രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ദ്രൗപദി മുർമു നോർത്ത് മാസിഡോണിയയിൽ
നോർത്ത് മാസിഡോണിയൻ പ്രസിഡന്റുമായി ഉഭയകക്ഷി കൂടിക്കാഴ്ചയും പ്രതിനിധിതല ചർച്ചകളും നടത്തി
प्रविष्टि तिथि:
21 JUL 2026 4:32PM by PIB Thiruvananthpuram
മോൾഡോവ, നോർത്ത് മാസിഡോണിയ, റൊമാനിയ എന്നീ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്നലെ വൈകിട്ട് (2026 ജൂലൈ 20) നോർത്ത് മാസിഡോണിയയിലെ സ്കോപ്യേയിൽ എത്തിച്ചേർന്നു. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി നോർത്ത് മാസിഡോണിയ സന്ദർശിക്കുന്നത് .
സ്കോപ്യേ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രാഷ്ട്രപതിയെ നോർത്ത് മാസിഡോണിയ വിദേശകാര്യ വിദേശവ്യാപാര മന്ത്രി ടിംചോ മുചുൻസ്കി ഊഷ്മളമായി സ്വീകരിച്ചു.
ഔദ്യോഗിക സന്ദർശനത്തിൽ ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി ശ്രീമതി നിമുബെൻ ജയന്തിഭായ് ബംഭാനിയ, പാർലമെന്റ് അംഗങ്ങളായ ഡോ. ദിനേഷ് ശർമ്മ, ശ്രീ വിജയ് ബാഗൽ എന്നിവരും രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്.
ഇന്ന് (2026 ജൂലൈ 21), നോർത്ത് മാസിഡോണിയ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും ഓഫീസുമായ വില്ല വോഡ്നോ സന്ദർശിച്ചുകൊണ്ടാണ് രാഷ്ട്രപതി പരിപാടികൾക്ക് തുടക്കം കുറിച്ചത്. നോർത്ത് മാസിഡോണിയ റിപ്പബ്ലിക് പ്രസിഡന്റ് ഡോ. ഗോർഡാന സിൽജാനോവ്സ്ക-ദാവ്കോവ ശ്രീമതി മുർമുവിനെ ഊഷ്മളമായി സ്വീകരിച്ചു. രാഷ്ട്രപതിക്ക് ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി. വ്യക്തിഗത കൂടിക്കാഴ്ചയിലും പ്രതിനിധിതല ചർച്ചകളിലും ഇരുനേതാക്കളും ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് ചർച്ച ചെയ്യുകയും പരസ്പര താല്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്തു. പൊതുവായ ജനാധിപത്യ മൂല്യങ്ങളിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായ ആഴത്തിലുള്ള സൗഹൃദപരമായ ഉഭയകക്ഷി ബന്ധം ഇരുനേതാക്കളും എടുത്തുപറഞ്ഞു.
ഇന്ത്യ-നോർത്ത് മാസിഡോണിയ ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് സാമ്പത്തിക സഹകരണമെന്ന് രാഷ്ട്രപതി പറഞ്ഞു. ഐ.ടി/ഐ.ടി.ഇ.എസ് (IT/ITES), കൃഷി, ഭക്ഷ്യ സംസ്കരണം , ഫാർമസ്യൂട്ടിക്കൽസ്, ടെക്സ്റ്റൈൽസ്, ബയോ-ടെക്, ടൂറിസം, ഹോസ്പിറ്റാലിറ്റി, സിനിമാ നിർമ്മാണം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലെ സഹകരണത്തിന് അവർ ഊന്നൽ നൽകി.
സാംസ്കാരികപരവും, ജനങ്ങൾ തമ്മിലുള്ളതുമായ ബന്ധം ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ശക്തമായ അടിത്തറയാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സർഗ്ഗാത്മക വ്യവസായ മേഖലയിലെ (Creative Industry) സഹകരണം സാംസ്കാരിക വിനിമയത്തിന്റെ സുപ്രധാന വശമാണെന്നും അവർ വ്യക്തമാക്കി.
അന്താരാഷ്ട്ര സൗരസഖ്യം (ISA), ദുരന്ത പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യത്തിനായുള്ള സഖ്യം (CDRI), ആഗോള ജൈവ ഇന്ധനസഖ്യം എന്നീ സംരംഭങ്ങളിലൂടെ അന്താരാഷ്ട്ര സഹകരണം വളർത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ കൂട്ടായ്മകളിൽ ചേരാനുള്ള നോർത്ത് മാസിഡോണിയയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത അവർ, ഇത്തരത്തിലുള്ള അന്താരാഷ്ട്ര സംരംഭങ്ങളിൽ പങ്കാളികളാകുന്നത് പുനരുപയോഗ ഊർജ്ജവും ദുരന്ത പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കുന്നതിന് ആഗോള മികച്ച രീതികളും സാങ്കേതിക വൈദഗ്ധ്യവും പ്രയോജനപ്പെടുത്താൻ നോർത്ത് മാസിഡോണിയയെ പ്രാപ്തമാക്കുമെന്നും കൂട്ടിച്ചേർത്തു.
നിർമ്മിത ബുദ്ധി (AI) കോഴ്‌സുകൾ ഉൾപ്പെടെ, നോർത്ത് മാസിഡോണിയയ്ക്കുള്ള ഇന്ത്യൻ സാങ്കേതിക സാമ്പത്തിക സഹകരണ (ITEC) പരിശീലന സംരംഭങ്ങളുടെ എണ്ണം ഇരട്ടിയാക്കാനുള്ള ഇന്ത്യയുടെ തീരുമാനം രാഷ്ട്രപതി പ്രഖ്യാപിച്ചു. ഈ സന്ദർശനം ഇന്ത്യയും നോർത്ത് മാസിഡോണിയയും തമ്മിലുള്ള ബഹുമുഖ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും വരും വർഷങ്ങളിൽ അതിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നും ഇരു നേതാക്കളും അംഗീകരിച്ചു .
****
(रिलीज़ आईडी: 2287218)
आगंतुक पटल : 14