प्रविष्टि तिथि:
19 JUL 2026 9:02PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ "സഹകരണത്തിലൂടെ സമൃദ്ധി" എന്ന കാഴ്ചപ്പാടും "ധവളവിപ്ലവം 2.0" എന്ന ലക്ഷ്യവും മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി കൊൽക്കത്തയിലെ ന്യൂ ടൗൺ കൺവെൻഷൻ സെന്ററിൽ അമുൽ ബംഗാൾ ഡയറി പദ്ധതിയ്ക്ക് കീഴില്‍ ലോകത്തെ ഏറ്റവും വലിയ തൈര് ഉല്പാദന പ്ലാന്റിന്റെ ഭൂമി പൂജ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് നിർവഹിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ശ്രീ സുവേന്ദു അധികാരി, ഗുജറാത്ത് നിയമസഭാ സ്പീക്കർ ശ്രീ ശങ്കർഭായ് ചൗധരി, പശ്ചിമ ബംഗാൾ സഹകരണ മന്ത്രി ശ്രീ സ്വപൻ ദാസ് ഗുപ്ത, സംസ്ഥാന ധനമന്ത്രി ശ്രീ തപസ് റോയ്, വ്യവസായ വാണിജ്യ മന്ത്രി ഡോ. കല്യാൺ ചക്രവർത്തി, ഭക്ഷ്യസംസ്കരണ-ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രി ശ്രീ ശരദ്വത് മുഖർജി, പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ശ്രീ മനോജ് കുമാർ അഗർവാൾ, അമുൽ ഡയറി ചെയർമാൻ ശ്രീ അശോക് ചൗധരി എന്നിവരും മറ്റ് പ്രമുഖരും സഹകരണ മേഖലയിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് വേണ്ടി ബംഗാളിലെ ജനങ്ങൾക്ക് മിഷ്ഠി ദോയ് നൽകി മധുരം പകരാനാണ് എത്തിയിരിക്കുന്നതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ബംഗാളിലെ ജനങ്ങൾ കൊണ്ടുവന്ന ഈ മാറ്റം സ്വാതന്ത്ര്യത്തിന് ശേഷം സംസ്ഥാനത്ത് നടന്ന മറ്റെല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തവും ചരിത്രപരവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ പൊതുധാരയിൽ ഏതാണ്ട് എല്ലാ മേഖലകൾക്കും പ്രചോദനമേകിയ സംസ്ഥാനമാണ് പശ്ചിമ ബംഗാളെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. പതിറ്റാണ്ടുകളായി പശ്ചിമ ബംഗാൾ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെക്കാൾ മുന്നിലായിരുന്നു. സ്വാതന്ത്ര്യസമര കാലത്ത് ഒന്നിന് പുറകെ ഒന്നായി നിരവധി മഹത്തായ സ്വാതന്ത്ര്യസമര സേനാനികളെ ബംഗാൾ സംഭാവന ചെയ്തു. വിശ്വാസം, ഭക്തി, സങ്കീർത്തനം തുടങ്ങിയ മേഖലകളിൽ ചൈതന്യ മഹാപ്രഭു, സ്വാമി വിവേകാനന്ദൻ, രാമകൃഷ്ണ പരമഹംസർ, മഹർഷി അരവിന്ദൻ എന്നിവർ അസാധാരണ പാരമ്പര്യം സ്ഥാപിച്ചു. രാജ്യസ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും കാര്യത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ്, ഖുദിറാം ബോസ് തുടങ്ങിയ മഹത്തായ സ്വാതന്ത്ര്യസമര സേനാനികളിലൂടെ പരമോന്നത ത്യാഗം വരിക്കാന്‍ ബംഗാൾ ഒരിക്കലും മടിച്ചില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഗുരുദേവ് രവീന്ദ്രനാഥ ടാഗോർ ആഗോള അംഗീകാരം നേടിയതും ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് ശാസ്ത്രരംഗത്ത് വലിയ മുന്നേറ്റങ്ങൾ നടത്തിയതും 'ആനന്ദമഠം' എന്ന കൃതിയിലൂടെ 'വന്ദേമാതരം' രചിച്ച് ബങ്കിം ചന്ദ്ര ചതോപാധ്യായ സാംസ്കാരിക ദേശീയതയ്ക്ക് പുതിയ ദിശാബോധം പകര്‍ന്നതും ഇതേ ബംഗാളിലാണെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. എന്നാൽ നിർഭാഗ്യവശാൽ ദീർഘകാലം ബംഗാൾ ഒരു വിദേശ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്തിലായിരുന്നു. അതിൽ നിന്ന് പുറത്തുകടന്ന ശേഷം പ്രത്യയശാസ്ത്രപരമായ ശൂന്യതയിലും അഴിമതിയിലും കുറ്റകൃത്യങ്ങളിലും അകപ്പെട്ടു. തല്‍ഫലമായി ഗുരുദേവ് രവീന്ദ്രനാഥ ടാഗോർ വിഭാവനം ചെയ്ത "സുവര്‍ണ ബംഗാള്‍" എന്ന സ്വപ്നം ക്രമേണ മങ്ങിപ്പോയെന്നും ശ്രീ ഷാ പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനത്തെത്തുടർന്ന് ഒരു പതിറ്റാണ്ട് നീണ്ട പോരാട്ടത്തിനൊടുവിൽ 2016 മുതൽ 2026 വരെയുള്ള യാത്രയ്ക്ക് ശേഷം ശ്രീ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ "സുവര്‍ണ ബംഗാള്‍" ലക്ഷ്യമിടുന്ന പ്രസ്ഥാനം വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെട്ടതായി ശ്രീ അമിത് ഷാ പറഞ്ഞു. ജനങ്ങൾക്ക് നൽകിയ ഓരോ വാഗ്ദാനവും അവരുടെ മുന്നിൽ വെച്ച "സുവര്‍ണ ബംഗാള്‍" എന്ന സങ്കല്‍പവും യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആരംഭിച്ചുകഴിഞ്ഞതായി അദ്ദേഹം പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് ഉറപ്പുനൽകി. സമൃദ്ധവും വിദ്യാസമ്പന്നവും സുരക്ഷിതവും സാംസ്കാരിക സമ്പന്നവുമായ പശ്ചിമ ബംഗാൾ കെട്ടിപ്പടുക്കാന്‍ ഈ നിശ്ചയദാര്‍ഢ്യം വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിലെ കർഷകർക്കും ക്ഷീരകര്‍ഷകര്‍ക്കും ഇന്ന് അതീവ പ്രാധാന്യമുള്ള ദിവസമാണെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ തൈര് ഉല്പാദന കേന്ദ്രത്തിന്റെ ഭൂമി പൂജയാണ് അമുൽ ഇവിടെ നിർവഹിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ പ്രതിദിനം 10 ലക്ഷം ലിറ്റർ പാൽ സംസ്കരിക്കും; ഇത് ഏകദേശം 1.20 ലക്ഷം ചെറുകിട പാലുൽപ്പാദകർക്കും ക്ഷീരകര്‍ഷകര്‍ക്കും പ്രയോജനം ചെയ്യും.
അമുലിന് 15 ഏക്കർ വീതം രണ്ട് പ്ലോട്ടുകൾ നൽകാന്‍ നേരത്തെ സംസ്ഥാന മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നതായും അതുവഴി കിഴക്കൻ ഇന്ത്യയുടെ ആകെ പാലുൽപ്പാദനത്തിന്റെയും സംസ്കരണത്തിന്റെയും വിപണനത്തിന്റെയും മുഴുവൻ സംവിധാനവും പശ്ചിമ ബംഗാളിൽ നിന്ന് പ്രവർത്തിപ്പിക്കാനാകുമായിരുന്നുവെന്നും ശ്രീ അമിത് ഷാ പറഞ്ഞു. എന്നാൽ ഗുജറാത്തിനെ പശ്ചിമ ബംഗാളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന കാരണം പറഞ്ഞ് അന്ന് ആ നിർദേശം നിരസിക്കപ്പെട്ടു. പദ്ധതി ഗുജറാത്തിന് വേണ്ടിയല്ലെന്നും പശ്ചിമ ബംഗാളിലെ ക്ഷീരകര്‍ഷകരുടെയും പാലുൽപ്പാദകരുടെയും ക്ഷേമത്തിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തുണ്ടായ മാറ്റം ഇപ്പോൾ വ്യക്തമായി പ്രകടമാണെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. തന്റെ അഭ്യർത്ഥന മാനിച്ച് മുഖ്യമന്ത്രി ശ്രീ സുവേന്ദു അധികാരി 30 ഏക്കർ ഭൂമി അമുൽ ഫെഡറേഷന് സൗജന്യമായി നൽകാൻ തീരുമാനിച്ചു. ഈ തീരുമാനം ഏതാണ്ട് നൂറോളം വൻകിട നിക്ഷേപങ്ങൾ പശ്ചിമ ബംഗാളിലേക്കെത്താന്‍ വഴിയൊരുക്കി. കൂടാതെ ഏകദേശം 2.5 ലക്ഷം ക്ഷീരകര്‍ഷകര്‍ വിതരണം ചെയ്യുന്ന പാലിന് സാധ്യമായ ഏറ്റവും ഉയർന്ന വില ഉറപ്പാക്കാനും ഇത് സഹായിക്കും.
കാശ്മീർ മുതൽ കന്യാകുമാരി വരെയും ഗുജറാത്ത് മുതൽ ബംഗാൾ വരെയും രാജ്യത്തെ വീടുകളിൽ അമുൽ ബംഗാൾ ഡയറി പദ്ധതിയിലൂടെ ഉല്പാദിപ്പിക്കുന്ന 'മധുരത്തൈര്' ഉപയോഗിക്കുമെന്നും രാജ്യത്തെ ജനങ്ങൾ പശ്ചിമ ബംഗാളിനെ അനുഗ്രഹിക്കുമെന്നും ശ്രീ അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങളെ ഒന്നിപ്പിക്കാനും അവരെ സാമ്പത്തികമായി ശാക്തീകരിക്കാനും സമൃദ്ധിയുമായി ബന്ധിപ്പിക്കാനും സഹകരണ പ്രസ്ഥാനത്തിന് വലിയ ശേഷിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അമുലിനെ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് ഇത്രയും വിപുലമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഇന്ന് ലോകത്തെ ഒന്നാം നമ്പർ സഹകരണ സ്ഥാപനമായി മാറിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. 36 ലക്ഷത്തോളം സ്ത്രീകളാണ് അമുലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. സഹകരണത്തിന്റെ കരുത്തിനും അതിന്റെ സാമ്പത്തിക സാധ്യതകൾക്കും ഏറ്റവും മികച്ച ഉദാഹരണമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
18,600-ലധികം ഗ്രാമീണ ക്ഷീര സഹകരണ സംഘങ്ങൾ നിലവിൽ അമുലുമായി ബന്ധപ്പെട്ടിരിക്കുന്നതായും അമുൽ ഉല്പന്നങ്ങൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എത്തുന്നതായും ശ്രീ അമിത് ഷാ പറഞ്ഞു. ഒരു ഉപഭോക്താവ് അമുൽ ഉല്പന്നത്തിന് 100 രൂപ ചെലവഴിക്കുമ്പോൾ അതിൽ 87 രൂപയും നേരിട്ട് കർഷകനിലേക്കും ക്ഷീരകര്‍ഷനിലേക്കുമാണ് എത്തുന്നതെന്ന് അമുൽ ഉല്പന്നങ്ങൾ ഉപയോഗിക്കുന്ന ഓരോ പൗരനെയും അഭിസംബോധന ചെയ്ത് ശ്രീ ഷാ വ്യക്തമാക്കി.
ഈ പണം ഏതെങ്കിലും വ്യവസായിയുടെയോ വലിയ വ്യാപാര സംരംഭത്തിന്റെയോ കൈകളിലേക്കല്ല പോകുന്നത്. അമുലിന്റെ ആകെ വിറ്റുവരവിന്റെ ഏതാണ്ട് 87 ശതമാനവും ക്ഷീരകര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടും സുതാര്യമായും നിക്ഷേപിക്കപ്പെടുന്നു. ഉല്പന്നം ഉല്പാദിപ്പിക്കുന്ന വ്യക്തിക്ക് വ്യാപാര ലാഭത്തിന്റെ ഏറ്റവും വലിയ പങ്ക് ലഭിക്കുന്ന യഥാർത്ഥ സഹകരണ മാതൃകയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
അമുലിന്റെയും സഹകരണ ക്ഷീര മേഖലയുടെയും വിപുലീകരണത്തിന് കൂടുതൽ ഭൂമി നൽകാൻ മുഖ്യമന്ത്രി ശ്രീ സുവേന്ദു അധികാരിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. കന്നുകാലികളുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് പശ്ചിമ ബംഗാളിൽ ഉയർന്നയിനം കന്നുകാലി പ്രജനന കേന്ദ്രം സ്ഥാപിക്കും. പാലുൽപ്പാദകർക്ക് കൂടുതൽ പാൽ നൽകുന്ന മികച്ചയിനം കന്നുകാലികളെ ലഭ്യമാക്കാൻ ഇത് സഹായിക്കും. കൂടാതെ ലിംഗനിർണയം ചെയ്ത ബീജസങ്കലന സാങ്കേതികവിദ്യാ സൗകര്യവും സംസ്ഥാനത്തൊരുക്കും. കറവപ്പശുക്കളുടെ എണ്ണം വർധിപ്പിക്കാനും ക്ഷീരോല്പാദനക്ഷമത മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
സഹകരണ പ്രസ്ഥാനത്തിലൂടെ ബംഗാളിലെ കർഷകരിലേക്ക് സമൃദ്ധി എത്തിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി ശ്രീ സുവേന്ദു അധികാരിക്ക് കത്തെഴുതിയിരുന്നതായി ശ്രീ അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രവർത്തന വേഗം തന്നെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വൈകിട്ട് ലഭിച്ച ഇമെയിലുമായി ബന്ധപ്പെട്ട് അന്ന് രാത്രി 9 മണിയോടെ തന്നെ പശ്ചിമ ബംഗാൾ ഗവൺമെന്റ് ഒരു ലെയ്സൺ ഓഫീസറെ നിയമിക്കുകയും ആ ഉദ്യോഗസ്ഥൻ സഹകരണ മന്ത്രാലയവുമായി ഏകോപനം നടത്തുമെന്ന് മറുപടി നൽകുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർഷക ക്ഷേമവുമായി ബന്ധപ്പെട്ട എഴുപതിലേറെ പദ്ധതികൾ സഹകരണ മന്ത്രാലയത്തെ ഏല്പിച്ചതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ശ്രീ സുവേന്ദു അധികാരി രൂപീകരിച്ച ഫലപ്രദമായ ഏകോപന സംവിധാനത്തിലൂടെ ഈ പദ്ധതികളുടെയെല്ലാം ആനുകൂല്യങ്ങൾ അടുത്ത ആറ് മാസത്തിനകം പശ്ചിമ ബംഗാളിലെ കർഷകരിലേക്ക് എത്തിച്ചേരും.
സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ രജിസ്ട്രാർ ഓഫീസ് ഇന്ന് പൂർണമായി കംപ്യൂട്ടർവൽക്കരിക്കപ്പെട്ടതായും ശ്രീ അമിത് ഷാ പറഞ്ഞു. ഏറെക്കാലമായി മുടങ്ങിക്കിടന്ന ഈ പ്രവർത്തനം പുതിയ ഗവൺമെന്റ് വെറും ഒൻപത് ആഴ്ച കൊണ്ടാണ് പൂർത്തീകരിച്ചത്. സഹകരണ സ്ഥാപന പ്രതിനിധികൾക്ക് ഇനി മുതൽ മൊബൈൽ ഫോണിലൂടെ രജിസ്ട്രാർ ഓഫീസിലെ സേവനങ്ങൾ ലഭ്യമാകും. ഇത് സഹകരണ മേഖലയുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും കാര്യക്ഷമതയും വേഗവും വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ 10 സഹകരണ സംഭരണകേന്ദ്രങ്ങള്‍ക്ക് തറക്കല്ലിട്ടതായും ആകെ 1,400 മെട്രിക് ടൺ ശേഷിയോടുകൂടിയ സംഭരണശാലകള്‍ ഉദ്ഘാടനം ചെയ്തതായും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. ഈ സംഭരണശാലകള്‍ കർഷകർക്കും സഹകരണ സ്ഥാപനങ്ങൾക്കും അവരുടെ ഉല്പന്നങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാന്‍ സൗകര്യമൊരുക്കുകയും കുറഞ്ഞ വിലയ്ക്ക് ഉല്പന്നങ്ങൾ വിറ്റഴിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.
മറ്റൊരു സുപ്രധാന തുടക്കത്തിനും പശ്ചിമ ബംഗാള്‍ ഇന്ന് സാക്ഷ്യംവഹിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു. നിലവിൽ പല സ്വകാര്യ അഗ്രഗേറ്റർ കമ്പനികളും ടാക്സി ഡ്രൈവർമാരെ ചൂഷണം ചെയ്യുകയാണ്. ‘ഭാരത് ടാക്സി’ സംരംഭത്തിലൂടെ കേന്ദ്ര സർക്കാർ "സാരഥി" എന്ന ആശയം അവതരിപ്പിച്ചിരിക്കുന്നു. ഈ സംവിധാനത്തിന് കീഴിൽ ഒരു വാഹന സേവനദാതാവ് കേവലം ഡ്രൈവർ മാത്രമായിരിക്കില്ല. മറിച്ച് വാഹനത്തിന്റെയും കമ്പനിയുടെയും ഉടമയും ഓഹരി പങ്കാളിയുമായിരിക്കും. പശ്ചിമ ബംഗാളിലെ ടാക്സികളെ ‘ഭാരത് ടാക്സി’യുമായി ബന്ധിപ്പിക്കുന്ന ധാരണാപത്രത്തിൽ ഇന്ന് ഒപ്പുവെച്ചതായി അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലമായി പശ്ചിമ ബംഗാളിലെ ഒരു സാരഥിയും കേവലം ഡ്രൈവർ മാത്രമായി അവശേഷിക്കില്ല; ഓരോരുത്തരും കമ്പനിയുടെ ഓഹരി ഉടമകളായി മാറും. കമ്പനി നേടുന്ന ലാഭത്തിന്റെ ഒരു പങ്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറും. ഈ സംവിധാനം ടാക്സി ഡ്രൈവർമാർക്ക് ആത്മാഭിമാനവും ഉടമസ്ഥാവകാശവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കുമെന്നും ശ്രീ ഷാ വ്യക്തമാക്കി.
കൃഷി, കന്നുകാലി വളർത്തൽ എന്നീ മേഖലകളിൽ പശ്ചിമ ബംഗാളിന് വലിയ സാധ്യതകളുണ്ടെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. ഗുജറാത്തിന്റെ പല ഭാഗങ്ങളിലും പണ്ട് ജലസേചനത്തിനും കുടിവെള്ളത്തിനും 1,200 അടി താഴ്ചയിൽ നിന്ന് വെള്ളം ശേഖരിക്കേണ്ടി വന്നിരുന്നു. എന്നാൽ പശ്ചിമ ബംഗാളിന് ഗംഗാമാതാവിന്റെ പ്രത്യേക അനുഗ്രഹമുണ്ട്. സംസ്ഥാനത്ത് മിക്കയിടങ്ങളിലും 100 മുതൽ 200 അടി വരെ താഴ്ചയിൽ തന്നെ ആവശ്യത്തിന് വെള്ളം ലഭ്യമാണ്. കന്നുകാലി വളർത്തൽ വ്യാപിപ്പിക്കാന്‍ അനുകൂലവും ഫലഭൂയിഷ്ഠവുമായ ഭൂമിയും അനന്ത സാധ്യതകളും സംസ്ഥാനത്തിനുണ്ട്.
എന്നാൽ നിർഭാഗ്യവശാൽ ഈ സാധ്യതകൾ നേരത്തെ പൂർണമായി പ്രയോജനപ്പെടുത്തിയിരുന്നില്ലെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി ശ്രീ സുവേന്ദു അധികാരിക്കും വേണ്ടി അടുത്ത 15 വർഷത്തിനകം പശ്ചിമബംഗാളിലെ ഓരോ കുടുംബത്തിനും കുറഞ്ഞത് രണ്ട് കറവപ്പശുക്കളെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കാനും ഈ കന്നുകാലികളിൽ നിന്ന് ഉല്പാദിപ്പിക്കുന്ന പാൽ ക്ഷീര സഹകരണ സ്ഥാപനങ്ങൾ വഴി സംഭരിക്കാനും ശ്രമിക്കുമെന്ന് അദ്ദേഹം സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് ഉറപ്പുനൽകി. നിലവിലേതിനേക്കാൾ കുറഞ്ഞത് 25 ശതമാനം കൂടുതൽ പാൽ ഉല്പാദിപ്പിക്കാൻ ശേഷിയുള്ള മികച്ചയിനം കന്നുകാലികളെ ക്ഷീരകര്‍ഷകര്‍ക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ കുടുംബങ്ങളുടെ സുസ്ഥിരവും വിശ്വസനീയവുമായ വരുമാന മാർഗമാക്കി കന്നുകാലി വളർത്തലിനെ മാറ്റുന്ന ഈ നടപടി പശ്ചിമ ബംഗാളിൽ പുതിയൊരു ധവളവിപ്ലവത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മൂന്ന് ദിവസമായി പശ്ചിമ ബംഗാളിലുണ്ടായിരുന്നതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. ബംഗാളിനെ നുഴഞ്ഞുകയറ്റ വിമുക്തമാക്കാനും പുതിയ നുഴഞ്ഞുകയറ്റങ്ങൾ തടയാനും ക്രമസമാധാനം മെച്ചപ്പെടുത്താനും അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷിതത്വം ഉറപ്പാക്കാനും പല സുപ്രധാന നടപടികളും ഇതിനിടെ സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ശ്രീ സുവേന്ദു അധികാരിയുടെ പ്രവർത്തന ശൈലിയും വേഗവും സൂക്ഷ്മമായി നിരീക്ഷിച്ചതായും പശ്ചിമ ബംഗാളിന് അതിന്റെ പഴയ കരുത്ത് തിരിച്ചുപിടിക്കാൻ അധികനാൾ വേണ്ടിവരില്ലെന്ന് ഉറപ്പുണ്ടെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ജനങ്ങളുടെ എല്ലാ പ്രതീക്ഷകളും ഗവണ്‍മെന്റ് നിറവേറ്റുമെന്നും ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന്റെ "സുവര്‍ണ ബംഗാള്‍" എന്ന സ്വപ്നം സാക്ഷാത്കരിക്കുകയെന്ന ദൗത്യം പൂർത്തിയാക്കുമെന്നും അദ്ദേഹം സംസ്ഥാനത്തെ ജനങ്ങൾക്ക് ഉറപ്പുനൽകി.
പശ്ചിമ ബംഗാളിലെ ഹൗറ ഭക്ഷ്യ പാർക്കിൽ ഏതാണ്ട് 700 കോടി രൂപയുടെ നിക്ഷേപത്തോടെയാണ് അമുൽ ബംഗാൾ ഡയറി പദ്ധതി സ്ഥാപിക്കുന്നത്. ഇത് പൂർണസജ്ജമാകുന്നതോടെ പ്രതിദിനം 30 ലക്ഷം ലിറ്റർ പാൽ സംസ്കരിക്കാൻ ശേഷിയുണ്ടാകും. പ്രതിദിനം ഏകദേശം 1,000 മെട്രിക് ടൺ അഥവാ 10 ലക്ഷം കിലോഗ്രാം തൈരും മറ്റ് അനുബന്ധ ഉല്പന്നങ്ങളും ഉല്പാദിപ്പിക്കാനും പ്ലാന്റിന് ശേഷിയുണ്ടാകും. വിപുലമായ ഈ ഉല്പാദനക്ഷമതയോടെ ലോകത്തെ ഏറ്റവും വലിയ തൈര് ഉല്പാദന കേന്ദ്രമായി ഇത് മാറും. പദ്ധതിയുടെ നിർദിഷ്ട പ്രതിദിന ഉല്പാദന ശേഷിയിൽ 10 ലക്ഷം ലിറ്റർ പാക്കറ്റ് പാൽ, രണ്ട് ലക്ഷം ലിറ്റർ യുഎച്ച്ടി പാൽ, ഒരു ലക്ഷം ലിറ്റർ ഐസ്ക്രീം, 20 മെട്രിക് ടൺ പനീർ, 10 മെട്രിക് ടൺ നെയ്യ്, 10 മെട്രിക് ടൺ മധുരപലഹാരങ്ങൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ പ്രതിദിനം 2.5 ലക്ഷം പാക്കറ്റ് ഫ്ലേവേർഡ് മിൽക്ക് ഉല്പാദിപ്പിക്കാനും പ്ലാന്റിന് കഴിയും. അമുൽ ബംഗാൾ ഡയറി പദ്ധതി പശ്ചിമ ബംഗാളിലെ ക്ഷീരമേഖലയിൽ ആധുനിക പാല്‍ സംസ്കരണം, മൂല്യവര്‍ധന, ശീതീകരണ ശൃംഖല, വിപണന സൗകര്യങ്ങൾ എന്നിവ വ്യാപിപ്പിക്കും. പാൽ ഉല്പാദിപ്പിക്കുന്ന കർഷകർക്കും ക്ഷീരകര്‍ഷകര്‍ക്കും അവരുടെ ഉല്പന്നങ്ങൾക്ക് മികച്ചതും സുതാര്യവും സുസ്ഥിരവുമായ വിപണി നൽകുന്ന സംരംഭം അവരുടെ വരുമാനം വർധിപ്പിക്കാൻ സഹായിക്കും. പശ്ചിമ ബംഗാളിലെ ക്ഷീര സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിലും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ പുതിയ തൊഴിൽ, വരുമാന അവസരങ്ങൾ സൃഷ്ടിക്കുന്നതിലും സംസ്ഥാനത്ത് ധവളവിപ്ലവത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നതിലും പദ്ധതി സുപ്രധാന പങ്കുവഹിക്കും.