പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

E20 പെട്രോളിൻ്റെ സുരക്ഷയും കാര്യക്ഷമതയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന് ഗവണ്‍മെൻ്റ്

प्रविष्टि तिथि: 23 JUL 2026 3:05PM by PIB Thiruvananthpuram

നീതി ആയോഗ്, വാഹന നിർമാതാക്കൾ, എണ്ണ വിപണന കമ്പനികൾ, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം (IIP), മറ്റ് സാങ്കേതിക സ്ഥാപനങ്ങൾ എന്നിവരുമായി ആലോചിച്ച് ശാസ്ത്രീയ പരിശോധനകളോടെ ഘട്ടംഘട്ടമായാണ് എഥനോൾ മിശ്രിത പെട്രോൾ പദ്ധതി ഗവണ്‍മെൻ്റ്  നടപ്പാക്കിയിരിക്കുന്നത്.  

എഥനോൾ ഒരു പുതിയ ഇന്ധനമല്ല. ഒരു നൂറ്റാണ്ടിലേറെയായി ആഗോളതലത്തിൽ ഇത് ഉപയോഗിച്ചുവരുന്നു. ബ്രസീൽ ഉള്‍പ്പെടെ രാജ്യങ്ങൾ പതിറ്റാണ്ടുകളായി ഉയർന്ന തോതില്‍ എഥനോൾ മിശ്രിത ഇന്ധനമുപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ 2001-ൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിച്ച എഥനോൾ മിശ്രിത പെട്രോൾ പദ്ധതിയിൽ 2006-ലാണ് E5 ഇന്ധനം അവതരിപ്പിച്ചത്. 2013-14 കാലയളവിൽ മിശ്രണ അനുപാതം 1.53% മാത്രമായിരുന്നെങ്കിലും ആവശ്യമായ ഉല്പാദന ശേഷിയും അടിസ്ഥാന സൗകര്യങ്ങളും നിയമപരമായ ചട്ടക്കൂടും സജ്ജമാക്കിയ ശേഷം ഇത് ക്രമേണ വർധിപ്പിക്കുകയായിരുന്നു.

വാഹന നിർമാതാക്കൾ, SIAM, ARAI, വാഹന ഘടക നിർമാതാക്കൾ, പരിശോധനാ ഏജൻസികൾ, എണ്ണ വിപണന കമ്പനികൾ എന്നിവരുമായി നടത്തിയ വിപുലമായ കൂടിയാലോചനകൾക്ക് ശേഷം മാത്രമാണ് ഉയർന്ന എഥനോൾ മിശ്രിതങ്ങൾ വിപണിയിലെത്തിച്ചത്.

E20 പെട്രോളിൻ്റെ ഉപയോഗം ഇന്ധനക്ഷമതയെയും എന്‍ജിൻ പ്രകടനത്തെയും പരിപാലനച്ചെലവിനെയും ഡ്രൈവിങ് അനുഭവത്തെയും   ബാധിക്കുന്നുവെന്ന തരത്തില്‍ വാഹന നിർമാതാക്കളിൽ നിന്നോ അസോസിയേഷനുകളിൽ നിന്നോ ഉപഭോക്തൃ സംഘടനകളിൽ നിന്നോ വ്യാപകമായതോ തെളിവോടു കൂടിയതോ ആയ പരാതികളൊന്നും ഗവണ്‍മെൻ്റിന് ലഭിച്ചിട്ടില്ല. എങ്കിലും മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും  ഉയർന്ന ചില ആശങ്കകൾ ഗവണ്‍മെൻ്റ്  ഗൗരവത്തിലെടുക്കുകയും അവ ശാസ്ത്രീയമായി പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.

 

എന്‍ജിൻ ഈടുനിൽപ്പ്, ഡ്രൈവിങ് അനുഭവം, വാഹനത്തിൻ്റെ സ്റ്റാർട്ടിങ്, തുരുമ്പ് പ്രതിരോധം, നിര്‍മാണസാമഗ്രികളുടെ  അനുയോജ്യത, മലിനീകരണ തോത്, ഇന്ധനക്ഷമത എന്നീ ഘടകങ്ങൾ ഉൾപ്പെടുത്തി ARAI, SIAM,  IOCL, IIP, വാഹന നിർമാതാക്കൾ എന്നിവർ നടത്തിയ വിപുലമായ ലാബ് പഠനങ്ങളും പ്രായോഗിക പരീക്ഷണങ്ങളും E20 ഇന്ധനം നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉപയോഗിക്കാൻ സുരക്ഷിതമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

E20 പെട്രോൾ ഉപയോഗിക്കുന്നത് മൂലം പഴയ വാഹനങ്ങൾക്ക് പ്രകടനത്തിൽ കാര്യമായ വ്യത്യാസമോ അസാധാരണ തേയ്മാനമോ ഉണ്ടാകുന്നില്ലെന്നും ഈ പഠനങ്ങൾ വ്യക്തമാക്കുന്നു. വിപുലമായ ലാബ് പഠനങ്ങളിലൂടെയോ യഥാർത്ഥ ഉപയോഗത്തിലൂടെയോ E20 ഇന്ധനം വാഹനങ്ങളുടെ പ്രകടനത്തെ വ്യാപകമായ തോതില്‍  പ്രതികൂലമായി ബാധിച്ചതായി തെളിഞ്ഞിട്ടില്ല.

ലാബ് ഗവേഷണങ്ങളിൽ മാത്രമല്ല, രാജ്യവ്യാപകമായി നടപ്പാക്കിയ ശേഷമുള്ള വിപുലമായ അനുഭവത്തിൻ്റെയും അടിസ്ഥാനത്തിലാണ് ഗവണ്‍മെൻ്റിൻ്റെ ഈ വിലയിരുത്തൽ. ഇന്ത്യയിൽ പ്രതിദിനം ഏകദേശം 8 കോടി വാഹനങ്ങൾ ഇന്ധന പമ്പുകളിലെത്തുന്നുണ്ട് (ഇതിൽ 80 ശതമാനത്തോളം പെട്രോൾ വാഹനങ്ങളാണ്).

E15+ മിശ്രിത പെട്രോൾ മൂന്നര വർഷത്തിലേറെയായും E19-E20 ഇന്ധനം രണ്ടര വർഷത്തിലേറെയായും വ്യാപകമായി ഉപയോഗത്തിലുണ്ട്. എഥനോൾ മിശ്രണം മൂലം വ്യാപകമായ എന്‍ജിൻ തകരാറുകള്‍ ഉണ്ടായതായോ  വാഹനം കേടായതായോ സ്ഥിരീകരിച്ച തെളിവുകളൊന്നുമില്ലാതെ 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും 3 കോടിയിലധികം പെട്രോൾ കാറുകളും നിലവിൽ ഈ ഇന്ധനങ്ങളിൽ നിരത്തിലോടുന്നുണ്ട്. E20 ഇന്ധനം മൂലം അസാധാരണ തുരുമ്പോ തേയ്മാനമോ ഉണ്ടാകുന്നില്ലെന്നും വാഹനത്തിൻ്റെ ആയുസ്സ് കുറയുന്നില്ലെന്നും വാഹന നിർമാതാക്കളുടെ സർവീസ് വിവരങ്ങൾ സ്ഥിരീകരിക്കുന്നു. E20 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളുടെ വാറൻ്റി ആനുകൂല്യങ്ങൾ  വാഹന നിർമാതാക്കൾ തുടരുന്നത് ഇതിൻ്റെ സുരക്ഷയിലും വിശ്വസനീയതയിലും കൂടുതൽ ആത്മവിശ്വാസം പ്രകടമാക്കുന്നു.  

മുൻനിര വാഹന നിർമാതാക്കളിലൊന്ന് 2025-26 സാമ്പത്തിക വർഷം 2.84 കോടി വാഹനങ്ങൾ സർവീസ് ചെയ്തതിൽ തുടക്കത്തിൽ E20 അനുയോജ്യമല്ലെന്ന് സാക്ഷ്യപ്പെടുത്തിയ 1.5 കോടിയോളം വാഹനങ്ങളും ഉൾപ്പെടുന്നു. ഇവയിലൊന്നും E20 ഇന്ധനവുമായി ബന്ധപ്പെട്ട തുരുമ്പോ അസാധാരണ തേയ്മാനമോ ഘടകങ്ങളുടെ ആയുസ്സ് കുറയലോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു മുൻനിര ഇരുചക്ര വാഹന കമ്പനിയും സമാന അനുഭവമാണ് പങ്കുവെച്ചത്. ദീർഘകാലമായി നിരീക്ഷിച്ച 1.4 കോടി E20 വാഹനങ്ങളുടെ വിവരങ്ങളിൽ എഥനോൾ മൂലം തുരുമ്പെടുത്തതായി തെളിവുകളില്ലെന്ന് മറ്റൊരു പ്രമുഖ വാഹന നിർമാണ കമ്പനിയും അടുത്തിടെ വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തില്‍ കര്‍ശന പരിശോധനകൾക്ക് ശേഷമാണ് വാഹനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നതെന്ന്  ARAI ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

മൈലേജിൻ്റെ കാര്യം പരിശോധിച്ചാൽ ഡ്രൈവിങ് രീതികൾ, റോഡിൻ്റെ അവസ്ഥകൾ, വാഹന പരിപാലനം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ ഇന്ധനക്ഷമതയെ സ്വാധീനിക്കുന്നുണ്ടെന്ന് ഗവണ്‍മെൻ്റ് ഏജൻസികളുടെയും വാഹന നിർമാതാക്കളുടെയും പഠനങ്ങൾ വ്യക്തമാക്കുന്നു. E10 അനുയോജ്യമായി രൂപകല്പന ചെയ്ത ചില വാഹനങ്ങളിൽ ഇന്ധനക്ഷമതയിലുണ്ടാകുന്ന കുറവ് പൊതുവെ 3 മുതല്‍ 5%  വരെ മാത്രമാണ്. അതേസമയം ഉയർന്ന ഒക്ടേൻ റേറ്റിങും എന്‍ജിന്‍ ഘർഷണം ഒഴിവാക്കുന്നതിലെ മികച്ച ശേഷിയും ശുദ്ധമായ ജ്വലനവും സുഗമമായ എന്‍ജിന്‍ പ്രകടനവും E20 ഇന്ധനങ്ങള്‍ ഉറപ്പാക്കുന്നു.  

ശാസ്ത്രീയ വിലയിരുത്തലിൻ്റെയും ഘട്ടംഘട്ടമായി E20 നടപ്പാക്കുന്നതിൻ്റെയും എല്ലാ ഘട്ടങ്ങളിലും വാഹന നിർമാതാക്കൾ, അനുബന്ധ ഘടകങ്ങളുടെ വിതരണക്കാർ,  SIAM, ARAI, പരിശോധനാ ഏജൻസികൾ, എണ്ണ വിപണന കമ്പനികൾ എന്നിവർ  പങ്കാളികളായിരുന്നു. ഇന്ധന സംവിധാനങ്ങള്‍,  എന്‍ജിൻ ഈടുനിൽപ്പ്, ഡ്രൈവിങ്  അനുഭവം, വാഹന സാമഗ്രികളുടെ അനുയോജ്യത,  മലിനീകരണ തോത് എന്നിവ വിജയകരമായി സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രമാണ് E20 വിപണിയിലിറക്കിയത്. പഴയ വാഹനങ്ങൾക്ക് E20 പെട്രോൾ ഉപയോഗിക്കുന്നത് മൂലം പ്രകടനത്തിൽ കാര്യമായ വ്യത്യാസമോ അസാധാരണ തേയ്മാനമോ ഉണ്ടാകുന്നില്ലെന്നും ഈ പഠനങ്ങൾ വ്യക്തമാക്കുന്നു.

SIAM, ARAI എന്നിവയുടെ അഭിപ്രായത്തിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനൊപ്പം വേഗ വർധനയും സഞ്ചാര സുഖവും E20 മെച്ചപ്പെടുത്തുന്നു. എഥനോളിൻ്റെ ഉയർന്ന ഒക്ടേൻ നമ്പർ ആധുനിക എന്‍ജിനുകളെ പിന്തുണയ്ക്കുമ്പോള്‍  ഉയർന്ന ബാഷ്പീകരണ താപം  ജ്വലനക്ഷമത വർധിപ്പിക്കുന്നു.   

E20 ഇന്ധനത്തിലേക്കുള്ള മാറ്റം രാജ്യത്തിന് വലിയ നേട്ടങ്ങളാണ് നല്‍കിയത്.  എഥനോൾ മിശ്രിത പെട്രോൾ പദ്ധതിയിലൂടെ 1.97 ലക്ഷം കോടിയിലധികം രൂപയുടെ വിദേശനാണ്യം ലാഭിക്കാനും 316 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയില്‍ ഇറക്കുമതി ഒഴിവാക്കാനും 952 ലക്ഷം മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കാനും സാധിച്ചു. കൂടാതെ കർഷകർക്ക് 1.66 ലക്ഷം കോടിയിലധികം രൂപ നൽകാനും കഴിഞ്ഞു.

ഇതിനുപുറമെ ഇന്ധന സംഭരണം, മിശ്രണം, സൂക്ഷിപ്പ്, ഗതാഗതം, ചില്ലറ വിതരണം എന്നിവയിൽ കർശന പ്രവര്‍ത്തനചട്ടങ്ങള്‍ എണ്ണ വിപണന കമ്പനികൾ പാലിക്കുന്നുണ്ട്. ഡിസ്റ്റിലറി, ഡിപ്പോ, ചില്ലറവില്പന കേന്ദ്രങ്ങള്‍ എന്നീ തലങ്ങളിൽ ഇന്ധന ഗുണനിലവാരം പരിശോധിക്കുന്നു. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ മായം ചേർക്കൽ തടയാനും നിർദിഷ്ട ഗുണനിലവാരമുള്ള ഇന്ധനം മാത്രം ഉപഭോക്താക്കളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാനും കഴിഞ്ഞ 10-20 ദിവസത്തിനിടെ എണ്ണക്കമ്പനികൾ പമ്പുകളില്‍  30,000-ത്തിലധികം ഗുണനിലവാര പരിശോധനകൾ നടത്തിയിട്ടുണ്ട്. ഇന്ധനത്തിൽ മായം ചേർക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന ഗവണ്‍മെൻ്റുകളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.  

E20 ഇന്ധനവുമായി ബന്ധപ്പെട്ടതടക്കം ഉപഭോക്തൃ പരാതികളും നിർദേശങ്ങളും സ്വീകരിക്കാനും അന്വേഷിക്കാനും പരിഹരിക്കാനും പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ ശക്തമായ പരാതി പരിഹാര സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ധന  ചില്ലറ വില്പന കേന്ദ്രങ്ങളിലെ പരാതി രജിസ്റ്ററുകൾ, ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറുകൾ, കമ്പനി വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്പുകൾ,  CRM സംവിധാനങ്ങൾ, സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ, ഇ-മെയിൽ, കേന്ദ്രീകൃത പൊതുജന പരാതി പരിഹാര നിരീക്ഷണ സംവിധാനം (CPGRAMS) എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് പരാതി രജിസ്റ്റർ ചെയ്യാം. പരാതികൾ പെട്ടെന്ന് പരിഹരിക്കാന്‍ ഡീലർമാരുടെയും ബന്ധപ്പെട്ട പ്രാദേശിക ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പറുകൾ പമ്പുകളില്‍  കൃത്യമായി പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങളിലൂടെ ലഭിക്കുന്ന എല്ലാ പരാതികളും എണ്ണക്കമ്പനികളുടെ നിർദിഷ്ട നടപടിക്രമങ്ങൾ പ്രകാരം സമയബന്ധിതമായി അന്വേഷിച്ച് പരിഹരിക്കുന്നുണ്ട്.

പ്രകടനത്തില്‍ തകരാറുകളൊന്നുമില്ലാതെ എല്ലാ പെട്രോൾ വാഹനങ്ങളിലും E20 ഇന്ധനം സാങ്കേതികമായി ഉപയോഗിക്കാമെന്നത് സംബന്ധിച്ചും എഥനോൾ മിശ്രണത്തിൻ്റെ പാരിസ്ഥിതിക-ഊർജ സുരക്ഷാ നേട്ടങ്ങളെക്കുറിച്ചും ഉപഭോക്താക്കളെ ബോധവൽക്കരിക്കാൻ പൊതുജന ബോധവൽക്കരണ പരിപാടികളും നടത്തിവരുന്നു.   പരാതി പരിഹാര സംവിധാനങ്ങളിലൂടെ ലഭിക്കുന്ന പ്രതികരണങ്ങള്‍ എണ്ണക്കമ്പനികൾ പതിവായി നിരീക്ഷിക്കുകയും എഥനോൾ മിശ്രിത പെട്രോൾ  പദ്ധതിയുമായി മുന്നോട്ടുപോകുമ്പോൾ ഉപഭോക്താക്കളുടെ ആത്മവിശ്വാസം ഉറപ്പാക്കാനാവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.

കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി ശ്രീ. സുരേഷ് ഗോപി ഇന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ അറിയിച്ചത്.

****


(रिलीज़ आईडी: 2288613) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Gujarati , Tamil , Telugu