प्रविष्टि तिथि:
16 JUL 2026 8:37PM by PIB Thiruvananthpuram
ഇന്ത്യൻ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ICAR) 98-ാമത് സ്ഥാപക ദിനം ഇന്ന് ന്യൂഡൽഹി NASC കോംപ്ലക്സിലെ ഭാരതരത്ന സി. സുബ്രഹ്മണ്യം ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. 'വികസിത ഭാരതം 2047' എന്ന ലക്ഷ്യത്തിന്റെ സുപ്രധാന സ്തംഭങ്ങളിലൊന്നായ 'വികസിത കൃഷി, കര്‍ഷക സമൃദ്ധി' എന്ന ലക്ഷ്യത്തിലേക്കുള്ള സമഗ്ര മാര്‍ഗരേഖ കേന്ദ്ര കൃഷി-കർഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ചടങ്ങിൽ അവതരിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കുന്ന 100 സ്മാർട്ട് ഗ്രാമങ്ങള്‍ വികസിപ്പിക്കല്‍, ICAR സാങ്കേതികവിദ്യകൾ 10 കോടി കർഷകരിലേക്ക് എത്തിക്കല്‍, ‘ഒരു സ്ഥാപനം - ഒരു മികച്ച നൂതനാശയം' പദ്ധതി ആവിഷ്കരിക്കല്‍, ICAR സ്വതന്ത്ര ഡിജിറ്റൽ വിജ്ഞാനവേദി രൂപീകരിക്കല്‍, വ്യാജ വിത്തുകൾക്കും കീടനാശിനികൾക്കുമെതിരെ നിയമങ്ങൾ ശക്തിപ്പെടുത്തല്‍, നൂതനാശയങ്ങളിലൂടെയും സാങ്കേതികവിദ്യകളുടെ വാണിജ്യവൽക്കരണത്തിലൂടെയും ICAR-നെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കല്‍ എന്നിവയുൾപ്പെടെ നിരവധി അഭിലഷണീയ ലക്ഷ്യങ്ങൾ മന്ത്രി പ്രഖ്യാപിച്ചു. ഒപ്പം ചരിത്രത്തിലാദ്യമായി 150-ലേറെ ICAR ജീവനക്കാരുടെ സേവനം സ്ഥിരപ്പെടുത്താൻ കഴിഞ്ഞതിലെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
കർഷകർ കൃഷിയുടെ ആത്മാവ്; ശാസ്ത്രജ്ഞർ അതിന്റെ ബുദ്ധികേന്ദ്രം
സ്ഥാപക ദിനം കേവലം അനുസ്മരണ ചടങ്ങല്ലെന്നും മറിച്ച് ദൗർലഭ്യത്തെ സ്വയംപര്യാപ്തതയായും വെല്ലുവിളികളെ പരിഹാരങ്ങളായും മാറ്റാൻ സ്വന്തം ജീവിതം സമർപ്പിച്ച വ്യത്യസ്ത തലമുറകളിലെ ശാസ്ത്രജ്ഞർക്ക് ആദരമർപ്പിക്കേണ്ട അവസരമാണെന്നും ശ്രീ ചൗഹാൻ അഭിസംബോധനയില്‍ പറഞ്ഞു.
കർഷകർ കൃഷിയുടെ ആത്മാവാണെങ്കിൽ ശാസ്ത്രജ്ഞർ അതിന്റെ ബുദ്ധികേന്ദ്രമാണെന്ന് കർഷകരും ശാസ്ത്രജ്ഞരും തമ്മിലെ പങ്കാളിത്തത്തെ അദ്ദേഹം വിശേഷിപ്പിച്ചു. ഗവൺമെന്റിന്റെ നയവും കർഷകരുടെ കഠിനാധ്വാനവും ശാസ്ത്ര പ്രതിഭയും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമാണ് വയലുകളില്‍ അത്ഭുതങ്ങൾ സംഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ശക്തമായ കാർഷിക അടിത്തറ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച പ്രമുഖ കാർഷിക ശാസ്ത്രജ്ഞരെയും മുൻ ICAR നേതാക്കളെയും സ്നേഹപൂര്‍വം അനുസ്മരിച്ച അദ്ദേഹം അവരുടെ സംഭാവനകള്‍ പ്രത്യേകം എടുത്തുപറഞ്ഞു.
150-ലേറെ ജീവനക്കാർക്ക് സ്ഥിരനിയമന ഉത്തരവുകൾ
150-ലധികം ICAR ജീവനക്കാർക്ക് ആദ്യമായി സ്ഥിരനിയമനം നൽകിയ കാര്യം കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. കാലങ്ങളായി നിലനിന്ന അനീതിക്ക് പരിഹാരം കണ്ട നടപടിയെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ജീവനക്കാർക്ക് ഒടുവിൽ അർഹമായ അംഗീകാരം ലഭിക്കുന്നത് കാണുമ്പോഴുണ്ടാകുന്ന സന്തോഷത്തിലും വൈകാരിക സംതൃപ്തിയിലും ICAR കുടുംബം ഒന്നടങ്കം പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. പുതുതായി സ്ഥിരപ്പെടുത്തിയ എല്ലാ ജീവനക്കാരെയും അഭിനന്ദിച്ച അദ്ദേഹം സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാന നാഴികക്കല്ലാണെന്നും വ്യക്തമാക്കി.
ഉല്പാദനത്തിനപ്പുറം: ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം
ഭക്ഷ്യധാന്യങ്ങൾ, തോട്ടവിള, പാൽ, മത്സ്യബന്ധനം എന്നിവയുടെ ഉല്പാദനത്തിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയ വളർച്ചയിൽ സംതൃപ്തി രേഖപ്പെടുത്തുമ്പോഴും അമിത ആത്മവിശ്വാസത്തിനെതിരെ ശ്രീ ചൗഹാൻ മുന്നറിയിപ്പ് നൽകി. മികച്ച പൊതുജനാരോഗ്യവും ആഗോള വിപണിയിൽ ശക്തമായ മത്സരശേഷിയും ഉറപ്പാക്കാന്‍ രാജ്യത്തെ കാർഷിക വളർച്ചയുടെ അടുത്ത ഘട്ടം അളവിനേക്കാളേറെ ഗുണനിലവാരത്തിന് മുൻഗണന നൽകുന്ന തത്വത്തിലൂന്നി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എൽ-നിനോയും കാലാവസ്ഥാ വ്യതിയാനവും ഉയർത്തുന്ന വെല്ലുവിളികളെ പരാമർശിച്ച അദ്ദേഹം കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി രീതികൾ, ജില്ലകൾ തിരിച്ചുള്ള ആസൂത്രണം, കാർഷിക അപകടസാധ്യത കൈകാര്യം ചെയ്യൽ എന്നിവയിൽ ഊർജിത പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പുതിയ ആഗോള വിപണികളിലേക്കും വ്യാപാര കരാറുകളിലേക്കും ഇന്ത്യ പ്രവേശനം നേടുകയാണെന്നും ഈ സാഹചര്യത്തില്‍ കയറ്റുമതി കേന്ദ്രീകൃതവും ആരോഗ്യപ്രദവുമായ ഗുണനിലവാരമേറിയ കാർഷികോല്പന്നങ്ങളുടെ ഉല്പാദനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രി പ്രഖ്യാപിച്ച ഏഴ് പ്രധാന ലക്ഷ്യങ്ങൾ
1. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന 100 സ്മാർട്ട് ഗ്രാമങ്ങളുടെ വികസനം
ICAR-ന്റെ നൂറാം വാർഷികം പൂർത്തിയാകുന്നതിന് മുൻപ്, കൗണ്‍സിലും അതിന് കീഴിലെ സ്ഥാപനങ്ങളും സംയുക്തമായി കുറഞ്ഞത് 100 കാലാവസ്ഥാ പ്രതിരോധ സ്മാർട്ട് ഗ്രാമങ്ങളെങ്കിലും വികസിപ്പിക്കുമെന്ന് ശ്രീ ചൗഹാൻ പ്രഖ്യാപിച്ചു. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങളുമായി വിജയകരമായി പൊരുത്തപ്പെടാൻ കർഷകരെ സഹായിക്കുന്ന ഈ ഗ്രാമങ്ങൾ കാലാവസ്ഥാ-സമര്‍ത്ഥ കൃഷി രീതികളും സംയോജിത കൃഷി സമ്പ്രദായങ്ങളും ജലത്തിന്റെയും മണ്ണിന്റെയും സംരക്ഷണവും അപകടസാധ്യത കുറയ്ക്കുന്ന പ്രായോഗിക മാതൃകകളും പ്രദർശിപ്പിക്കും.
2. 'ഒരു സ്ഥാപനം - ഒരു മികച്ച നൂതനാശയം'
എല്ലാ ICAR സ്ഥാപനങ്ങള്‍ക്കും വ്യക്തമായ ലക്ഷ്യം നിശ്ചയിച്ച് 'ഒരു സ്ഥാപനം - ഒരു മികച്ച നൂതനാശയം' എന്ന സംരംഭത്തിന് കീഴിൽ അടുത്ത രണ്ട് വർഷത്തിനകം ഓരോ സ്ഥാപനവും കുറഞ്ഞത് ഒരു പരിവർത്തനാത്മക നൂതനാശയമെങ്കിലും കാഴ്ചവെക്കണമെന്ന് മന്ത്രി പറഞ്ഞു. ഈ നൂതനാശയം ഒരു പുതിയ വിള ഇനമോ വാക്സിനോ ഡിജിറ്റൽ ഉപകരണമോ കാലാവസ്ഥാ-സമര്‍ത്ഥ കാർഷിക പരിഹാരമോ ആകാം; ദേശീയ തലത്തിൽ വലിയ സ്വാധീനം ചെലുത്താനും കർഷകരുടെ ജീവിതത്തിൽ പ്രകടമായ പുരോഗതി കൊണ്ടുവരാനും ശേഷിയുള്ളതായിരിക്കണം ഈ ആശയമെന്നും മന്ത്രി വ്യക്തമാക്കി.
3. ICAR സാങ്കേതികവിദ്യകൾ 10 കോടി കർഷകരിലേക്ക്
ICAR-ന്റെ ശതാബ്ദി വർഷത്തോടെ കൗണ്‍സിലിന്റെ ശാസ്ത്രീയ സാങ്കേതികവിദ്യകളും നൂതനാശയങ്ങളും ആധുനിക കാർഷിക പരിഹാരങ്ങളും രാജ്യത്തെ കുറഞ്ഞത് 10 കോടി കർഷകരിലേക്ക് എത്തിയെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിടണമെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. 'വികസിത ഭാരതം 2047'ന് കീഴില്‍ 'വികസിത കൃഷി, കര്‍ഷക സമൃദ്ധി' എന്ന കാഴ്ചപ്പാട് കൈവരിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
4. 'ICAR-100 ദൗത്യം' - കൃഷി വിജ്ഞാന കേന്ദ്രങ്ങൾക്ക് പുതിയ പങ്ക്
അടുത്ത രണ്ട് വർഷം 'ICAR-100 ദൗത്യം' ആചരിക്കാൻ മന്ത്രി നിർദേശിച്ചു. ഈ ദൗത്യത്തിന് കീഴിൽ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ കേവലം പരിശീലന കേന്ദ്രങ്ങൾ എന്നതിനപ്പുറം നൂതനാശയ കേന്ദ്രങ്ങളായും കാലാവസ്ഥാ ഉപദേശക കേന്ദ്രങ്ങളായും സ്റ്റാർട്ടപ്പ് പിന്തുണാ കേന്ദ്രങ്ങളായും കർഷക സാങ്കേതികവിദ്യാ പ്രദർശന കേന്ദ്രങ്ങളായും വികസിക്കണം. കൂടാതെ, കർഷകർക്കിടയിൽ ICAR സ്ഥാപക ദിനം ആഘോഷിക്കാന്‍ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന രാജ്യവ്യാപക പ്രചാരണ പരിപാടിയും അദ്ദേഹം നിർദേശിച്ചു; ഇക്കാലയളവിൽ ഓരോ കൃഷിവിജ്ഞാന കേന്ദ്രങ്ങളും കുറഞ്ഞത് 100 ഗ്രാമങ്ങളെങ്കിലും സന്ദർശിച്ച് ICAR ഗവേഷണങ്ങളും സാങ്കേതികവിദ്യകളും വൻതോതിൽ പ്രദർശിപ്പിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
5. ICAR സ്വതന്ത്ര ഡിജിറ്റൽ വിജ്ഞാന വേദി
ICAR സാങ്കേതികവിദ്യകൾ, ശാസ്ത്രീയ നിർദേശങ്ങൾ, നിർദേശാത്മക വീഡിയോകൾ എന്നിവ കർഷകരുടെ മൊബൈൽ ഫോണുകളിൽ സൗജന്യമായി ലഭ്യമാക്കുന്നതിന് ഒരു 'ICAR സ്വതന്ത്ര ഡിജിറ്റൽ വിജ്ഞാന വേദി' രൂപീകരിക്കാൻ ശ്രീ ചൗഹാൻ നിർദേശം നല്‍കി. സാങ്കേതികവിദ്യാ കൈമാറ്റത്തിൽ മൊബൈൽ ഫോണിന് പ്രഥമ പരിഗണന നല്‍കുന്ന ശൈലിക്ക് ഊന്നൽ നൽകി കർഷകർക്ക് അവരുടെ സ്മാർട്ട്‌ഫോണുകൾ വഴി മണ്ണ് പരിശോധനാ മാർഗനിർദേശങ്ങൾ, വിള ഉപദേശങ്ങൾ, കാലാവസ്ഥാ പ്രവചനങ്ങൾ, വിപണി വിവരങ്ങൾ എന്നിവ വയലുകളില്‍ തന്നെ നേരിട്ട് ലഭ്യമാക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
6. വ്യാജ വിത്തുകൾക്കും കീടനാശിനികൾക്കുമെതിരെ ശക്തമായ നിയമങ്ങൾ
വ്യാജവും ഗുണനിലവാരമില്ലാത്തതുമായ കാർഷിക ഉല്പാദന സാമഗ്രികളെക്കുറിച്ച് കർഷകരിൽ നിന്ന് ലഭിക്കുന്ന വ്യാപക പരാതികളെ പരാമർശിച്ച കേന്ദ്രമന്ത്രി വ്യാജ വിത്തുകൾക്കും കീടനാശിനികൾക്കുമെതിരെ കർശന നിയമ വ്യവസ്ഥകൾ കൊണ്ടുവരാൻ ആഹ്വാനം ചെയ്തു. വിത്തുകളുടെയും കീടനാശിനികളുടെയും ഗുണനിലവാരം തൽസമയം പരിശോധിക്കാൻ കർഷകരെ സഹായിക്കുന്ന ലളിതമായ ഫീൽഡ്-ലെവൽ സാങ്കേതികവിദ്യകളും പരിശോധനാ സംവിധാനങ്ങളും വികസിപ്പിക്കാൻ അദ്ദേഹം ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു. ഇതുവഴി തട്ടിപ്പുകളിൽ നിന്ന് കർഷകരെ സംരക്ഷിക്കാനും വിളനഷ്ടം കുറയ്ക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
7. 2029-ഓടെ 10,000 കോടി രൂപയുടെ ആഭ്യന്തര വിഭവ സമാഹരണ ലക്ഷ്യം
ICAR പൂർണമായി സർക്കാർ ധനസഹായം മാത്രം ആശ്രയിക്കുന്നത് ഘട്ടം ഘട്ടമായി കുറയ്ക്കണമെന്നും സാങ്കേതികവിദ്യകൾ, വിള ഇനങ്ങൾ, വാക്സിനുകൾ എന്നിവയുടെ വാണിജ്യവൽക്കരണത്തിലൂടെയും ലൈസൻസിങ് സംരംഭങ്ങളിലൂടെയും സാമ്പത്തികമായി കൂടുതൽ കരുത്തു നേടണമെന്നും ശ്രീ ചൗഹാൻ പറഞ്ഞു. നൂതനാശയങ്ങളിലൂടെയും സ്ഥാപനപരമായ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങളിലൂടെയും മുന്നോട്ട് പോകുമ്പോഴും സർക്കാർ പിന്തുണ തുടരുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം 2029-ഓടെ 10,000 കോടി രൂപയുടെ ആഭ്യന്തര വിഭവങ്ങൾ സ്വന്തമായി സമാഹരിക്കുകയെന്ന ലക്ഷ്യം മുന്നോട്ടുവെച്ചു.
കാർഷിക സ്വയംപര്യാപ്തത ശക്തിപ്പെടുത്താന്‍ പുതിയ വിള ഇനങ്ങളും വാക്സിനുകളും സാങ്കേതികവിദ്യകളും
കൂടുതൽ വിളവ് നൽകുന്നതും രോഗപ്രതിരോധ ശേഷിയുള്ളതുമായ വിള ഇനങ്ങൾ, പോഷകസമൃദ്ധമായ വിളകൾ, കന്നുകാലികൾക്കും മത്സ്യങ്ങൾക്കും വാക്സിനുകൾ, ഡിജിറ്റൽ കാർഷിക പരിഹാരങ്ങൾ എന്നിവയുൾപ്പെടെ 43 പുതിയ വിള ഇനങ്ങളുടെയും 17 സാങ്കേതികവിദ്യ / ഉല്പന്നങ്ങളുടെയും 14 പ്രസിദ്ധീകരണങ്ങളുടെയും പ്രകാശനം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. കുളമ്പുരോഗം ഉള്‍പ്പെടെ മൃഗങ്ങളിലെ പ്രധാന രോഗങ്ങൾ നിയന്ത്രിക്കുന്നതിൽ ICAR നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ശ്രീ ചൗഹാൻ തദ്ദേശീയ വാക്സിനുകളിലൂടെയും മെച്ചപ്പെടുത്തിയ വിള ഇനങ്ങളിലൂടെയും അത്യാധുനിക സാങ്കേതികവിദ്യകളിലൂടെയും വിത്ത്, വളം, മൃഗാരോഗ്യം എന്നിവയിൽ സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്ന് വ്യക്തമാക്കി. സ്വകാര്യ മേഖലയുമായും സ്റ്റാർട്ടപ്പുകളുമായും സഹകരിച്ച് ICAR നൂതനാശയങ്ങൾ കർഷകരിലേക്ക് വേഗത്തിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ചടങ്ങിൽ 70-ലധികം ധാരണാപത്രങ്ങളിലും സാങ്കേതിക ലൈസൻസിങ് കരാറുകളിലും ഒപ്പുവെച്ചു.
ശാസ്ത്രജ്ഞർക്ക് പ്രചോദനമേകുന്ന സന്ദേശം
ശാസ്ത്രീയ ഗവേഷണത്തെ ഒരു ദേശീയ ദൗത്യമെന്ന് വിശേഷിപ്പിച്ച ശ്രീ ശിവരാജ് സിങ് ചൗഹാൻ, കേവലം ജോലിക്കപ്പുറമാണ് ഓരോ ശാസ്ത്രജ്ഞന്റെയും ഉത്തരവാദിത്തമെന്ന് വ്യക്തമാക്കി. ശ്രീകൃഷ്ണന്റെ ഉപദേശങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, അഹങ്കാരമില്ലാത്തവനും ഉത്സാഹശാലിയും ക്ഷമാശീലനും മറ്റുള്ളവരുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ കഴിവുള്ളവനുമാണ് മികച്ച ഗവേഷകനെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കർഷകരുടെ ആഗ്രഹങ്ങളെ സ്വന്തം ദൗത്യമായി ഏറ്റെടുക്കണമെന്നും ഇന്ത്യയുടെ കാർഷിക മേഖലയെ മാറ്റിമറിക്കാൻ പരമാവധി കഴിവ് വിനിയോഗിക്കണമെന്നും അദ്ദേഹം ശാസ്ത്രജ്ഞരോട് അഭ്യർത്ഥിച്ചു. ഇത്തരം കൂട്ടായ ശ്രമങ്ങൾ 2047-ഓടെ 'വികസിത കൃഷി, കര്‍ഷക സമൃദ്ധി' എന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.