പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

ഇ 20 ശുദ്ധവും ഉയർന്ന പ്രകടനക്ഷമതയുമുള്ള ഇന്ധനം; പഴയ വാഹനങ്ങളിൽ കർശനമായ പരിശോധനക്ക് ശേഷം മാത്രം കൊണ്ടുവന്നത്: വ്യാവസായിക വിദഗ്ധർ

ഇ 20 ഇന്ധനത്തിന് 'വിശ്വാസ പ്രമേയം' നൽകി മാരുതി സുസുക്കി; സർവീസ് ചെയ്ത 1.5 കോടിയിലധികം പഴയ വാഹനങ്ങളിൽ ഒരു പ്രശ്‌നവും കണ്ടെത്തിയില്ല

प्रविष्टि तिथि: 04 JUL 2026 8:16PM by PIB Thiruvananthpuram

ഇ 20 പെട്രോൾ പദ്ധതി (പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന പദ്ധതി) വിശദീകരിക്കുന്നതിനായി പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം, ഘന വ്യവസായ മന്ത്രാലയം, ഉപരിതല ഗതാഗത, ദേശീയ പാതാ മന്ത്രാലയം എന്നിവയുടെ ആഭിമുഖ്യത്തിൽ ന്യൂഡൽഹിയിൽ ഒരു വാർത്താസമ്മേളനം വിളിച്ചു ചേർത്തു. ഇ 20 ഇന്ധനം അവതരിപ്പിച്ചത് ശ്രദ്ധാപൂർവ്വമുള്ള ശാസ്ത്രീയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും നടപ്പിലാക്കുന്നതിന് മുമ്പുള്ള ഓരോ ഘട്ടവും സമഗ്രമായി പരിശോധിച്ചിട്ടുണ്ടെന്നും ഊർജ്ജ, ഓട്ടോമൊബൈൽ വ്യവസായ മേഖലകളിലെ വിദഗ്ധർ വ്യക്തമാക്കി. ഇ 20 ഇന്ധനം സുരക്ഷിതമാണെന്നും വാഹന ഉടമകൾ ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ധർ ഉറപ്പ് നൽകി.

എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് (EIL) മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീമതി വർത്തിക ശുക്ല; ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) കൺട്രി ഹെഡും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റുമായ ശ്രീ വിക്രം ഗുലാത്തി; മാരുതി സുസുക്കി കോർപ്പറേറ്റ് അഫയേഴ്‌സ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശ്രീ രാഹുൽ ഭാരതി; ഹീറോ മോട്ടോകോർപ്പ് ചീഫ് ബിസിനസ്സ് ഓഫീസർ ശ്രീ അശുതോഷ് വർമ, ടിവിഎസ് മോട്ടോർ കമ്പനി സീനിയർ വൈസ് പ്രസിഡൻ്റ് ശ്രീ പ്രസാദ് കൃഷ്ണൻ; ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അസോസിയേറ്റ് വൈസ് പ്രസിഡൻ്റ് ശ്രീ പുനീത് ആനന്ദ്; ബജാജ് ഓട്ടോ ലിമിറ്റഡ് അർബനൈറ്റ് ബിസിനസ് സെയിൽസ് (നോർത്ത് & ഈസ്റ്റ്) സർക്കിൾ ഹെഡ് ശ്രീ മൻപ്രീത് സിംഗ് ബിന്ദ്ര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഓട്ടോമൊബൈൽ വ്യവസായം വളരെ കർശനമായ സുരക്ഷാ, ഗുണനിലവാര നിയന്ത്രണങ്ങൾ പാലിക്കുന്നതായും, എല്ലാ വാഹനങ്ങളും വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പും ശേഷവും സ്വതന്ത്രവും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ ഏജൻസികൾ സമഗ്രമായി പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നതായും ടൊയോട്ട കിർലോസ്‌കർ മോട്ടോറിൻ്റെ കൺട്രി ഹെഡും എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റുമായ ശ്രീ വിക്രം ഗുലാത്തി വിശദീകരിച്ചു. ഫോർമുല റേസിംഗിൽ ഉൾപ്പെടെ ഒരു നൂറ്റാണ്ടിലേറെയായി ഉപയോഗിക്കുന്ന ശുദ്ധവും ഉയർന്ന പ്രകടനക്ഷമതയുമുള്ള ഇന്ധനമാണ് എഥനോളെന്ന് അദ്ദേഹം പറഞ്ഞു. പഴയ വാഹനങ്ങളിൽ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ വിപുലമായ പരിശോധനയ്ക്ക് ശേഷമാണ് ഇ 20 ഇന്ധനം അവതരിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പുതുതായി അവതരിപ്പിച്ച ഇ 85 ഇന്ധന സ്റ്റേഷനുകൾ ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങൾക്ക് മാത്രമുള്ളതാണെന്നും ഭാവി ഇന്ധന നയത്തിൻ്റെ ദിശയെ ഇത് അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പരിശോധനാ ഏജൻസികൾ സ്വതന്ത്രമാണോ എന്ന ചോദ്യത്തിന്, പരിശോധനാ മാനദണ്ഡങ്ങൾ ഇന്ത്യ സ്വന്തമായി തീരുമാനിക്കുന്നവയല്ലെന്ന് ശ്രീ ഗുലാത്തി വിശദീകരിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള വാഹന പരിശോധനാ നടപടിക്രമങ്ങൾ പിന്തുടരുന്ന  UNECE-യിൽ ഇന്ത്യ അംഗമാണെന്ന് അദ്ദേഹം പറഞ്ഞു. പരിശോധനാ ഏജൻസികൾ അംഗീകൃതമാണെന്നും ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന വാഹനങ്ങൾക്കായി പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ, ഈ പരിശോധനാ നടപടിക്രമങ്ങൾ കർശനവും വിശ്വസനീയവുമാണെന്നും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ 20 ഇന്ധനം സുരക്ഷിതമാണെന്ന് മാരുതി സുസുക്കിയുടെ കോർപ്പറേറ്റ് കാര്യ സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ രാഹുൽ ഭാരതി ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകി. ഇ 10 ഇന്ധനത്തിനായി രൂപകൽപ്പന ചെയ്ത വാഹനങ്ങൾ ഇ 20 ഇന്ധനം ഉപയോഗിച്ച് സമഗ്രമായി പരീക്ഷിച്ചിട്ടുണ്ടെന്നും പരിശോധനകളിൽ ഒരു പ്രശ്നവും കണ്ടെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2025–26 സാമ്പത്തിക വർഷത്തിൽ, മാരുതി സുസുക്കി 2.84 കോടി വാഹനങ്ങൾ സർവീസ് ചെയ്തു. അതിൽ മൂന്ന് വർഷത്തിലധികം പഴക്കമുള്ളതും ഇ 20 ഇന്ധനത്തിന് ഔദ്യോഗികമായി സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമായ 1.5 കോടിയിലധികം കാറുകൾ ഉൾപ്പെടുന്നു. എന്നാൽ, ഇ 20-മായി ബന്ധപ്പെട്ട തുരുമ്പ്, തേയ്മാനം, വാഹന ഘടകങ്ങളുടെ കേടുപാടുകൾ എന്നിവ സംബന്ധിച്ച റിപ്പോർട്ടുകളൊന്നും കമ്പനിക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ധനക്ഷമതയെക്കുറിച്ച് വിശദീകരിക്കവേ, ഇ 20 ഇന്ധനത്തിൻ്റെ ഊർജ്ജക്ഷമത ഇ 10 ഇന്ധനത്തേക്കാൾ ഏകദേശം 3–3.5% മാത്രമേ കുറയുകയുള്ളൂവെന്ന് ശ്രീ രാഹുൽ ഭാരതി വിശദീകരിച്ചു. വാഹനങ്ങളുടെ മൈലേജിൽ ഏകദേശം അതേ ശതമാനം കുറവ് അനുഭവപ്പെട്ടേയ്ക്കാം. ഉദാഹരണത്തിന്, ഒരു കാർ സാധാരണയായി ലിറ്ററിന് 20 കിലോമീറ്റർ സഞ്ചരിക്കുകയാണെങ്കിൽ, ഇ 20 ഇന്ധനം ഉപയോഗിക്കുന്നത് അതിൻ്റെ മൈലേജിൽ ഏകദേശം 0.6 കിലോമീറ്റർ കുറവിന് കാരണമാകാം. എന്നിരുന്നാലും, ടയർ പ്രഷർ, ഡ്രൈവിംഗ് ശൈലി, ശരിയായ ഗിയർ ഉപയോഗം, ആക്സിലറേഷൻ, ബ്രേക്കിംഗ്, വാഹനങ്ങളുടെ പതിവ് അറ്റകുറ്റപ്പണി തുടങ്ങിയ ദൈനംദിന ഘടകങ്ങൾ ഇ 10 ൽ നിന്ന് ഇ 20 ലേക്കുള്ള മാറ്റത്തേക്കാൾ ഇന്ധനക്ഷമതയിൽ വളരെയധികം സ്വാധീനം ചെലുത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മികച്ച ത്വരണം, എഞ്ചിൻ നോക്കിംഗിനുള്ള മെച്ചപ്പെട്ട പ്രതിരോധം, ശുദ്ധമായ പെട്രോളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ മലിനീകരണം എന്നിവ ഉൾപ്പെടെ ഇ 20 ഇന്ധനത്തിൻ്റെ ഗുണങ്ങളാൽ മൈലേജിലെ നേരിയ നഷ്ടം നികത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഇ 20 മാനദണ്ഡങ്ങൾ പാലിക്കുന്നതിലുപരിയായ സുരക്ഷാ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് വാഹനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ അവ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയും. പഴയ വാഹനങ്ങളിൽ ഇ 20 ഉപയോഗിക്കുന്നതിനായുള്ള റിട്രോഫിറ്റ് കിറ്റുകൾ നിലവിൽ ലഭ്യമല്ലെന്നും, അത്തരം സാങ്കേതികവിദ്യ ഇപ്പോഴും ഗവേഷണ വികസന ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

എഥനോൾ മിശ്രിത പദ്ധതി ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച ചെയ്ത ശേഷം ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്തതാണെന്നും അന്താരാഷ്ട്രതലത്തിലെ മികച്ച രീതികൾ പിന്തുടർന്ന് ശാസ്ത്രീയ ഗവേഷണത്തിൻ്റെയും ഓട്ടോമൊബൈൽ നിർമ്മാതാക്കളുടെ വിപുലമായ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് നടപ്പാക്കിയതെന്നും എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡിൻ്റെ (EIL) മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീമതി വർത്തിക ശുക്ല പറഞ്ഞു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS ) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും ബിഎസ്-VI എമിഷൻ മാനദണ്ഡങ്ങളും ഇ 20 ഇന്ധനം പാലിക്കുന്നുണ്ടെന്നും അവർ വിശദീകരിച്ചു. ഇന്ത്യയിലുടനീളമുള്ള ഇന്ധന സ്റ്റേഷനുകളിൽ ഇ 20 ഇന്ധനം ലഭ്യമാണെന്നും വിവിധ രാജ്യങ്ങൾ നിരവധി വർഷങ്ങളായി എഥനോൾ -മിശ്രിത ഇന്ധനങ്ങൾ വിജയകരമായി ഉപയോഗിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

വൻതോതിലുള്ള സർവീസ് ഡാറ്റ വിശകലനം ചെയ്ത ശേഷവും, ഇ 20 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് മുൻകാല ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച് കൂടുതൽ കേടുപാടുകൾ സംഭവിച്ചതിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളിൽ ഒന്നായ ഹീറോ മോട്ടോകോർപ്പിൻ്റെ ചീഫ് ബിസിനസ് ഓഫീസർ ശ്രീ അശുതോഷ് വർമ്മ പറഞ്ഞു.
 
മുഴുവൻ വാഹന വ്യവസായ മേഖലയ്ക്കും ഇ 20 ഇന്ധന പദ്ധതിയിൽ ആത്മവിശ്വാസമുണ്ടെന്നും ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും സുതാര്യമായും സുവ്യക്തമായും പ്രതികരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവിച്ചുകൊണ്ടാണ് വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

***


(रिलीज़ आईडी: 2281268) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Gujarati , Urdu , हिन्दी , Assamese , Tamil , Telugu