ആഭ്യന്തരകാര്യ മന്ത്രാലയം
ദുരന്തസാധ്യത ലഘൂകരണം സംബന്ധിച്ച മൂന്നാമത് ബ്രിക്‌സ് മന്ത്രിതല യോഗത്തിന് ഇന്ത്യ വിജയകരമായി ആതിഥേയത്വം വഹിച്ചു; ആഗോള ദുരന്ത പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ബ്രിക്‌സ് സംയുക്ത പ്രസ്താവനയ്ക്ക് അംഗീകാരം
प्रविष्टि तिथि:
24 JUL 2026 5:37PM by PIB Thiruvananthpuram
2026-ലെ ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷതയ്ക്ക് കീഴിൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദുരന്തനിവാരണ അതോറിറ്റി (NDMA), 2026 ജൂലൈ 24-ന് ന്യൂഡൽഹിയിൽ ദുരന്തസാധ്യത ലഘൂകരണം സംബന്ധിച്ച (DRR) മൂന്നാമത് ബ്രിക്‌സ് മന്ത്രിതല യോഗത്തിന് വിജയകരമായി ആതിഥേയത്വം വഹിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്രിക്‌സ് അംഗരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും പ്രതിനിധിസംഘങ്ങളുടെ തലവന്മാരും പങ്കെടുത്തു. മെച്ചപ്പെട്ട സഹകരണം, നൂതനാശയങ്ങൾ, സുസ്ഥിര വികസനം എന്നിവയിലൂടെ ദുരന്ത പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള അവരുടെ കൂട്ടായ പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിച്ചു.

ദുരന്തസാധ്യത ലഘൂകരണ മേഖലയിലെ ബ്രിക്‌സ് സഹകരണത്തിൻ്റെ വികാസത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായി മാറിയ ഈ യോഗം, ദുരന്തസാധ്യത ലഘൂകരിക്കുന്നതിനുള്ള ബ്രിക്‌സ് സംയുക്ത പ്രസ്താവന ഏകകണ്ഠമായി അംഗീകരിച്ചുകൊണ്ടാണ് സമാപിച്ചത്. ബ്രിക്‌സ് ദുരന്തസാധ്യത ലഘൂകരണ പ്രവർത്തന പദ്ധതി (2025–2028) നടപ്പിലാക്കുന്നത് വേഗത്തിലാക്കുന്നതിനും, പ്രതിരോധശേഷിയുള്ള സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള അംഗരാജ്യങ്ങളുടെ കൂട്ടായ പ്രതിബദ്ധത ഇതിലൂടെ വീണ്ടും ഉറപ്പിച്ചു.

മന്ത്രിതല യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ് പറഞ്ഞു: ഉദയ്പൂർ പ്രഖ്യാപനം (2016) മുതൽ കസാൻ പ്രഖ്യാപനവും (2024) ബ്രിക്‌സ് ദുരന്തസാധ്യത ലഘൂകരണ ഗ്രൂപ്പിൻ്റെ (DRRG) രൂപീകരണവും വരെയുള്ള ബ്രിക്‌സ് സഹകരണത്തിൻ്റെ വളർച്ച, സുസ്ഥിര വികസനം, കാലാവസ്ഥാ പ്രതിരോധം, മനുഷ്യ സുരക്ഷ എന്നിവയ്ക്ക് ദുരന്തസാധ്യത ലഘൂകരണം അത്യന്താപേക്ഷിതമാണെന്ന വർദ്ധിച്ചുവരുന്ന തിരിച്ചറിവിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷതയ്ക്ക് കീഴിൽ, "പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കുക" എന്ന പ്രമേയത്തിൽ അധിഷ്ഠിതമായ, പ്രായോഗികവും പ്രവർത്തനാധിഷ്ഠിതവുമായ സമീപനമാണ് ഗ്രൂപ്പ് സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ദുരന്തസാധ്യത ലഘൂകരണ ഗ്രൂപ്പിനെ മന്ത്രിതലത്തിലേക്ക് ഉയർത്തിയ ബ്രസീലിൻ്റെ നടപടിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ദുരന്തസാധ്യത ലഘൂകരണത്തിൽ ഇന്ത്യയുടെ നേതൃത്വത്തെ എടുത്തുപറഞ്ഞുകൊണ്ട്, ഇന്ത്യയുടെ ജനകേന്ദ്രീകൃത സമീപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദുരന്തസാധ്യത ലഘൂകരണത്തിനായുള്ള പത്തിന അജണ്ടയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മന്ത്രി പറഞ്ഞു. ബ്രിക്‌സ് ദുരന്തസാധ്യത ലഘൂകരണ പ്രവർത്തന പദ്ധതിയുടെ (2025-2028) നടത്തിപ്പ് വേഗത്തിലാക്കുന്നതിനായി ഇന്ത്യയുടെ അധ്യക്ഷതയ്ക്ക് കീഴിലുള്ള അഞ്ച് തന്ത്രപ്രധാന മുൻഗണനകളെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ, ദുരന്തസാധ്യത ലഘൂകരണത്തെ സുസ്ഥിര വികസനത്തിൻ്റെ അവിഭാജ്യ ഘടകമാക്കി മാറ്റുന്നതിന് ശാസ്ത്ര-സാങ്കേതിക വിദ്യ, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ, പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ, പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ, സാമൂഹിക പ്രതിരോധശേഷി എന്നിവയിൽ സഹകരണം ശക്തിപ്പെടുത്താൻ അംഗരാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
"കാലാവസ്ഥാ സൗഹൃദവും ദുരന്ത-പ്രതിരോധ ശേഷിയുള്ളതുമായ അടിസ്ഥാന സൗകര്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ: പ്രതിരോധശേഷിയുള്ള വികസനത്തിനായുള്ള പങ്കാളിത്തം, നൂതനാശയങ്ങൾ , ധനസഹായം" എന്ന വിഷയത്തിൽ നടന്ന ഉന്നതതല നയ സംവാദവും മന്ത്രിതല യോഗത്തിൻ്റെ ഭാഗമായിരുന്നു. വർദ്ധിച്ചുവരുന്ന ദുരന്ത-കാലാവസ്ഥാ വ്യതിയാന ഭീഷണികളെ നേരിടുന്നതിനായി പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ, നൂതന ധനസഹായ മാർഗ്ഗങ്ങൾ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, അന്താരാഷ്ട്ര പങ്കാളിത്തം എന്നിവയെക്കുറിച്ച് മന്ത്രിമാർ വിശദമായി ചർച്ച ചെയ്തു.
"ബ്രിക്‌സ് ദുരന്ത ലഘൂകരണ പ്രവർത്തന പദ്ധതിയുടെ (2025-2028) നടത്തിപ്പ് ത്വരിതപ്പെടുത്തൽ" എന്ന വിഷയത്തിൽ നടന്ന മന്ത്രിതല വട്ടമേശ സമ്മേളനം, അംഗരാജ്യങ്ങൾക്ക് അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനും സ്ഥാപനപരമായ സഹകരണം, ശേഷി വികസനം, വിജ്ഞാന കൈമാറ്റം, അംഗീകരിച്ച മുൻഗണനകൾ നടപ്പിലാക്കൽ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും വഴിയൊരുക്കി.
ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷപദവിയുടെ ഭാഗമായി, ബ്രിക്‌സ് അംഗരാജ്യങ്ങളിലുടനീളം വസ്തുതാധിഷ്ഠിതമായ നയരൂപീകരണം, സ്ഥാപനപരമായ ശക്തിപ്പെടുത്തൽ, ശേഷി വികസനം, ദുരന്ത ലഘൂകരണ സംരംഭങ്ങളുടെ പ്രായോഗികമായ നടപ്പിലാക്കൽ എന്നിവയെ പിന്തുണയ്ക്കുന്നതിനായി ആറ് മുൻനിര വിജ്ഞാന ഉൽപ്പന്നങ്ങൾ പുറത്തിറക്കി.
ദുരന്ത പ്രതിരോധശേഷിയിലൂന്നിയ വിജ്ഞാന കൈമാറ്റം, നൂതനാശയങ്ങൾ, കൃത്യമായി വിലയിരുത്താനാകുന്ന ഫലങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പതിവായ സാങ്കേതിക കൈമാറ്റങ്ങൾ, സംയുക്ത പദ്ധതികൾ, ദുരന്തസാഹചര്യ അനുകരണ അഭ്യാസങ്ങൾ, സാങ്കേതിക വിദഗ്ധരുടെ വിനിമയം, വാർഷിക പ്രമേയാധിഷ്ഠിത പ്രവർത്തനപദ്ധതികൾ എന്നിവയിലൂടെ പ്രായോഗികവും
പ്രവർത്തനാധിഷ്ഠിതവുമായ സഹകരണം ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയ്ക്ക് ഭാവി പ്രവർത്തനമെന്ന നിലയിൽ മന്ത്രിമാർ ഊന്നൽ നൽകി.
ദുരന്ത ലഘൂകരണ മേഖലയിലെ ശക്തമായ അന്താരാഷ്ട്ര സഹകരണത്തിലൂടെ പ്രതിരോധശേഷിയുള്ളതും, എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ സുസ്ഥിര വികസനം സാധ്യമാക്കുന്നതിനുള്ള ബ്രിക്‌സിൻ്റെ കൂട്ടായ പ്രതിബദ്ധതയെ അടിവരയിടുന്നതായിരുന്നു മൂന്നാമത് ബ്രിക്‌സ് ദുരന്തസാധ്യതാ ലഘൂകരണ മന്ത്രിതല യോഗത്തിൻ്റെ വിജയകരമായ സമാപനം.
****
(रिलीज़ आईडी: 2289232)
आगंतुक पटल : 4