രാഷ്ട്രപതിയുടെ കാര്യാലയം
ഇന്ത്യയുടെ രാഷ്ട്രപതി മോൾഡോവയിൽ; മോൾഡോവ രാഷ്ട്രപതിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി, പ്രതിനിധിതല ചർച്ചകൾക്ക് നേതൃത്വം നൽകി
प्रविष्टि तिथि:
20 JUL 2026 4:28PM by PIB Thiruvananthpuram
ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, മോൾഡോവ, നോർത്ത് മാസിഡോണിയ, റൊമാനിയ എന്നീ രാജ്യങ്ങളിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഇന്ന് (2026 ജൂലായ് 20) രാവിലെ മോൾഡോവയിലെ ചിസിനാവിൽ എത്തിച്ചേർന്നു. ഒരു ഇന്ത്യൻ രാഷ്ട്രപതി മൊൾഡോവ സന്ദർശിക്കുന്നത് ഇതാദ്യമായാണ്.
ഈ ഔദ്യോഗിക സന്ദർശനത്തിൽ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി ശ്രീമതി നിമുബെൻ ജയന്തിഭായ് ബംഭാനിയ, രാജ്യസഭാംഗം ഡോ. ദിനേശ് ശർമ്മ, ലോക്സഭാംഗം ശ്രീ. വിജയ് ബാഗേൽ എന്നിവർ രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്.
ചിസിനാവു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രാഷ്ട്രപതിയെ, മോൾഡോവ റിപ്പബ്ലിക്കിന്റെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മിഹായ് പോപ്സോയ് സ്വീകരിച്ചു.
തുടർന്ന്, മോൾഡോവ രാഷ്ട്രപതിയുടെ കൊട്ടാരം സന്ദർശിച്ച ദ്രൗപദി മുർമുവിനെ മോൾഡോവ റിപ്പബ്ലിക്കിന്റെ രാഷ്ട്രപതി ബഹുമാനപ്പെട്ട ശ്രീമതി. മയ്യ സാന്ദു ഊഷ്മളമായി സ്വീകരിച്ചു. രാഷ്ട്രപതിയ്ക്ക് ആചാരപരമായ വരവേൽപ്പും ഗാർഡ് ഓഫ് ഓണറും നൽകി. നേരിട്ടുള്ള കൂടിക്കാഴ്ചയിലും പ്രതിനിധിതല ചർച്ചകളിലും, ഇരു നേതാക്കളും ഉഭയകക്ഷി പങ്കാളിത്തത്തിന്റെ മുഴുവൻ മേഖലകളെയും ഉൾക്കൊള്ളുന്ന ഉത്പാദനപരവും ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമായ ചർച്ചകൾ നടത്തി.
ഒരു ഇന്ത്യൻ രാഷ്ട്രപതിയുടെ ഇദംപ്രഥമമായ മൊൾഡോവ സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തിലെ ചരിത്രപരമായ ഒരു നാഴികക്കല്ലാണെന്നും, ഇന്ത്യയും മൊൾഡോവയും തമ്മിലുള്ള വളർന്നുവരുന്ന സൗഹൃദത്തെയും പരസ്പര വിശ്വാസത്തെയുമാണ് അത് പ്രതിഫലിപ്പിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയും മോൾഡോവയും ഊഷ്മളവും സൗഹാർദ്ദപരവുമായ ബന്ധം വെച്ചുപുലർത്തുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഭൂമിശാസ്ത്രപരമായി അകലെയാണെങ്കിലും, സമാധാനം, വികസനം, അന്താരാഷ്ട്ര സഹകരണം എന്നിവയോടുള്ള നമ്മുടെ പൊതുവായ പ്രതിബദ്ധതയുടെ അടിസ്ഥാനത്തിൽ ഇന്ത്യ-മോൾഡോവ പങ്കാളിത്തം ക്രമാനുഗതമായി വളർന്നു.
സാമ്പത്തിക സഹകരണം ഇരുരാജ്യങ്ങളുടെയും പങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമായി തുടരുന്നുവെന്ന് അവർ അടിവരയിട്ടു. വ്യാപാരവും നിക്ഷേപവും കൂടുതലായി പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും, അതിജീവനശേഷിയുള്ള വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തേണ്ടതിന്റെയും, പരസ്പരസമ്പർക്കം മെച്ചപ്പെടുത്തേണ്ടതിന്റെയും, ബിസിനസ് സമൂഹങ്ങൾ തമ്മിലുള്ള കൂടുതൽ അടുത്ത ഇടപെടൽ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകത അവർ ഊന്നിപ്പറഞ്ഞു.
മൊൾഡോവയിൽ നിന്നുള്ള പ്രൊഫഷണലുകൾക്കുള്ള ഐ.ടി.ഇ.സി പരിശീലന സ്ലോട്ടുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള ഇന്ത്യയുടെ തീരുമാനം രാഷ്ട്രപതി അറിയിച്ചു. ഇതിൽ നിർമ്മിത ബുദ്ധിയിലും ഉയർന്നുവരുന്ന മറ്റ് സാങ്കേതികവിദ്യകളിലുമുള്ള പ്രത്യേക പഠനപദ്ധതി(കോഴ്‌സ്)കളും ഉൾപ്പെടുന്നു. ഇന്ത്യൻ വിദേശകാര്യ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിത ബുദ്ധി, സൈബർ നയതന്ത്രം എന്നിവയെക്കുറിച്ചുള്ള പ്രത്യേക പഠനപദ്ധതികളുടെ ഭാഗമാകാൻ മൊൾഡോവൻ നയതന്ത്രജ്ഞരെ അവർ ക്ഷണിച്ചു.
കൃഷി, ലോജിസ്റ്റിക്സ്, അടിസ്ഥാന സൗകര്യം, ആരോഗ്യസംരക്ഷണം, ഔഷധനിർമാണ മേഖല(ഫാർമസ്യൂട്ടിക്കൽസ്), പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, നിർമ്മിത ബുദ്ധി, നൂതനത്വം എന്നിവയുൾപ്പെടെ പരസ്പര താൽപര്യമുള്ള വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരു നേതാക്കളും സമ്മതിച്ചു. പൊതുവായ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സമാധാനപരവും സ്ഥിരതയാർന്നതും സമൃദ്ധവുമായ ഒരു ലോകത്തിന് സംഭാവനയേകുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരാനും അവർ സമ്മതിച്ചു.
രണ്ട് രാഷ്ട്രപതിമാരും മാധ്യമങ്ങൾക്ക് പ്രസ്താവനകൾ നൽകി. (രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പത്രക്കുറിപ്പിന്റെ പൂർണരൂപം ഇതോടൊപ്പം ചേർത്തിരിക്കുന്നു).
രാഷ്ട്രപതിയുടെ പത്രക്കുറിപ്പ് ഇംഗ്ലീഷിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
***
(रिलीज़ आईडी: 2286840)
आगंतुक पटल : 16