ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

വിബി -ജി -റാം -ജി പദ്ധതിക്കായി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സംസ്ഥാനങ്ങൾക്ക് ആദ്യ ഗഡുവായി 25,863 കോടി രൂപ അനുവദിച്ചു

प्रविष्टि तिथि: 05 JUL 2026 1:03PM by PIB Thiruvananthpuram

കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗ്രാമവികസന മന്ത്രിമാരുമായി ഒരു വീഡിയോ കോൺഫറൻസ് മുഖേന വികസിത് ഭാരത് - റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)  [വിബി -ജി -റാം -ജി] പദ്ധതിയുടെ നടത്തിപ്പ് ഇന്ന് അവലോകനം ചെയ്തു. യോഗത്തിൽ, പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാനങ്ങൾക്ക് 25,863 കോടി രൂപയുടെ ആദ്യ ഗഡു അനുവദിച്ചു.

2026 ജൂലൈ ഒന്ന് മുതൽ രാജ്യമെമ്പാടും വിബി -ജി -റാം -ജി യാതൊരുവിധ തടസങ്ങളും ഇല്ലാതെ നടപ്പിലാക്കി വരുന്നതായി യോഗത്തെ അഭിസംബോധന ചെയ്യവേ ശ്രീ ചൗഹാൻ പറഞ്ഞു. രാജ്യമെമ്പാടും പദ്ധതി വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞതിൽ  അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിൽ നിന്ന് വിബി -ജി -റാം -ജിയിലേക്കുള്ള പരിവർത്തനം സുഗമമായിരുന്നുവെന്നും ഇതുവരെ സാങ്കേതികമോ പ്രവർത്തനപരമോ ആയ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



പാവപ്പെട്ട തൊഴിലാളികളെ സേവിക്കുന്നത് ഈശ്വരനെ സേവിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണ തൊഴിലാളികൾക്കായി മാന്യമായ തൊഴിൽ, സമയബന്ധിതമായ വേതനം, ഈടുറ്റ ഗ്രാമീണ ആസ്തികൾ സൃഷ്ടിക്കൽ എന്നിവ ഉറപ്പാക്കുകയാണ് ഗവണ്മെൻ്റിൻ്റെ ലക്ഷ്യം.



മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം രാജ്യത്തുടനീളം നടപ്പിലാക്കാൻ ഏകദേശം മൂന്ന് വർഷമെടുത്തപ്പോൾ, വിബി -ജി -റാം -ജി ഒറ്റ ദിവസം കൊണ്ട് രാജ്യവ്യാപകമായി ആരംഭിച്ചുവെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വം, സംസ്ഥാനങ്ങളുടെ സഹകരണം, രാജ്യത്തിൻ്റെ ഭരണനിർവ്വഹണശേഷി എന്നിവ വെളിപ്പെടുത്തിയ ഒരു സുപ്രധാന നേട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിബദ്ധത, സദ്ഭരണം, ഫലപ്രദമായ ഏകോപനം എന്നിവ ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
 


പദ്ധതിയുടെ പ്രാരംഭ പുരോഗതി അവലോകനം ചെയ്ത ശിവരാജ് സിംഗ് ചൗഹാൻ, ആദ്യ ആഴ്ചയിൽ തന്നെ നിരവധി ഗ്രാമ പഞ്ചായത്തുകൾ പ്രവർത്തനമാരംഭിച്ചതായും ലക്ഷക്കണക്കിന് ഗ്രാമീണ തൊഴിലാളികൾക്ക് തൊഴിൽ ലഭിച്ചതായും അറിയിച്ചു. ആദ്യ ദിവസം തന്നെ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതിന് ആന്ധ്രാപ്രദേശ്, കേരളം, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും ഉൾപ്പെടെ ബാക്കിയുള്ള ഗ്രാമ പഞ്ചായത്തുകളോട് എത്രയും വേഗം പ്രവർത്തനം ആരംഭിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു, പദ്ധതി ഔദ്യോഗികമായി വിജ്ഞാപനം ചെയ്യാനും ആവശ്യമായ ബജറ്റ് അനുവദിക്കാനും ജാർഖണ്ഡിനോട് ആവശ്യപ്പെട്ടു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടുകളോ മറ്റ് നടപടിക്രമങ്ങളോ പൂർത്തിയാക്കാത്ത സംസ്ഥാനങ്ങളോട് അവ സമയബന്ധിതമായി പൂർത്തിയാക്കാനും ആവശ്യപ്പെട്ടു.

വിബി -ജി -റാം -ജി പദ്ധതിയ്ക്കുള്ള വേതന നിരക്കുകൾ ശരാശരി 10% വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലും പ്രതിദിനം 300 രൂപയിൽ താഴെ വേതന നിരക്ക് ഇല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഗ്രാമീണ തൊഴിലാളികളുടെ വരുമാനവും സാമൂഹിക സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള ഗവണ്മെൻ്റിൻ്റെ പ്രതിബദ്ധതയാണിത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിലാളികളുടെ വേതനം 15 ദിവസത്തിനുള്ളിൽ നൽകാൻ സംസ്ഥാനങ്ങൾക്ക് മതിയായ ഫണ്ട് ഉറപ്പാക്കാനാണ് ആദ്യ ഗഡുവായ 25,863 കോടി രൂപ അനുവദിച്ചതെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. വേതനത്തിൽ കാലതാമസം ഉണ്ടാകാതിരിക്കാൻ തനത് വിഹിതം കൃത്യസമയത്ത് നൽകണമെന്നും സംസ്ഥാന ഗവണ്മെൻ്റുകളോട് അദ്ദേഹം അഭ്യർത്ഥിച്ചു.

വിബി -ജി -റാം -ജി ഫലപ്രദമായി നടപ്പിലാക്കുന്നതിന് പണത്തിൻ്റെ ക്ഷാമമുണ്ടാകില്ലെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച ഫണ്ടിംഗ് അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിലാണ് ആദ്യ ഗഡു അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമസഭകളും ഗ്രാമ പഞ്ചായത്തുകളും പ്രാദേശിക ആവശ്യകതകൾ അടിസ്ഥാനമാക്കി വികസന പദ്ധതികൾ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

സുതാര്യതയും ഉത്തരവാദിത്തവും പ്രധാനമാണെന്നും, വിബി -ജി -റാം -ജി പ്രകാരം മുഖ പ്രാമാണീകരണം, ജിയോ-ടാഗിംഗ്, മറ്റ് സാങ്കേതിക നടപടികൾ എന്നിവ പൂർണ്ണമായും നടപ്പിലാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. പദ്ധതിയിൽ തട്ടിപ്പോ ക്രമക്കേടുകളോ സംഭവിക്കാൻ പാടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സുതാര്യത, വിശ്വാസ്യത, ഉന്നത നിലവാരമുള്ള ഗ്രാമീണ ആസ്തികളുടെ സൃഷ്ടി എന്നിവ ഉറപ്പാക്കുന്നതിനുള്ള ഗവണ്മെൻ്റിൻ്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.

പദ്ധതിക്കായി സംസ്ഥാനങ്ങളെ തുടർച്ചയായി പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ ജോയിൻ്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഏരിയ ഓഫീസർമാരെ മന്ത്രാലയം നിയമിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഈ ഉദ്യോഗസ്ഥർ സംസ്ഥാന ഗവണ്മെൻ്റുകളുമായി പതിവായി ഏകോപിപ്പിക്കുകയും നിർവ്വഹണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുകയും വേണം.

കൃത്യസമയത്ത് വേതനം നൽകുക എന്നത് കേന്ദ്ര ഗവണ്മെൻ്റിൻ്റെയും സംസ്ഥാന ഗവണ്മെൻ്റുകളുടെയും സംയുക്ത ഉത്തരവാദിത്തമാണെന്ന് ശ്രീ  ചൗഹാൻ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. ആദ്യ ഗഡു കൃത്യസമയത്ത് അനുവദിച്ചുകൊണ്ട് കേന്ദ്ര ഗവണ്മെൻ്റ് ഉത്തരവാദിത്വം നിറവേറ്റിയിട്ടുണ്ടെങ്കിലും, അർഹരായ  ഓരോ തൊഴിലാളിക്കും നിശ്ചിത സമയപരിധിക്കുള്ളിൽ വേതനം ലഭിക്കുന്ന തരത്തിൽ സംസ്ഥാന 
ഗവണ്മെൻ്റുകളുടെ വിഹിതം താമസംവിനാ അനുവദിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ഗ്രാമവികസന സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി, സഹമന്ത്രി കമലേഷ് പാസ്വാൻ, വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗ്രാമവികസന മന്ത്രിമാർ, ഗ്രാമവികസന വകുപ്പ് സെക്രട്ടറി രോഹിത് കൻസാൽ, ജോയിൻ്റ് സെക്രട്ടറി രോഹിണി ആർ. ഭാജിഭാകരെ, മന്ത്രാലയത്തിലെയും സംസ്ഥാന ഗവണ്മെൻ്റുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

***


(रिलीज़ आईडी: 2281303) आगंतुक पटल : 36
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , हिन्दी , Marathi , Assamese , Gujarati , Tamil , Telugu , Kannada