പ്രധാനമന്ത്രിയുടെ ഓഫീസ്
ജക്കാർത്തയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
प्रविष्टि तिथि:
07 JUL 2026 9:16PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജക്കാർത്തയിൽ ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ എത്തിയ അദ്ദേഹത്തിന് പ്രവാസി സമൂഹവും ഇന്തോനേഷ്യൻ സുഹൃത്തുക്കളും ചേർന്ന് ഊഷ്മളവും ആവേശഭരിതവുമായ സ്വീകരണം നൽകി. ഒരു സവിശേഷ ബഹുമതിയെന്നോണം ഇന്തോനേഷ്യൻ റിപ്പബ്ലിക് പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.
സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഉജ്ജ്വല സ്വീകരണത്തിന് പ്രവാസി സമൂഹത്തിന് നന്ദിയറിയിച്ചു. പ്രസിഡന്റ് പ്രബോവോയുടെ മഹനീയ സാന്നിധ്യത്തിന് നന്ദി പ്രകടിപ്പിച്ച പ്രധാനമന്ത്രി, അദ്ദേഹത്തെ ഒരു മികച്ച നേതാവെന്നും ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തെന്നും വിശേഷിപ്പിച്ചു. ഇന്തോനേഷ്യയുടെ പുരോഗതിക്കും അഭിവൃദ്ധിക്കും നൽകിയ സംഭാവനകൾക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ സജീവ പാലമായി വർത്തിക്കുന്നതിനും ഇന്ത്യൻ പ്രവാസിസമൂഹത്തെ അദ്ദേഹം അഭിനന്ദിച്ചു. പരസ്പര വിശ്വാസം, പങ്കിട്ട പൈതൃകം, സമുദ്ര ബന്ധങ്ങൾ എന്നിവയിൽ അധിഷ്ഠിതമായി ഇന്തോനേഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പുരാതന സാംസ്കാരിക ബന്ധങ്ങൾ എടുത്തുകാണിച്ച അദ്ദേഹം ബാലി യാത്ര, വെശാക് തീർത്ഥാടനം, നളന്ദ സർവകലാശാലയിലൂടെയുള്ള ആധുനിക ബന്ധങ്ങൾ തുടങ്ങിയ പാരമ്പര്യങ്ങൾ ജനങ്ങൾ തമ്മിലുള്ള വൈവിധ്യമാർന്നതും ഊർജ്ജസ്വലവുമായ ബന്ധങ്ങളെ പരിപോഷിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.
അടുത്ത തലമുറയിലെ അടിസ്ഥാന സൗകര്യ വികസനം മുതൽ സ്റ്റാർട്ടപ്പ് വിപ്ലവം വരെയുള്ള കാര്യങ്ങളിലൂടെയും 25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ പ്രാപ്തമാക്കിയ സാമൂഹിക വികസന പരിപാടികളുടെ ഗണ്യമായ വ്യാപനത്തിലൂടെയും സമീപവർഷങ്ങളിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ പുരോഗതി പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. കഴിഞ്ഞ കുറേ വർഷങ്ങളായി ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ ഇന്ത്യയാണെന്നും ഇത് രാജ്യത്തെ ആഗോള വളർച്ചയുടെ ഒരു പ്രധാന ചാലകശക്തിയാക്കി മാറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ സംഭവിക്കുന്ന മാറ്റങ്ങളെ 140 കോടി ജനങ്ങളുടെ ചലനാത്മകമായ ആഗ്രഹങ്ങളായി കാണണമെന്ന് അദ്ദേഹം പറഞ്ഞു.
'വികസിത ഭാരതം 2047', 'ഇന്തോനേഷ്യ എമാസ് 2045' എന്നീ പങ്കിട്ട ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കുന്നതിലേക്ക് സംഭാവന നൽകാൻ അദ്ദേഹം പ്രവാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. ഇന്തോനേഷ്യയിലും ആസിയാൻ (ASEAN) മേഖലയിലും പുരോഗതിയും സമൃദ്ധിയും കൊണ്ടുവരുന്നതിനായി ഒരു ചാലകശക്തിയായി പ്രവർത്തിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും ഇന്തോനേഷ്യയും രണ്ട് സഹസ്രാബ്ദത്തിലേറെയായി സാംസ്കാരിക രംഗത്തും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലും അടുത്ത ബന്ധം പങ്കിടുന്നു. ഇന്ന് ഇന്തോനേഷ്യയിൽ ഏകദേശം 150,000 ഇന്ത്യൻ വംശജരും 15,000-ത്തോളം പ്രവാസി ഇന്ത്യക്കാരും താമസിക്കുന്നുണ്ട്. ഇന്ത്യൻ സമൂഹം ഇന്തോനേഷ്യയുടെ സാമ്പത്തിക വളർച്ചയ്ക്കും ബഹുസാംസ്കാരിക സമൂഹത്തിനും വിലയേറിയ സംഭാവനകൾ നൽകുന്നത് തുടരുകയും ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള മൂല്യവത്തായ കണ്ണിയായി വർത്തിക്കുകയും ചെയ്യുന്നു.
***
SK
(रिलीज़ आईडी: 2282327)
आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada