ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഡിജിറ്റൽ ഇന്ത്യയുടെ 11 വർഷങ്ങൾ: ഡിജിറ്റൽ വാണിജ്യത്തിലൂടെ ഗ്രാമീണ ഉപജീവന മാർഗ്ഗങ്ങൾക്ക് കരുത്തുപകർന്ന് ഇ-സരസ് ഓൺലൈൻ വിപണിയും മേളകളും

प्रविष्टि तिथि: 11 JUL 2026 6:28PM by PIB Thiruvananthpuram

ഡിജിറ്റൽ ഇന്ത്യ പദ്ധതി 11 വർഷം പൂർത്തിയാക്കുമ്പോൾ, വിവിധ മേഖലകളിൽ എല്ലാവരേയും ഉൾക്കൊള്ളുന്ന അവസരങ്ങൾ പൗരന്മാർക്ക് വേണ്ടി സൃഷ്ടിക്കുന്നതിന് രാജ്യം ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളെ തുടർന്നും പ്രയോജനപ്പെടുത്തുകയാണ്. ഈ പരിവർത്തനത്തിൻ്റെ ശ്രദ്ധേയമായ ഒരു ഉദാഹരണമാണ് രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുമായി ഗ്രാമീണ ഉൽപ്പാദകരെ ബന്ധിപ്പിക്കുന്ന സർക്കാർ പിന്തുണയോടെയുള്ള ഡിജിറ്റൽ വാണിജ്യ പ്ലാറ്റ്‌ഫോമായ ഇ-സരസ്. കേന്ദ്ര ഇലക്ട്രോണിക്സ്- വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ, കേന്ദ്ര ഗ്രാമവികസന മന്ത്രാലയവുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഇ-സരസ്, ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴിലാണ് നടപ്പിലാക്കുന്നത്. എല്ലാവരേയും ഉൾക്കൊള്ളുന്ന ഡിജിറ്റൽ വളർച്ച എന്ന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതോടൊപ്പം സ്വയംസഹായ സംഘങ്ങൾ, വനിതാ സംരംഭകർ, ഉൽപ്പാദക കൂട്ടായ്മകൾ, കർഷക ഉൽ‌പ്പാദക സംഘടനകൾ എന്നിവർക്ക് വിശ്വസനീയമായ ഒരു ഡിജിറ്റൽ വിപണിയിലൂടെ അവരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനും അതുവഴി സുസ്ഥിര ഉപജീവന അവസരങ്ങൾ സൃഷ്ടിക്കാനും ഈ പ്ലാറ്റ്‌ഫോം വഴിയൊരുക്കുന്നു.

താഴെത്തട്ടിലെ വിലയിരുത്താനാകുന്ന സ്വാധീനം

ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴിൽ ഗ്രാമീണ സംരംഭകത്വത്തെ പിന്തുണയ്ക്കുന്ന സുപ്രധാന ഡിജിറ്റൽ വാണിജ്യ പ്ലാറ്റ്‌ഫോമായി ഇ-സരസ് മാറി. ഇന്ന് ഈ പദ്ധതിയിൽ 8.99 കോടിയിലധികം രജിസ്റ്റർ ചെയ്ത സ്വയംസഹായ സംഘ അംഗങ്ങൾ ഉൾപ്പെടുന്നു. ഇത് വനിതകളുടെ നേതൃത്വത്തിലുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപജീവന ആവാസവ്യവസ്ഥകളിലൊന്നാണ്. ഈ പ്ലാറ്റ്‌ഫോമിൽ നിലവിൽ 1,400-ലധികം ഉൽപ്പന്നങ്ങൾ ലഭ്യമാണ്. കൂടാതെ, ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) അടിസ്ഥാനമാക്കിയുള്ള ബയർ ആപ്ലിക്കേഷനുകൾ വഴി 800-ലധികം പ്രമുഖ വാങ്ങലുകാർ ഈ സ്വയംസഹായ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ  വാങ്ങുന്നുണ്ട്. ഗ്രാമീണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിവർഷം അമ്പതിലധികം സരസ് മേളകൾ സംഘടിപ്പിക്കുന്നു. ONDC-യുമായി സംയോജിപ്പിച്ചിട്ടുള്ള പതിനൊന്നിലധികം ബയർ ആപ്ലിക്കേഷനുകളിലൂടെ സ്വയംസഹായ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിലൂടെ വിപണി സാന്നിധ്യവും വിൽപ്പന സാധ്യതകളും ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യയെ ഉപജീവന പ്രോത്സാഹനവുമായി സമന്വയിപ്പിക്കുന്നതിലൂടെ, ഗ്രാമീണ വനിതാ സംരംഭകർക്ക് അവരുടെ ഗാർഹിക വരുമാനം വർദ്ധിപ്പിക്കാനും പരമ്പരാഗത നൈപുണ്യങ്ങൾ സംരക്ഷിക്കാനും എല്ലാവരേയും ഉൾക്കൊള്ളുന്നതും സ്വയംപര്യാപ്തവുമായ ഇന്ത്യ എന്ന ദർശനത്തിന് സംഭാവന നൽകാനും ഇ-സരസ് സഹായകരമാകുന്നു.

ഗ്രാമീണ വനിതകൾക്കായി ഡിജിറ്റൽ വാണിജ്യം

ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴിൽ ഗ്രാമീണ സാമ്പത്തിക വികസനത്തിൻ്റെ മുഖ്യ സ്തംഭമായി വനിതകളുടെ നേതൃത്വത്തിലുള്ള സ്വയംസഹായ സംഘങ്ങൾ മാറിയിരിക്കുന്നു. സമഗ്രമായ ഒരു ഡിജിറ്റൽ വാണിജ്യ പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ സ്വതന്ത്രമായി പ്രദർശിപ്പിക്കാനും വിൽക്കാനും സ്വയംസഹായ സംഘങ്ങളെ പ്രാപ്തരാക്കി ഇ-സരസ് ഈ ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. വിശ്വസനീയമായ LokOS സംവിധാനത്തിലൂടെയുള്ള ഡിജിറ്റൽ രജിസ്ട്രേഷൻ, ഓൺലൈൻ ഉൽപ്പന്ന കാറ്റലോഗുകൾ, ഇൻവെൻ്ററി മാനേജ്‌മെൻ്റ്, സുരക്ഷിതമായ ഡിജിറ്റൽ പേയ്‌മെൻ്റുകൾ, സംയോജിത ചരക്കുനീക്ക പിന്തുണ, ഓർഡർ മാനേജ്‌മെൻ്റ്  എന്നിവയും ഭാഷിണി വഴിയുള്ള ബഹുഭാഷാ സേവനങ്ങളും ഈ പ്ലാറ്റ്‌ഫോം നൽകുന്നുണ്ട്. ഇടനിലക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെയും ദേശീയ വിപണിയിലേക്ക് നേരിട്ട് പ്രവേശനം ഉറപ്പാക്കുന്നതിലൂടെയും ഗ്രാമീണ വനിതകൾക്ക് വരുമാനം വർദ്ധിപ്പിക്കാനും സ്വന്തമായി സംരംഭങ്ങൾ കെട്ടിപ്പടുക്കാനും ഡിജിറ്റൽ സമ്പദ്‌ വ്യവസ്ഥയിൽ കൂടുതൽ ഫലപ്രദമായി പങ്കാളികളാകാനും ഇത് സഹായിക്കുന്നു. 2029-ഓടെ 6 കോടി ലാഖ്പതി ദീദിമാരെ സൃഷ്ടിക്കുകയെന്ന ഗവണ്മെൻ്റിൻ്റെ ലക്ഷ്യത്തിന് പിന്തുണയേകിക്കൊണ്ട്, അംഗീകൃത ഗ്രാമീണ വനിതാ സംരംഭകർക്ക് ദേശീയ വിപണിയിലേക്ക് കടന്നുചെല്ലാനുള്ള അവസരവും ഈ പ്ലാറ്റ്‌ഫോം ഒരുക്കുന്നു.

കൃഷിക്കപ്പുറമുള്ള ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ ശക്തിപ്പെടുത്തുന്നു

ദശലക്ഷക്കണക്കിന് ഗ്രാമീണ കുടുംബങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം കൃഷിയാണെങ്കിലും, ഇതിൽ നിന്നുള്ള വരുമാനം പലപ്പോഴും പ്രത്യേക കാലയളവുകളിൽ മാത്രം ലഭിക്കുന്നതാണ്. വർഷം മുഴുവനും വരുമാനം കണ്ടെത്താൻ സ്വയംസഹായ സംഘങ്ങളേയും ഗ്രാമീണ ഉൽപ്പാദക കൂട്ടായ്മകളേയും പ്രാപ്തരാക്കുന്നതിലൂടെ വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാൻ ഇ-സരസ് സഹായിക്കുന്നു. ഭക്ഷ്യസംസ്കരണം, കൃഷിയധിഷ്ഠിത സംരംഭങ്ങൾ, കരകൗശല വസ്തുക്കൾ, കൈത്തറി, തേൻ, ക്ഷീരോൽപ്പന്നങ്ങൾ, ഔഷധ ഉൽപ്പന്നങ്ങൾ, സൗന്ദര്യ-ശരീര സംരക്ഷണ ഉൽപ്പന്നങ്ങൾ, ഗൃഹാലങ്കാര വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ ഉപജീവന പ്രവർത്തനങ്ങളെ ഈ പ്ലാറ്റ്‌ഫോം പ്രോത്സാഹിപ്പിക്കുന്നു. ഇത് ഗ്രാമീണ കുടുംബങ്ങൾക്ക്, പ്രത്യേകിച്ച് വിളവെടുപ്പില്ലാത്ത കാലയളവിൽ, സുസ്ഥിരമായ അധിക വരുമാന അവസരങ്ങൾ സൃഷ്ടിക്കുകയും പ്രത്യേക കാലയളവുകളിൽ മാത്രം ലഭിക്കുന്ന കാർഷിക വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

മികച്ച വരുമാനത്തിനായി മൂല്യവർദ്ധനവ് പ്രോത്സാഹിപ്പിക്കുന്നു

കേവലം വിപണി സൗകര്യം നൽകുന്നതിനപ്പുറം, ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന് മുൻപ് അവയുടെ മൂല്യം വർദ്ധിപ്പിക്കാൻ ഇ-സരസ് ഗ്രാമീണ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നു. കാർഷിക ഉൽപ്പന്നങ്ങൾ സംസ്കരിച്ച് ചിപ്സ്, പപ്പടം, അച്ചാറുകൾ, ജാം, സ്ക്വാഷുകൾ, മിഠായികൾ, പാക്കേജ് ചെയ്ത സുഗന്ധവ്യഞ്ജനങ്ങൾ, സംസ്കരിച്ച പയർവർഗ്ഗങ്ങൾ, കുപ്പിയിലാക്കിയ തേൻ തുടങ്ങിയ ഉയർന്ന മൂല്യമുള്ള ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനും പാക്കേജിംഗ് ചെയ്യുന്നതിനും സ്വയംസഹായ സംഘങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നു. ഉദാഹരണത്തിന്, ഉരുളക്കിഴങ്ങോ പഴങ്ങളോ അസംസ്കൃത രൂപത്തിൽ വിൽക്കുന്നതിന് പകരം, കൂടുതൽ കാലം കേടുകൂടാതെയിരിക്കുന്നതും ബ്രാൻഡിങ്ങോട് കൂടിയതുമായ പാക്കേജ് ചെയ്ത ഭക്ഷ്യവസ്തുക്കളാക്കി മാറ്റാൻ ഉൽപ്പാദക കൂട്ടായ്മകൾക്ക് സാധിക്കും. ഇത്തരം മൂല്യവർദ്ധനവ് ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും വിപണനസാധ്യതയും വർദ്ധിപ്പിക്കുകയും, ഒരേ കാർഷിക വിളവിൽ നിന്ന് കൂടുതൽ വരുമാനം നേടാൻ ഗ്രാമീണ ഉൽപ്പാദകരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

ഡിജിറ്റൽ സംരംഭകത്വത്തിനായി ശേഷി വികസനം

ഡിജിറ്റൽ വാണിജ്യത്തിൻ്റെ വിജയം സാങ്കേതികവിദ്യയെ മാത്രം ആശ്രയിച്ചല്ല, മറിച്ച് ഗ്രാമീണ സംരംഭകരുടെ ശേഷി വികസിപ്പിക്കുന്നതിനെക്കൂടി ആശ്രയിച്ചിരിക്കുന്നു. ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴിൽ, സ്വയംസഹായ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വനിതകൾക്ക് ഡിജിറ്റൽ രജിസ്ട്രേഷൻ, ഉൽപ്പന്നങ്ങളുടെ ലിസ്റ്റിംഗ്, ബ്രാൻഡിങ്, പാക്കേജിംഗ്, പ്രൊഡക്റ്റ് ഫോട്ടോഗ്രാഫി, ഡിജിറ്റൽ മാർക്കറ്റിംഗ്, ഇൻവെൻ്ററി മാനേജ്‌മെൻ്റ്, ഓർഡർ കൈകാര്യം, ഉപഭോക്തൃ സേവനം, സാമ്പത്തിക സാക്ഷരത, ചരക്കുനീക്ക കൈകാര്യം എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ഇത്തരം ശേഷി വികസന സംരംഭങ്ങൾ ഗ്രാമീണ വനിതകൾക്ക് ഓൺലൈൻ ബിസിനസുകൾ സ്വതന്ത്രമായി കൈകാര്യം ചെയ്യാനും വലിയ വിപണികളിൽ മത്സരിക്കാനും ആവശ്യമായ നൈപുണ്യങ്ങൾ പകർന്നുനൽകുന്നു. പരിശീലനവും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും സമന്വയിപ്പിക്കുന്നതിലൂടെ, ഇന്ത്യയുടെ വികസിക്കുന്ന ഡിജിറ്റൽ സമ്പദ്‌ വ്യവസ്ഥയിൽ സജീവ പങ്കാളികളാകാൻ ഇ-സരസ് വനിതാ സംരംഭകരെ പ്രാപ്തരാക്കുന്നു.

വൈവിധ്യമാർന്ന ഗ്രാമീണ ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കുന്നു

ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌ വ്യവസ്ഥയുടെ വൈവിധ്യം പ്രതിഫലിപ്പിക്കുന്ന ഉൽപ്പന്നങ്ങളാണ് ഇ-സരസ് പ്രദർശിപ്പിക്കുന്നത്. അച്ചാറുകൾ, പപ്പടം, തേൻ, സുഗന്ധവ്യഞ്ജനങ്ങൾ, ചെറുധാന്യങ്ങൾ കൊണ്ടുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ, മുള-ചൂരൽ കരകൗശല വസ്തുക്കൾ, മരത്തടികൊണ്ടുള്ള കരകൗശല വസ്തുക്കൾ, ടെറാക്കോട്ട ഉൽപ്പന്നങ്ങൾ, കൈത്തറി സാരികൾ, ഷാളുകൾ, കോട്ടൺ വസ്ത്രങ്ങൾ, ഗൃഹാലങ്കാര വസ്തുക്കൾ, ഔഷധ സോപ്പുകൾ, അവശ്യ എണ്ണകൾ, ക്ഷീരോൽപ്പന്നങ്ങൾ, നെയ്യ്, കമ്പിളി വസ്ത്രങ്ങൾ എന്നിവ ഈ പ്ലാറ്റ്‌ഫോമിലെ ജനപ്രിയ ഉൽപ്പന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്നു. സ്വയംസഹായ സംഘങ്ങൾ നടത്തുന്ന മൃഗസംരക്ഷണവും മറ്റ് അനുബന്ധ ഉപജീവന പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട ഉൽപ്പന്നങ്ങളേയും ഈ പ്ലാറ്റ്‌ഫോം പ്രോത്സാഹിപ്പിക്കുന്നു. ഇതിലൂടെ ഗ്രാമീണ സമ്പദ്‌ വ്യവസ്ഥയുടെ വിവിധ മേഖലകൾക്കായി വിപുലമായ വിപണന സാധ്യതകളാണ് തുറക്കപ്പെടുന്നത്.

എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്ക് സാങ്കേതികവിദ്യ

ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ തത്വങ്ങളിൽ അധിഷ്ഠിതമായി നിർമ്മിച്ചിട്ടുള്ള ഇ-സരസ് ഉമാംഗ് ആപ്പ്, സുരക്ഷിതമായ ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനങ്ങൾ, ലോജിസ്റ്റിക്സ് പങ്കാളികൾ, API അധിഷ്ഠിത ഡിജിറ്റൽ വെരിഫിക്കേഷൻ സേവനങ്ങൾ എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്നു. LokOS വഴിയുള്ള ഡിജിറ്റൽ വിൽപ്പനക്കാരുടെ സ്ഥിരീകരണം പ്ലാറ്റ്‌ഫോമിൻ്റെ വിശ്വസനീയത വർദ്ധിപ്പിക്കുമ്പോൾ, ഭാഷിണി വഴിയുള്ള ബഹുഭാഷാ സേവനങ്ങൾ വിവിധ പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നു. ഇവയ്ക്ക് പുറമെ, ടെക്സ്റ്റ്-ടു-സ്പീച്ച് പിന്തുണ, ക്രമീകരിക്കാവുന്ന അക്ഷര വലിപ്പം, കാഴ്ച പരിമിതിയുള്ളവർക്കായുള്ള പ്രത്യേക ഓപ്ഷനുകൾ തുടങ്ങിയ സവിശേഷതകളും ഈ പ്ലാറ്റ്‌ഫോം നൽകുന്നു. ഇത് ദിവ്യാംഗർ, മുതിർന്ന പൗരന്മാർ, വിവിധ ശാരീരിക-സാങ്കേതിക പരിമിതികൾ നേരിടുന്ന ഉപയോക്താക്കൾ തുടങ്ങിയവർക്കെല്ലാം ഡിജിറ്റൽ വാണിജ്യം ഒരുപോലെ പ്രാപ്യമാക്കാൻ സഹായിക്കുന്നു. സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഈ സവിശേഷതകൾ, രാജ്യത്തുടനീളമുള്ള ഗ്രാമീണ ഉൽപ്പാദകരേയും ഉപഭോക്താക്കളേയും ബന്ധിപ്പിക്കുന്ന സുതാര്യവും സുരക്ഷിതവും ജനസൗഹൃദവുമായ ഒരു ഡിജിറ്റൽ വിപണിയാണ് ഉറപ്പുനൽകുന്നത്.

ഗുണഭോക്തൃ വിജയഗാഥ: ഇ-സരസിലൂടെ ഖുർജ മൺപാത്രങ്ങൾ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളിലെത്തിച്ച് ഫലക് സ്വയംസഹായ സംഘം

ഇ-സരസ് പ്ലാറ്റ്‌ഫോം ഉണ്ടാക്കിയ സ്വാധീനം ഉത്തർപ്രദേശിലെ ഖുർജയിൽ നിന്നുള്ള ഫലക് സ്വയംസഹായ സംഘത്തിൻ്റെ വിജയഗാഥയിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. ഭൗമസൂചിക അംഗീകാരം ലഭിച്ച പരമ്പരാഗത ഖുർജ മൺപാത്ര നിർമ്മാണ പാരമ്പര്യം സംരക്ഷിക്കുന്നതോടൊപ്പം ഡിജിറ്റൽ വാണിജ്യത്തിലൂടെ വിപണി വ്യാപിപ്പിക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചു. കൈകൊണ്ട് നിർമ്മിച്ചിരുന്ന മൺപാത്രങ്ങൾ സംഘം മുമ്പ് പ്രാദേശിക വിപണികളിലും പ്രദർശനങ്ങളിലും പ്രാദേശിക മേളകളിലും മാത്രമാണ് വിറ്റിരുന്നത്. ഇത് അവരുടെ വിപണി സാധ്യതകളെ പരിമിതപ്പെടുത്തിയിരുന്നു.

ഇ-സരസ് പ്ലാറ്റ്‌ഫോമിൻ്റെ ഭാഗമായതിനെത്തുടർന്ന്, കഴിഞ്ഞ മൂന്നര വർഷമായി ഫലക് സ്വയംസഹായ സംഘം അവരുടെ കൈകൊണ്ട് നിർമ്മിച്ച മൺപാത്ര ഉൽപ്പന്നങ്ങൾ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് വിജയകരമായി വിറ്റഴിച്ചുവരുന്നു. ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കപ്പുറത്തേക്ക് ബിസിനസ്സ് വ്യാപിപ്പിക്കാൻ ഈ പ്ലാറ്റ്‌ഫോം സംഘത്തെ പ്രാപ്തരാക്കി. അതോടൊപ്പം, വിശ്വസനീയമായ ചരക്കുകടത്ത് പിന്തുണ, എളുപ്പത്തിൽ പൊട്ടിപ്പോകാൻ സാധ്യതയുള്ള ഈ കരകൗശല ഉൽപ്പന്നങ്ങൾ സുരക്ഷിതമായി ഉപഭോക്താക്കളിൽ എത്തിക്കാൻ സഹായിക്കുകയും ചെയ്തു. ഈ സംരംഭം സംഘത്തിൻ്റെ ഉപജീവന അവസരങ്ങൾ ശക്തിപ്പെടുത്തുകയും ഖുർജ മൺപാത്രങ്ങളുടെ വിപണി സാന്നിധ്യം വർദ്ധിപ്പിക്കുകയും ചെയ്തു. കൂടാതെ, ഇന്ത്യയുടെ പരമ്പരാഗത കരകൗശല പൈതൃകം സംരക്ഷിക്കുന്നതോടൊപ്പം ഡിജിറ്റൽ വാണിജ്യത്തിന് ഗ്രാമീണ വനിതാ സംരംഭകരെ ശാക്തീകരിക്കാൻ കഴിയുമെന്ന് ഈ വിജയഗാഥ തെളിയിക്കുകയും ചെയ്തു.

ഇന്ത്യയിലുടനീളം വിപണി സാധ്യതകൾ വിപുലീകരിക്കുന്നു

തുടക്കം കുറിച്ചതു മുതൽ, ഗ്രാമീണ ഉൽപ്പാദകർക്ക് വിപണിയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനായി ഇ-സരസ് അതിൻ്റെ ഡിജിറ്റൽ ആവാസവ്യവസ്ഥ നിരന്തരം ശക്തിപ്പെടുത്തിവരികയാണ്. 2022 ഒക്ടോബർ 28-നാണ് ഇതിൻ്റെ വെബ് പോർട്ടൽ ആരംഭിച്ചത്. തുടർന്ന് 2023 ജൂൺ 28-ന് ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി. പിന്നീട് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC), ചരക്കുനീക്ക പങ്കാളികൾ, സുരക്ഷിതമായ പേയ്‌മെൻ്റ്  ഗേറ്റ്‌വേകൾ, പവർ ബി.ഐ അധിഷ്ഠിത അനലിറ്റിക്സ്, ഡിജിറ്റൽ വിൽപ്പനക്കാരുടെ സ്ഥിരീകരണം, ഉമാംഗ് ആപ്പ് എന്നിവയുമായുള്ള സംയോജനം പ്ലാറ്റ്‌ഫോമിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുകയും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തു. കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, മറ്റ് ഗ്രാമീണ ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്ന വനിതകളുടെ നേതൃത്വത്തിലുള്ള സ്വയംസഹായ സംഘങ്ങൾക്ക്, പരമ്പരാഗത മേളകൾക്കും പ്രദർശനങ്ങൾക്കുമപ്പുറം വർഷം മുഴുവനും നീണ്ടുനിൽക്കുന്ന ഡിജിറ്റൽ വാണിജ്യത്തിലൂടെ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ ഇപ്പോൾ സാധിക്കുന്നുണ്ട്.


കൂടുതൽ വിവരങ്ങൾക്ക്,   https://www.esaras.in/   സന്ദർശിക്കുക.

 

***


(रिलीज़ आईडी: 2283795) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , हिन्दी , Gujarati , Tamil , Kannada