രാഷ്ട്രപതിയുടെ കാര്യാലയം
ഡ്യൂറൻഡ് കപ്പ് ടൂർണമെൻ്റിൻ്റെ ട്രോഫികൾ രാഷ്ട്രപതി അനാച്ഛാദനം ചെയ്തു
प्रविष्टि तिथि:
07 JUL 2026 2:09PM by PIB Thiruvananthpuram
ഇന്ന്, 2026 ജൂലൈ ഏഴിന് രാഷ്ട്രപതി ഭവൻ സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2026 ലെ ഡ്യൂറൻഡ് കപ്പ് ഫുട്‌ബോൾ ടൂർണമെൻ്റിൻ്റെ ട്രോഫികളുടെ അനാച്ഛാദനവും ഫ്‌ളാഗ് ഓഫും നിർവഹിച്ചു.

ചടങ്ങിൽ സംസാരിക്കവെ, ഡ്യൂറൻഡ് കപ്പുമായി ബന്ധപ്പെട്ട മുൻകാലങ്ങളിലെയും ഇക്കാലത്തെയും എല്ലാ അധികൃതരെയും കളിക്കാരെയും രാഷ്ട്രപതി അഭിനന്ദിച്ചു. കൂടാതെ, ഈ ടൂർണമെൻ്റ് പ്രതിഭാധനരായ നിരവധി ഫുട്‌ബോൾ കളിക്കാർക്ക് ഒരു വേദിയൊരുക്കിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.

ഈ വർഷം ഡ്യൂറൻഡ് കപ്പ്, പ്രസിഡൻ്റ് സ് കപ്പ്, ഷിംല ട്രോഫി എന്നിവയ്ക്കായി ചില പുതിയ ടീമുകൾ മത്സരിക്കുമെന്ന് രാഷ്ട്രപതി സന്തോഷത്തോടെ അറിയിച്ചു. അതിൽ ശ്രീലങ്കയിൽ നിന്നുള്ള ഒരു ടീമും ഉൾപ്പെടുന്നു. പുതിയ ടീമുകളെ ഉൾപ്പെടുത്തുന്നത് ഈ ചരിത്ര മത്സരത്തെ കൂടുതൽ ജനപ്രിയമാക്കുമെന്നതിൽ അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മിന്നുന്ന പ്രകടനത്തിനായി പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും കളിക്കാർക്കും അവർ ശുഭാശംസകൾ നേർന്നു.

ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായിക ഇനങ്ങളിൽ ഒന്നാണ് ഫുട്‌ബോൾ എന്ന് രാഷ്ട്രപതി പറഞ്ഞു. മികവിൻ്റെയും ഐക്യത്തിൻ്റെയും കളിയിലെ മാന്യത(സ്‌പോർട്‌സ്മാൻഷിപ്പ്) യുടെയും അതുല്യമായ ഉദാഹരണമാണിത്. ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പിൽ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളും കളിക്കാരും അവരവരുടെ രാജ്യങ്ങളിലെ ഫുട്‌ബോളിൻ്റെ അന്തസ്സ് വർദ്ധിപ്പിക്കുന്നതിനായി മത്സരിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ഈ ടീമുകൾക്കും കളിക്കാർക്കും അവരുടെ മികച്ച പ്രകടനങ്ങളെ അഭിനന്ദിക്കുന്ന ആരാധകർ ലോകമെമ്പാടുമുണ്ട്. ഫുട്‌ബോൾ ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നു, കളിക്കാരുടെ അസാധാരണ പ്രകടനങ്ങൾ ലോകമെമ്പാടുമുള്ള കായിക പ്രേമികളെ പ്രചോദിപ്പിക്കുന്നു.
ആഗോള ഫുട്‌ബോൾ വേദിയിൽ സാന്നിധ്യം സ്ഥാപിക്കുന്നതിന് ഇന്ത്യയ്ക്ക് ഇനിയും ഒരു ദീർഘയാത്ര തന്നെ മുന്നിലുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഫുട്‌ബോൾ പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ ടൂർണമെൻ്റ് നിർണായക പങ്ക് വഹിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
കായികാവേശ (സ്‌പോർട്ടിങ് സ്പിരിറ്റ്)ത്തിൻ്റെ പ്രാധാന്യം കായികരംഗത്ത് മാത്രം ഒതുങ്ങുന്നതല്ലെന്ന് രാഷ്ട്രപതി പറഞ്ഞു. സമത്വം, സഹകരണം, പ്രതികൂല സാഹചര്യങ്ങളിൽ പോലും ഉറച്ചുനിൽക്കൽ എന്നിവയുടെ മൂല്യങ്ങൾ അത് നമ്മെ പഠിപ്പിക്കുന്നു. 2047-ഓടെ നമ്മുടെ രാജ്യത്തെ 'വികസിത ഇന്ത്യ' ആക്കി മാറ്റുന്നതിനായി നമ്മൾ മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ ടീമിൻ്റെ വിജയത്തിലേക്കുള്ള പ്രയാണത്തിൽ ഫുട്‌ബോൾ കളിക്കാർ പരസ്പരം പിന്തുണയ്ക്കുന്നത് പോലെ, രാജ്യത്തെ പൗരന്മാരായ നമ്മൾ ഐക്യത്തോടെ നിലയുറപ്പിച്ചുകൊണ്ട് 'വികസിത ഇന്ത്യ' എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ വിജയിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
***
(रिलीज़ आईडी: 2282156)
आगंतुक पटल : 16