പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്തോനേഷ്യൻ പാർലമെന്റിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോ​ധനയുടെ മലയാളം പരിഭാഷ

പോസ്റ്റഡ് ഓണ്‍: 07 JUL 2026 8:20PM by PIB Thiruvananthpuram

ആദരണീയനായ ഇന്തോനേഷ്യൻ പ്രസിഡന്റ്,
ബഹുമാനപ്പെട്ട വൈസ് പ്രസിഡന്റ്,
ബഹുമാനപ്പെട്ട സ്പീക്കർമാർ,
പാർലമെന്റിലെ വിശിഷ്ട അംഗങ്ങളേ,
വിശിഷ്ട വ്യക്തികളേ,
ഇന്തോനേഷ്യയിലെ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ,

നിങ്ങൾക്കെല്ലാവർക്കും നമസ്കാരം.

സെലാമത് സിയാങ് !

എന്റെ സഹബത് സെജാതി - എന്റെ യഥാർത്ഥ സുഹൃത്തുക്കൾക്കിടയിൽ ആയിരിക്കാൻ കഴിഞ്ഞത് വലിയൊരു സന്തോഷവും അം​ഗീകാരവുമാണ്.

ഇന്ന് നിങ്ങൾക്കിടയിൽ ഇവിടെയായിരിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച വലിയൊരു ബഹുമതിയും അം​ഗീകാരവുമാണ്. 140 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയായും ജനാധിപത്യത്തിന്റെ മാതാവായ രാജ്യത്തിലെ ഒരു അഭിമാനിയായ പൗരനായും ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഹൃദയം നിറഞ്ഞ ആശംസകളും മംഗളങ്ങളും അറിയിച്ചുകൊണ്ട് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു.

ബഹുമാനപ്പെട്ട അംഗങ്ങളേ,

ഇന്തോനേഷ്യയിലെ ജനങ്ങൾ - ഇവിടുത്തെ കുട്ടികൾ, യുവജനങ്ങൾ, സ്ത്രീകൾ - ഇന്നത്തെ ദിവസത്തെ എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ദിവസങ്ങളിലൊന്നായി മാറ്റിയിരിക്കുന്നു. ഇന്ന് രാവിലെ ഇന്തോനേഷ്യയിലെ ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച ഊഷ്മളതയും വാത്സല്യവും ഹൃദ്യമായ സ്വീകരണവും ഞാൻ എന്നും ഹൃദയത്തിൽ സൂക്ഷിക്കും. ഇന്ന് പ്രസിഡന്റ് പ്രബോവോ പകർപ്പവകാശത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. സ്നേഹം, വാത്സല്യം, സൗഹൃദം അല്ലെങ്കിൽ പരസ്പര ബഹുമാനം എന്നിവയുടെ മേൽ ആർക്കും പകർപ്പവകാശം ഉന്നയിക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തോട് ഞാൻ സരസമായി പറയട്ടെ. പ്രസിഡന്റ് പ്രബോവോയുമായുള്ള എന്റെ സൗഹൃദം ഇങ്ങനെയുള്ള പകർപ്പവകാശത്തിന്റെ എല്ലാ അതിരുകൾക്കും അതീതമാണ്.

സുഹൃത്തുക്കളേ,

ഇന്ന് രാവിലെ എനിക്ക് ഇന്തോനേഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ഏറ്റുവാങ്ങാനുള്ള അവസരം ലഭിച്ചു. ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ ജനതയോട് ഇന്തോനേഷ്യയിലെ ജനങ്ങൾ പുലർത്തുന്ന സ്നേഹത്തിന്റെ പ്രതിഫലനമായി ഈ ബഹുമതിയെ ഞാൻ വിനയത്തോടെയും അഗാധമായ കൃതജ്ഞതയോടെയും സ്വീകരിക്കുന്നു. ഈ ബഹുമതി നമ്മൾ പങ്കിടുന്ന ജനാധിപത്യ മൂല്യങ്ങളെയും നമ്മുടെ പൊതുവായ പൈതൃകത്തെയും ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്ന ബന്ധത്തെയും ആദരിക്കുന്നതാണ്. ഈ വിശിഷ്ട ബഹുമതിക്ക് നിങ്ങളേവർക്കും പ്രസിഡന്റ് പ്രബോവോയ്ക്കും ഇന്തോനേഷ്യൻ ഗവൺമെന്റിനും ഇന്തോനേഷ്യയിലെ ജനങ്ങൾക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ബഹുമാനപ്പെട്ട അംഗങ്ങളേ,

ഇന്ന് ഇന്ത്യയും ഇന്തോനേഷ്യയും ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിലെത്തിനിൽക്കുകയാണ്. ഈ നൂറ്റാണ്ടിന്റെ ആദ്യ കാൽനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു, അടുത്ത 25 വർഷം നമ്മുടെ ഇരു രാജ്യങ്ങൾക്കും അത്യന്തം പ്രാധാന്യമർഹിക്കുന്നതായിരിക്കും. ഇന്തോനേഷ്യയുടെ ഈ മഹത്തായ മണ്ണിൽ, നമ്മുടെ പങ്കിട്ട വികസന യാത്രയിലുള്ള ആത്മവിശ്വാസത്തോടെയാണ് ഞാൻ നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത്. ഇന്ത്യയ്ക്കും ഇന്തോനേഷ്യയ്ക്കും ഒന്നിച്ച് മാനവരാശിക്ക് പുതിയ പ്രതീക്ഷയും ലക്ഷ്യബോധവും ഊർജ്ജവും പകർന്നുനൽകാൻ കഴിയുമെന്ന ദൃഢവിശ്വാസത്തോടെയാണ് ഞാൻ വന്നിരിക്കുന്നത്.

140 കോടി വരുന്ന ഇന്ത്യൻ ജനതയും 29 കോടി വരുന്ന ഇന്തോനേഷ്യൻ ജനതയും പൊതുവായ ലക്ഷ്യത്തോടെയും കൂട്ടായ പ്രയത്നത്തോടെയും ഒന്നിച്ച് മുന്നേറുമ്പോൾ, ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിന്റെ രചനയ്ക്ക് ലോകം സാക്ഷ്യം വഹിക്കും.

വ്യാപനവാദത്തിലല്ല, മറിച്ച് വികസനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് 'സബ്കാ സാത്ത്, സബ്കാ വികാസ്' - എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം എന്ന തത്വം നമ്മെ നയിക്കുന്നത്.

ഇതേ മന്ത്രത്തോടും ഇതേ മനോഭാവത്തോടും കൂടിയാണ് ഞാൻ ഇന്ന് ഇന്തോനേഷ്യൻ പാർലമെന്റിലെ വിശിഷ്ട അംഗങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്.

ആദരണീയരായ അംഗങ്ങളേ,

നമ്മുടെ തലസ്ഥാനങ്ങൾ തമ്മിൽ ആയിരക്കണക്കിന് കിലോമീറ്ററുകളുടെ അകലമുണ്ടെങ്കിലും, സമുദ്രത്തിന് കുറുകെയുള്ള നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ദൂരം കേവലം 150 കിലോമീറ്റർ മാത്രമാണ്. പല രാജ്യങ്ങൾക്കും സമുദ്രങ്ങൾ പലപ്പോഴും അതിരുകളായും അകലത്തിന്റെ പ്രതീകങ്ങളായും മാറിയിട്ടുണ്ടെങ്കിലും, സമുദ്രം ഒരിക്കലും ഇന്ത്യയെയും ഇന്തോനേഷ്യയെയും വേർപെടുത്തിയിട്ടില്ല. നമ്മെ സംബന്ധിച്ചിടത്തോളം സമുദ്രം ഒരു തടസ്സമല്ല, അതൊരു പാലമാണ്. അത് നമ്മുടെ പങ്കിട്ട ഭാവിയുടെ കേന്ദ്രബിന്ദുവാണ്.

ഇന്ത്യ, ഇന്തോനേഷ്യ, ഇന്ത്യൻ മഹാസമുദ്രം - ഈ പേരുകൾ തന്നെ നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴമേറിയതും നിലനിൽക്കുന്നതുമായ ബന്ധത്തിന് സാക്ഷ്യം വഹിക്കുന്നു. ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ തുറമുഖങ്ങൾ ലോകത്തെ പരസ്പരം ബന്ധിപ്പിക്കുകയും, നമ്മുടെ കപ്പലുകൾ വിദൂര തീരങ്ങളിലേക്ക് വ്യാപാരവും സംസ്കാരവും ആശയങ്ങളും എത്തിക്കുകയും ചെയ്തു. സമുദ്രങ്ങൾ നമ്മുടെ പങ്കിട്ട ഭാവിയിലേക്ക് ഇനിയും വലിയ അവസരങ്ങളാണ് കരുതിവെച്ചിരിക്കുന്നത്. ഈ സമുദ്രത്തിന്റെ വിശാലതയെ പ്രചോദനമാക്കിക്കൊണ്ട്, ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തെ കൂടുതൽ ഉന്നതികളിലേക്ക് നയിക്കാൻ ഇന്ന് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.

ആദരണീയരായ അംഗങ്ങളേ,

ഇന്ത്യയും ഇന്തോനേഷ്യയും കടലിനേക്കാൾ ഉപരിയായി, ഒരു പൊതു ചരിത്രമാണ് പങ്കിടുന്നത്. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും കാലാതീതമായ പൈതൃകത്തിലാണ് നമ്മുടെ ബന്ധം വേരൂന്നിയിരിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ തീരങ്ങളിൽ എത്തിച്ചേർന്ന നാളന്ദയുടെ ജ്ഞാനത്തിലാണ്. വയാങ് (Wayang), നൃത്തം, സംഗീതം എന്നിവയുടെ പാരമ്പര്യങ്ങളിലാണ്.

ബോറോബുദൂർ, പ്രംബാനൻ തുടങ്ങിയ മഹനീയമായ സ്മാരകങ്ങളിലൂടെ നമ്മൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇന്തോനേഷ്യയുടെ ദേശീയ ചിഹ്നമായ ഗരുഡനിലൂടെ നമ്മൾ ഒന്നിച്ചിരിക്കുന്നു. ബാലി ജാത്ര ഉത്സവത്തിന്റെ ആവേശത്തിലൂടെയും ആഘോഷത്തിലൂടെയും നമ്മൾ കോർത്തിണക്കപ്പെട്ടിരിക്കുന്നു. ഇനി രുചികളുടെ കാര്യമെടുത്താൽ, 'ക്രുപുക്' (krupuk) ആണോ അതോ 'പപ്പടം' (papad) ആണോ കൂടുതൽ മൊരിഞ്ഞിരിക്കുന്നത് എന്ന് പറയുക പ്രയാസമാണ്. എന്നാൽ ഒരു കാര്യം ഉറപ്പാണ് - 'മസാല'യും 'ബുംബു'വും (bumbu) നമ്മുടെ ജീവിതത്തിന് സമൃദ്ധിയും രുചിയും പകർന്നുനൽകുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഗുജറാത്താണ് എന്റെ ജന്മനാട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഗുജറാത്തിൽ നിന്നുള്ള വ്യാപാരികളും സൂഫി വര്യന്മാരും സമുദ്രമാർഗ്ഗം ഇന്തോനേഷ്യയിലേക്ക് യാത്ര ചെയ്യുകയും, ഇസ്‌ലാമിക സന്ദേശങ്ങളും മൂല്യങ്ങളും തങ്ങളോടൊപ്പം കൊണ്ടുവരികയും ചെയ്തുവെന്ന് പറയപ്പെടുന്നു. ഇന്നും ഗുജറാത്തിലെ വിശിഷ്ടമായ പടോള (Patola) വസ്ത്രങ്ങൾ ഇവിടെ അന്തസ്സിന്റെയും പ്രൗഢിയുടെയും പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു. അവയുടെ സ്വാധീനം ഇന്തോനേഷ്യയിലെ ബാത്തിക് (Batik) കരകൗശല സമ്പന്നമായ പാരമ്പര്യത്തിൽ ഇന്നും കാണാൻ സാധിക്കും.

ഇതേ കാരണം കൊണ്ടാണ് ഒരിക്കൽ പ്രസിഡന്റ് സുകാർണോ ഇപ്രകാരം പറഞ്ഞത്, "ഇന്തോനേഷ്യയിലെയും ഇന്ത്യയിലെയും ജനങ്ങൾ രക്തബന്ധത്താലും സംസ്കാരത്താലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു."

സുഹൃത്തുക്കളെ,

നമ്മുടെ പൂർവ്വികർ ഒരുമിച്ച് അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ ഏറെയാണ്. നമ്മുടെ ഇരു ജനവിഭാഗങ്ങളും ദീർഘകാലത്തെ വിദേശ ഭരണത്തിന് ഇരയായിട്ടുണ്ട്. നമ്മുടെ ഇരു രാജ്യങ്ങളും ഏതാണ്ട് ഒരേ സമയത്താണ് സ്വാതന്ത്ര്യം നേടിയതും - ഇന്തോനേഷ്യ 1945-ലും, ഇന്ത്യ 1947-ലും. ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിൽ ഇന്തോനേഷ്യയുടെ പരമാധികാരത്തിന്റെ ചോദ്യം ഉയർന്നുവന്നപ്പോൾ, ഇന്ത്യ ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യ സമരത്തിന് ശക്തമായ പിന്തുണയുമായി നിലകൊള്ളുകയും ഐക്യരാഷ്ട്രസഭയിൽ അതിനായി ശക്തമായ ശബ്ദമുയർത്തുകയും ചെയ്തു.

ആ നിർണായക ഘട്ടത്തിൽ, ബഹുമാനപ്പെട്ട ബിജു പട്നായിക് വഹിച്ച പങ്ക് നമ്മുടെ പങ്കിട്ട ചരിത്രത്തിലെ തിളക്കമാർന്ന ഒരു അധ്യായമായി അവശേഷിക്കുന്നു. പ്രധാനമന്ത്രി സുതൻ ശഹറീറിനെയും വൈസ് പ്രസിഡന്റ് മുഹമ്മദ് ഹട്ടയെയും അദ്ദേഹം സുരക്ഷിതമായി ഇന്ത്യയിലെത്തിച്ച ധീരതയും ദൃഢനിശ്ചയവും നമ്മുടെ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിന് കാരണമായി.

ആദരണീയ അംഗങ്ങളേ,

നമ്മെ കൂടുതൽ അടുപ്പിക്കുന്ന മറ്റൊരു പ്രധാന ബന്ധം ജനാധിപത്യത്തോടും നാനാത്വത്തിലെ ഏകത്വത്തോടുമുള്ള നമ്മുടെ പങ്കിട്ട പ്രതിബദ്ധതയാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ജനാധിപത്യത്തിന്റെ മാതാവുമാണ്. ഇന്തോനേഷ്യയാകട്ടെ, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ജനാധിപത്യ രാജ്യവുമാണ്.

നൂറുകണക്കിന് ഭാഷകളുടെയും പാരമ്പര്യങ്ങളുടെ സമ്പന്നമായ ഘടനയുടെയും കേന്ദ്രമാണ് ഇന്ത്യ; ഇന്തോനേഷ്യയും നൂറുകണക്കിന് ഭാഷകളാലും വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യങ്ങളാലും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. 'വസുധൈവ കുടുംബകം' - ലോകം ഒരൊറ്റ കുടുംബം - എന്ന കാലാതീതമായ തത്വമാണ് ഇന്ത്യയെ നയിക്കുന്നത്, അതേസമയം ഇന്തോനേഷ്യയ്ക്ക് പ്രചോദനമാകുന്നത് 'ഭിന്നേക തുംഗൽ ഇക്ക' (Bhinneka Tunggal Ika) - നാനാത്വത്തിൽ ഏകത്വം - എന്ന തത്വശാസ്ത്രമാണ്. നമ്മുടെ ഇരു രാജ്യങ്ങളും ഈ വൈവിധ്യത്തെയാണ് നമ്മുടെ ജനാധിപത്യത്തിന്റെയും ഐക്യത്തിന്റെയും അടിത്തറയാക്കിയിരിക്കുന്നത്.

ബഹുമാനപ്പെട്ട അംഗങ്ങളേ,

ആദരണീയനായ സ്പീക്കർ ഇപ്പോൾ ഓർമ്മിപ്പിച്ചതുപോലെ, 1950-ൽ ഇന്ത്യ അതിന്റെ ആദ്യത്തെ റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോൾ, ആ ചരിത്ര മുഹൂർത്തത്തിൽ പ്രസിഡന്റ് സുകാർണോ ആയിരുന്നു മുഖ്യാതിഥി. അതേ കാലഘട്ടത്തിൽ തന്നെ, ബാന്ദുങ് സമ്മേളനത്തിൽ, സ്വതന്ത്ര രാജ്യങ്ങൾക്ക് തങ്ങളുടേതായ തീരുമാനങ്ങൾ എടുക്കാനുള്ള പരമാധികാര അവകാശമുണ്ടെന്ന വ്യക്തമായ സന്ദേശം പ്രസിഡന്റ് സുകാർണോയും പ്രധാനമന്ത്രി നെഹ്‌റുവും ലോകത്തിന് നൽകി.

ബഹുമാനപ്പെട്ട അംഗങ്ങളേ,

'റിഫോർമാസി'യിലൂടെ (Reformasi) ജനാധിപത്യത്തിന്റെ യഥാർത്ഥ കരുത്ത് എന്താണെന്ന് ഇന്തോനേഷ്യ ലോകത്തിന് കാണിച്ചുകൊടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ഇവിടുത്തെ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയും ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുകയും ചെയ്തു.

ഇന്ത്യയുടെ ജനാധിപത്യ യാത്രയും ഇതേ കഥ തന്നെയാണ് പറയുന്നത്. ഇന്ന് ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രമുഖ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ, കൂടാതെ കഴിഞ്ഞ ദശകത്തിൽ 25 കോടിയിലധികം ഇന്ത്യക്കാരാണ് ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടിയത്.

അതുകൊണ്ടാണ് എന്റെ സുഹൃത്തുക്കളേ, ഇന്ത്യയും ഇന്തോനേഷ്യയും ഒന്നിച്ച് നിൽക്കുമ്പോൾ, ജനാധിപത്യം അവസരങ്ങൾ സൃഷ്ടിക്കുമെന്നതിലും ജനാധിപത്യം ആത്മവിശ്വാസം പകരുമെന്നതിലുമുള്ള ലോകത്തിന്റെ വിശ്വാസത്തെ നാം കൂടുതൽ ദൃഢമാക്കുന്നത്.

ജനാധിപത്യം ഭാവി കെട്ടിപ്പടുക്കുന്നു. നമ്മുടെ പങ്കിട്ട ജനാധിപത്യ മൂല്യങ്ങളും പൊതുവായ ആഗ്രഹങ്ങളും ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നതിൽ എനിക്ക് അചഞ്ചലമായ ആത്മവിശ്വാസമുണ്ട്.

ബഹുമാനപ്പെട്ട അംഗങ്ങളേ,

പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളെന്ന നിലയിൽ നമ്മൾ ഒരുമിച്ച് ആരംഭിച്ച യാത്ര ഉടൻ തന്നെ സ്വാതന്ത്ര്യത്തിന്റെ നൂറ് വർഷങ്ങൾ പൂർത്തിയാക്കും. ഇവിടെ ഇന്തോനേഷ്യയിൽ, 'ഇന്തോനേഷ്യ ഏമാസ് 2045' (Indonesia Emas 2045) എന്ന മഹത്തായ കാഴ്ചപ്പാടുമായാണ് നിങ്ങൾ മുന്നേറുന്നത്. ഇന്ത്യയിലാകട്ടെ, 2047-ഓടെ ഒരു 'വികസിത ഭാരതം' കെട്ടിപ്പടുക്കുക എന്ന ദൃഢനിശ്ചയത്തോടെയാണ് ഞങ്ങൾ മുന്നോട്ട് നീങ്ങുന്നത്. ഈ ദേശീയ അഭിലാഷങ്ങൾ പിന്തുടരുമ്പോൾ, നമ്മുടെ ഇരു രാജ്യങ്ങൾക്കും ഈ പങ്കിട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരസ്പരം പൂരകങ്ങളാകാനും ശക്തി പകരാനും കഴിയും.

നമ്മൾ ലോകത്തിലെ ഏറ്റവും ഊർജ്ജസ്വലരായ യുവജനങ്ങളുള്ള സമൂഹങ്ങളിൽ പെട്ടവരാണ്. ഏറ്റവും വേഗത്തിൽ വളരുന്ന പ്രമുഖ സമ്പദ്‌വ്യവസ്ഥകളിൽ പെട്ടവരാണ് നാം. നമ്മൾ ഇരു രാജ്യങ്ങളും പ്രമുഖ സമുദ്രശക്തികളാണ്. നമ്മൾ ഗ്ലോബൽ സൗത്തിന്റെ ശക്തമായ ശബ്ദങ്ങളാണ്. നമ്മൾ പുരാതന നാഗരികതകളാണ്, അതേസമയം തന്നെ ഭാവി രൂപപ്പെടുത്തുന്നതിൽ സ്വാഭാവിക പങ്കാളികളുമാണ്.

ഈ യാത്രയിൽ, നമ്മൾ പരസ്പരം പങ്കാളികൾ മാത്രമായിരിക്കാതെ, പരസ്പരം കരുത്തിന്റെ സ്രോതസ്സായി മാറുകയും വേണം. ഈയൊരു ദീർഘവീക്ഷണത്തോടെയാണ് ഇന്ന് ഞാൻ പ്രസിഡന്റ് പ്രബോവോയുമായി വിശദമായ ചർച്ചകൾ നടത്തിയത്. നമ്മുടെ ലക്ഷ്യങ്ങൾ വളരെ വ്യക്തമാണ്. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സൗഹൃദവും പരസ്പര വിശ്വാസവും നമ്മുടെ ജനങ്ങൾക്കായുള്ള പുതിയ അവസരങ്ങളാക്കി നമ്മൾ മാറ്റണം.

കഴിഞ്ഞ വർഷം, നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 2500 കോടി യു.എസ് ഡോളറിലെത്തി. നൂറിലധികം ഇന്ത്യൻ കമ്പനികൾ ഇന്ന് ഇന്തോനേഷ്യയിൽ പ്രവർത്തിക്കുന്നുണ്ട്. നമ്മൾ ഒന്നിച്ച് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നതിൽ യാതൊരു സംശയവുമില്ല. എന്നിരുന്നാലും, വരും വർഷങ്ങളിൽ ഇതിലും വലിയ അവസരങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്.

ബഹുമാനപ്പെട്ട അംഗങ്ങളേ,

അത്യാധുനിക മേഖലകളിൽ ഒന്നിച്ച് വലിയ ഉയരങ്ങൾ കീഴടക്കാനുള്ള ശേഷി ഇന്ത്യയ്ക്കും ഇന്തോനേഷ്യയ്ക്കുമുണ്ട്. അതിലൊരു ഉദാഹരണമാണ് ബഹിരാകാശ സാങ്കേതികവിദ്യ. ഇന്ന് ലോകം മുഴുവൻ ബഹിരാകാശ മേഖലയിലുള്ള ഇന്ത്യയുടെ കഴിവുകളെ അംഗീകരിക്കുന്നു. ഈ യാത്രയിൽ ഇന്ത്യ ഇന്തോനേഷ്യയെ അതിന്റെ സ്വാഭാവിക പങ്കാളിയായാണ് കണക്കാക്കുന്നത്.

വർഷങ്ങളായി, ബിയാക്കിലെ (Biak) സാറ്റലൈറ്റ് ട്രാക്കിംഗ് സൗകര്യങ്ങൾ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ പിന്തുണയ്ക്കുന്നുണ്ട്. ഇന്ത്യ ഇന്തോനേഷ്യയുടെ നിരവധി ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയും ബഹിരാകാശ മേഖലയിലെ ശേഷി വർദ്ധിപ്പിക്കുന്നതിൽ സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്. ഈ സഹകരണത്തെ അടുത്ത തലത്തിലേക്ക് എത്തിക്കേണ്ട സമയം ഇപ്പോൾ വന്നിരിക്കുകയാണ്. സാറ്റലൈറ്റ് ആപ്ലിക്കേഷനുകളിൽ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം, കൂടാതെ ഇന്തോനേഷ്യയിൽ സാറ്റലൈറ്റ് വിക്ഷേപണ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് പിന്തുണ നൽകാൻ ഇന്ത്യ സന്നദ്ധമാണ്.

സുഹൃത്തുക്കളേ,

നമ്മുടെ സമ്പന്നമായ സമുദ്ര പൈതൃകം സംരക്ഷിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി, 5,000 വർഷം പഴക്കമുള്ള തുറമുഖ നഗരമായ ലോഥലിൽ ഞങ്ങൾ 'നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ്' വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഈ ചരിത്രപ്രധാനമായ പദ്ധതിയിൽ ഇന്തോനേഷ്യയും ഞങ്ങളോടൊപ്പം ചേരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ബഹുമാനപ്പെട്ട അംഗങ്ങളേ,

ഭീകരവാദം പോലുള്ള വിഷയങ്ങളിൽ ഇന്ത്യയും ഇന്തോനേഷ്യയും എപ്പോഴും ഒരേ കാഴ്ചപ്പാടാണ് പങ്കുവെച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം പഹൽഗാമിൽ ക്രൂരമായ ഭീകരാക്രമണം ഉണ്ടായപ്പോൾ ഇന്തോനേഷ്യ ഇന്ത്യക്കൊപ്പം ഉറച്ചുനിന്നു. നിങ്ങളുടെ ഈ പിന്തുണയ്ക്ക് പ്രസിഡന്റ് പ്രബോവോയോടും നിങ്ങളേവരോടും ഞാൻ കൃതജ്ഞത രേഖപ്പെടുത്തുന്നു.

ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ജോയിന്റ് വർക്കിംഗ് ഗ്രൂപ്പിലൂടെ നമ്മുടെ ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇന്റലിജൻസ് വിവരങ്ങൾ പങ്കുവെക്കൽ, സൈബർ ഭീഷണികൾ, ഭീകരവാദത്തിനായുള്ള സാമ്പത്തിക സഹായം തടയൽ, തീവ്രവാദ വിരുദ്ധ ബോധവത്കരണം (de-radicalization) തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കുന്നതിലൂടെ, ലോകമെമ്പാടുമുള്ള സമാധാനം നമുക്ക് ശക്തിപ്പെടുത്താൻ കഴിയും.

ബഹുമാനപ്പെട്ട അംഗങ്ങളേ,

ഇന്ന്, ആഗോള ക്രമം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്; ഈ സാഹചര്യത്തിൽ, നമ്മളെപ്പോലുള്ള വികസ്വര രാജ്യങ്ങൾ ആഗോള കാര്യങ്ങളിൽ തുല്യ പങ്കാളിത്തവും വലിയൊരു പങ്കും ആഗ്രഹിക്കുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ഈ ആഗോള പശ്ചാത്തലത്തിൽ, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലെ പരിഷ്കരണങ്ങൾ ഇനി വൈകിക്കാനാവില്ലെന്ന് ഇന്ത്യ ദൃഢമായി വിശ്വസിക്കുന്നു.

2022-ലെ ഇന്തോനേഷ്യയുടെ ജി20 അധ്യക്ഷപദവും, 2023-ലെ ഇന്ത്യയുടെ ജി20 അധ്യക്ഷപദവും വികസ്വര രാജ്യങ്ങളുടെ മുൻഗണനകളെ ആഗോള ചർച്ചകളുടെ കേന്ദ്രബിന്ദുവിലേക്ക് എത്തിക്കാനാണ് ശ്രമിച്ചത്.

ഇന്തോനേഷ്യയുടെ 'ബെബാസ്-അക്തിഫ്' (Bebas-Aktif - സ്വതന്ത്രവും സജീവവുമായ വിദേശനയം) പാരമ്പര്യവും, തന്ത്രപരമായ സ്വയംഭരണത്തോടുള്ള (strategic autonomy) ഇന്ത്യയുടെ പ്രതിബദ്ധതയും ആഗോള വിഷയങ്ങളിൽ ഒന്നിച്ച് നിൽക്കാൻ നമുക്ക് ശക്തമായ അടിത്തറ നൽകുന്നു.

സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ഇൻഡോ-പസഫിക് മേഖലയെ ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്നു. ഇൻഡോ-പസഫിക് മേഖലയിലെ സുഗമമായ കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തിനായി ഇന്ത്യ വാദിക്കുന്നു. ഇത് കൈവരിക്കുന്നതിനായി, ഞങ്ങളുടെ സമീപനത്തിന്റെ കേന്ദ്രബിന്ദുവായി ഞങ്ങൾ ആസിയാനെ (ASEAN) പ്രതിഷ്ഠിച്ചിരിക്കുന്നു. ഞങ്ങളുടെ 'ആക്റ്റ് ഈസ്റ്റ്' (Act East) നയവും ആസിയാൻ കേന്ദ്രീകൃതമാണ്. ഇന്ത്യയും ആസിയാനും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. അതിനാൽ, ഇന്ത്യയും ഇന്തോനേഷ്യയും ഈ ദിശയിൽ നിരന്തരം ഒന്നിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.

ബഹുമാനപ്പെട്ട അംഗങ്ങളേ,

നമ്മുടെ മുന്നിൽ മറ്റൊരു സുപ്രധാന അവസരം കൂടിയുണ്ട്. കഴിഞ്ഞ വർഷം ഇന്തോനേഷ്യ ബ്രിക്സിലെ (BRICS) പൂർണ്ണ അംഗമായി മാറുകയും, ഈ വർഷം ഇന്ത്യ ബ്രിക്സ് അധ്യക്ഷപദം വഹിക്കുകയുമാണ്. ബ്രിക്സ് വേദിയെ കൂടുതൽ പ്രായോഗികവും സമതുലിതവും ഗ്ലോബൽ സൗത്തിന്റെ (Global South) ആവശ്യങ്ങളോട് കൂടുതൽ പ്രതികരിക്കുന്നതുമാക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം.

ബഹുമാനപ്പെട്ട അംഗങ്ങളേ,

ഇന്ന്, ഇന്തോനേഷ്യൻ പാർലമെന്റിലെ എല്ലാ അംഗങ്ങളുടെയും മുന്നിൽ വെച്ച്, ഇന്ത്യ-ഇന്തോനേഷ്യ പങ്കാളിത്തത്തിൽ ഒരു പുതിയ യുഗത്തിന് ഞാൻ ആഹ്വാനം ചെയ്യുന്നു. ഗംഗാ, മഹാകം നദികളിലെ ഒഴുകുന്ന ജലം പോലെ, നമ്മുടെ നാഗരികതകൾ നൂറ്റാണ്ടുകളായി ആശയങ്ങളെയും വിശ്വാസങ്ങളെയും വ്യാപാരത്തെയും സംസ്കാരത്തെയും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ഇന്ന്, ഈ ചരിത്രപരമായ ബന്ധത്തിൻ്റെ ഭാവിക്കായി പുതിയ ഊർജ്ജം പകരാൻ, 'ഗംഗാ-മഹാകം ദർശനം' (Ganga–Mahakam Vision) നിങ്ങളെല്ലാവരുടെയും മുന്നിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഈ ദർശനം നമ്മുടെ പങ്കാളിത്തത്തെ വർത്തമാനകാല ആവശ്യങ്ങളിൽ മാത്രം ഒതുക്കുന്നില്ല. ഇത് വരുംതലമുറകൾക്കായി സമാധാനം, സമൃദ്ധി, സുരക്ഷ, പങ്കിട്ട പുരോഗതി എന്നിവയിലേക്കുള്ള വഴിതുറക്കുന്നു.

ഒന്നാമതായി... നാഗരികതകൾ തമ്മിലുള്ള ബന്ധം 

നമ്മുടെ നാഗരിക ബന്ധങ്ങളെ യുവതലമുറയുടെ ബോധവുമായി നമ്മൾ ബന്ധിപ്പിക്കും. രാമായണം മുതൽ ബോറോബുദൂർ വരെയും, സമുദ്രയാത്രകൾ മുതൽ സാംസ്കാരിക കൈമാറ്റങ്ങൾ വരെയും, നമ്മൾ നമ്മുടെ പങ്കിട്ട ചരിത്രത്തെ ഭാവിക്കായുള്ള കരുത്തിന്റെ സ്രോതസ്സായി മാറ്റും. ഇത് കൈവരിക്കുന്നതിനായി, നമ്മൾ 'ഇന്ത്യ-ഇന്തോനേഷ്യ നാഗരിക സംവാദം'  ആരംഭിക്കേണ്ടതുണ്ട്.

രണ്ടാമതായി... പങ്കിട്ട വികസനം 

വികസിത രാജ്യങ്ങളായി മാറാനുള്ള തങ്ങളുടെ യാത്രകളിൽ ഇന്ത്യയും ഇന്തോനേഷ്യയും ഉറച്ച പങ്കാളികളായി നിലകൊള്ളും. ഇന്തോനേഷ്യയുടെ "ഇന്തോനേഷ്യ ഏമാസ് ദർശനവും" ഇന്ത്യയുടെ "വികസിത ഭാരതം ദർശനവും" പരസ്പരം പുരോഗതിയെ ശക്തിപ്പെടുത്തുകയും വേഗത്തിലാക്കുകയും ചെയ്യും; ഇതിലൂടെ പരസ്പരം ശാക്തീകരിക്കുകയും നമ്മുടെ ജനങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

മൂന്നാമതായി... സുരക്ഷയും തന്ത്രപരമായ വിശ്വാസവും 

നമ്മുടെ പ്രതിരോധ-സുരക്ഷാ സഹകരണത്തെ നമ്മൾ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കും. നമ്മൾ ഒന്നിച്ച് നമ്മുടെ ദേശീയ ശേഷികൾ ശക്തിപ്പെടുത്തുകയും ഭീകരവാദം, സൈബർ ഭീഷണികൾ, സമുദ്ര വെല്ലുവിളികൾ, ഉയർന്നുവരുന്ന സുരക്ഷാ അപകടങ്ങൾ എന്നിവയെ നേരിടുകയും ചെയ്യും. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള തന്ത്രപരമായ വിശ്വാസം ഇൻഡോ-പസഫിക് മേഖലയിലെ സ്ഥിരതയ്ക്ക് ശക്തമായ ഒരു അടിത്തറയായി വർത്തിക്കും.

നാലാമതായി... സമുദ്ര സമൃദ്ധി 

രണ്ട് മഹത്തായ സമുദ്ര രാഷ്ട്രങ്ങൾ എന്ന നിലയിൽ, നമ്മൾ നമ്മുടെ പങ്കിട്ട സമുദ്ര ഭൂമിശാസ്ത്രത്തെ പങ്കിട്ട സമൃദ്ധിയാക്കി മാറ്റും. സബാംഗ് (Sabang) മുതൽ ഗ്രേറ്റ് നിക്കോബാർ വരെയും, മലാക്ക ഗേറ്റ്‌വേ മുതൽ ഇൻഡോ-പസഫിക് വരെയും കണക്റ്റിവിറ്റി, ലോജിസ്റ്റിക്സ്, ബ്ലൂ ഇക്കോണമി (സമുദ്ര സമ്പദ്‌വ്യവസ്ഥ), സമുദ്ര സുരക്ഷ, കരുത്തുറ്റ വ്യാപാരം എന്നിവയിൽ നമ്മൾ പുതിയ അവസരങ്ങൾ സൃഷ്ടിക്കും.

അഞ്ചാമതായി... ഗ്ലോബൽ സൗത്തിന്റെ ശബ്ദം 

ഗ്ലോബൽ സൗത്തിന്റെ അഭിലാഷങ്ങൾക്ക് നമ്മൾ കൂടുതൽ ശക്തമായ ശബ്ദം നൽകും. വികസനം എല്ലാവരെയും ഉൾക്കൊള്ളുന്നതും, സാങ്കേതികവിദ്യ പ്രാപ്തവും, ആഗോള ഭരണം കൂടുതൽ നീതിയുക്തവും സമത്വപൂർണ്ണവും പ്രാതിനിധ്യമുള്ളതുമായ ഒരു ലോകക്രമത്തിനായി നമ്മൾ ഒന്നിച്ച് പ്രവർത്തിക്കും.

സുഹൃത്തുക്കളേ,

ഇന്ത്യയും ഇന്തോനേഷ്യയും ഒന്നിച്ച് ലോകജനസംഖ്യയുടെ അഞ്ചിലൊന്നിനെ പ്രതിനിധീകരിക്കുന്നു. നമ്മുടെ പങ്കാളിത്തം എന്നത് കേവലം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മാത്രമല്ല - ഇൻഡോ-പസഫിക്കിന്റെ സ്ഥിരതയോടും, ഗ്ലോബൽ സൗത്തിന്റെ (Global South) കരുത്തിനോടുമുള്ള പ്രതിബദ്ധതയും, ലോകത്തിന്റെ ഭാവിയെക്കുറിച്ചുള്ള പങ്കിട്ട വിശ്വാസവുമാണ്. നമ്മുടെ ചരിത്രപരമായ സൗഹൃദത്തെ നമുക്ക് ഒരു പുതിയ യുഗത്തിലേക്ക് നയിക്കാം. 'ഗംഗാ-മഹാകം ദർശനം' യാഥാർത്ഥ്യമാക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം.

ബഹുമാനപ്പെട്ട അംഗങ്ങളേ,

ഇന്ത്യയിൽ, മഹാനായ കവി തുളസീദാസ് ഇപ്രകാരം എഴുതിയിട്ടുണ്ട്:

जानें बिनु न होइ परतीती।

जानें बिनु न होइ परतीती।

बिनु परतीति होइ नहिं प्रीती॥

അതായത്, മനുഷ്യർ പരസ്പരം യഥാർത്ഥമായി അറിയുന്നതുവരെ അവർക്കിടയിൽ വിശ്വാസം വളരുകയില്ല; വിശ്വാസമില്ലാതെ സ്നേഹവും ഉണ്ടാവുകയില്ല.

ഇന്തോനേഷ്യയിലും ഇതേ അറിവ് പങ്കുവെക്കുന്ന ഒരു ചൊല്ലുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു:

"ताक केनाल माका ताक सायांग" ("Tak kenal maka tak sayang")

—ആദ്യം അടുത്തറിയാതെ ഒരാളോട് യഥാർത്ഥമായി സ്നേഹം പുലർത്താൻ കഴിയില്ല.

അതുകൊണ്ടാണ്,

നമ്മുടെ ജനങ്ങൾ തമ്മിലുള്ള സമ്പർക്കം കൂടുതൽ ശക്തമാക്കാൻ ഞങ്ങൾ തീരുമാനിച്ചത്. ഇന്ന് വൈകുന്നേരം, പ്രസിഡന്റ് പ്രബോവോയും ഞാനും ഇവിടെ ഇന്തോനേഷ്യയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തും. നാളെ, പ്രസിഡന്റ് പ്രബോവോയും ഞാനും പ്രംബാനൻ സന്ദർശിക്കുകയും, യുനെസ്കോയുടെ (UNESCO) ഈ ലോക പൈതൃക സ്ഥാനത്തിന്റെ സംരക്ഷണ-നവീകരണ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്യും. ചരിത്രം നമ്മെ ഏൽപ്പിച്ച ഈ വിലമതിക്കാനാവാത്ത പൈതൃകം നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും ഇന്ത്യയും ഇന്തോനേഷ്യയും പൂർണ്ണമായി പ്രതിജ്ഞാബദ്ധരാണ്.

ബഹുമാനപ്പെട്ട അംഗങ്ങളേ,

ഇന്ന്, ഈ സഭയിലെ എല്ലാ ബഹുമാനപ്പെട്ട അംഗങ്ങളെയും ഇന്ത്യ സന്ദർശിക്കുന്നതിനായി ഞാൻ പ്രത്യേകം ക്ഷണിക്കുകയാണ്. നിങ്ങളുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം കടന്നുവരുവാൻ ഞാൻ നിങ്ങളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. തുറന്ന മനസ്സോടെ നിങ്ങളെ സ്വാഗതം ചെയ്യാൻ ഇന്ത്യയിലെ ജനങ്ങൾ ഏറെ സന്തുഷ്ടരായിരിക്കും.

നമ്മൾ എന്നും 'മിത്ര സെലാമന്യ' (Mitra Selamanya) - എന്നെന്നേക്കുമായി പങ്കാളികളായി തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മൾ ഒന്നിച്ച് ഇന്ത്യയിലെയും ഇന്തോനേഷ്യയിലെയും ജനങ്ങൾക്കായി പങ്കിട്ട സമൃദ്ധിയുടെ ഒരു ഭാവി കെട്ടിപ്പടുക്കും. ഈ വാക്കുകളോടെ ഞാൻ എന്റെ പ്രസംഗം ഉപസംഹരിക്കുന്നു.

ഇന്തോനേഷ്യ ദീർഘായുസ്സോടെ വാഴട്ടെ!

ഭാരത് മാതാ കീ ജയ്!

നന്ദി.

നിരാകരണം - പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലാണ് നടത്തിയത്.

***

SK


( റിലീസ് ഐ.ഡി: 2282362) സന്ദര്‍ശക കൗണ്ടര്‍ : 31