ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പുറം കടലിലെ മല്‍സ്യസമ്പത്ത് സുസ്ഥിരമായി പ്രയോജനപ്പെടുത്തുന്നതിനുള്ള അനുമതിപത്രങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ദേശീയ പദ്ധതി ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 09 JUL 2026 1:32PM by PIB Thiruvananthpuram

പുറംകടലിലെ(അന്താരാഷ്ട്ര സമുദ്ര മേഖല) മല്‍സ്യസമ്പത്ത് സുസ്ഥിരമായി പ്രയോജനപ്പെടുത്തുന്നതിനുള്ള അനുമതിപത്രങ്ങള്‍ (എല്‍.ഒ.എ)വിതരണം ചെയ്യുന്നതിനുള്ള ദേശീയ പദ്ധതിക്ക് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണന്‍ ഇന്ന് ഭുവനേശ്വറില്‍ തുടക്കം കുറിച്ചു. ചടങ്ങില്‍ അദ്ദേഹം ഒഡീഷ ആഴക്കടല്‍ മല്‍സ്യബന്ധന രേഖ പ്രകാശനം ചെയ്യുകയും രാജ്യത്തുടനീളമുള്ള പത്ത് മത്സ്യകര്‍ഷക ഉല്‍പ്പാദക സംഘടനകള്‍ക്കും (എഫ്.പി.പി.ഒ.എസ്) മത്സ്യത്തൊഴിലാളികള്‍ക്കും പുറംകടലില്‍ മല്‍സ്യബന്ധനം നടത്തുന്നതിനുള്ള അനുമതി പത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

രാജ്യത്തിന്റെ സവിശേഷ സാമ്പത്തിക മേഖലയുടെയും (EEZ) പുറംകടലിലേയും വിശാലമായ സാധ്യതകള്‍ സുസ്ഥിരമായി പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കുന്നതിലൂടെ ഈ സംരംഭം ഇന്ത്യയുടെ സമുദ്ര യാത്രയില്‍ ഒരു പുതിയ അധ്യായത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തുകയാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു. മത്സ്യബന്ധന മേഖലയില്‍ വളര്‍ച്ചയുടെയും സുസ്ഥിരതയുടെയും സമൃദ്ധിയുടെയും ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും മത്സ്യബന്ധന സമൂഹങ്ങളുടെയും കൂട്ടായ ദൃഢനിശ്ചയത്തെയാണ് ഈ പരിപാടി പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

ഇന്ത്യയ്ക്ക് 11,000 കിലോമീറ്ററിലധികം തീരപ്രദേശവും ഏകദേശം 24 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു സവിശേഷ സാമ്പത്തിക മേഖലയും, വലിയ തോതില്‍ ഉപയോഗപ്പെടുത്താതെ കിടക്കുന്ന വിപുലമായ സമുദ്രസമ്പത്തും ഉണ്ടെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. പരമ്പരാഗതമായി മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ തീരത്തോട് ചേര്‍ന്നാണ് നടക്കുന്നതെങ്കിലും, പുതിയ ചട്ടക്കൂട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ട്യൂണ പോലുള്ള ഉയര്‍ന്ന മൂല്യമുള്ള മത്സ്യങ്ങളുടെ സുസ്ഥിര വിളവെടുപ്പിനായി ആഴക്കടലിലേക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ പ്രാപ്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

ഇന്ത്യയുടെ മത്സ്യബന്ധന മേഖലയുടെ ദ്രുതഗതിയിലെ വളര്‍ച്ച എടുത്തുപറഞ്ഞുകൊണ്ട്, ഇന്ത്യ ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യോല്‍പ്പാദന രാജ്യമാണെന്നും ആഗോള മത്സ്യോല്‍പ്പാദനത്തില്‍ എട്ട് ശതമാനം സംഭാവന ചെയ്യുന്നുണ്ടെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. മൂന്ന് കോടിയോളം മത്സ്യത്തൊഴിലാളികളുടെയും മത്സ്യകര്‍ഷകരുടെയും ഉപജീവനമാര്‍ഗ്ഗം ഈ മേഖല പിന്തുണയ്ക്കുന്നുണ്ടെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സമുദ്രോത്പന്ന കയറ്റുമതി 73,000 കോടി രൂപ കടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുറങ്കടല്‍ സംരംഭം ഇന്ത്യയുടെ കയറ്റുമതി സാധ്യതകളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും വിളവെടുപ്പ്, സംസ്‌കരണം, ശീതീകരണ ശൃംഖല , ഗതാഗതം, പാക്കു ചെയ്യല്‍, ചരക്കു നീക്കം, കയറ്റുമതി സേവനങ്ങള്‍ എന്നിവയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

 

 

അനുമതി പത്രങ്ങള്‍ നല്‍കുന്നതിന് മത്സ്യബന്ധന സഹകരണ സംഘങ്ങള്‍, മത്സ്യകര്‍ഷക ഉല്‍പാദക സംഘടനകള്‍, ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്ക് പുതിയ ചട്ടക്കൂട് മുന്‍ഗണന നല്‍കുന്നുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. തീരദേശ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി അദ്ദേഹം ഈ സംരംഭത്തെ വിശേഷിപ്പിക്കുകയും മത്സ്യബന്ധന മേഖലയില്‍ കൂട്ടായ ശ്രമങ്ങള്‍ക്ക് പരിവര്‍ത്തനാത്മകമായ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് ഊന്നിപ്പറയുകയും ചെയ്തു.

 

 

സുസ്ഥിര മത്സ്യബന്ധനം ഒരു ധാര്‍മ്മിക ഉത്തരവാദിത്തമാണെന്ന് ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, സാമ്പത്തിക പുരോഗതി സമുദ്രവിഭവങ്ങളുടെ സംരക്ഷണത്തോടൊപ്പം കൈകോർത്ത് പോകണമെന്നും പറഞ്ഞു. ഡിജിറ്റല്‍ അംഗീകാര സംവിധാനങ്ങള്‍, കപ്പല്‍ നിരീക്ഷണം, അന്താരാഷ്ട്ര സാക്ഷ്യപ്പെടുത്തല്‍, നിയമവിരുദ്ധവും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും അനിയന്ത്രിതവുമായ മത്സ്യബന്ധനത്തിനെതിരായ നടപടികള്‍ കര്‍ശനമായി പാലിക്കല്‍ എന്നിവയുടെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു. ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനത്വം, ആഗോള അവസരങ്ങള്‍ എന്നിവയാല്‍ നയിക്കപ്പെടുന്ന ഒരു ആധുനിക തൊഴിലായി മത്സ്യബന്ധനത്തെ കാണാന്‍ അദ്ദേഹം യുവാക്കളോട് അഭ്യര്‍ത്ഥിച്ചു. 2047 ഓടെ വിക്‌സിത് ഭാരത് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി മത്സ്യബന്ധന സമൂഹങ്ങളെ അറിവ്, സാങ്കേതികവിദ്യ, സാമ്പത്തികസഹായം എന്നിവയേകി പിന്തുണയ്ക്കുന്നത് തുടരാന്‍ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.

 

ഒഡീഷ ഗവര്‍ണര്‍ ശ്രീ ഹരി ബാബു കമ്പംപതി, ഒഡീഷ മുഖ്യമന്ത്രി ശ്രീ മോഹന്‍ ചരണ്‍ മാഝി, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തിരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജന്‍ സിംഗ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തിരാജ് സഹമന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേല്‍, ഒഡീഷ ഫിഷറീസ്, എം.എസ്.എം.ഇ. സഹമന്ത്രി ശ്രീ ഗോകുലാനന്ദ മല്ലിക്, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മത്സ്യബന്ധന സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, മത്സ്യത്തൊഴിലാളി സംഘടനകള്‍, മറ്റ് പങ്കാളികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

****


(रिलीज़ आईडी: 2283221) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Odia , Tamil , Telugu