പ്രധാനമന്ത്രിയുടെ ഓഫീസ്
2026-ലെ പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ ആരംഭത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
प्रविष्टि तिथि:
20 JUL 2026 11:11AM by PIB Thiruvananthpuram
നിങ്ങൾക്കെല്ലാവർക്കും സ്വാഗതം.
കാലവർഷം അതിന്റെ ഗുണാത്മക സ്വാധീനം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. അതോടൊപ്പം പാർലമെന്റിന്റെ വർഷകാല സമ്മേളനവും ആരംഭിക്കുകയാണ്. കാലവർഷമായാലും വർഷകാല സമ്മേളനമായാലും രണ്ടും സജീവമായിരിക്കുമ്പോൾ അവ വളരെയധികം ഫലപ്രദമായി മാറുന്നു. രണ്ടും ഫലപ്രദമാകുമ്പോൾ രാജ്യത്തിന്റെയും സർവ്വചരാചരങ്ങളുടെയും ക്ഷേമത്തിന് അവ സംഭാവന നൽകുന്നു. ഈ പ്രതീക്ഷയോടെ കാലവർഷം സജീവമായി തുടരാനും അതുപോലെ തന്നെ വർഷകാല സമ്മേളനം ഫലപ്രദമായിരിക്കാനും നമുക്ക് പ്രാർത്ഥിക്കാം.
സുഹൃത്തുക്കളേ,
കഴിഞ്ഞ മാസത്തിൽ രാജ്യം നിരവധി നാഴികക്കല്ലുകൾ കൈവരിക്കുകയും അത് പൗരന്മാരിൽ അഭിമാനം നിറയ്ക്കുകയും ചെയ്തു. ഈ നേട്ടങ്ങൾ ദേശീയ, അന്തർദേശീയ, ബഹിരാകാശ മേഖലകളിൽ ഉൾപ്പെടെ വ്യാപിപിച്ചുകിടക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇവ മഹത്വത്തിന്റെ നിമിഷങ്ങളായിരുന്നു. കഴിഞ്ഞ വർഷത്തെ വർഷകാല സമ്മേളനത്തിന് തൊട്ടുമുമ്പ് ഒരു ഇന്ത്യൻ പൗരൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്നു. കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഒരു യുവ സ്റ്റാർട്ടപ്പ് അസാധാരണമായ ഒരു നേട്ടം കൈവരിച്ചു. സ്വകാര്യ സംരംഭങ്ങൾ ഇത്തരം ശേഷി തെളിയിച്ചിട്ടുള്ള ചുരുക്കം ചില രാജ്യങ്ങൾ മാത്രമേ ലോകത്തുള്ളൂ. നമ്മുടെ യുവ നവീന സംരംഭകർ ബഹിരാകാശത്ത് ഇന്ത്യയുടെ അഭിലാഷങ്ങളെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു. ഇത് യഥാർത്ഥത്തിൽ ശ്രദ്ധേയമായ ഒരു നേട്ടമാണ്. സ്കൈറൂട്ട് സ്റ്റാർട്ടപ്പിൽ പ്രവർത്തിക്കുന്ന ടീമിന്റെ ശരാശരി പ്രായം വെറും 28 വയസ്സ് മാത്രമാണെന്ന് ഞാനറിയുകയുണ്ടായി. ഈ യുവമനസ്സുകളാണ് ഇത് സാധ്യമാക്കിയത്. 56 വയസ്സുള്ള ഒരു യുവാവിനെക്കുറിച്ചല്ല ഞാൻ പറയുന്നത്; ശരാശരി 28 വയസ്സ് മാത്രം പ്രായമുള്ള ടീമിൻ്റെ ഒരു സ്റ്റാർട്ടപ്പിനെക്കുറിച്ചാണ്. അവർ ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ പതാക നാട്ടിയിരിക്കുന്നു. അവർ തീർച്ചയായും നമ്മുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അർഹിക്കുന്നു. അതിലും പ്രധാനമായി ഇത്തരം നേട്ടങ്ങൾ നമ്മുടെ രാജ്യത്തിൽ അളവറ്റ ആത്മവിശ്വാസം വളർത്തുകയും ലോകത്തിലെ ബഹുമാനിക്കപ്പെടുന്നതും വിശ്വസനീയവുമായ പങ്കാളി എന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഇതൊരു യാദൃശ്ചികതയല്ല; ഇതൊരു ശക്തമായ സന്ദേശമാണ് - ഇന്ത്യൻ യുവത്വത്തിന്റെ ശേഷിയും അഭിലാഷങ്ങളും ബഹിരാകാശം പോലെ അതിരുകളില്ലാത്തതാണെന്ന സന്ദേശം. രാജ്യത്തിന് ഇതിനേക്കാൾ വലിയൊരു പ്രചോദനം വേറെയുണ്ടാകില്ല.
സുഹൃത്തുക്കളേ,
രാജ്യം തുടക്കമിട്ട നവീകരണ മുന്നേറ്റത്തിന്റെ ഫലമാണിത്. ഇത് നമ്മുടെ ചെറുപ്പക്കാർക്ക് ഇത്തരം ധൈര്യപൂർവ്വമായ ചുവടുകൾ വെക്കാനും വിജയിക്കാനും പ്രാപ്തി നൽകുന്നു.
സുഹൃത്തുക്കളേ,
അടുത്തിടെ, രാജസ്ഥാനിൽ ഒരു വലിയ എണ്ണശുദ്ധീകരണ ശാല രാജ്യത്തിന് സമർപ്പിക്കുകയുണ്ടായി. ഏതാനും ആഴ്ചകൾക്ക് മുമ്പ്, രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്ടർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ദിവസങ്ങൾക്ക് മുമ്പ്, വളരെ ചില രാജ്യങ്ങളിൽ മാത്രം ലഭ്യമായ സൗകര്യമായ, ഗ്രീൻ ഹൈഡ്രജൻ ഇന്ധനമാക്കിയ ട്രെയിൻ ആരംഭിച്ചു. എന്നാൽ ഇന്ത്യ പൗരന്മാർക്കായി സമർപ്പിച്ച ഹൈഡ്രജൻ ട്രെയിൻ ലോകത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിനിൽ പ്രവർത്തിക്കുന്നതും ഏറ്റവും നീളമേറിയതുമാണ്. ഇന്ത്യയുടെ ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, ഉപജ്ഞാതാക്കൾ, സംരംഭകർ, തൊഴിലാളികൾ എന്നിവർ രാജ്യത്തിനായുള്ള ഒരു ദൗത്യത്തോടെ പ്രവർത്തിച്ചതിന്റെ ഫലമാണിത്.
സുഹൃത്തുക്കളേ,
യുദ്ധസമാനമായ സാഹചര്യങ്ങൾ വീണ്ടും വീണ്ടും ഉയർന്നുവരുന്നത് നമുക്കറിയാം. ലോകവും ആശങ്കാകുലരാണ്. ഊർജ്ജത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് പശ്ചിമേഷ്യയിലെ യുദ്ധം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പെട്രോൾ, ഡീസൽ, എൽ.പി.ജി, രാസവളങ്ങൾ, രാസവസ്തുക്കൾ എന്നിവയിലെല്ലാം തടസ്സങ്ങൾ നേരിട്ടു. എന്നിരുന്നാലും ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി മാറിക്കൊണ്ട് ഇന്ത്യ 7.7 ശതമാനം നിരക്കിൽ വളർച്ച തുടർന്നു. ഇത് ഇന്ത്യയുടെ കരുത്തിനെയും ആവേശത്തോടും ഊർജ്ജത്തോടും കൂടി പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള അതിന്റെ നിശ്ചയദാർഢ്യത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്. വർഷകാല സമ്മേളനം ആരംഭിക്കുമ്പോൾ രാജ്യം വേഗത കൈവരിച്ചിരിക്കുന്നു. പാർലമെന്റിന്റെ മനോഭാവത്തിന് ഈ ഗതിവേഗത്തിലേക്ക് പുതിയ ഊർജ്ജം പകരാൻ സാധിക്കും. ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പോസിറ്റീവായ ഒരു മനോഭാവം അത്യാവശ്യമാണ്. പാർട്ടി ഭേദമന്യേ, നമ്മുടെ സഭയിൽ പരിചയസമ്പന്നരായ നിരവധി പാർലമെന്റ് അംഗങ്ങളുണ്ട്, അവരുടെ അറിവും ബുദ്ധിയും പാർലമെന്റിനും രാജ്യത്തിനും ആവശ്യമാണ്. അതിനാൽ, പാർലമെന്റ് പ്രവർത്തിക്കണം, അർത്ഥവത്തായ ചർച്ചകൾ നടക്കണം, രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കൂട്ടായ തീരുമാനങ്ങൾ കൈക്കൊള്ളണം. ഇതാണ് കാലഘട്ടത്തിന്റെ ആവശ്യവും യുവത്വത്തിന്റെ അഭിലാഷവും. രാജ്യസ്നേഹവും രാജ്യഭക്തിയും നിറഞ്ഞ ശബ്ദങ്ങൾക്ക് പാർലമെന്റിൽ അർഹമായ വേദി ലഭിക്കണമെന്നും ശബ്ദമുയർത്തി രാജ്യത്തെ വഴിനടത്തണമെന്നുമാണ് ഇന്നത്തെ ആവശ്യം. വസ്തുതകളും യുക്തിയും നിലനിൽക്കുന്നിടത്ത് തടസ്സങ്ങൾക്ക് സ്ഥാനമില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ശക്തമായ വാദങ്ങളും ശക്തമായ വസ്തുതകളും ശാന്തവും എന്നാൽ കരുത്തുറ്റതുമായ രീതിയിൽ ശബ്ദമുയർത്താൻ അനുവദിക്കുന്നു. പാർലമെന്റിലെ ചർച്ചകൾ വസ്തുതകളും യുക്തിയും കൊണ്ട് സമ്പന്നമാകുമെന്നും എല്ലാ ശബ്ദങ്ങൾക്കും അവസരം ലഭിക്കുമെന്നും ഓരോ ആശയത്തിനും ആദരവ് ലഭിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. പാർലമെന്റിൽ നമ്മുടെ പങ്ക് ഇതാണ്. ഈ സമ്മേളനത്തിൽ സജീവമായി പങ്കടുക്കാൻ എല്ലാ പാർലമെന്റ് അംഗങ്ങളെയും ഞാൻ ക്ഷണിക്കുന്നു. ഇന്ന് രാവിലെ ബഹുമാനപ്പെട്ട സ്പീക്കറും സമൂഹമാധ്യമത്തിലൂടെ പാർലമെന്റ് അംഗങ്ങളെ സ്വാഗതം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ ശബ്ദത്തോടൊപ്പം ഞാനും ചേരുന്നു.
എല്ലാവർക്കും വളരെയധികം നന്ദി.
നമസ്കാരം.
***
NK
(रिलीज़ आईडी: 2286490)
आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada