വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ-മാലിദ്വീപ് സ്വതന്ത്ര വ്യാപാര കരാർ ആദ്യഘട്ട ചർച്ചകള്‍ക്ക് വിജയകരമായ സമാപനം
എട്ട് സാങ്കേതിക സെഷനുകളിലായി നടന്ന ഇന്ത്യ-മാലിദ്വീപ് സ്വതന്ത്ര വ്യാപാര കരാര്‍ ചർച്ചകളിൽ സുപ്രധാന പുരോഗതി
प्रविष्टि तिथि:
14 JUL 2026 4:06PM by PIB Thiruvananthpuram
ഉഭയകക്ഷി വ്യാപാരവും നിക്ഷേപ സഹകരണവും വ്യാപിപ്പിക്കുന്നതിലെ സുപ്രധാന ചുവടുവെപ്പായി ഇന്ത്യ-മാലിദ്വീപ് സ്വതന്ത്ര വ്യാപാര കരാറിൻ്റെ ആദ്യഘട്ട ചർച്ചകൾ വിജയകരമായി സമാപിച്ചു. 2026 ജൂൺ 29 മുതൽ ജൂലൈ 7 വരെ വെർച്വലായാണ് ചർച്ചകൾ സംഘടിപ്പിച്ചത്.
വാണിജ്യ മന്ത്രാലയ ജോയിൻ്റ് സെക്രട്ടറിയും ചീഫ് നെഗോഷ്യേറ്ററുമായ ശ്രീ. ഉജ്ജ്വൽ കുമാർ ഘോഷ് ഇന്ത്യൻ ചർച്ചാ സംഘത്തെ നയിച്ചു. മാലിദ്വീപ് ചീഫ് നെഗോഷ്യേറ്റർ ശ്രീ. യൂസഫ് റിസയാണ് മാലിദ്വീപ് പ്രതിനിധി സംഘത്തെ നയിച്ചത്.
ആദ്യഘട്ടത്തിൽ ഇരുപക്ഷത്തെയും ചർച്ചാ സംഘങ്ങൾ എട്ട് നയ മേഖലകൾ ഉൾക്കൊള്ളുന്ന എട്ട് സാങ്കേതിക സെഷനുകളില്‍ കൃത്യമായ കരട് രേഖകളെ അടിസ്ഥാനമാക്കി ചർച്ചകളിൽ ഏർപ്പെട്ടു. വിവിധ ചർച്ചാ ഘട്ടങ്ങളിലുടനീളം ഇരുപക്ഷവും ഗണ്യമായ പുരോഗതി കൈവരിക്കുകയും നിരവധി വിഷയങ്ങളിൽ പൊതു സമവായത്തിലെത്തുകയും ചെയ്തു.
2026 ജൂലൈ 8-ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ. പീയൂഷ് ഗോയൽ മാലിദ്വീപ് സാമ്പത്തിക വികസന-ഗതാഗത-വ്യാപാര മന്ത്രി ശ്രീ. മുഹമ്മദ് സയീദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ-മാലിദ്വീപ് സ്വതന്ത്ര വ്യാപാര കരാര്‍ ചർച്ചകൾ ഉൾപ്പെടെ നിലവിൽ പുരോഗമിക്കുന്ന ഉഭയകക്ഷി സാമ്പത്തിക സംരംഭങ്ങളുടെ പുരോഗതി മന്ത്രിമാർ അവലോകനം ചെയ്തു. ഇന്ത്യയും മാലിദ്വീപും തമ്മിലെ നയതന്ത്ര ബന്ധത്തിൻ്റെ 60-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയും സ്വതന്ത്ര വ്യാപാര കരാറും എത്രയും വേഗം പൂർത്തീകരിക്കുന്നതിലെ പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ച് വ്യക്തമാക്കി. ഇരുരാജ്യങ്ങൾക്കും പുതിയ അവസരങ്ങൾ തുറന്നുനൽകുന്നതിന് വിനോദസഞ്ചാരം, സ്റ്റാർട്ടപ്പുകൾ, ഡിജിറ്റൽ പണമിടപാടുകള്‍, എംഎസ്എംഇ, വ്യാപാരം എന്നീ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ഇരുവരും ധാരണയിലെത്തി.
മാലിദ്വീപിൻ്റെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി വ്യാപാരം 2024-25 ലെ 679.70 മില്യൺ യുഎസ് ഡോളറിൽ നിന്ന് 13.54 ശതമാനം വളർച്ച രേഖപ്പെടുത്തി 2025-26 ൽ 771.76 മില്യൺ യുഎസ് ഡോളറിലെത്തി.
വിപണി പ്രവേശം വർധിപ്പിക്കുകയും നിക്ഷേപം സുഗമമാക്കുകയും കൂടുതൽ സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാര്‍ ഇരുരാജ്യങ്ങളിലും സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് മികച്ച സംഭാവന നൽകും. ഇത് ഉഭയകക്ഷി സാമ്പത്തിക-വ്യാപാര ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിഷ്പക്ഷതയുടെയും പരസ്പര സഹകരണത്തിൻ്റെയും തത്വങ്ങളെ അടിസ്ഥാനമാക്കി വിപുലവും സന്തുലിതവും സമഗ്രവുമായ കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുന്നു.

***
(रिलीज़ आईडी: 2284597)
आगंतुक पटल : 9