വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

സാമ്പത്തിക സഹായം, അന്താരാഷ്ട്ര പങ്കാളിത്തം, ആഗോള പ്രചാരണം എന്നിവയിലൂടെ ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകരെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുന്നു

प्रविष्टि तिथि: 22 JUL 2026 4:15PM by PIB Thiruvananthpuram
ചലച്ചിത്രപരമായ ഉള്ളടക്കത്തിന്റെ വികസന, ആശയവിനിമയ, പ്രചാരണ (ഡി.സി.ഡി.എഫ്.സി) പദ്ധതിക്ക് കീഴില്‍, പ്രാദേശിക സിനിമകളുടെ നിര്‍മാണത്തിനായി സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നു. ഈ സംരംഭങ്ങള്‍ മഹാരാഷ്ട്രയിലുള്ളവര്‍ ഉള്‍പ്പെടെ, രാജ്യത്തുടനീളമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പ്രയോജനം ചെയ്യുന്നു. അതോടൊപ്പം ഇന്ത്യയുടെ ചലച്ചിത്ര ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ആഗോളതല മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സംഭാവനയേകുന്നു.

ഇന്ത്യന്‍ ചലച്ചിത്ര ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യന്‍ സിനിമയുടെ ആഗോളതലത്തിലുള്ള പ്രചാരണം വര്‍ദ്ധിപ്പിക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി സംരംഭങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ (എന്‍.എഫ്.ഡി.സി) വഴി അത്തരം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സഹായം നല്‍കിവരുന്നു.

അന്താരാഷ്ട്ര പ്രചാരണവും വിപണി അഭിഗമ്യതയും സുഗമമാക്കുന്നതിനായി, പ്രധാന അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ചലച്ചിത്ര വിപണികളിലും ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ പങ്കാളിത്തത്തെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. ഇന്ത്യന്‍ ചലച്ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര പങ്കാളിത്തത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എഫ്.ഐ.സി.സി.ഐ), ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് (ഐ.സി.സി ) എന്നിവ പോലുള്ള വ്യവസായ സ്ഥാപനങ്ങളുമായും കേന്ദ്ര മന്ത്രാലയം സഹകരിക്കുന്നു.

ഇതിനുപുറമെ, ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും, ഇന്ത്യയിലെയും അന്താരാഷ്ട്ര തലത്തിലെയും ചലച്ചിത്ര വ്യവസായങ്ങള്‍ തമ്മിലുള്ള ഇടപെടല്‍ സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി വിദേശത്തുള്ള ഇന്ത്യന്‍ എംബസികള്‍ക്ക് സാമ്പത്തിക സഹായവും നല്‍കുന്നു.

വേവ്‌സ് ബസാര്‍, വര്‍ക്ക് ഇന്‍ പ്രോഗ്രസ് ലാബുകള്‍, പ്രത്യേക പ്രദര്‍ശന മുറികള്‍ (വ്യൂയിങ് റൂമുകള്‍), ചലച്ചിത്ര വിപണികള്‍, അന്താരാഷ്ട്ര സഹനിര്‍മ്മാണങ്ങള്‍  സുഗമമാക്കുന്നതിനുള്ള പരിപാടികള്‍ എന്നിവ ഇത്തരം സംരംഭങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ പ്ലാറ്റ്ഫോമുകള്‍ ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സിനിമാപദ്ധതി വികസനത്തിനുള്ള പിന്തുണയും, ശൃംഖലാപരമായ സമ്പര്‍ക്ക (നെറ്റ്വര്‍ക്കിംഗ്)ത്തിനുള്ള അവസരങ്ങളും, അന്താരാഷ്ട്ര വിപണിയിലേക്കുള്ള പ്രവേശനവും നല്‍കുന്നു.

ലോകോത്തര അടിസ്ഥാന സൗകര്യങ്ങളോടെയും സംവിധാനങ്ങളോടെയും മഹാരാഷ്ട്ര, രാജ്യത്തെ മുന്‍നിര ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രങ്ങളിലൊന്നായി തുടരുന്നു. ഗോരേഗാവിലെ ദാദാസാഹേബ് ഫാല്‍ക്കെ ചിത്രനഗരി (ഫിലിം സിറ്റി) മുംബൈയിലാണ് സ്ഥിതി ചെയ്യുന്നത്. പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ), മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസ് (ഐ.ഐ.സി.ടി) തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ മേഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് പിന്തുണ നല്‍കുന്നു. ഇവ കൂടാതെ, മുംബൈ, പൂനെ, നാസിക് എന്നിവിടങ്ങളിലുടനീളം സ്വകാര്യ മേഖലയുടേതായി വിപുലമായ ചിത്രീകരണ (പ്രൊഡക്ഷന്‍), ചിത്രീകരണാനന്തര (പോസ്റ്റ്-പ്രൊഡക്ഷന്‍) സൗകര്യങ്ങളുടെ ഒരു ശൃംഖലയും പ്രവര്‍ത്തിക്കുന്നുണ്ട്

ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൂടുതല്‍ പരിശോധിക്കുന്നതിനായി, കേന്ദ്ര വാര്‍ത്താവിനിമയ, പ്രക്ഷേപണ മന്ത്രാലയം അടുത്തിടെ ഒരു ഉന്നതതല പഠനസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഈ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നയപരമായ കൂടുതല്‍ നടപടികള്‍ ആവിഷ്‌കരിക്കും.

ലോക്‌സഭയില്‍ ഡോ. അമോല്‍ രാംസിങ് കോല്‍ഹെ ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന്, കേന്ദ്ര വാര്‍ത്താവിനിമയ,പ്രക്ഷേപണ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി ഡോ. എല്‍. മുരുകന്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ അറിയിച്ചത്.
 
***

(रिलीज़ आईडी: 2288024) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Tamil , Telugu , Kannada