ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
2026-ലെ ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷതയുടെ ഭാഗമായി സംഘടിപ്പിച്ച 16-ാമത് ബ്രിക്‌സ് ആരോഗ്യ മന്ത്രിമാരുടെ യോഗം വിജയകരമായി സമാപിച്ചു
प्रविष्टि तिथि:
23 JUL 2026 3:02PM by PIB Thiruvananthpuram
2026-ലെ ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷതയുടെ ഭാഗമായി സംഘടിപ്പിച്ച 16-ാമത് ബ്രിക്‌സ് ആരോഗ്യ മന്ത്രിമാരുടെ യോഗം ഇന്ന് ചണ്ഡീഗഡിൽ വിജയകരമായി സമാപിച്ചു. ബ്രിക്‌സ് അംഗരാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ മന്ത്രിമാർ, പ്രതിനിധി സംഘങ്ങളുടെ തലവൻമാർ, മുതിർന്ന ഉദ്യോഗസ്ഥർ, പൊതുജനാരോഗ്യ വിദഗ്ധർ എന്നിവരുടെ പങ്കാളിത്തത്തിന് ഈ യോഗം വേദിയായി. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പൊതുവായ മുൻഗണനാ വിഷയങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുക, പ്രതിരോധശേഷിയുള്ള ആഗോള ആരോഗ്യ സംവിധാനത്തിന് രൂപം നൽകുക എന്നിവയായിരുന്നു യോഗത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.

'പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കുക' എന്ന ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷസ്ഥാനത്തിൻ്റെ പ്രമേയത്തിന് കീഴിൽ വിളിച്ചുചേർത്ത ഈ യോഗം, പ്രധാന ആരോഗ്യ വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യാനും ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, നവീകരണം പ്രോത്സാഹിപ്പിക്കുക, മഹാമാരികൾ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ മെച്ചപ്പെടുത്തുക, തുടർച്ചയായ സഹകരണത്തിലൂടെ സാർവത്രിക ആരോഗ്യ പരിരക്ഷ കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുക എന്നീ ലക്ഷ്യങ്ങളോടുള്ള കൂട്ടായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാനും അംഗരാജ്യങ്ങൾക്ക് അവസരമൊരുക്കി.
മുഖ്യ പ്രഭാഷണം
16-ാമത് ബ്രിക്‌സ് ആരോഗ്യ മന്ത്രിമാരുടെ യോഗത്തെ ഓൺലൈനായി അഭിസംബോധന ചെയ്ത കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ, ബ്രിക്‌സ് അംഗരാജ്യങ്ങളിൽനിന്നും പങ്കാളി രാജ്യങ്ങളിൽനിന്നുമുള്ള ആരോഗ്യ മന്ത്രിമാരേയും പ്രതിനിധി സംഘങ്ങളുടെ തലവന്മാരേയും മുതിർന്ന ഉദ്യോഗസ്ഥരേയും ചണ്ഡീഗഢിലേക്ക് സ്വാഗതം ചെയ്യുകയും ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷതയിലുടനീളം നൽകിയ തുടർച്ചയായ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്കിടയിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന വേദിയെന്ന നിലയിൽ ബ്രിക്‌സ് കൂട്ടായ്മയുടെ കരുത്ത് അംഗരാജ്യങ്ങളുടെ സജീവമായ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് കീഴിൽ, ജനകേന്ദ്രീകൃത നയങ്ങൾ, ആരോഗ്യ സേവനങ്ങളുടെ വ്യാപനം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, മെച്ചപ്പെട്ട സേവന വിതരണം എന്നിവയിലൂടെ ഇന്ത്യ ആരോഗ്യ പരിപാലന സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായി പരിവർത്തനാത്മകമായ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. പ്രതിരോധശേഷിയുള്ള പൊതുജനാരോഗ്യ സംവിധാനങ്ങളും തുല്യമായ ആരോഗ്യ പരിരക്ഷയും രാജ്യങ്ങളുടെ സുസ്ഥിര വികസനത്തിന് അനിവാര്യമാണെന്ന ബോധ്യം ഇന്ത്യയുടെ അനുഭവങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെയുണ്ടായ ബ്രിക്‌സിൻ്റെ വളർച്ചയെക്കുറിച്ച് എടുത്തുപറഞ്ഞ ശ്രീ നദ്ദ, ഗ്ലോബൽ സൗത്തിൻ്റെ ശക്തമായ ശബ്ദമായും കൂടുതൽ ഉൾക്കൊള്ളുന്നതും തുല്യതയിലധിഷ്ഠിതവുമായ ഒരു ആഗോള ക്രമം രൂപപ്പെടുത്തുന്നതിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഒരു വേദിയായും ഈ കൂട്ടായ്മ ഉയർന്നുവന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. പകർച്ചവ്യാധികൾ, സാംക്രമികേതര രോഗങ്ങളുടെ ആശങ്കാജനകമായ വർദ്ധനവ്, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആരോഗ്യപരമായ അപകടസാധ്യതകൾ എന്നിവയെ പ്രതിരോധിക്കുന്നതിനും ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനും കൂടുതൽ ആഴത്തിലുള്ള ബഹുരാഷ്ട്ര സഹകരണവും ശക്തമായ സ്ഥാപന പങ്കാളിത്തവും ആവശ്യമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
"പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കുക" എന്ന ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷസ്ഥാനത്തിൻ്റെ പ്രമേയത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ആഗോള ആരോഗ്യരംഗത്തിൻ്റെ ഭാവി നിലകൊള്ളുന്നത് ഉയർന്നുവരുന്ന പൊതുജനാരോഗ്യ വെല്ലുവിളികളെ മുൻകൂട്ടി കാണാനും അവയോട് ഫലപ്രദമായി പ്രതികരിക്കാനും കഴിവുള്ള പ്രതിരോധശേഷിയുള്ള ആരോഗ്യ സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിലൂടെയാണെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.

"സർവ്വേ ഭവന്തു സുഖിനഃ, സർവ്വേ സന്തു നിരാമയഃ" (എല്ലാവരും സന്തുഷ്ടരായിരിക്കട്ടെ, എല്ലാവരും ആരോഗ്യത്തോടെയിരിക്കട്ടെ) എന്ന കാലാതീതമായ ഭാരതീയ ദർശനം ഉദ്ധരിച്ചുകൊണ്ട്, പൊതുജനാരോഗ്യത്തിൻ്റെ പരമമായ ലക്ഷ്യം രോഗങ്ങൾ ചികിത്സിക്കുക എന്നത് മാത്രമല്ല, മറിച്ച് രോഗങ്ങൾ തടയുന്നതും സമഗ്ര ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് ശ്രീ നദ്ദ പറഞ്ഞു.

ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷപദത്തിന് കീഴിലുള്ള ആരോഗ്യരംഗത്തെ മുൻഗണനകൾ അവതരിപ്പിച്ചുകൊണ്ട്, ആഗോള ക്ഷയരോഗ (ടി.ബി.) ബാധയുടെ പകുതിയോളവും ബ്രിക്‌സ് രാജ്യങ്ങളിലാണെന്ന് ശ്രീ നദ്ദ ചൂണ്ടിക്കാട്ടി. ബ്രിക്‌സ് ടി.ബി. ഗവേഷണ ശൃംഖല തുടർച്ചയായി ശക്തിപ്പെടുത്തുന്നത് സംയുക്ത ഗവേഷണം, നവീകരണം, പ്രവർത്തനാധിഷ്ഠിത ഗവേഷണം എന്നിവയ്ക്ക് വേഗത പകരുമെന്നും, പുതിയ രോഗനിർണ്ണയ ഉപാധികൾ, ചികിത്സകൾ, വാക്സിനുകൾ എന്നിവ എല്ലാവർക്കും തുല്യമായി ലഭ്യമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത് ആഗോളതലത്തിൽ ക്ഷയരോഗ നിർമ്മാർജ്ജനത്തിനായുള്ള ശ്രമങ്ങൾക്ക് ഗണ്യമായ സംഭാവന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിക്‌സ് അംഗരാജ്യങ്ങളിലെ മെഡിക്കൽ ഉൽപ്പന്ന നിയന്ത്രണ അതോറിറ്റികൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം അടിവരയിട്ടു പറഞ്ഞ മന്ത്രി, ബ്രിക്‌സ് ജി.എക്സ്.പി ധവളപത്രം പുറത്തിറക്കിയതിനെ സ്വാഗതം ചെയ്തു. നിയന്ത്രണ സംവിധാനങ്ങളിലെ മികവ്, ഏകീകരണം, ശേഷി വികസനം എന്നിവ വർദ്ധിപ്പിക്കുന്നതിനും മെഡിക്കൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവ ഉറപ്പാക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഭാവിയിൽ ഉണ്ടാകാനിടയുള്ള ആരോഗ്യ അടിയന്തരാവസ്ഥകളെ നേരിടാനുള്ള തയ്യാറെടുപ്പിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട്, വ്യാപകമായ പകർച്ചവ്യാധികൾ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ബ്രിക്‌സ് സംയോജിത മുൻകൂർ മുന്നറിയിപ്പ് സംവിധാനത്തിന് കീഴിൽ ഒരു ഉപസമിതി രൂപീകരിച്ചതിനെയും അതിൻ്റെ പ്രവർത്തന വ്യവസ്ഥകൾ അംഗീകരിച്ചതിനെയും അദ്ദേഹം സ്വാഗതം ചെയ്തു. ഇത് പ്രാദേശികവും ആഗോളവുമായ ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആരോഗ്യമേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് എടുത്തുപറഞ്ഞുകൊണ്ട്, ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ, ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ, ഇ-സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്‌ഫോം എന്നിവയിലൂടെയുള്ള ഇന്ത്യയുടെ അനുഭവങ്ങൾ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ അപാരമായ സാധ്യതകളെയാണ് തെളിയിക്കുന്നതെന്ന് ശ്രീ നദ്ദ ചൂണ്ടിക്കാട്ടി. ആരോഗ്യ പരിപാലന സേവനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലും, പ്രത്യേകിച്ച് വിദൂര-പിന്നാക്ക മേഖലകളിൽ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഇത് വലിയ പങ്കുവഹിച്ചതായും അദ്ദേഹം വ്യക്തമാക്കി.

വിദൂര പ്രദേശങ്ങളിലെ ആരോഗ്യ പരിരക്ഷാ ലഭ്യത ഉൾപ്പെടെ, പരിചരണത്തിൻ്റെ തുടർച്ച ഉറപ്പാക്കുന്നതിനായുള്ള ഡിജിറ്റൽ ആരോഗ്യ സംവിധാനത്തെക്കുറിച്ചുള്ള ബ്രിക്‌സ് സംഗ്രഹ ഗ്രന്ഥം പുറത്തിറക്കിയതിനെ കേന്ദ്രമന്ത്രി സ്വാഗതം ചെയ്തു. ബ്രിക്‌സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം, മികച്ച പ്രവർത്തന മാതൃകകളുടെ കൈമാറ്റം, പരസ്പര പഠനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിലപ്പെട്ട വിജ്ഞാനസ്രോതസ്സാണ് ഇതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളുടെയും സാംക്രമികേതര രോഗങ്ങളുടെയും ആശങ്കാജനകമായ വർദ്ധനവ്, പ്രതിരോധാത്മക ആരോഗ്യപരിപാലനത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ബ്രിക്‌സ് രാജ്യങ്ങളിലുടനീളം ആരോഗ്യകരമായ ഭക്ഷണക്രമം, പതിവായ ശാരീരിക വ്യായാമം, പരമ്പരാഗത ഭക്ഷണ സംസ്കാരങ്ങളുടെ സംരക്ഷണം, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പെരുമാറ്റ വ്യതിയാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച 'ബ്രിക്സ് മിഷൻ ഫോർ ഹെൽത്തി ലൈഫ്സ്റ്റൈൽ', 'ബ്രിക്സ് റോഡ്മാപ്പ് ഫോർ ജോയിൻ്റ് ഇനിഷ്യേറ്റീവ് ഓൺ ഹെൽത്തി ലൈഫ്സ്റ്റൈൽ പ്രമോഷൻ (2026–2029)' എന്നിവയേയും അദ്ദേഹം സ്വാഗതം ചെയ്തു.
സാർവത്രിക ആരോഗ്യ പരിരക്ഷയുടെ അവിഭാജ്യ ഘടകമായി മാനസികാരോഗ്യത്തെ അംഗീകരിച്ചുകൊണ്ട്, ബ്രിക്‌സ് നെറ്റ്‌വർക്ക് ഓഫ് സെൻ്റേഴ്സ് ഓഫ് എക്സലൻസ് ഓൺ മെൻ്റൽ വെൽനസ് സ്ഥാപിക്കുമെന്ന് ശ്രീ ജെ.പി. നദ്ദ പ്രഖ്യാപിച്ചു. അംഗരാജ്യങ്ങൾക്കിടയിൽ ഗവേഷണം ശക്തിപ്പെടുത്തുന്നതിനും, മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സാ രംഗത്തെ പോരായ്മകൾ പരിഹരിക്കുന്നതിനുമുള്ള ഒരു പ്രധാന സ്ഥാപന സംരംഭമായിരിക്കും ഇത്. ബെംഗളൂരുവിലെ നിംഹാൻസ് ആയിരിക്കും ഈ ശൃംഖലയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാമൂഹിക ഘടകങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങൾക്കെതിരെ പോരാടുന്നതിനുള്ള പ്രവർത്തന ചട്ടക്കൂടും (DD-SDH) ബ്രിക്‌സ് നെറ്റ്‌വർക്ക് ഓഫ് നാഷണൽ പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട്സ് പ്രവർത്തന ചട്ടക്കൂടും അംഗീകരിച്ചതായും അദ്ദേഹം എടുത്തുപറഞ്ഞു. ആരോഗ്യരംഗത്തെ സമത്വം മുൻനിർത്തിയുള്ള ശാസ്ത്രീയ സഹകരണം, പൊതുജനാരോഗ്യ വിവരശേഖരണം, ബഹുതല പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഈ ചട്ടക്കൂടുകൾ സുസ്ഥിരമായ സ്ഥാപനാടിസ്ഥാനമൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രിക്‌സ് ആണവ വൈദ്യശാസ്ത്ര രംഗത്തെ സഹകരണത്തെക്കുറിച്ചുള്ള ചർച്ചകൾ സംബന്ധിച്ചും മന്ത്രി യോഗത്തിൽ പരാമർശിച്ചു. കൂടാതെ, സംയുക്ത ഗവേഷണങ്ങൾ ശക്തിപ്പെടുത്തുന്നതിനും അവശ്യ മെഡിക്കൽ ഉൽപ്പന്നങ്ങളുടെ തുല്യമായ ലഭ്യത ഉറപ്പാക്കുന്നതിനുമായി ബ്രിക്‌സ് വാക്സിൻ ഗവേഷണ വികസന കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾക്ക് തുടർച്ചയായ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരിച്ചറിഞ്ഞ മുൻഗണനാ മേഖലകളിലെ മികച്ച മാതൃകകൾ പങ്കുവെച്ചതിന് എല്ലാ അംഗരാജ്യങ്ങൾക്കും ശ്രീ ജെ.പി. നദ്ദ നന്ദി രേഖപ്പെടുത്തി. ഡിജിറ്റൽ ആരോഗ്യ സംവിധാനം, ആരോഗ്യകരമായ ജീവിതശൈലി, മാനസികാരോഗ്യം, സാമൂഹിക ഘടകങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങൾ, ദേശീയ പൊതുജനാരോഗ്യ സ്ഥാപനങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ബ്രിക്‌സ് സംഗ്രഹ ഗ്രന്ഥങ്ങളുടെ പരമ്പര പുറത്തിറക്കിയതിനെ അദ്ദേഹം സ്വാഗതം ചെയ്തു. ഈ വിജ്ഞാന സ്രോതസ്സുകൾ അംഗരാജ്യങ്ങൾക്കിടയിലുള്ള പരസ്പര പഠനം സുഗമമാക്കുമെന്നും, ബ്രിക്സ് രാജ്യങ്ങളിലുടനീളം വിപുലീകരിക്കാൻ സാധിക്കുന്ന തരത്തിലുള്ള പൊതുജനാരോഗ്യ ഇടപെടലുകൾക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
16-ാമത് ബ്രിക്‌സ് ആരോഗ്യ മന്ത്രിതല പ്രഖ്യാപനം വെറുമൊരു സമവായ രേഖ മാത്രമല്ലെന്നും, വരും വർഷങ്ങളിൽ ബ്രിക്‌സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള സുസ്ഥിര സ്ഥാപന സംവിധാനങ്ങൾക്ക് ഇത് അടിത്തറയിടുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി തൻ്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പറഞ്ഞു. ഗ്ലോബൽ സൗത്തിൻ്റെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതും മനുഷ്യരാശിയുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഉതകുന്നതുമായ, എല്ലാവരേയും ഉൾക്കൊള്ളുന്നതും പരസ്പര സഹകരണത്തിലധിഷ്ഠിതവും തുല്യവുമായ ഒരു ആഗോള ആരോഗ്യ ഘടന കെട്ടിപ്പടുക്കുകയെന്ന ഇന്ത്യയുടെ കാഴ്ചപ്പാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു.
"വസുധൈവ കുടുംബകം" അഥവാ "ലോകം ഒരു കുടുംബമാണ്" എന്ന പൗരാണിക ഭാരതീയ തത്ത്വചിന്തയെ മുൻനിർത്തി, എല്ലാവർക്കും ആരോഗ്യകരമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് ഐക്യദാർഢ്യത്തോടെയും, പങ്കാളിത്തത്തോടെയും, കൂട്ടായ ഉത്തരവാദിത്തത്തോടെയും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരാൻ ബ്രിക്സ് രാജ്യങ്ങളോട് ശ്രീ നദ്ദ ആഹ്വാനം ചെയ്തു.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ, ആയുഷ് (സ്വതന്ത്ര ചുമതല) സഹമന്ത്രി ശ്രീ പ്രതാപ്‌റാവു ജാദവ്, കേന്ദ്ര സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ എന്നിവരും ബ്രിക്‌സ് ആരോഗ്യ മന്ത്രിതല യോഗത്തിൽ പങ്കെടുത്തു.
അന്നേ ദിവസത്തെ നടപടിക്രമങ്ങൾ
ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷസ്ഥാനത്തിന് കീഴിൽ തിരിച്ചറിഞ്ഞ ഒമ്പത് മുൻഗണനാ മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു മന്ത്രിതല ചർച്ചകൾ. ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഉയർന്നുവരുന്ന പൊതുജനാരോഗ്യ വെല്ലുവിളികളെ സഹകരണത്തിലൂടെയും വിജ്ഞാന വിനിമയത്തിലൂടെയും നേരിടുന്നതിനുമുള്ള അംഗരാജ്യങ്ങളുടെ കൂട്ടായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ ചർച്ചകൾ.
ക്ഷയരോഗ നിർമ്മാർജ്ജനത്തിലേക്കുള്ള പുരോഗതി വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ, സംയുക്ത ഗവേഷണം, നവീകരണം, വിജ്ഞാന കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ബ്രിക്‌സ് ടി.ബി. ഗവേഷണ ശൃംഖലയ്ക്കുള്ള പിന്തുണ അംഗരാജ്യങ്ങൾ വീണ്ടും ഉറപ്പിച്ചു.
സുരക്ഷിതവും ഫലപ്രദവും ഗുണനിലവാരം ഉറപ്പുവരുത്തിയതുമായ മെഡിക്കൽ ഉൽപ്പന്നങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും, നിയന്ത്രണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും, ചട്ടക്കൂടുകളുടെ ഏകോപനം സുഗമമാക്കുന്നതിനും ബ്രിക്‌സ് മെഡിക്കൽ ഉൽപ്പന്ന നിയന്ത്രണ അതോറിറ്റികൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.
ആഗോള ആരോഗ്യ സുരക്ഷയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്ത്, പകർച്ചവ്യാധികൾ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ബ്രിക്‌സ് സംയോജിത മുൻകൂർ മുന്നറിയിപ്പ് സംവിധാനത്തിന് കീഴിൽ പ്രത്യേക ഉപ-പ്രവർത്തക സമിതി രൂപീകരിക്കുന്നതിന് മന്ത്രിമാർ പിന്തുണ പ്രഖ്യാപിച്ചു. ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ സഹകരണം, രോഗ നിരീക്ഷണം, വിവര വിനിമയം, പൊതുജനാരോഗ്യ രംഗത്തെ ഏകോപിതമായ മുന്നൊരുക്കവും അതിവേഗ പ്രതികരണവും ശക്തിപ്പെടുത്തുക തുടങ്ങിയ പ്രവർത്തന മാർഗനിർദ്ദേശങ്ങൾക്കും യോഗം അംഗീകാരം നൽകി.
തുടർച്ചയായ ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതിനുള്ള ഡിജിറ്റൽ ആരോഗ്യ ഘടന കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും, പരസ്പരബന്ധിതമായ ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥ സാധ്യമാക്കുന്നതിനെക്കുറിച്ചും പ്രതിനിധി സംഘങ്ങൾ ചർച്ച ചെയ്തു. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളിലൂടെ വിദൂര പ്രദേശങ്ങളിലേയും ആരോഗ്യസേവനങ്ങൾ കൃത്യമായി ലഭിക്കാത്തതുമായ ജനവിഭാഗങ്ങളിലേക്ക് ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങൾ വ്യാപിപ്പിക്കാൻ ഇത് സഹായിക്കും.
മാനസികാരോഗ്യം സാർവത്രിക ആരോഗ്യ പരിരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് അംഗീകരിച്ചുകൊണ്ട്, മാനസിക ക്ഷേമത്തിനായുള്ള ബ്രിക്‌സ് നെറ്റ്‌വർക്ക് ഓഫ് സെൻ്റേഴ്സ് ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിന് മന്ത്രിമാർ പിന്തുണ നൽകി. ഇന്ത്യയിലെ നിംഹാൻസ് ഈ ശൃംഖലയുടെ ഏകോപന മികവിൻ്റെ കേന്ദ്രമായി പ്രവർത്തിക്കും. പരിശീലനം, വിജ്ഞാനം പങ്കിടൽ, മികച്ച മാതൃകകളുടെ കൈമാറ്റം എന്നിവയിലൂടെ ആരോഗ്യമേഖലയിലെ തൊഴിൽശക്തി വർദ്ധിപ്പിക്കുന്നതിനായി ഒരു ബ്രിക്‌സ് പരിശീലന കേന്ദ്ര ശൃംഖല രൂപീകരിക്കുന്നതിനും അംഗരാജ്യങ്ങൾ അംഗീകാരം നൽകി. ഈ ശൃംഖല ബ്രിക്‌സ് രാജ്യങ്ങളിലുടനീളം സംയുക്ത ഗവേഷണം, നയപരമായ ചർച്ചകൾ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള മാനസികാരോഗ്യ പ്രോത്സാഹന തന്ത്രങ്ങളുടെ വികസനം എന്നിവ സുഗമമാക്കും.
തെളിവുകൾ സമാഹരിക്കുന്നതിലൂടെയും സംയുക്ത ഗവേഷണങ്ങളിലൂടെയും വിജ്ഞാന കൈമാറ്റത്തിലൂടെയും പരമ്പരാഗത, അനുബന്ധ, സംയോജിത ചികിത്സാ സമ്പ്രദായങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് യോഗം വീണ്ടും അടിവരയിട്ടു പറഞ്ഞു. ബ്രിക്‌സ് ഹെൽത്ത് ട്രാക്കിന് കീഴിൽ ടി.സി.ഐ.എം-നായുള്ള ബ്രിക്‌സ് വിദഗ്ധ പ്രവർത്തക സമിതി രൂപീകരിക്കുന്നതിനുള്ള നിർദ്ദേശത്തെ അംഗരാജ്യങ്ങൾ സ്വാഗതം ചെയ്യുകയും അതിൻ്റെ പ്രവർത്തന വ്യവസ്ഥകൾ അംഗീകരിക്കുകയും ചെയ്തു. ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ ചർച്ചകൾക്കും സഹകരണത്തിനും മികച്ച മാതൃകകൾ പങ്കുവെക്കുന്നതിനുമുള്ള സുപ്രധാന വേദിയായാണ് ഈ പ്രവർത്തക സമിതിയെ യോഗം വിലയിരുത്തിയത്.
ഓരോ രാജ്യത്തിൻ്റെയും പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസൃതമായി ആരോഗ്യ സമത്വം, സാർവത്രിക ആരോഗ്യ പരിരക്ഷ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവ കൈവരിക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, സാമൂഹിക ഘടകങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ബ്രിക്‌സ് പ്രവർത്തന ചട്ടക്കൂടിന് മന്ത്രിമാർ അംഗീകാരം നൽകി. പരസ്പര ബഹുമാനം, ഉൾക്കൊള്ളൽ, സഹകരണം, സുസ്ഥിരത എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തിൽ വിജ്ഞാന കൈമാറ്റം, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണം, ശേഷി വികസനം, സാങ്കേതിക സഹകരണം എന്നിവയിലൂടെ സ്ഥാപനപരമായ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ബ്രിക്‌സ് ദേശീയ പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെ ശൃംഖലയുടെ (NPHIs) പ്രവർത്തന ചട്ടക്കൂടിനും യോഗം അംഗീകാരം നൽകി.
ബ്രിക്‌സ് ആണവ വൈദ്യശാസ്ത്ര മേഖലയിലെ തുടർച്ചയായ സഹകരണത്തെ പ്രതിനിധി സംഘങ്ങൾ സ്വാഗതം ചെയ്യുകയും സംയുക്ത ഗവേഷണം ശക്തിപ്പെടുത്തുന്നതിനും സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകളിലേക്കുള്ള തുല്യമായ പ്രവേശനം മെച്ചപ്പെടുത്തുന്നതിനുമുള്ള ബ്രിക്‌സ് വാക്സിൻ ഗവേഷണ വികസന കേന്ദ്രത്തിനുള്ള പിന്തുണ വീണ്ടും ഉറപ്പിക്കുകയും ചെയ്തു.
ഡിജിറ്റൽ ആരോഗ്യം, പരമ്പരാഗത വൈദ്യശാസ്ത്രം, ഭക്ഷ്യസുരക്ഷ, ആരോഗ്യകരമായ ജീവിതശൈലി എന്നീ മേഖലകളിൽ ഇന്ത്യ നടപ്പിലാക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്നതിനായി ഒരുക്കിയ എഫ്.എസ്.എസ്.എ.ഐ, എൻ.എച്ച്.എ, ആയുഷ് മന്ത്രാലയം എന്നിവയുടെ പവലിയനുകൾ ആരോഗ്യ മന്ത്രിമാരും പ്രതിനിധികളും സന്ദർശിച്ചു. ഈറ്റ് റൈറ്റ് ഇന്ത്യ സംരംഭത്തിന് കീഴിൽ എഫ്.എസ്.എസ്.എ.ഐ ഒരുക്കിയ തത്സമയ മില്ലറ്റ് സെഷനും ഇതിൽ ഉൾപ്പെടുന്നു.
ബ്രിക്‌സ് ആരോഗ്യ മന്ത്രിമാരുടെ പ്രഖ്യാപനം അംഗീകരിച്ചു
ആരോഗ്യ മേഖലയിലെ സഹകരണം ആഴത്തിലാക്കുന്നതിനും പ്രതിരോധശേഷിയുള്ളതും സമത്വത്തിലധിഷ്ഠിതവും ജനകേന്ദ്രീകൃതവുമായ ആരോഗ്യ സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിനുമുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ പ്രതിബദ്ധത പ്രതിഫലിപ്പിച്ചുകൊണ്ട്, 16-ാമത് ബ്രിക്‌സ് ആരോഗ്യ മന്ത്രിമാരുടെ സംയുക്ത പ്രഖ്യാപനം യോഗം ഏകകണ്ഠമായി അംഗീകരിച്ചു. യോഗത്തിൻ്റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണിത്.
സാർവത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, പകർച്ചവ്യാധി പ്രതിരോധവും തയ്യാറെടുപ്പുകളും ശക്തമാക്കുക, ഡിജിറ്റൽ ആരോഗ്യം പ്രോത്സാഹിപ്പിക്കുക, നിയന്ത്രണ സംവിധാനങ്ങളിലെ സഹകരണം വർദ്ധിപ്പിക്കുക, സംയുക്ത ഗവേഷണങ്ങൾ വിപുലീകരിക്കുക എന്നിവയോടുള്ള അംഗരാജ്യങ്ങളുടെ പ്രതിജ്ഞാബദ്ധത പ്രഖ്യാപനത്തിൽ വീണ്ടും അടിവരയിട്ടു പറഞ്ഞു. കൂടാതെ, സാംക്രമിക- സാംക്രമികേതര രോഗങ്ങളെ പ്രതിരോധിക്കുക, മാനസികാരോഗ്യവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുക, പരമ്പരാഗത വൈദ്യശാസ്ത്രം ശക്തിപ്പെടുത്തുക, താങ്ങാനാവുന്ന വിലയിലുള്ള മരുന്നുകൾ, വാക്സിനുകൾ, രോഗനിർണ്ണയ സംവിധാനങ്ങൾ, മെഡിക്കൽ സാങ്കേതികവിദ്യകൾ എന്നിവയിലേക്കുള്ള തുല്യമായ പ്രവേശനം ഉറപ്പാക്കുക എന്നീ വിഷയങ്ങളും പ്രഖ്യാപനത്തിൽ ഉറപ്പുനൽകുന്നു.
ദേശീയ പ്രസ്താവനകളും മികച്ച മാതൃകകളുടെ പങ്കുവെക്കലും
യോഗത്തിൽ പങ്കെടുത്ത ബ്രിക്‌സ് അംഗരാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരും പ്രതിനിധി സംഘങ്ങളുടെ തലവന്മാരും അവരുടെ രാജ്യങ്ങളുടെ പൊതുജനാരോഗ്യ മുൻഗണനകൾ, നേട്ടങ്ങൾ, നയ സംരംഭങ്ങൾ എന്നിവ വ്യക്തമാക്കിക്കൊണ്ട് ദേശീയ പ്രസ്താവനകൾ നടത്തി. പ്രതിരോധശേഷിയുള്ള ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, സാർവത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, പകർച്ചവ്യാധി പ്രതിരോധവും തയ്യാറെടുപ്പുകളും മെച്ചപ്പെടുത്തുക, ഡിജിറ്റൽ ആരോഗ്യം പ്രോത്സാഹിപ്പിക്കുക, താങ്ങാനാവുന്നതും ഗുണമേന്മയുള്ളതുമായ ആരോഗ്യപരിരക്ഷ എല്ലാവരിലേക്കും വ്യാപിപ്പിക്കുക, ഗവേഷണം, നവീകരണം, ശേഷി വികസനം എന്നിവയിൽ സഹകരണം ആഴത്തിലാക്കുക തുടങ്ങിയ വിഷയങ്ങളിലുള്ള പ്രതിബദ്ധത അംഗരാജ്യങ്ങൾ ആവർത്തിച്ചു. സാംക്രമിക-സാംക്രമികേതര രോഗങ്ങളെ പ്രതിരോധിക്കുന്നതിലും, പ്രാഥമിക ആരോഗ്യ പരിരക്ഷ ശക്തിപ്പെടുത്തുന്നതിലും, ഫാർമസ്യൂട്ടിക്കൽ നിയന്ത്രണങ്ങൾ മെച്ചപ്പെടുത്തുന്നതിലും, പരമ്പരാഗത വൈദ്യശാസ്ത്ര രീതികൾ പ്രോത്സാഹിപ്പിക്കുന്നതിലും തങ്ങളുടെ രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് പ്രതിനിധി സംഘങ്ങൾ എടുത്തുപറഞ്ഞു.
ബ്രിക്സ് ഹെൽത്ത് ട്രാക്ക് മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യയുടെ നേതൃത്വത്തെ അംഗരാജ്യങ്ങൾ സ്വാഗതം ചെയ്യുകയും ഇന്ത്യയുടെ അധ്യക്ഷതയിൽ തിരിച്ചറിഞ്ഞ ഒമ്പത് മുൻഗണനാ മേഖലകൾക്ക് നൽകിയ ഊന്നലിനെ അഭിനന്ദിക്കുകയും ചെയ്തു. ബ്രിക്‌സ് ടി.ബി. ഗവേഷണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും, മെഡിക്കൽ ഉൽപ്പന്ന നിയന്ത്രണ അതോറിറ്റികൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും, പകർച്ചവ്യാധികൾ തടയുന്നതിനും അവയ്‌ക്കെതിരെ പ്രതികരിക്കുന്നതിനുമുള്ള ബ്രിക്‌സ് സംയോജിത മുൻകൂർ മുന്നറിയിപ്പ് സംവിധാനം പ്രവർത്തനക്ഷമമാക്കുന്നതിനും തുടർച്ചയായ ആരോഗ്യപരിചരണത്തിനായുള്ള ഡിജിറ്റൽ ഹെൽത്ത് ആർക്കിടെക്ചർ പ്രോത്സാഹിപ്പിക്കുന്നതിനും, ആരോഗ്യകരമായ ജീവിതശൈലിക്കായുള്ള ബ്രിക്‌സ് മിഷൻ, മാനസിക ക്ഷേമത്തിനായുള്ള സെൻ്റേഴ്‌സ് ഓഫ് എക്സലൻസ് ശൃംഖല, ദേശീയ പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെ ശൃംഖല, സാമൂഹിക ഘടകങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സംരംഭങ്ങൾ എന്നിവയിലൂടെ സഹകരണങ്ങൾക്ക് സ്ഥാപനപരമായ രൂപം നൽകുന്നതിനും യോഗം പിന്തുണ പ്രഖ്യാപിച്ചു. സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സുപ്രധാന വിജ്ഞാന സ്രോതസ്സുകളായി വിവിധ ബ്രിക്‌സ് വിജ്ഞാന സമാഹാരങ്ങളും പ്രവർത്തന ചട്ടക്കൂടുകളും പുറത്തിറക്കിയതിനെ പ്രതിനിധികൾ അഭിനന്ദിച്ചു.
16-ാമത് ബ്രിക്‌സ് ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൻ്റെ വിജയകരമായ സമാപനം, പങ്കാളിത്തം, നവീകരണം, പ്രതിരോധശേഷി, സുസ്ഥിര വികസനം എന്നിവയിലൂടെ ആഗോള ആരോഗ്യരംഗത്തെ ഫലങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ബ്രിക്‌സ് രാജ്യങ്ങൾ നടത്തുന്ന കൂട്ടായ ശ്രമങ്ങളിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായി മാറി.
***
(रिलीज़ आईडी: 2289186)
आगंतुक पटल : 3