യുവജനകാര്യ, കായിക മന്ത്രാലയം
2022-ലെ ദേശീയ ഉത്തേജക വിരുദ്ധ നിയമവും 2025-ലെ ഭേദഗതി നിയമവും നടപ്പാക്കി ഉത്തേജക വിരുദ്ധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തി കേന്ദ്ര ഗവണ്‍മെന്റ്
प्रविष्टि तिथि:
17 JUL 2026 12:58PM by PIB Thiruvananthpuram
2022-ലെ ദേശീയ ഉത്തേജക വിരുദ്ധ നിയമവും 2025-ലെ ദേശീയ ഉത്തേജക വിരുദ്ധ ഭേദഗതി നിയമവും കേന്ദ്ര ഗവണ്മെന്റ് പ്രാബല്യത്തിൽ വരുത്തി. സുതാര്യവും സംശുദ്ധവുമായ കായികരംഗത്തിന് രാജ്യത്തിന്റെ നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന നാഴികക്കല്ലാണിത്. കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം തടയാനും കായികതാരങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച ഉത്തേജക വിരുദ്ധ മാനണ്ഡങ്ങൾക്കനുസൃതമായി കായിക മത്സരങ്ങളുടെ സമഗ്രത കാത്തുസൂക്ഷിക്കാനും സമഗ്ര നിയമസാധുത നൽകുന്നതാണ് നടപടി.
രാജ്യത്തെ ഉത്തേജക വിരുദ്ധ സംവിധാനത്തെ ലോക ഉത്തേജക വിരുദ്ധ കോഡുമായി സമന്വയിപ്പിക്കാനും കായികരംഗത്തെ ഉത്തേജക മരുന്നുകൾക്കെതിരായ യുനെസ്കോ അന്താരാഷ്ട്ര കൺവെൻഷന് കീഴിലെ ഇന്ത്യയുടെ ബാധ്യതകൾ നിറവേറ്റാനും നിയമങ്ങൾ സഹായകമാകും. സ്ഥാപനപരമായ സ്വാതന്ത്ര്യം ശക്തപ്പെടുത്തുക, നടപടിക്രമങ്ങളിലെ സുരക്ഷാ മാനണ്ഡങ്ങൾ മെച്ചപ്പെടുത്തുക, തർക്ക പരിഹാര സംവിധാനങ്ങൾ ലളിതമാക്കുക, ഇന്ത്യയുടെ ഉത്തേജക വിരുദ്ധ പ്രവർത്തനങ്ങളുടെ വിശ്വാസ്യതയും കാര്യക്ഷമതയും വർധിപ്പിക്കുക എന്നിവയാണ് നിയമനിര്‍മാണത്തിന്റെ ലക്ഷ്യം.
ഉത്തേജക പരിശോധന, ഫലങ്ങള്‍ കൈകാര്യം ചെയ്യല്‍, വിദ്യാഭ്യാസം, രഹസ്യാന്വേഷണം എന്നിവ നിയന്ത്രിക്കാന്‍ ശക്തമായ നിയമ ചട്ടക്കൂട് രൂപീകരിക്കുന്ന ഈ നിയമങ്ങള്‍ എല്ലാ കായിക ഇനങ്ങളിലും ഉത്തേജക വിരുദ്ധ നടപടികൾക്ക് നിയമപരമായ പിൻബലം നൽകുന്നു. കായികതാരങ്ങളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും നിയമപരമായ നടപടിക്രമങ്ങളും ഇതിലൂടെ പ്രോത്സാഹിപ്പിക്കുന്നു.
2025-ലെ ദേശീയ ഉത്തേജക വിരുദ്ധ (ഭേദഗതി) നിയമം സ്ഥാപനപരമായ സ്വയംഭരണാധികാരം ശക്തപ്പെടുത്തിയും അന്താരാഷ്ട്ര തലത്തിൽ മാറിവരുന്ന മികച്ച രീതികളുമായി ഇന്ത്യയുടെ ഉത്തേജക വിരുദ്ധ സംവിധാനത്തെ കൂടുതൽ ഏകോപിപ്പിച്ചും നിയമനിര്‍വഹണം കൂടുതൽ പരിഷ്കരിക്കുന്നു. രാജ്യത്തെ ഉത്തേജക വിരുദ്ധ ഭരണനിര്‍വ്വഹണത്തിന്റെ കാര്യക്ഷമതയും നിഷ്പക്ഷതയും വിശ്വാസ്യതയും വർദ്ധിപ്പിക്കാനാണ് ഈ ഭേദഗതികൾ ലക്ഷ്യമിടുന്നത്.
സുതാര്യവും നിഷ്പക്ഷവും കായികതാരങ്ങളില്‍ കേന്ദ്രീകൃതവുമായ ഉത്തേജക വിരുദ്ധ അന്തരീക്ഷം വളർത്തുന്നതില്‍ ഗവണ്‍മെന്റ് പുലര്‍ത്തുന്ന അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ നിയമങ്ങള്‍ വ്യക്തമാക്കുന്നത്. ശക്തിപ്പെടുത്തിയ ഈ നിയമ ചട്ടക്കൂട് കായികരംഗത്തെ സത്യസന്ധതയും കായിക മനോഭാവവും മികവും പ്രോത്സാഹിപ്പിക്കുന്നതിലെ ഇന്ത്യയുടെ നിശ്ചയദാർഢ്യത്തിന് കരുത്തേകും. ദേശീയ അന്തർദേശീയ തലങ്ങളില്‍ ഇന്ത്യൻ കായികതാരങ്ങള്‍ക്ക് തുല്യ അവസരങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും ഇത് വഴിയൊരുക്കും.
***
(रिलीज़ आईडी: 2285706)
आगंतुक पटल : 7