പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
എഥനോൾ കലർന്ന പെട്രോളിൻ്റെ സുരക്ഷ, കാര്യക്ഷമത, നേട്ടങ്ങൾ എന്നിവ വിശദീകരിച്ച് കേന്ദ്ര ഗവണ്‍മെൻ്റ്
प्रविष्टि तिथि:
23 JUL 2026 3:06PM by PIB Thiruvananthpuram
പെട്രോളിൽ കലർത്തുന്ന എഥനോളിൻ്റെ അളവ് നിലവിലുള്ള 20% ലധികം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച ഒരു തീരുമാനവും ഗവണ്‍മെൻ്റ് ഇതുവരെ കൈക്കൊണ്ടിട്ടില്ല. ഭാവിയിൽ മിശ്രണ ശതമാനം ഉയർത്തുന്ന കാര്യം പരിഗണിക്കുകയാണെങ്കിൽ, ശാസ്ത്രീയവും സാങ്കേതികവുമായ പഠനങ്ങൾ നടത്തുകയും പരിവർത്തനം സുരക്ഷിതവും പ്രായോഗികവുമാണെന്ന് ഉറപ്പാക്കാൻ വാഹന നിർമ്മാതാക്കൾ, എണ്ണ വിപണന കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയ പ്രധാന പങ്കാളികളുമായി കൂടിയാലോചിക്കുകയും ചെയ്യും. 85% എഥനോളും 15% പെട്രോളും അടങ്ങിയ E85 ഇന്ധനം, പ്രത്യേകം രൂപകൽപ്പന ചെയ്ത ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങൾക്ക് (FFV-കൾ) മാത്രമായാണ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി പെട്രോളിലെ അടിസ്ഥാന എഥനോൾ മിശ്രണ നിലവാരത്തിൽ വർദ്ധന ഉണ്ടായിട്ടില്ല..
കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ ശരാശരി എഥനോൾ മിശ്രണത്തിൻ്റെയും നിർദ്ദിഷ്ട മിശ്രിത ശതമാനത്തിൻ്റെയും വിശദാംശങ്ങൾ വർഷം തിരിച്ച് താഴെ കൊടുക്കുന്നു.
|
എഥനോൾ വിതരണ വർഷം
|
ശരാശരി മിശ്രണം (%)
|
|
2022-23
|
~12
|
|
2023-24
|
~14.6
|
|
2024-25
|
~19.2
|
|
2025-26 (നവംബർ-ജൂൺ)
|
20
|
ലോകമെമ്പാടും ഒരു നൂറ്റാണ്ടിലേറെയായി എഥനോൾ ഒരു ഇന്ധനമായി ഉപയോഗിച്ചു വരുന്നു. ബ്രസീൽ പോലുള്ള രാജ്യങ്ങളിൽ ഏറെ വർഷങ്ങളായി ഉയർന്ന തോതിലുള്ള എഥനോൾ മിശ്രിതങ്ങൾ വിജയകരമായി ഉപയോഗത്തിലുണ്ട്. ഇന്ത്യയിൽ, എഥനോൾ മിശ്രിത പെട്രോൾ (EBP) പദ്ധതി പെട്ടെന്ന് അവതരിപ്പിക്കപ്പെട്ടതല്ല. മറിച്ച് ശ്രദ്ധാപൂർവ്വമായ ആസൂത്രണത്തോടെയും ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ട ഒരു പ്രക്രിയയിലൂടെയും ക്രമേണയാണ് നടപ്പിലാക്കിയത്. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുമ്പ്, ഗവണ്‍മെൻ്റ് ബന്ധപ്പട്ട എല്ലാ പങ്കാളികളുമായുംകൂടിയാലോചിച്ചു. നിതി ആയോഗ്, വാഹന നിർമ്മാതാക്കൾ, എണ്ണ വിപണന കമ്പനികൾ, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം (IIP), മറ്റ് സാങ്കേതിക, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ കൂടിയാലോചയിൽ പങ്കെടുത്തു.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഘട്ടം ഘട്ടമായുള്ള നയ രൂപീകരണം, പങ്കാളികളുമായുള്ള കൂടിയാലോചനകൾ, ശാസ്ത്രീയ പഠനങ്ങൾ,ആവശ്യമായ ഉത്പാദന-അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ശേഷം, ആസൂത്രണം ചെയ്തതിനേക്കാൾ അഞ്ച് വർഷം മുമ്പേ 20% എഥനോൾ മിശ്രണം എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചു.
ശാസ്ത്രീയ പഠനങ്ങൾ, അടിസ്ഥാനതല പരീക്ഷണങ്ങൾ, വിപുലമായ പ്രായോഗിക അനുഭവം എന്നിവ E20 ഇന്ധനം (20% എഥനോൾ, 80% പെട്രോൾ) സുരക്ഷിതമാണെന്നും, കുറഞ്ഞ അളവിലുള്ള കാർബൺ ബഹിർഗമനത്തിനേ കാരണമാകുകയുള്ളുവെന്നും, നിർദ്ദിഷ്ട ഇന്ധന മാനദണ്ഡങ്ങൾക്കും വാഹന നിർമ്മാതാവിൻ്റെ ശുപാർശകൾക്കും അനുസൃതമായി ഉപയോഗിക്കുമ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ലബോറട്ടറി ഗവേഷണത്തെ മാത്രമല്ല, രാജ്യവ്യാപകമായി നടപ്പിലാക്കിയതിന് ശേഷമുള്ള വിപുലമായ തോതിലുള്ള അനുഭവത്തെയും അടിസ്ഥാനമാക്കിയുള്ളതാണ് ഗവണ്‍മെൻ്റിൻ്റെ ഈ വിലയിരുത്തൽ.
15%-ൽ കൂടുതൽ എഥനോൾ (E15+) കലർത്തിയ പെട്രോൾ ഇന്ത്യയിൽ മൂന്നര വർഷത്തിലേറെയായി വ്യാപകമായി ഉപയോഗിച്ചുവരുന്നു. അതേസമയം E19–E20 ഇന്ധനം രണ്ടര വർഷത്തിലേറെയായി ഉപയോഗിച്ചുവരുന്നു. ഈ കാലയളവിൽ, 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും 3 കോടിയിലധികം കാറുകളും ഈ ഇന്ധനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്, എഥനോൾ മിശ്രിതം വ്യാപകമായ എഞ്ചിൻ തകരാറുകൾക്കോ വാഹന തകരാറുകൾക്കോ കാരണമായതായി സ്ഥിരീകരിക്കപ്പെട്ട തെളിവുകളൊന്നുമില്ല. E20 ഇന്ധനം വാഹനങ്ങൾക്ക് സുരക്ഷിതമാണെന്ന നിഗമനത്തെ യഥാർത്ഥ അനുഭവങ്ങൾ പിന്തുണയ്ക്കുന്നു. കൂടാതെ, E20 ഇന്ധനത്തിൻ്റെ ഉപയോഗം മൂലം അസാധാരണമായ പ്രശ്നങ്ങളോ, എഞ്ചിൻ തേയ്മാനമോ, വാഹനത്തിന്റെ ആയുസ്സിൽ കുറവോ ഉണ്ടായിട്ടില്ലെന്ന് വാഹന നിർമ്മാതാക്കളുടെ സേവന രേഖകൾ വ്യക്തമാക്കുന്നു. E20 ഉപയോഗിക്കുന്നവർക്കുള്ള വാഹന വാറൻ്റികൾ നിർമ്മാതാക്കൾ പാലിക്കുന്നു. ഇത് ഇന്ധനം സുരക്ഷിതവും വിശ്വസനീയവും വാഹനങ്ങൾക്ക് അനുയോജ്യവുമാണെന്ന് സൂചിപ്പിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ കാർ നിർമ്മാതാക്കളിൽ ഉൾപ്പെടുന്ന ഒരു കമ്പനി 2025–26 സാമ്പത്തിക വർഷത്തിൽ 2.84 കോടി (28.4 ദശലക്ഷം) വാഹനങ്ങൾ സർവീസ് ചെയ്തു. ഇതിൽ E20 പെട്രോൾ (20% എഥനോൾ അടങ്ങിയ പെട്രോൾ) ഉപയോഗിക്കുന്നതിന് ഔദ്യോഗികമായി സാക്ഷ്യപ്പെടുത്താത്ത ഏകദേശം 1.5 കോടി (15 ദശലക്ഷം) പഴയ വാഹനങ്ങളും ഉൾപ്പെടുന്നു. E20 ഇന്ധനം മൂലം എഞ്ചിൻ കേടുപാടുകളോ അസാധാരണമായ തേയ്മാനമോ കമ്പനി ഇതുവരെ കണ്ടെത്തിയില്ല. അതുപോലെ, രാജ്യത്തെ മുൻനിര ഇരുചക്ര വാഹന നിർമ്മാതാക്കളിൽ ഉൾപ്പെടുന്ന ഒരു കമ്പനി, വാഹന സർവീസ് റെക്കോർഡുകളുടെ അടിസ്ഥാനത്തിൽ, E20 ഇന്ധനം ഉപയോഗിക്കുന്ന മോട്ടോർ സൈക്കിളുകൾക്കും സ്കൂട്ടറുകൾക്കും കുറഞ്ഞ എഥനോൾ ഉള്ളടക്കമുള്ള മുൻ പെട്രോൾ മിശ്രിതങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
E20 പെട്രോൾ മൂലമെന്ന് അവകാശപ്പെടുന്ന വ്യാപകമോ സ്ഥിരീകരിച്ചതോ ആയ പരാതികളൊന്നും വാഹന നിർമ്മാതാക്കളിൽ നിന്നോ ഓട്ടോമൊബൈൽ അസോസിയേഷനുകളിൽ നിന്നോ ഉപഭോക്തൃ സംഘടനകളിൽ നിന്നോ ഗവണ്‍മെൻ്റിന് ലഭിച്ചിട്ടില്ല. വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ചില ആളുകൾ ഇത്തരം ആശങ്കകൾ ഉന്നയിച്ചപ്പോൾ, അവയെല്ലാം ഗവണ്‍മെൻ്റ് ഗൗരവമായി പരിഗണിക്കുകയും ശാസ്ത്രീയമായി അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്.
NITI ആയോഗ്, IOCL, ARAI, IIP, SIAM എന്നിവയ്ക്ക് കീഴിലുള്ള അന്തർ-മന്ത്രിതല സമിതി നടത്തിയ വിപുലമായ ലബോറട്ടറി പരിശോധനയും ഫീൽഡ് വാലിഡേഷനും E20 ഇന്ധനം അസാധാരണമായ തേയ്മാനത്തിനോ മറ്റ് പ്രശ്‌നങ്ങൾക്കോ കാരണമാകുന്നില്ലെന്ന് സ്ഥിരീകരിച്ചു.
ഉപയോഗിക്കുന്ന ഇന്ധനത്തിൻ്റെ തരം മാത്രമല്ല, റോഡ്, ഗതാഗത സാഹചര്യങ്ങൾ, വ്യക്തികൾ വാഹനമോടിക്കുന്ന രീതി, വാഹനം എത്രത്തോളം നന്നായി പരിപാലിക്കുന്നു തുടങ്ങിയവയും ഇന്ധന ക്ഷമതയെ നിർണ്ണയിക്കുന്ന ഘടകങ്ങളാണ്. ഗവണ്‍മെൻ്റ് ഏജൻസികളും ഓട്ടോമൊബൈൽ നിർമ്മാതാക്കളും നടത്തിയ പഠനങ്ങൾ അനുസരിച്ച്, E10 പെട്രോളിൽ (10% എഥനോൾ) പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്ത ചില പഴയ വാഹനങ്ങൾ E20 പെട്രോളിൽ (20% എഥനോൾ) പ്രവർത്തിക്കുമ്പോൾ ഇന്ധനക്ഷമതയിൽ 3–5% കുറവ് അനുഭവപ്പെട്ടേക്കാം. എന്നാൽ, E20 ഇന്ധനത്തിന് നിരവധി ഗുണങ്ങളുണ്ട്, ഉയർന്ന ഒക്ടേൻ റേറ്റിംഗ് അതിൽ ഉൾപ്പെടുന്നു, ഇത് എഞ്ചിൻ പ്രകടനം മെച്ചപ്പെടുത്തുന്നു, മികച്ച ആൻ്റി-നോക്ക് സവിശേഷതകൾ, ക്ലീനർ കമ്പഷൻ, സുഗമമായ എഞ്ചിൻ പ്രവർത്തനം എന്നിവയും വാഗ്ദാനം ചെയ്യുന്നു.
ഓട്ടോമൊബൈൽ നിർമ്മാതാക്കൾ, വാഹന ഘടകഭാഗ വിതരണക്കാർ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), ടെസ്റ്റിംഗ് ഏജൻസികൾ, എണ്ണ വിപണന കമ്പനികൾ എന്നിവയെല്ലാം E20 പെട്രോൾ അവതരിപ്പിക്കുന്നതിന് മുമ്പുള്ള പരിശോധനയിലും വിലയിരുത്തലിലും പങ്കെടുത്തിരുന്നു. ഇന്ധന സംവിധാനങ്ങൾ, എഞ്ചിൻ ഈട്, ഡ്രൈവിംഗ് പ്രകടനം, മെറ്റീരിയൽ അനുയോജ്യത, ബഹിർഗമന മാനദണ്ഡങ്ങൾ എന്നിവയുടെ വിജയകരമായ സാധൂകരണത്തിന് ശേഷമാണ് E20 പുറത്തിറക്കിയത്. E20 മൂലം പഴയ വാഹനങ്ങളുടെ പ്രകടനത്തിൽ കാര്യമായ വ്യത്യാസമോ അസാധാരണമായ തേയ്മാനമോ ഇല്ലെന്ന് ഈ പഠനങ്ങൾ തെളിയിച്ചു.
SIAM, ARAI എന്നിവ പ്രകാരം, E20 പെട്രോൾ വാഹന ത്വരണവും യാത്രാ നിലവാരവും മെച്ചപ്പെടുത്തുകയും കാർബൺ ബഹിർഗമനം കുറയ്ക്കുകയും ചെയ്യുന്നു. എഥനോളിന് ഉയർന്ന ഒക്ടേൻ റേറ്റിംഗും ജ്വലന താപവും ഉള്ളതിനാൽ, ആധുനിക കംപ്രഷൻ എഞ്ചിനുകളുടെ മികച്ച പ്രകടനത്തെ പിന്തുണയ്ക്കുകയും ഇന്ധന ജ്വലനത്തിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുക, വിദേശനാണ്യത്തിൽ ₹1.97 ലക്ഷം കോടിയിലധികം ലാഭിക്കുക, ഏകദേശം 952 ലക്ഷം മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡ് (CO₂) ബഹിർഗമനം കുറയ്ക്കുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നിവയിലൂടെ E20 പെട്രോളിലേക്കുള്ള മാറ്റം രാജ്യത്തിന് വലിയ നേട്ടങ്ങൾ സംഭാവന ചെയ്തു. എഥനോൾ ബ്ലെൻഡഡ് പെട്രോൾ പദ്ധതിയിലൂടെ ഏകദേശം 316 ലക്ഷം മെട്രിക് ടൺ അസംസ്കൃത എണ്ണ എഥനോൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും കർഷകർക്ക് ₹1.66 ലക്ഷം കോടിയിലധികം കൈമാറുകയും ചെയ്തു.
ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കുന്നതിനുമായി ദേശീയ ജൈവ ഇന്ധന നയത്തെ പിന്തുണയ്ക്കുന്നതിനായി ക്രമേണ ശുദ്ധവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ഇന്ധനങ്ങളിലേക്ക് മാറുക എന്നതാണ് ഗവണ്‍മെൻ്റിൻ്റെ നയം.
ഓട്ടോമൊബൈൽ നിർമ്മാതാക്കൾ, ARAI, SIAM, എണ്ണ കമ്പനികൾ, മറ്റ് പങ്കാളികൾ എന്നിവരുമായുള്ള വിശദമായ ചർച്ചകൾക്കും ശാസ്ത്രീയ പരിശോധനകൾക്കും ശേഷം E20 പെട്രോളിലേക്കുള്ള പരിവർത്തനം ക്രമേണയാണ് നടപ്പാക്കിയത്. ഇത് അവതരിപ്പിക്കുന്നതിന് മുമ്പ്, വാഹന മെറ്റീരിയൽ അനുയോജ്യത, എഞ്ചിൻ ഈട്, ഇന്ധന സംവിധാനങ്ങൾ, ഡ്രൈവിംഗ് പ്രകടനം, ബഹിർഗമനം, മൊത്തത്തിലുള്ള പ്രകടനം തുടങ്ങിയ വിവിധ വശങ്ങൾ സമഗ്രമായി പരിശോധിച്ച് സ്ഥിരീകരിച്ചു.
വിപുലമായ പരിശോധനയ്ക്ക് ശേഷം ഓട്ടോമൊബൈൽ വ്യവസായം ശാസ്ത്രീയമായി സാധൂകരിക്കുകയും അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ, പൂജ്യം അല്ലെങ്കിൽ കുറഞ്ഞ എഥനോൾ അടങ്ങിയ (E0/E10) പെട്രോളിലേക്ക് തിരികെ പോകാൻ ഗവണ്‍മെൻ്റിന് പദ്ധതിയില്ല. പഴയ ഇന്ധന നിലവാരത്തിലേക്ക് മടങ്ങുന്നതിനുപകരം മികച്ചതും നൂതനവുമായ ഇന്ധന സാദ്ധ്യതകൾ ആരായുക എന്നതാണ് ഗവണ്‍മെൻ്റിൻ്റെ പൊതുനയം.
ഒരു ലക്ഷത്തിലധികം ഇന്ധന സ്റ്റേഷനുകളിൽ E0, E10, E20 പെട്രോൾ എന്നിവയുടെ വെവ്വേറെയുള്ള വിതരണം ഗതാഗതം, സംഭരണം, പരിപാലനം എന്നിവ സങ്കീർണ്ണവും ചെലവേറിയതുമാക്കും. ഊർജ്ജ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, കർഷക ക്ഷേമം എന്നിവയെ പിന്തുണയ്ക്കുന്നതിനൊപ്പം ഉപഭോക്തൃ ആവശ്യങ്ങൾ പരിഗണിക്കാനും പൊതുനയങ്ങൾ അനിവാര്യമാണ്.
കൂടുതൽ ശുദ്ധവും ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ടതുമായ ഒരു ഇന്ധനം സ്വീകരിച്ചതിനുശേഷം, പഴയതും ഫലപ്രദമല്ലാത്തതുമായ ഇന്ധന നിലവാരത്തിലേക്ക് മടങ്ങുന്നതിനുപകരം മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിച്ച് പുരോഗമിക്കുക എന്നതാണ് ലക്ഷ്യം.
E20 ഇന്ധനവുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ ഉപഭോക്തൃ പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനും അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായി പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (OMC-കൾ) ശക്തമായ ഉപഭോക്തൃ പരാതി പരിഹാര സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പെട്രോൾ സ്റ്റേഷനുകളിലെ പരാതി രജിസ്റ്ററുകൾ, ടോൾ ഫ്രീ ഉപഭോക്തൃ സേവന നമ്പറുകൾ, കമ്പനി വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, ഇമെയിൽ, സാമൂഹ്യ മാധ്യമങ്ങൾ, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെൻ്റ് (CRM) സംവിധാനങ്ങൾ, ഗവണ്‍മെൻ്റിൻ്റെ CPGRAMS പോർട്ടൽ തുടങ്ങിയ വിവിധ മാർഗ്ഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് പരാതികൾ സമർപ്പിക്കാം. ഡീലർമാരെയും ഉദ്യോഗസ്ഥരെയും ബന്ധപ്പെടേണ്ട നമ്പറും വിലാസവും ഇന്ധന സ്റ്റേഷനുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ അവരെ ബന്ധപ്പെടാൻ കഴിയും.ഈ മാർഗ്ഗങ്ങളിലൂടെ ലഭിക്കുന്ന എല്ലാ പരാതികളും എണ്ണ വിപണന കമ്പനികളുടെ സ്ഥാപിത നടപടിക്രമങ്ങൾക്കനുസൃതമായി നിശ്ചിത സമയപരിധിക്കുള്ളിൽ കൃത്യമായി അന്വേഷിക്കുകയും പരിഹരിക്കുകയും ചെയ്യുന്നു.
പെട്രോൾ വാഹനങ്ങൾക്ക് E20 ഇന്ധനം സാങ്കേതികമായി അനുയോജ്യമാണെന്നും പ്രകടനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്ലെന്നും ഉപഭോക്താക്കളെ അറിയിക്കുന്നതിനായി ഗവണ്‍മെൻ്റും എണ്ണക്കമ്പനികളും പൊതുജന അവബോധ പരിപാടികൾ നടത്തി വരുന്നു. എഥനോൾ -മിശ്രിത പെട്രോൾ ഉപയോഗിക്കുന്നതിൻ്റെ പാരിസ്ഥിതിക നേട്ടങ്ങളും ഊർജ്ജ സുരക്ഷാ നേട്ടങ്ങളും ഈ സംരംഭങ്ങളിലൂടെ വിശദീകരിക്കുന്നു. ഉപഭോക്താക്കളിൽ നിന്നുള്ള നിർദ്ദേശങ്ങളും പരാതികളും എണ്ണ വിപണന കമ്പനികൾ പതിവായി അവലോകനം ചെയ്യുന്നു, ആശങ്കകൾ പരിഹരിക്കുന്നതിനും ഉപഭോക്തൃ വിശ്വാസം നിലനിർത്തുന്നതിനും എഥനോൾ ബ്ലെൻഡഡ് പെട്രോൾ (EBP) പദ്ധതിയുടെ തുടർ നിർവ്വഹണത്തെ പിന്തുണയ്ക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചു പോരുന്നു.
കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി ശ്രീ. സുരേഷ് ഗോപി ഇന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
****
(रिलीज़ आईडी: 2288663)
आगंतुक पटल : 4