പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നിർമിത ബുദ്ധി മേഖലയിലെ സഹകരണം സംബന്ധിച്ച ഇന്ത്യ-ജപ്പാൻ സംയുക്ത പ്രസ്താവന

प्रविष्टि तिथि: 02 JUL 2026 9:55PM by PIB Thiruvananthpuram

നിർമിത ബുദ്ധി (AI) എന്നത് സമ്പദ്‌വ്യവസ്ഥകൾ, സമൂഹങ്ങൾ, ശാസ്ത്ര-സാങ്കേതിക വിദ്യകൾ, വ്യവസായ-വാണിജ്യ മേഖലകൾ, ഭരണം, സുരക്ഷ എന്നിവയെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന, ഒരു യുഗത്തെത്തന്നെ നിർണ്ണയിക്കുന്ന പൊതു ആവശ്യങ്ങൾക്കുള്ള സാങ്കേതികവിദ്യയാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയും ജപ്പാൻ പ്രധാനമന്ത്രിയും അംഗീകരിച്ചു. AI-യുടെ രൂപകൽപ്പന, വികസനം, വിന്യാസം, ഭരണം എന്നിവയിലെ ഇന്നത്തെ തീരുമാനങ്ങൾ നവീനാശയങ്ങൾ, സാമൂഹ്യക്ഷേമം, സാമ്പത്തിക സുരക്ഷ, അന്താരാഷ്ട്ര ക്രമം എന്നിവയിൽ ദീർഘകാല പരിണതഫലങ്ങൾ ഉണ്ടാക്കുമെന്ന് അവർ തിരിച്ചറിഞ്ഞു. ഈ ധാരണയുടെ അടിസ്ഥാനത്തിൽ സുരക്ഷിതവും ഭദ്രവും വിശ്വസനീയവും എല്ലാവരെയും ഉൾക്കൊള്ളുന്നതും മനുഷ്യകേന്ദ്രീകൃതവും സുസ്ഥിരവും ഉത്തരവാദിത്തമുള്ളതും നവീനാശയാധിഷ്ഠിതവുമായ ഒരു AI ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി AI മേഖലയിൽ ഇരു രാജ്യങ്ങളുടെയും പ്രതിരോധശേഷിയും മത്സരശേഷിയും പരസ്പരം വർധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളിലും നവീനാശയവും വളർച്ചയും കൊണ്ടുവരുന്നതിനുമായി സഹകരണം മുന്നോട്ട് കൊണ്ടുപോകാൻ അവർ യോജിച്ചു.

അന്താരാഷ്ട്ര ക്രമത്തിലുണ്ടാകുന്ന ഘടനാപരമായ മാറ്റങ്ങളുമായി പൊരുത്തപ്പെടേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും അംഗീകരിച്ചു. ഇന്ത്യയുടെ മഹാസാഗർ, ജപ്പാന്റെ പുതുക്കിയ ഫ്രീ ആൻഡ് ഓപ്പൺ ഇൻഡോ-പസഫിക് (FOIP) എന്നിവയ്ക്ക് അനുസൃതമായി പ്രതിരോധശേഷിയുള്ളതും വളർച്ചാധിഷ്ഠിതവുമായ സാമ്പത്തിക വ്യവസ്ഥിതികൾ കെട്ടിപ്പടുക്കുന്നതിൽ സഹകരിക്കാൻ അവർ യോജിച്ചു. ഇതിനായി ഇൻഡോ-പസഫിക്കിലും ഗ്ലോബൽ സൗത്തിലും പ്രതിരോധശേഷിയുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ AI വികസനത്തെ പിന്തുണയ്ക്കുന്നതിനായി ഒരേ ചിന്താഗതിയുള്ള രാജ്യങ്ങളുമായും പങ്കാളികളുമായും ചേർന്ന് ഇന്ത്യയും ജപ്പാനും തമ്മിലുള്ള AI സഹകരണം ശക്തിപ്പെടുത്താൻ അവർ പ്രതിജ്ഞാബദ്ധരായി.

AI-യുടെ സുസ്ഥിര വികസനത്തിന് AI സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലൂടെയും പ്രയോഗത്തിലൂടെയും നവീനാശയത്തെ പ്രോത്സാഹിപ്പിക്കേണ്ടതും അതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഉചിതമായി ലഘൂകരിക്കേണ്ടതും പ്രതിരോധശേഷിയുള്ളതും വൈവിധ്യപൂർണ്ണവും വിശ്വസനീയവുമായ AI വിതരണ ശൃംഖലകൾ ഉറപ്പാക്കേണ്ടതും അത്യന്താപേക്ഷിതമാണെന്ന് ഇരു നേതാക്കളും ഉറപ്പിച്ചുപറഞ്ഞു. ഇക്കാര്യത്തിൽ ന്യൂഡൽഹി AI ഇംപാക്ട് ഉച്ചകോടിയുടെ ചർച്ചകളെയും തീരുമാനങ്ങളെയും അവർ സ്വാഗതം ചെയ്തു.

ജപ്പാൻ-ഇന്ത്യ AI സഹകരണ സംരംഭത്തിന് (JAI) കീഴിലുള്ള പുരോഗതിയെ ഇരു നേതാക്കളും അംഗീകരിക്കുകയും പ്രത്യേകിച്ച് 2026 ഏപ്രിലിൽ നടന്ന ആദ്യ ഇന്ത്യ-ജപ്പാൻ AI സ്ട്രാറ്റജിക് ഡയലോഗിലെ ചർച്ചകളെ സ്വാഗതം ചെയ്യുകയും ചെയ്തു. AI-യുടെ അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള പൊതു ധാരണ ആഴത്തിലാക്കുന്നതിനും പങ്കിട്ട കാഴ്ചപ്പാടുകളെ താഴെ പറയുന്ന മുൻഗണനാ മേഖലകളിൽ പ്രായോഗിക ഫലങ്ങളാക്കി മാറ്റുന്നതിനും ഉചിതമായ രീതിയിൽ ബന്ധപ്പെട്ട പങ്കാളികളെ ഉൾപ്പെടുത്തിക്കൊണ്ട് കൃത്യമായ ഇടവേളകളിൽ ഇന്ത്യ-ജപ്പാൻ AI സ്ട്രാറ്റജിക് ഡയലോഗുകൾ തുടരുന്നതിന് അവർ യോജിച്ചു:

I. അന്താരാഷ്ട്ര AI ഭരണനിർവഹണം, സുരക്ഷ, സൈബർ സുരക്ഷ

ദേശീയ നിയമങ്ങൾ, മുൻഗണനകൾ, സാഹചര്യങ്ങൾ എന്നിവയെ മാനിച്ചുകൊണ്ട് തന്നെ ഉത്തരവാദിത്തമുള്ള നവീനാശയത്തെ പിന്തുണയ്ക്കുന്നതും സുരക്ഷിതവും ഭദ്രവും വിശ്വസനീയവും ശക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ AI-യിൽ കേന്ദ്രീകൃതമായ ഒരു അന്താരാഷ്ട്ര ഭരണനിർവഹണ ചട്ടക്കൂട് പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു. AI ഭരണം എന്നത് അപകടസാധ്യതകളെ സന്തുലിതമാക്കുന്നതും പങ്കാളിത്തത്തോടെയുള്ളതും അറിവോടെയുള്ളതും ആനുപാതികമായതും പരസ്പരം പൊരുത്തപ്പെടുന്നതും സാഹചര്യങ്ങൾക്ക് അനുസൃതമായി മാറാൻ കഴിയുന്നതുമായിരിക്കണമെന്ന് അവർ ഊന്നിപ്പറഞ്ഞു. ഇക്കാര്യത്തിൽ വികസിത AI സംവിധാനങ്ങൾക്കായുള്ള അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശ തത്വങ്ങളും പെരുമാറ്റച്ചട്ടങ്ങളും ഉൾപ്പെടെയുള്ള ഹിരോഷിമാ AI പ്രോസസ്സിന്റെ (HAIP) പ്രാധാന്യം അവർ വീണ്ടും ഉറപ്പിച്ചു. ജപ്പാന്റെ സഹ-അധ്യക്ഷതയിൽ രൂപീകരിച്ച സേഫ് & ട്രസ്റ്റഡ് AI വർക്കിംഗ് ഗ്രൂപ്പ്, ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിക്കിടെ തയ്യാറാക്കിയ AI ഭരണത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശക തത്വങ്ങളും അവർ എടുത്തുപറഞ്ഞു. G20, ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (OECD), ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ AI (GPAI), ഐക്യരാഷ്ട്രസഭ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനം ശക്തമാക്കാൻ അവർ തീരുമാനിച്ചു. ഇക്കാര്യത്തിൽ AI ഭരണത്തെക്കുറിച്ചുള്ള ആദ്യത്തെ യുഎൻ ഗ്ലോബൽ ഡയലോഗിനെ അവർ സ്വാഗതം ചെയ്തു. ഗ്ലോബൽ സൗത്തിന്റെയും സ്വകാര്യ മേഖലയുടെയും കൂടുതൽ പങ്കാളിത്തത്തിലൂടെ ഹിരോഷിമ AI പ്രോസസ്സ് ഫ്രണ്ട്സ് ഗ്രൂപ്പ് ആൻഡ് പാർട്ണേഴ്സ് കമ്മ്യൂണിറ്റിക്കുള്ളിലെ സഹകരണം ആഴത്തിലാക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത അവർ വീണ്ടും ഉറപ്പിക്കുകയും ഹിരോഷിമ AI പ്രോസസ്സ് ഫ്രണ്ട്സ് ഗ്രൂപ്പ് ആക്ഷൻ പ്ലാൻ 2026 നടപ്പിലാക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

AI മോഡൽ മൂല്യനിർണ്ണയം, ശേഷി വിലയിരുത്തൽ, മാർഗ്ഗനിർദ്ദേശങ്ങൾ, ഉപകരണങ്ങൾ, മാനദണ്ഡങ്ങൾ എന്നിവയുൾപ്പെടെ AI-യുടെ പൂർണ്ണ ജീവിതചക്രത്തിലുടനീളം അതിന്റെ സുരക്ഷിതമായ രൂപകൽപ്പന, വികസനം, വിന്യാസം, ഉപയോഗം എന്നിവയിലുള്ള സഹകരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. സാങ്കേതിക വിഭവങ്ങൾ, ഉപകരണങ്ങൾ, മാനദണ്ഡങ്ങൾ, മികച്ച ശീലങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന ഒരു സഹകരണ വേദിയായി ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയിൽ പ്രഖ്യാപിച്ച ട്രസ്റ്റഡ് AI കോമൺസ് വഴി സഹകരണ സാധ്യതകൾ പരിശോധിക്കുന്നതിന് അവർ ബന്ധപ്പെട്ട സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ചു.

മികച്ച ശേഷിയുള്ള മുൻനിര AI മോഡലുകൾക്ക് വിപുലമായ സൈബർ ശേഷികളുണ്ടെന്ന് ഇരു നേതാക്കളും അംഗീകരിച്ചു. ഇത് പ്രതിരോധിക്കുന്നവർക്ക് കൂടുതൽ കരുത്ത് പകരുമ്പോൾ തന്നെ ദുരുപയോഗം ചെയ്യപ്പെടാനുള്ള അപകടസാധ്യതകളും സൃഷ്ടിക്കുന്നുണ്ട്. സൈബർ ഇടം എന്നത് ഒരു ആഗോള പൊതുസ്വത്താണെന്ന് വീണ്ടും ഉറപ്പിച്ചുകൊണ്ട്, ഇത്തരം സംവിധാനങ്ങളുടെ മൂല്യനിർണ്ണയം, നിയന്ത്രിത ലഭ്യത, വിശ്വസനീയമായ പ്രവേശനം എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ അപകടസാധ്യതകളെ അടിസ്ഥാനമാക്കിയുള്ളതും ഉത്തരവാദിത്തമുള്ള പങ്കാളികളുടെ നിയമാനുസൃതമായ സൈബർ പ്രതിരോധ ആവശ്യങ്ങളോട് ശ്രദ്ധ പുലർത്തുന്നതുമായിരിക്കണമെന്ന് അവർ അടിവരയിട്ടു. നിർണായക അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രത്യേക മുൻഗണന നൽകിക്കൊണ്ട്, AI അധിഷ്ഠിത സൈബർ സുരക്ഷയിലും AI സംവിധാനങ്ങളുടെ സുരക്ഷയിലും സഹകരണം ശക്തമാക്കാൻ അവർ തീരുമാനിച്ചു.

AI വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യുമ്പോൾ കുട്ടികളുടെ സുരക്ഷ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു, കൂടാതെ AI കുട്ടികൾക്ക് ഉപദ്രവകരമായ ഒരു ഉറവിടമാകുന്നതിന് പകരം അവരുടെ പഠനത്തിനും വളർച്ചയ്ക്കുമുള്ള ഒരു മാർഗ്ഗമായി മാറുന്നുവെന്ന് ഉറപ്പാക്കാൻ ഉത്തരവാദിത്തമുള്ള രൂപകൽപ്പനയും ഭരണവും അപകടസാധ്യതകളെ അടിസ്ഥാനമാക്കിയുള്ള സുരക്ഷാ മുൻകരുതലുകളും അത്യന്താപേക്ഷിതമാണെന്ന് അവർ യോജിച്ചു.

II. അടിസ്ഥാന സൗകര്യ വികസനം, മോഡൽ വികസനം, മനുഷ്യവിഭവശേഷി കൈമാറ്റം, പരിഹാരങ്ങളുടെ സംയുക്ത നിർമ്മിതി 

AI സാങ്കേതികവിദ്യാ ശൃംഖലയുടെ പ്രതിരോധശേഷിയുള്ളതും വൈവിധ്യപൂർണ്ണവും വിശ്വസനീയവുമായ വിതരണ ശൃംഖലകളുടെ പിന്തുണയോടെ, ഇൻഡോ-പസഫിക്കിൽ ഉൾപ്പെടെ സുരക്ഷിതവും ഭദ്രവും വിശ്വസനീയവുമായ AI ആവാസവ്യവസ്ഥ കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു. ഇക്കാര്യത്തിൽ ഇന്ത്യയെയും ജപ്പാനെയും AI മേഖലയിലെ തന്ത്രപ്രധാനമായ ഗവേഷണ-വികസന പങ്കാളികളായി ഉയർത്താൻ അവർ തീരുമാനിച്ചു. ഡാറ്റാ സെന്ററുകൾ, ജിപിയു, മറ്റ് കമ്പ്യൂട്ട് വിഭവങ്ങൾ, സെമികണ്ടക്ടർ എന്നിവയുൾപ്പെടെ AI-യ്ക്കായുള്ള സുരക്ഷിതമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലെ സഹകരണം ശക്തമാക്കാനും സാമ്പത്തിക-സുരക്ഷാ കാഴ്ചപ്പാടിൽ നിന്ന് AI സാങ്കേതികവിദ്യാ ശൃംഖലയിലുടനീളമുള്ള സാധ്യതകളും സുരക്ഷിതത്വ കുറവുകളും സംയുക്തമായി വിലയിരുത്താനും അവർ തീരുമാനിച്ചു. ഇക്കാര്യത്തിൽ ഡിജിറ്റൽ കണക്റ്റിവിറ്റിയും പ്രതിരോധശേഷിയുള്ള AI വിതരണ ശൃംഖലകളും ശക്തമാക്കുന്നതിനായി FOIP ഡിജിറ്റൽ കോറിഡോർ സംരംഭം മുന്നോട്ട് കൊണ്ടുപോകേണ്ടതിനും അവർ ഊന്നൽ നൽകി.

ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയിൽ ചർച്ച ചെയ്ത പ്രതിരോധശേഷിയുള്ളതും നവീനവും കാര്യക്ഷമവുമായ AI-ന്മേലുള്ള സ്വമേധയാ ഉള്ള മാർഗ്ഗനിർദ്ദേശ തത്വങ്ങളും പ്രതിരോധശേഷിയുള്ള AI അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്ലേബുക്കും കണക്കിലെടുത്തുകൊണ്ട് കാര്യക്ഷമമായ മോഡലുകൾ, ഒപ്റ്റിമൈസ് ചെയ്ത ഇൻഫറൻസ് ഊർജ്ജ കാര്യക്ഷമതയുള്ള കമ്പ്യൂട്ട് ഹരിതവും സുരക്ഷിതവുമായ ഡാറ്റാ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂടെ പ്രതിരോധശേഷിയുള്ളതും നവീനവും കാര്യക്ഷമവുമായ AI-ക്കായി സഹകരിക്കാൻ ഇരു നേതാക്കളും തീരുമാനിച്ചു.

മാതൃഭാഷകൾക്കായുള്ള മോഡലുകളും പൊതുതാൽപ്പര്യമുള്ള ആപ്ലിക്കേഷനുകളും ഉൾപ്പെടെയുള്ള ബഹുഭാഷാ, ഓപ്പൺ സോഴ്‌സ്, ഡൊമെയ്ൻ സ്പെസിഫിക്, വെർട്ടിക്കൽ AI മോഡലുകളിൽ ഗവൺമെന്റ്, വ്യവസായം, വിദ്യാഭ്യാസ മേഖല‌ എന്നിവ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന് ഇരു നേതാക്കളും യോജിച്ചു. ഈ പശ്ചാത്തലത്തിൽ നിർമിത ബുദ്ധിയിൽ മേഖലയിൽ ആഴത്തിലുള്ള സഹകരണം വളർത്തുക എന്ന ലക്ഷ്യത്തോടെയുള്ള നിരവധി സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ലാർജ് ലാംഗ്വേജ് മോഡലുകളുടെ (LLM) സംയുക്ത ഗവേഷണത്തിനും വികസനത്തിനുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെ, ഭാരത്ജെൻ ടെക്നോളജി ഫൗണ്ടേഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമാറ്റിക്സ് (NII/ROIS) എന്നിവ തമ്മിലുള്ള ധാരണാപത്രം, മുഴുവൻ AI സാങ്കേതികവിദ്യാ ശൃംഖലയിലുടനീളം സഹകരിക്കുന്നതിനായി സർവവും പ്രിഫേർഡ് നെറ്റ്‌വർക്കസും തമ്മിലുള്ള ധാരണാപത്രം, ഇരു രാജ്യങ്ങളിലെയും AI വികസന കമ്പനികളെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യ AI-യും METI-യും (സാമ്പത്തിക, വ്യാപാര, വ്യവസായ മന്ത്രാലയം) തമ്മിലുള്ള സഹകരണത്തിനായുള്ള ധാരണാപത്രം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

AI അധിഷ്ഠിത ശാസ്ത്രീയ കണ്ടെത്തലുകളുടെയും വിപുലമായ ഗവേഷണങ്ങളുടെയും പ്രാധാന്യം ഇരു നേതാക്കളും അംഗീകരിച്ചു, കൂടാതെ ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയിൽ സ്ഥാപിതമായ നെറ്റ്‌വർക്ക് ഓഫ് AI ഫോർ സയൻസ് (AI4S) ഇൻസ്റ്റിറ്റ്യൂഷൻസിന് കീഴിൽ ഉൾപ്പെടെ, ഇക്കാര്യത്തിൽ സഹകരിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളെ അവർ പ്രോത്സാഹിപ്പിച്ചു.

സംയുക്ത ഗവേഷണ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതും ഗവേഷകരുടെ കൈമാറ്റം വളർത്തുന്നതും ഉൾപ്പെടെ, ഗവേഷണ സഹകരണം ആഴത്തിലാക്കുന്നതിന്റെ തന്ത്രപരമായ പ്രാധാന്യം ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു. ഈ പശ്ചാത്തലത്തിൽ സെമികണ്ടക്ടറുകൾ മുതൽ AI ശൃംഖലയിലുടനീളമുള്ള ആപ്ലിക്കേഷനുകൾ വരെയുള്ള മേഖലകളിൽ വ്യാവസായിക-വിദ്യാഭ്യാസ സഹകരണത്തിലൂടെയുള്ള മനുഷ്യവിഭവശേഷി കൈമാറ്റത്തിൽ ഏർപ്പെട്ടുകൊണ്ട് ഇരു രാജ്യങ്ങളുടെയും വ്യവസായ മത്സരശേഷി കൂടുതൽ ശക്തമാക്കാൻ ഇരു നേതാക്കളും പ്രതിജ്ഞാബദ്ധരായി. കൂടുതൽ അടുത്ത സഹകരണത്തിനുള്ള അടിത്തറയായി ഇന്ത്യയുടെ ശക്തമായ AI മനുഷ്യവിഭവശേഷിയെ അംഗീകരിച്ചുകൊണ്ട്, ഇന്ത്യയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സാങ്കേതിക പ്രതിഭകളുമായും ജാപ്പനീസ് കമ്പനികൾക്ക് വർധിച്ചുവരുന്ന പങ്കാളിത്തത്തെ അവർ സ്വാഗതം ചെയ്തു. ജാപ്പനീസ് കമ്പനികളും ഇന്ത്യയുടെ AI പ്രതിഭാ ആവാസവ്യവസ്ഥയും തമ്മിൽ ശക്തമായ ബന്ധം വളർത്തുന്നതിനായി സംയുക്ത ഗവേഷണം, ഇന്റേൺഷിപ്പുകൾ, തൊഴിലവസരങ്ങൾ, മറ്റ് മാർഗ്ഗങ്ങൾ എന്നിവയിലൂടെ ഇന്ത്യൻ പ്രതിഭകളുടെ പ്രൊഫഷണൽ വികസനത്തെയും ജപ്പാനിലേക്കുള്ള അവരുടെ സുഗമമായ യാത്രയെയും പിന്തുണയ്ക്കുന്നതോടൊപ്പം തന്നെ ഇന്ത്യയിൽ AI അനുബന്ധ ഗവേഷണ-വികസന (R&D) പ്രവർത്തനങ്ങളും നവീനാശയങ്ങളും വ്യാവസായിക പങ്കാളിത്തവും വിപുലീകരിക്കാൻ ജാപ്പനീസ് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഇരുപക്ഷവും യോജിച്ചു. ഈ പശ്ചാത്തലത്തിൽ 2026 ജനുവരിയിൽ നടന്ന ഇന്ത്യ-ജപ്പാൻ വിദേശകാര്യ മന്ത്രിമാരുടെ തന്ത്രപ്രധാനമായ ചർച്ചയിൽ നിശ്ചയിച്ച പ്രകാരം 2030-ഓടെ ഇന്ത്യയിൽ നിന്ന് ഉയർന്ന വൈദഗ്ധ്യമുള്ള 500 AI പ്രൊഫഷണലുകളെ ജപ്പാനിലേക്ക് ക്ഷണിക്കുകയും സംയുക്ത ഗവേഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യം അവർ വീണ്ടും ഉറപ്പിച്ചു.

AI-യുടെ ഉത്തരവാദിത്തമുള്ള വികസനം, വിന്യാസം, ഭരണ നിർവഹണം എന്നിവയ്ക്ക് മനുഷ്യവിഭവശേഷി കേന്ദ്രസ്ഥാനത്താണെന്ന് ഇരു നേതാക്കളും അംഗീകരിച്ചു. ഇക്കാര്യത്തിൽ ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിക്കിടെ രൂപീകരിച്ച AI യുഗത്തിലെ നൈപുണ്യ വികസനത്തിനും പുനർനൈപുണ്യത്തിനുമുള്ള സ്വമേധയാ ഉള്ള മാർഗ്ഗനിർദ്ദേശ തത്വങ്ങളുടെ പ്രയോജനത്തെ അവർ ഉയർത്തിക്കാട്ടി.

ഇരു രാജ്യങ്ങളുടെയും തന്ത്രപരവും സാമ്പത്തികവും സാമൂഹികവുമായ മുൻഗണനകൾ പരിഹരിക്കുന്നതിനായി AI പരിഹാരങ്ങൾ സംയുക്തമായി നിർമ്മിക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും വീണ്ടും ഉറപ്പിക്കുകയും പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ നിലവിലുള്ള പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിന് യോജിക്കുകയും ചെയ്തു. കൃത്യമായ പ്രശ്നങ്ങൾ കണ്ടെത്താനും വിപുലീകരിക്കാൻ കഴിയുന്ന AI പരിഹാരങ്ങൾ സംയുക്തമായി വികസിപ്പിക്കാനും ഇരു രാജ്യങ്ങളിലെയും കോർപ്പറേറ്റുകൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, നിക്ഷേപകർ, പൊതു ഏജൻസികൾ എന്നിവരോട് അവർ ആഹ്വാനം ചെയ്തു. ഇക്കാര്യത്തിൽ വിജയകരമായ AI ഉപയോഗങ്ങളെ സ്വീകരിക്കുന്നതിനും അവ വീണ്ടും ആവർത്തിച്ചു നടപ്പിലാക്കുന്നതിനും വിപുലീകരിക്കുന്നതിനും പിന്തുണ നൽകാനായി ഗ്ലോബൽ AI ഇംപാക്ട് കോമൺസ് പ്രയോജനപ്പെടുത്താൻ അവർ ബന്ധപ്പെട്ട പങ്കാളികളെ പ്രോത്സാഹിപ്പിച്ചു.

III. എല്ലാവർക്കും AI 

ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയിൽ അംഗീകരിച്ച ന്യൂഡൽഹി പ്രഖ്യാപനം മുന്നോട്ടുവെച്ച 'എല്ലാവർക്കും AI' എന്ന കാഴ്ചപ്പാടിനെ ഇരു നേതാക്കളും സ്വാഗതം ചെയ്യുകയും എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വികസനത്തിനും പൊതുസേവന വിതരണം മെച്ചപ്പെടുത്തുന്നതിനുമായി AI മുഴുവൻ മനുഷ്യരാശിക്കും പ്രയോജനപ്പെടുക എന്ന ലക്ഷ്യത്തോടുള്ള പങ്കിട്ട പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.

ദേശീയ നിയമങ്ങൾ, മുൻഗണനകൾ, സാഹചര്യങ്ങൾ എന്നിവ മാനിച്ച് AI ശേഷി വികസനം, സാങ്കേതിക സഹായം, അറിവ് പങ്കുവെക്കൽ, വിജയകരമായ മാതൃകകളുടെ ആവർത്തനം എന്നിവയെ പിന്തുണയ്ക്കുന്നതിനായി ഒരേ ചിന്താഗതിയുള്ള രാജ്യങ്ങളുമായും മറ്റ് പങ്കാളികളുമായും ചേർന്ന് ഒന്നിച്ച് പ്രവർത്തിക്കാൻ ഇരു നേതാക്കളും തീരുമാനിച്ചു. സുരക്ഷിതവും ഭദ്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവും പ്രതിരോധശേഷിയുള്ളതും വിശ്വസനീയവുമായ ഒരു AI ആവാസവ്യവസ്ഥ സംയുക്തമായി സൃഷ്ടിക്കുന്നതിന് മൂന്നാം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികളുമായും ബഹുതല പങ്കാളിത്ത സമൂഹങ്ങളുമായും സഹകരണം ശക്തമാക്കേണ്ടത് പ്രധാനമാണെന്ന് ഇരു നേതാക്കളും യോജിച്ചു.

ഏറ്റവും അടുത്ത അവസരത്തിൽ ജപ്പാൻ AI ഉച്ചകോടി സംഘടിപ്പിക്കുമെന്ന ജപ്പാൻ പ്രധാനമന്ത്രി തകായിച്ചി സനായെയുടെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്തു.

***

NK


(रिलीज़ आईडी: 2280687) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Assamese , Punjabi , Gujarati