വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യയിലെ ടെലിവിഷൻ ചാനൽ പ്രേക്ഷകരുടെ എണ്ണമെടുക്കുന്ന സംവിധാനത്തെ സുതാര്യവും സ്വതന്ത്രവും ഉത്തരവാദിത്തപൂർണ്ണവുമാക്കുന്ന ടെലിവിഷൻ റേറ്റിംഗ് നയം 2026
प्रविष्टि तिथि:
24 JUL 2026 3:50PM by PIB Thiruvananthpuram
ഇന്ത്യയിലെ ടെലിവിഷൻ ചാനൽ പ്രേക്ഷകരുടെ എണ്ണമെടുക്കുന്ന രീതി മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം (MIB) ടെലിവിഷൻ റേറ്റിംഗ് നയം 2026 അവതരിപ്പിച്ചു. ടി.വി. റേറ്റിങ് ഏജൻസികളുടെ രജിസ്‌ട്രേഷൻ, പ്രവർത്തനം, ഓഡിറ്റ്, മേൽനോട്ടം എന്നിവയ്ക്കുള്ള മാനദണ്ഡങ്ങളാണ് ഈ നയം നിർദ്ദേശിക്കുന്നത്.പ്രേക്ഷകരുടെ എണ്ണത്തിൽ വിശ്വാസ്യതയും മത്സരക്ഷമതയും ഉറപ്പാക്കുന്നതിലൂടെ ടെലിവിഷൻ ചാനൽ പ്രേക്ഷകരുടെ എണ്ണമെടുക്കുന്ന സംവിധാനത്തെ സുതാര്യവും സ്വതന്ത്രവും ഉത്തരവാദിത്തപൂർണ്ണവുമാക്കുകയാണ് പ്രധാന ലക്ഷ്യം.
ഇന്ത്യയിലെ ടിവി റേറ്റിംഗ് ഏജൻസികൾക്കായി 2014 ജനുവരി 16-ന് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്ക് പകരമായാണ് പുതിയ ടിവി റേറ്റിംഗ് നയം 2026 നിലവിൽ വന്നത്.
നയത്തിന് കീഴിൽ അവതരിപ്പിച്ച സുപ്രധാന പരിഷ്കാരങ്ങളിൽ ഇനിപ്പറയുന്ന കാര്യങ്ങൾ ഉൾപ്പെടുന്നു:
- ടി.വി. റേറ്റിങ് ഏജൻസിയായി രജിസ്റ്റർ ചെയ്യാൻ ആവശ്യമായ ആസ്തി 20 കോടിയിൽനിന്ന് അഞ്ചു കോടിയാക്കി;
- കണക്റ്റഡ് (സ്മാർട്ട്) ടിവികളും ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സ്ട്രീം ചെയ്യുന്ന ടിവി ചാനലുകളും ഉൾപ്പെടെ വ്യത്യസ്ത സാങ്കേതികവിദ്യകളിലും വ്യൂവിംഗ് പ്ലാറ്റ്‌ഫോമുകളിലും പ്രേക്ഷകരുടെ എണ്ണമെടുക്കാൻ നയം അനുവദിക്കുന്നു;
- മീറ്റർ ചെയ്ത വീടുകളിലെ കാഴ്ചക്കാരുടെ പ്രാതിനിധ്യ പരിശോധന 50,000 ൽ നിന്ന് 80,000 ആയി വർദ്ധിപ്പിച്ചു;
- ഓരോ മൂന്ന് വർഷത്തിലും ആനുകാലിക സ്ഥാപന സർവേകൾ;
- ടിവി തുറക്കുമ്പോൾ ആദ്യം ലഭിക്കുന്ന കാഴ്ചകൾ റേറ്റിങ്ങിൽ ഉൾപ്പെടുത്തില്ല;
- വാർഷിക സ്വതന്ത്ര ഓഡിറ്റുകൾ;
- നിയമലംഘനങ്ങൾക്ക് താൽക്കാലിക സസ്‌പെൻഷൻ മുതൽ രജിസ്‌ട്രേഷൻ റദ്ദാക്കൽ വരെ ശിക്ഷ.
ടിവി റേറ്റിംഗ് ഏജൻസികൾ ന്യായമായും സ്വതന്ത്രമായും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ഒട്ടേറെ സുരക്ഷാ നടപടികൾ നയത്തിലുണ്ട്. വിരുദ്ധ താത്പര്യങ്ങൾ തടയുന്നതിനുള്ള ഉടമസ്ഥാവകാശ നിയന്ത്രണങ്ങൾ, ഏജൻസിയുടെ ബോർഡ് അംഗങ്ങളിൽ മൂന്നിലൊന്ന് പേരെങ്കിലും സ്വതന്ത്ര ഡയറക്ടർമാരായിരിക്കണമെന്ന നിബന്ധന, റേറ്റിംഗുകളെ സ്വാധീനിക്കുന്ന കൺസൾട്ടൻസി, ഉപദേശക സേവനങ്ങൾ നിരോധിക്കൽ എന്നിവ ഈ നടപടികളിൽ ഉൾപ്പെടുന്നു. ഏജൻസികൾ സുരക്ഷാ അനുമതി നേടുകയും അവരുടെ പ്രവർത്തനങ്ങൾ സ്വതന്ത്രവും വിശ്വസനീയവുമായി തുടരുന്നുവെന്ന് ഉറപ്പാക്കുകയും കർശനമായ ഓഡിറ്റ്, സുതാര്യത ബാധ്യതകൾ പാലിക്കുകയും വേണം.
ഈ നയം അനുസരിച്ച്, ഇന്ത്യയിൽ ടെലിവിഷൻ റേറ്റിംഗുകൾ നൽകുന്ന ഏതൊരു കമ്പനിയും പുതിയ ആവശ്യകതകൾ പാലിക്കുകയും പുതിയ നയത്തിന് കീഴിൽ രജിസ്റ്റർ ചെയ്യുകയും വേണം.
ഇതുവരെ, പുതിയ നയത്തിന് കീഴിൽ ഒരു സ്ഥാപനവും രജിസ്റ്റർ ചെയ്തിട്ടില്ല. ടിവി റേറ്റിംഗ് സേവനങ്ങൾ നൽകുന്നതിന് രജിസ്റ്റർ ചെയ്യാവുന്ന ഏജൻസികളുടെ എണ്ണത്തിൽ ടെലിവിഷൻ റേറ്റിംഗ് നയം 2026 ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല.
രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്
******
(रिलीज़ आईडी: 2289215)
आगंतुक पटल : 6