റ് 2 വരെ ഗ്ലാസ്‌ഗോയിലാണ് നടക്കുന്നത്. ആറ് പൂർണ്ണ സംയോജിത പാരാ സ്പോർട്സ് ഇനങ്ങൾ ഉൾപ്പെടെ 10 കായിക ഇനങ്ങളിലായി 74 രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങളാണ് നാല് വേദികളിലായി നടക്കുന്ന ഈ മേളയിൽ മാറ്റുരയ്ക്കുന്നത്.
78 പുരുഷന്മാരും 46 വനിതകളും അടങ്ങുന്ന 124 അംഗ സംഘമാണ് ഈ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. വിവിധ കായിക ഇനങ്ങളിലായി രാജ്യത്തിൻ്റെ വളർന്നുവരുന്ന പ്രതിഭാശേഷിയുടെ ആഴത്തെ ഈ സംഘം പ്രതിഫലിപ്പിക്കുന്നു.
2026 ജൂലൈ 27 വരെയുള്ള കണക്കനുസരിച്ച്, ഒരു സ്വർണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ നാല് മെഡലുകൾ ഇന്ത്യ നേടിക്കഴിഞ്ഞു. പാരാ പവർലിഫ്റ്റിംഗിൽ വെങ്കലം നേടിക്കൊണ്ട് ഝണ്ടു കുമാർ ആണ് ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടത്. പുരുഷന്മാരുടെ 60 കിലോഗ്രാം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ഋഷികാന്ത സിംഗ്,പാരാ ഇതര വിഭാഗത്തിൽ ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടി. സ്നാച്ചിൽ പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡും അദ്ദേഹം സ്ഥാപിച്ചു.
ഗ്ലാസ്‌ഗോയിൽ ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡൽ നേടിക്കൊണ്ട് മീരാബായി ചാനു വീണ്ടുമൊരു ചരിത്ര നിമിഷം സമ്മാനിച്ചു. ഈ വിജയത്തോടെ കോമൺവെൽത്ത് ഗെയിംസിലെ തുടർച്ചയായ മൂന്നാം കിരീടമെന്ന നേട്ടവും അവർ സ്വന്തമാക്കി. പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ മുത്തുപാണ്ടി രാജയും ഇന്ത്യയുടെ മെഡൽ പട്ടികയിലേക്ക് സംഭാവന നൽകി.
മത്സരങ്ങൾ ഇനിയും ബാക്കിയുള്ളതിനാൽ ഇന്ത്യൻ കായികതാരങ്ങൾ കടുത്ത നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസത്തോടെയും മത്സരം തുടരുകയാണ്. ഗ്ലാസ്‌ഗോയിൽ ത്രിവർണ്ണ പതാക ഉയരങ്ങളിൽ പറക്കുമ്പോൾ, കൂടുതൽ അവിസ്മരണീയമായ പ്രകടനങ്ങൾക്കായി രാജ്യം കാത്തിരിക്കുന്നു.
കായിക മികവിലേക്കുള്ള ഇന്ത്യയുടെ യാത്ര
ഇന്ത്യയുടെ കായിക മുന്നേറ്റം കൂടുതൽ കരുത്തോടെ മുന്നോട്ട് കുതിക്കുകയാണ്. തുടർച്ചയായ നിക്ഷേപങ്ങൾ, ശക്തമായ പിന്തുണാ സംവിധാനങ്ങൾ, കായികതാരങ്ങളുടെ കേന്ദ്രീകൃത വികസനം എന്നിവ വിജയത്തിനായുള്ള ഒരു ശാശ്വത അടിത്തറ സൃഷ്ടിക്കുന്നു. അന്താരാഷ്ട്ര മത്സരങ്ങളിലെ വർദ്ധിച്ചുവരുന്ന പങ്കാളിത്തവും മെച്ചപ്പെട്ട പ്രകടനങ്ങളും ഈ ശ്രമങ്ങളുടെ സ്വാധീനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. 2026-ലെ കോമൺവെൽത്ത് ഗെയിംസ് പുരോഗമിച്ചുകൊണ്ടിരിക്കെ, ഇന്ത്യൻ കായികതാരങ്ങൾ നിശ്ചയദാർഢ്യത്തോടും അഭിമാനത്തോടും കൂടി മത്സരം തുടരുകയാണ്. ഓരോ പ്രകടനവും വലിയ സ്വപ്നങ്ങൾ കാണാനും ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കാനും അടുത്ത തലമുറയ്ക്ക് പ്രചോദനമേകുന്നു. ഇന്ത്യ ഭാവിയെ ഉറ്റുനോക്കുമ്പോൾ, ചാമ്പ്യന്മാരെ വാർത്തെടുക്കുന്നതിനും ലോകത്തെ മുൻനിര കായിക രാഷ്ട്രങ്ങൾക്കിടയിൽ സ്വന്തം സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമായി രാജ്യം പ്രതിജ്ഞാബദ്ധമായി തുടരുന്നു.
References:
PIB Backgrounders:
Ministry of Youth Affairs and Sports
Ministry of Textiles
Commonwealth Sport:
The Making of a Sporting Nation
****
(रिलीज़ आईडी: 2290409)
आगंतुक पटल : 4