വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

ബ്രിക്‌സ് വനിതാ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമായി

प्रविष्टि तिथि: 06 JUL 2026 12:17PM by PIB Thiruvananthpuram

കൊച്ചി, 06 ജൂലൈ 2026: 2026-ലെ ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷ പദവിക്ക് കീഴിൽ, ബ്രിക്‌സ് വനിതാ വർക്കിംഗ് ഗ്രൂപ്പ് (WWG) യോഗത്തിന് കേരളത്തിലെ കൊച്ചിയിൽ തുടക്കമായി. സ്ത്രീ ശാക്തീകരണം, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും പരസ്പര താൽപ്പര്യമുള്ള മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി ബ്രിക്‌സ് അംഗരാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ ഈ രണ്ട് ദിവസത്തെ യോഗത്തിൽ പങ്കെടുക്കും.

 

 

പ്രതിനിധികളെ സ്വാഗതം ചെയ്തുകൊണ്ട്, വനിതാ ശിശുവികസന മന്ത്രാലയം സെക്രട്ടറി ശ്രീ. അനിൽ മാലിക്  "ഭൂമിശാസ്ത്രപരമായ അകലം നമ്മെ ശാരീരികമായി അകറ്റി നിർത്തുമ്പോഴും, സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകുന്നതിലുള്ള നമ്മുടെ പങ്കിട്ട പ്രതിബദ്ധത നമ്മെ പരസ്പരം അടുപ്പിച്ചു നിർത്തുന്നു." എന്ന് പറഞ്ഞു. അർത്ഥവത്തായ ചർച്ചകൾക്കും പരസ്പര പഠനത്തിനും ക്രിയാത്മകമായ സഹകരണത്തിനും ഈ യോഗം വഴിയൊരുക്കുമെന്നും, സ്ത്രീ ശാക്തീകരണത്തിനായുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ പ്രതിബദ്ധതയെ അത് കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

 

ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷപദവിയെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ബ്രിക്‌സ് രാജ്യങ്ങളുടെ പൊതുവായ അഭിലാഷങ്ങളേയും സമകാലിക ആഗോള വെല്ലുവിളികളേയും പ്രതിഫലിപ്പിക്കുന്ന നാല് മുൻഗണനാ മേഖലകളെ അടിസ്ഥാനമാക്കിയാണ് വനിതാ വിഭാഗത്തിൻ്റെ പ്രവർത്തനങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് ശ്രീ. അനിൽ മാലിക് പറഞ്ഞു. ഭരണരംഗത്തെ വനിതാ പങ്കാളിത്തത്തിലൂടെയും നേതൃത്വത്തിലൂടെയും കൂടുതൽ കരുത്തുറ്റ ഒരു ബ്രിക്‌സ് സഖ്യം രൂപീകരിക്കുക, മാറ്റത്തിൻ്റെ ചാലകശക്തികളായി സ്ത്രീകളുടെ സാമ്പത്തിക-ഡിജിറ്റൽ പങ്കാളിത്തം ഉറപ്പാക്കുക, വനിതാ സംരംഭകത്വവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുക, കൂടാതെ കാലാവസ്ഥാ പ്രവർത്തനങ്ങൾ, ഭക്ഷ്യസുരക്ഷ, പോഷകാഹാരം എന്നിവയിൽ സ്ത്രീകളുടെ പങ്ക് ശക്തിപ്പെടുത്തുക എന്നിവയാണ് ഈ നാല് മുൻഗണനാ മേഖലകൾ.

 

 

കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള പങ്കാളിത്തത്തിന് ഈ മുൻഗണനാ മേഖലകൾ ശക്തമായ ഒരു ചട്ടക്കൂട് നൽകിയിട്ടുണ്ടെന്നും കൊച്ചിയിൽ നടക്കുന്ന യോഗത്തിലെ ചർച്ചകൾക്ക് ഇവ തുടർന്നും വഴികാട്ടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തയ്യാറെടുപ്പുകളുടെ ഭാഗമായി നടന്ന കൂടിയാലോചനകളിൽ അംഗരാജ്യങ്ങൾ പ്രകടിപ്പിച്ച ക്രിയാത്മകമായ സമീപനം അടുത്ത രണ്ട് ദിവസത്തെ ചർച്ചകളേയും  നയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഇത് പങ്കാളികൾക്ക് അവരുടെ കാഴ്ചപ്പാടുകൾ കൈമാറാനും, പങ്കിട്ട ധാരണകൾ മെച്ചപ്പെടുത്താനും, യോഗത്തിൻ്റെ അന്തിമഫലങ്ങളിൽ സമവായം രൂപപ്പെടുത്താനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

ജനകേന്ദ്രീകൃതവും മാനവികതയ്ക്ക് മുൻഗണന നൽകുന്നതുമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്ന, 'പ്രതിരോധശേഷി, നൂതനാശയങ്ങൾ, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കുക' എന്ന ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷപദവിയുടെ മുഖ്യ പ്രമേയത്തിന് കീഴിലാണ് ചർച്ചകൾ നടക്കുന്നത്. ഈ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് ശേഷം 2026 ജൂലൈ 8-9  തീയതികളിൽ രണ്ടുദിവസത്തെ വനിതാ മന്ത്രിതല യോഗവും നടക്കും.

 

***

 


(रिलीज़ आईडी: 2281619) आगंतुक पटल : 61
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Bengali-TR , Gujarati , Tamil , Telugu