ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

12 കോടി ട്രമഡോൾ ഹൈഡ്രോക്ലോറൈഡ് (ഫൈറ്റർ ഡ്രഗ്) നിയമവിരുദ്ധമായി കടത്താനുള്ള ശ്രമം സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് (സിബിഎൻ) വിഫലമാക്കി; നടപടി ‘ഓപ്പറേഷൻ വജ്ര’യുടെ ഭാഗമായി

ഡൽഹിയിലെ ഗോഡൗണിൽനിന്ന് മുഴുവൻ ചരക്കും പിടിച്ചെടുത്തു; ബെംഗളൂരുവിൽനിന്നും കൊച്ചിയിൽനിന്നുമായി മൂന്ന് പേർ അറസ്റ്റിൽ

प्रविष्टि तिथि: 20 JUL 2026 8:31PM by PIB Thiruvananthpuram
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ റവന്യൂ വകുപ്പിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് (CBN), 12 കോടി ട്രമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകളുടെ അനധികൃത കടത്ത് തടഞ്ഞു. ‘ഫൈറ്റർ ഡ്രഗ്’ എന്നറിയപ്പെടുന്ന ഇവയുടെ വീര്യമേറിയ 250 മില്ലിഗ്രാം വീതമുള്ള ഗുളികകളാണ് പിടിച്ചെടുത്തത്. ഡൽഹിയിലെ ഗോഡൗണിൽനിന്ന് ഏകദേശം 30 മെട്രിക് ടൺ (30,000 കിലോഗ്രാം) വരുന്ന മുഴുവൻ ശേഖരവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽനിന്ന് ‌ഒരാളും കൊച്ചിയിൽനിന്നു രണ്ടുപേരുമാണ് അറസ്റ്റിലായത്.
പ്രാഥമിക അന്വേഷണത്തിൽ ഗിനിയ-ബിസാവുവിലേക്ക് അയക്കാൻ ലക്ഷ്യമിട്ടുള്ളതെന്നു കരുതിയ ഈ ശേഖരം, ലിബിയയിലേക്കു കൊണ്ടുപോകാനായി സൂക്ഷിച്ചതാണെന്നു പിന്നീടു വ്യക്തമായി. ഈ മുഴുവൻ ശേഖരവും ഡൽഹിയിലെ ഗോഡൗണിൽനിന്ന് പിടിച്ചെടുത്തതിലൂടെ, അനധികൃത അന്താരാഷ്ട്ര ശൃംഖലകളിലേക്ക് ഇവ എത്തുന്നതിനു തടയിടാനായി.
‘ഓപ്പറേഷൻ വജ്ര’ എന്നു പേരിട്ട ദൗത്യമാണ് സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് വിജയകരമായി പൂർത്തിയാക്കിയത്. 2026 ജൂലൈ 10 മുതൽ 20 വരെ ബെംഗളൂരു, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായി സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സിന്റെ ഗ്വാളിയർ സംഘമാണ് പരിശോധനകൾ നടത്തിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ബെംഗളൂരു, ഡിആർഐ കൊച്ചി എന്നിവ ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ ഫലപ്രദമായ ഏകോപനത്തോടെയായിരുന്നു നടപടി.
 
ഗിനിയ-ബിസാവുവിലേക്ക് അയക്കാൻ ഉദ്ദേശിച്ചിരുന്ന 120 ദശലക്ഷം (12 കോടി) ട്രമഡോൾ ഗുളികകൾ ലിബിയയിലേക്കു കൊണ്ടുപോകാൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നു. അപായസാധ്യത അടിസ്ഥാനമാക്കിയുള്ള CBN-ന്റെ കരുത്തുറ്റ കയറ്റുമതി നിയന്ത്രണ സംവിധാനത്തിന് കീഴിലുള്ള പരിശോധനയിൽ, നിരവധി സംശയകരമായ സൂചനകൾ കണ്ടെത്തി. ഇത് വിശദമായ പരിശോധനയ്ക്കും ഏകോപനത്തിനും വഴിവച്ചു. തുടർന്ന്, ഇന്റർനാഷണൽ നാർക്കോട്ടിക്സ് കൺട്രോൾ ബോർഡും (ഐഎൻസിബി) ഗിനിയ-ബിസാവു അധികൃതരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ, ചരക്കിന്റെ ലക്ഷ്യസ്ഥാനം സംബന്ധിച്ച വിവരങ്ങൾ തെറ്റായി നൽകിയതാണെന്ന് കണ്ടെത്തി. ഇതിലൂടെ, ട്രമഡോൾ ഗുളികകളുടെ ചരക്ക് മറ്റൊരു രാജ്യത്തേക്ക് അനധികൃതമായി വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടന്നതെന്ന് വ്യക്തമായി.
 
പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് ബെംഗളൂരുവിൽ ഏകോപിത പരിശോധന നടത്തി. തുടർന്ന്, ബെംഗളൂരു ആസ്ഥാനമായുള്ള ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് (എൽഎൽപി) സ്ഥാപനത്തിന്റെ ഡയറക്ടറെ 1985-ലെ എൻഡിപിഎസ് നിയമപ്രകാരം അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഈ ഗൂഢാലോചനയുടെ പ്രധാന ആസൂത്രകർ കേരളത്തിൽനിന്നാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. നിയമനടപടികളിൽനിന്ന് ഒഴിഞ്ഞുമാറാൻ പലതവണ ശ്രമിച്ചെങ്കിലും, ദീർഘകാല രഹസ്യാന്വേഷണത്തിനൊടുവിൽ കൊച്ചിയിൽനിന്ന് രണ്ട് പ്രധാന പ്രതികളെക്കൂടി പിടികൂടി. മൂന്ന് പ്രതികളെയും 1985-ലെ എൻഡിപിഎസ് നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടരന്വേഷണം പുരോഗമിക്കുന്നു.
 
സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സിന്റെ ജാഗ്രതാപൂർണമായ ഇടപെടലിലൂടെ അനധികൃത സിന്തറ്റിക് ഒപിയോയിഡുകളുടെ വൻതോതിലുള്ള കടത്ത് സംഘർഷമേഖലകളിലേക്ക് എത്തുന്നത് തടയാനായി. അപായസാധ്യത അടിസ്ഥാനമാക്കിയുള്ള പരിശോധനാ സംവിധാനത്തിന്റെയും അന്തർദേശീയ നിയമപാലന ഏജൻസികൾ തമ്മിലുള്ള വിവരവിനിമയത്തിന്റെയും ദേശീയ ഏജൻസികളുടെ സഹകരണത്തിന്റെയും പ്രാധാന്യം ഈ ഓപ്പറേഷൻ വീണ്ടും തെളിയിച്ചു. ആഗോള ഔഷധവിതരണ ശൃംഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇത്തരം ഏകോപിത നടപടികൾ നിർണായകമാണെന്നും ഈ സംഭവം വ്യക്തമാക്കുന്നു.
 
‘ഓപ്പറേഷൻ വജ്ര’യുടെ വിജയം രഹസ്യാന്വേഷണ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമനടപടികളും വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനവും അന്തർദേശീയ സഹകരണവും രാജ്യാന്തര മയക്കുമരുന്ന് കടത്തിനെതിരായ പോരാട്ടത്തിൽ എത്രത്തോളം ഫലപ്രദമാണെന്ന് വ്യക്തമാക്കുന്നു. അതോടൊപ്പം, 1985-ലെ എൻഡിപിഎസ് നിയമപ്രകാരമുള്ള ഇന്ത്യയുടെ കരുത്തുറ്റ നിയന്ത്രണ സംവിധാനത്തെയും ഈ നടപടി എടുത്തുകാട്ടുന്നു.
 
‘ലഹരിമുക്ത ഇന്ത്യ’ എന്ന ഗവണ്മെന്റ് കാഴ്ചപ്പാട് യാഥാർഥ്യമാക്കുന്നതിനും ഔഷധങ്ങളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുന്നതിനുമായി, ഇന്ത്യയുടെ നിയന്ത്രണ സംവിധാനം സംരക്ഷിക്കുന്നതിനും രാജ്യാന്തര മയക്കുമരുന്ന് കടത്ത് ശൃംഖലകൾ തകർത്തെറിയുന്നതിനും പ്രതിജ്ഞാബദ്ധതയേആടെ പ്രവർത്തിക്കുകയാണ് സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ്.
 
****

(रिलीज़ आईडी: 2286917) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , हिन्दी , Punjabi , Gujarati , Tamil