വനിതാ, ശിശു വികസന മന്ത്രാലയം
ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന് കൊച്ചിയിൽ സമാപനം
प्रविष्टि तिथि:
09 JUL 2026 4:24PM by PIB Thiruvananthpuram
ഇന്ത്യയുടെ 2026-ലെ ബ്രിക്‌സ് അധ്യക്ഷപദവിക്ക് കീഴിൽ നടന്ന ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന് ഇന്ന് കൊച്ചിയിൽ സമാപനമായി. സ്ത്രീകൾ നയിക്കുന്ന വികസനവുമായി ബന്ധപ്പെട്ട് ബ്രിക്‌സ് അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഒരു സുപ്രധാന നാഴികക്കല്ലായാണ് ഈ സമ്മേളനം അടയാളപ്പെടുത്തപ്പെട്ടത്. 2026 ജൂലൈ 6 മുതൽ 9 വരെ നാല് ദിവസങ്ങളിലായി നടന്ന ഈ പരിപാടിയിൽ ബ്രിക്‌സ് വനിതാ വർക്കിംഗ് ഗ്രൂപ്പ് യോഗവും ബ്രിക്‌സ് വനിതാ മന്ത്രിതല യോഗവും ഉൾപ്പെട്ടിരുന്നു. ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പങ്കിട്ട മുൻഗണനകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ബ്രിക്‌സ് കൂട്ടായ്മയിലെ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും ഉപമന്ത്രിമാരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഈ സമ്മേളനത്തിൽ പങ്കെടുത്തു.

ഭൂമിശാസ്ത്രപരവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെങ്കിലും, സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് നിരവധി പൊതുവായ ആശങ്കകൾ ബ്രിക്‌സ് അംഗരാജ്യങ്ങൾ പങ്കിടുന്നുണ്ടെന്ന് മന്ത്രിതല യോഗത്തിൻ്റെ സമാപന സമ്മേളനത്തിൽ സംസാരിച്ച കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി അന്നപൂർണ്ണ ദേവി പറഞ്ഞു.

അംഗരാജ്യങ്ങൾക്കിടയിൽ ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനും ബ്രിക്‌സ് വനിതാ മന്ത്രിതല യോഗം പോലുള്ള വേദികൾക്കുള്ള നിർണ്ണായക പങ്കിനെയാണ് ഈ ആശങ്കകൾ അടിവരയിടുന്നതെന്ന് അവർ ഊന്നിപ്പറഞ്ഞു.
ഇന്ത്യയുടെ അധ്യക്ഷപദവിക്ക് കീഴിൽ നടന്ന ചർച്ചകളുടെ പ്രാധാന്യത്തെക്കുറിച്ച് തൻ്റെ സമാപന പ്രസംഗത്തിൽ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം സെക്രട്ടറി ശ്രീ. അനിൽ മാലിക് വിശദീകരിച്ചു. ബ്രിക്‌സ് സംയുക്ത വനിതാ മന്ത്രിതല പ്രസ്താവന അംഗീകരിക്കപ്പെട്ടത് എല്ലാ അംഗരാജ്യങ്ങളും അഭിമുഖീകരിക്കുന്ന പൊതുവായ വെല്ലുവിളികളെ നേരിടാനുള്ള പങ്കിട്ട ദൃഢനിശ്ചയത്തിൻ്റെ വ്യക്തമായ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലകളിലും സ്ത്രീകൾ നയിക്കുന്ന വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി സഹകരണം ശക്തിപ്പെടുത്താനുള്ള ബ്രിക്‌സ് അംഗരാജ്യങ്ങളുടെ പങ്കിട്ട പ്രതിബദ്ധത പ്രതിഫലിപ്പിച്ചുകൊണ്ട്, വനിതാ ട്രാക്കിൻ്റെ ചരിത്രത്തിലാദ്യമായി ഒരു സംയുക്ത പ്രസ്താവന അംഗീകരിച്ചു എന്നതാണ് ഈ വർഷത്തെ വനിതാ മന്ത്രിതല യോഗത്തിൻ്റെ ശ്രദ്ധേയമായ നേട്ടം.
ബ്രിക്‌സ് വനിതാ ട്രാക്കിന് കീഴിൽ ദീർഘകാല സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച രണ്ട് സംരംഭങ്ങളും യോഗം സ്വാഗതം ചെയ്തു:
i) മികച്ച ബ്രിക്‌സ് പ്രവർത്തന മാതൃകകളുടെ ഡിജിറ്റൽ ശേഖരം, ബ്രിക്‌സ് അംഗരാജ്യങ്ങളിലുടനീളം സ്ത്രീ ശാക്തീകരണത്തിനായി നടപ്പിലാക്കിയ വിജയകരമായ നയങ്ങൾ, പരിപാടികൾ, നൂതനാശയങ്ങൾ എന്നിവ രേഖപ്പെടുത്തുന്നതിനും പരസ്പരം പങ്കുവെക്കുന്നതിനുമുള്ള ഒരു പൊതുവേദിയായി വർത്തിക്കും.
ii) ബ്രിക്‌സ് ഡിജിറ്റൽ ശേഷി വികസന മാർഗ്ഗനിർദ്ദേശങ്ങൾ, സുസ്ഥിര സഹകരണത്തിലൂടെ സ്ത്രീ ശാക്തീകരണം ത്വരിതപ്പെടുത്തുന്നതിന് സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക, വിജ്ഞാന കൈമാറ്റം സുഗമമാക്കുക, ശേഷി വികസനം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിടുന്നു.
ബ്രിക്‌സ് മന്ത്രിതല യോഗത്തോടനുബന്ധിച്ച്, ഡിജിറ്റൽ ഉൾച്ചേർക്കൽ, വനിതാ സംരംഭകത്വം, സാമ്പത്തിക ശാക്തീകരണം, കാലാവസ്ഥാ പ്രതിരോധം, ഭക്ഷ്യസുരക്ഷ, പോഷകാഹാരം എന്നിവയിലെ അനുഭവങ്ങളും മികച്ച പ്രവർത്തന മാതൃകകളും പരസ്പരം പങ്കുവെക്കുന്നതിനായി വിഷയാധിഷ്ഠിത പാനൽ ചർച്ചകളും ഇന്ത്യ സംഘടിപ്പിച്ചു. നയരൂപകർത്താക്കൾ, വിദഗ്ധർ, ഈ രംഗത്ത് പ്രവർത്തിക്കുന്നവർ, വികസന പങ്കാളികൾ എന്നിവരെ ഈ ചർച്ചകൾ ഒരുമിച്ച് കൊണ്ടുവന്നു.
ഇന്ത്യയിലെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസന സംരംഭങ്ങൾ അവതരിപ്പിച്ച പ്രദർശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. വിവിധ മേഖലകളിലെ സംരംഭങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രദർശനം കേന്ദ്രമന്ത്രിമാരും വിശിഷ്ടാതിഥികളും വിദേശ പ്രതിനിധികളും സന്ദർശിച്ചു. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേർന്നാണ് പ്രദർശനം ഒരുക്കിയത്. സരസ്, ലഖ്പതി ദീദി എന്നീ പദ്ധതികളിലൂടെയുള്ള ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ, അസ്മിത വഴിയുള്ള സ്ത്രീകളുടെ കായിക പങ്കാളിത്തം, ശാസ്ത്ര-സാങ്കേതിക മേഖലകളിലെ സ്ത്രീ മുന്നേറ്റം, സാമ്പത്തിക ഉൾച്ചേർക്കൽ പദ്ധതികൾ, കൂടാതെ വനിതാ ശിശുവികസന മന്ത്രാലയത്തിൻ്റെ മുൻനിരപദ്ധതികളായ ഷീ-ബോക്സ്, വൺ സ്റ്റോപ്പ് സെൻ്ററുകൾ, വനിതാ ഹെൽപ്പ്‌ലൈൻ എന്നിവ ഇതിൽ പ്രദർശിപ്പിച്ചു.
സഹകരണം ആഴത്തിലാക്കാനും, സ്ഥാപനപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും, വിജ്ഞാനവും മികച്ച പ്രവർത്തന മാതൃകകളും പരസ്പരം പങ്കുവെക്കാനും, എല്ലാവരേയും ഉൾക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ വളർച്ചയുടെ പ്രധാന ചാലകശക്തിയായി സ്ത്രീകൾ നയിക്കുന്ന വികസനം മുന്നോട്ട് കൊണ്ടുപോകാനുമുള്ള ബ്രിക്‌സ് അംഗരാജ്യങ്ങളുടെ കൂട്ടായ പ്രതിബദ്ധത യോഗം വീണ്ടും ഉറപ്പിച്ചു.
***
(रिलीज़ आईडी: 2282999)
आगंतुक पटल : 23